പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യ-ചൈന അതിര്‍ത്തിപ്രദേശങ്ങളെ സംബന്ധിച്ചു പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍

Posted On: 17 JUN 2020 3:35PM by PIB Thiruvananthpuram


ഗാല്‍വന്‍ താഴ്‌വരയില്‍ നമ്മുടെ മാതൃഭൂമി സംരക്ഷിക്കവേ ഭാരതമാതാവിന്റെ ധീരരായ മക്കള്‍ പരമമായ ത്യാഗം വരിച്ചു. 
രാഷ്ട്രസേവനത്തിനിടെ നടത്തിയ പരമത്യാഗത്തിന് അവരെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. ഹൃദയംഗമമായ നന്ദിയോടെ ഞാന്‍ അവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു. 
ദുഃഖസാന്ദ്രമായ ഈ വേളയില്‍ രക്തസാക്ഷികളുടെ കുടുംബാംഗങ്ങളെ ഞാന്‍ അനുശോചനങ്ങള്‍ അറിയിക്കുന്നു. 
രാജ്യമൊന്നാകെ നിങ്ങള്‍ക്കൊപ്പമുണ്ട്. രാജ്യം നിങ്ങളോട് അനുകമ്പ പുലര്‍ത്തുന്നു. 
നമ്മുടെ രക്തസാക്ഷികള്‍ ചെയ്ത പരമത്യാഗം വൃഥാവിലാകില്ല. 
ഏതു സാഹചര്യത്തിലും രാജ്യത്തിന്റെ ഒരിഞ്ചു ഭൂമിയും ആത്മാഭിമാനവും ഇന്ത്യ ഉറപ്പായും സംരക്ഷിക്കും. 
സാംസ്‌കാരികമായി സമാധാനത്തെ സ്‌നേഹിക്കുന്ന രാജ്യമാണ് ഇന്ത്യ. നമ്മുടെ ചരിത്രം സമാധാനത്തെ ഇഷ്ടപ്പെടുന്ന രാജ്യത്തിന്റേതാണ്. 
ഇന്ത്യയുടെ ആദര്‍ശപരമായ മന്ത്രം ലോകാ സമസ്താ സുഖിനോ ഭവന്തു എന്നതാണ്. 
ഓരോ കാലഘട്ടത്തിലും നാം സമാധാനവും ലോകത്തിന്റെയും മാനവികതയുടെയും ക്ഷേമവും കാംക്ഷിക്കുന്നു. 
അയല്‍രാജ്യങ്ങളുമായി നാം എല്ലായ്‌പ്പോഴും സഹകരണാടിസ്ഥാനത്തിലും സൗഹൃദപരമായും ആണു പ്രവര്‍ത്തിക്കുന്നത്. നാം എപ്പോഴും മറ്റുള്ളവരുടെ വികസനവും ക്ഷേമവും ആഗ്രഹിച്ചു. 
അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തപ്പോഴെല്ലാം അതു തര്‍ക്കത്തിലേക്കു വഴിമാറാതിരിക്കാന്‍ നാം ശ്രദ്ധിച്ചു. 
നാം ഒരിക്കലും ആരെയും പ്രകോപിപ്പിച്ചില്ല. അതേസമയം, നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറായതുമില്ല. ആവശ്യമായപ്പോഴെല്ലാം നാം സ്വന്തം കരുത്തു പ്രകടിപ്പിച്ചിട്ടുണ്ട്. അതുവഴി രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കാനുള്ള ശേഷി വെളിപ്പെടുത്തിയിട്ടുമുണ്ട്.
ത്യാഗവും സഹിഷ്ണുതയും നമ്മുടെ ദേശീയതയുടെ ഭാഗമാണെന്നതു ശരിതന്നെ. എന്നാല്‍, അത്രത്തോളംതന്നെ ധീരതയും ശൗര്യവും നിലനിര്‍ത്തിപ്പോരുന്നുണ്ട്. 
നമ്മുടെ സൈനികര്‍ നടത്തിയ ത്യാഗം വൃഥാവിലാകില്ലെന്നു ഞാന്‍ രാജ്യത്തിന് ഉറപ്പുനല്‍കുന്നു. 
ഇന്ത്യയുടെ അഖണ്ഡതയും പരമാധികാരവുമാണു നമുക്കു പരമപ്രധാനം. അതു പ്രതിരോധിക്കുന്നതില്‍നിന്ന് ആര്‍ക്കും നമ്മെ തടയാന്‍ സാധിക്കുകയുമില്ല. 
ഇക്കാര്യത്തില്‍ ആര്‍ക്കുംതന്നെ അല്‍പം പോലും സംശയം വേണ്ട.
ഇന്ത്യ സമാധാനം കാംക്ഷിക്കുന്നു. എന്നാല്‍, പ്രകോപിപ്പിച്ചാല്‍ ഇന്ത്യ അര്‍ഹിക്കുന്ന മറുപടി നല്‍കും. 
പൊരുതുമ്പോഴാണു നമ്മുടെ സൈനികര്‍ രക്തസാക്ഷിത്വം വഹിച്ചത് എന്നതില്‍ നമ്മുടെ രാജ്യം അഭിമാനിക്കുന്നു. രണ്ടു മിനുട്ട് മൗനം ആചരിച്ച് ഈ പുത്രന്‍മാര്‍ക്കു ശ്രദ്ധാഞ്ജലിയര്‍പ്പിക്കാന്‍ ഞാന്‍ നിങ്ങളോട് ആഹ്വാനം ചെയ്യുന്നു. 



(Release ID: 1632150) Visitor Counter : 217