ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്‌ 19 കേസുകൾ കൈകാര്യം ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതുക്കിയ ആരോഗ്യ നിയന്ത്രണ പ്രോട്ടോക്കോൾ ( പെരുമാറ്റച്ചട്ടം) പുറപ്പെടുവിച്ചു

Posted On: 27 JUN 2020 1:41PM by PIB Thiruvananthpuram

കോവിഡ്‌ 19 നെക്കുറിച്ചുള്ള പുതിയ അറിവുകളുടെ,  പ്രത്യേകിച്ച് ഫലപ്രദമായ മരുന്നുകളെ സംബന്ധിച്ച വിവരങ്ങളുടെ  വെളിച്ചത്തില്‍, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കോവിഡ്‌ 19 കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള പരിഷ്കരിച്ച ആരോഗ്യ നിയന്ത്രണ പ്രോട്ടോക്കോൾ ( പെരുമാറ്റച്ചട്ടം)  പുറപ്പെടുവിച്ചു. ഗുരുതരമായ കോവിഡ്‌ 19 കേസുകളിൽ മീഥേൽ‌ പ്രെഡ്നിസോളോണിന്‌ പകരം  ഡെക്സാ മെഥാസോൺ ഉപയോഗിക്കുന്നതിനുള്ള നിർദേശം പുതുക്കിയ പ്രോട്ടോക്കോളിൽ ഉൾപ്പെടുന്നു. ലഭ്യമായ ഏറ്റവും പുതിയ തെളിവുകളും  വിദഗ്ദ്ധരുടെ കൂടിയാലോചനയും പരിഗണിച്ച ശേഷമാണ് മാറ്റം വരുത്തിയത്. 

അണുബാധ നിയന്ത്രിക്കുന്നതിനുള്‍പ്പെടെ ഉപയോഗിച്ച് വരുന്ന കോർട്ടികോ സ്റ്റീറോയിഡ് മരുന്നാണ് ഡെക്സാ മെഥസോൺ. കോവിഡ്‌ 19 ബാധിക്കപ്പെട്ട്  ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളിൽ ഈ മരുന്ന് പരീക്ഷിച്ചിരുന്നു. രോഗം ഗുരുതരമായവരിൽ ഇത് മൂലം ആശ്വാസം ഉള്ളതായി കണ്ടെത്തി. വെന്റിലേറ്ററുകളിൽ കഴിഞ്ഞിരുന്ന രോഗികളിൽ മരണനിരക്ക് മൂന്നിലൊന്നായും ഓക്സിജൻ തെറാപി നൽകുന്ന രോഗികളുടെ മരണനിരക്ക്  അഞ്ചിലൊന്നായും കുറയ്‌ക്കാന്‍ ഈ മരുന്നിന് കഴിയുന്നതായി കണ്ടെത്തി. വ്യാപകമായി ലഭ്യമാകുന്ന ഈ മരുന്ന് ദേശീയ അവശ്യ മരുന്നുപട്ടികയുടെ(എൻ‌എൽ‌ഇഎം) ഭാഗമാണ്.

പുതുക്കിയ പ്രോട്ടോക്കോൾ പ്രകാരം സംസ്ഥാനതലത്തിൽ ഡെക്സാമെഥാസോൺ മരുന്നിന്റെ ലഭ്യതയ്ക്കും ഉപയോഗത്തിനും ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യസെക്രട്ടറി ശ്രീമതി പ്രീതി സുധൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും പുതുക്കിയ പ്രോട്ടോക്കോൾ കൈമാറി. മാർഗനിർദേശരേഖ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ  ലഭ്യമാക്കിയിട്ടുണ്ട്‌. https://www.mohfw.gov.in/pdf/ClinicalManagementProtocolforCOVID19dated27062020.pdf

ഇതിനു മുന്‍പ് 2020 ജൂണ്‍ 13നാണ് ആരോഗ്യ നിയന്ത്രണ പ്രോട്ടോക്കോൾ പുതുക്കിയത്. 

***



(Release ID: 1634753) Visitor Counter : 238