വാണിജ്യ വ്യവസായ മന്ത്രാലയം

ജെമ്മിൽ (GeM) വില്പനയ്ക്ക് വയ്ക്കുന്ന എല്ലാ ഉത്പന്നങ്ങളിലും, ഉത്പാദകരാഷ്ട്രം സംബന്ധിച്ച വിവരങ്ങൾ നിർബന്ധമാക്കി; നീക്കം "മെയ്ക്ക് ഇൻ ഇന്ത്യ", "ആത്മനിർഭർ ഭാരത്" മുന്നേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട്

Posted On: 23 JUN 2020 10:57AM by PIB Thiruvananthpuram



ന്യൂഡൽഹി, ജൂൺ 23, 2020

വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള പ്രത്യേക വില്പന സംവിധാനമായ 'GeM - ഗവണ്മെന്റ് e-മാർക്കറ്റ് പ്ളേയ്‌സ്' ൽ പുതിയതായി രജിസ്റ്റർ ചെയ്യുന്ന എല്ലാ ഉത്പന്നങ്ങളുടെയും, ഉത്പാദക രാഷ്ട്രമേതെന്ന് കച്ചവടക്കാർ വ്യക്തമാക്കണമെന്ന് നിർദേശം. ഈ സംവിധാനം ഏർപ്പെടുത്തുന്നതിന് മുൻപ് ഉത്പന്നങ്ങൾ രെജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക്, തങ്ങളുടെ ഉത്പന്നങ്ങൾ സംബന്ധിച്ച വിവരങ്ങൾ പുതുക്കി നൽകുന്നതിനായി തുടർച്ചയായി നിർദേശം നൽകുന്നു. പുതിയ വിവരങ്ങൾ നല്കാൻ ശ്രദ്ധിച്ചില്ലെങ്കിൽ, ഉത്പന്നങ്ങൾ GeMൽ നിന്നും നീക്കം ചെയ്യുമെന്ന മുന്നറിയിപ്പും ഇതോടൊപ്പം നൽകുന്നു. "മെയ്ക്ക് ഇൻ ഇന്ത്യ", "ആത്മനിർഭർ ഭാരത്" മുന്നേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ സുപ്രധാന നീക്കം.


ഉത്പന്നങ്ങളിൽ എത്ര ശതമാനം തദ്ദേശീയ വസ്തുക്കൾ ഉണ്ടെന്നറിയാനുള്ള പ്രത്യേക സംവിധാനവും GeM ൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ പുതിയ സൗകര്യത്തോടെ, വിപണിയിലെ എല്ലാ ഉത്പന്നങ്ങളും എവിടെ ഉത്പാദിപ്പിച്ചു, അതിൽ എത്ര ശതമാനം പ്രാദേശിക വസ്തുക്കൾ ഉപയോഗിച്ചു എന്ന വിവരങ്ങൾ ലഭ്യമാകും. കൂടാതെ,"മെയ്ക്ക് ഇൻ ഇന്ത്യ" ഫിൽറ്റർ സൗകര്യവും പോർട്ടലിൽ ഏർപ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞത് 50 ശതമാനം എങ്കിലും പ്രാദേശിക വസ്തുക്കൾ കൊണ്ട് നിർമ്മിച്ച ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഉപഭോക്താക്കൾക്ക് ഇതിലൂടെ സാധിക്കും.


(Release ID: 1633572) Visitor Counter : 294