യുവജനകാര്യ, കായിക മന്ത്രാലയം

ഇന്ത്യയുടെ ഒളിമ്പിക്‌സ് പ്രകടനം മെച്ചപ്പെടുത്താന്‍ കായിക മന്ത്രാലയം ഖേലോ ഇന്ത്യാ സ്റ്റേറ്റ് സെന്റേഴ്‌സ് ഓഫ് എക്‌സലന്‍സ് (കെ.ഐ.എസ്.സി.ഇ.) ആരംഭിക്കും: കേന്ദ്ര മന്ത്രി ശ്രീ. കിരണ്‍ റിജിജു



ആദ്യപാദത്തില്‍ ഉള്‍പ്പെടുത്തുന്നത് എട്ടു സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കായിക സ്ഥാപനങ്ങള്‍

(കേരളത്തില്‍ നിന്ന് തിരുവനന്തപുരത്തെ ജി. വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂളും)

Posted On: 17 JUN 2020 11:06AM by PIB Thiruvananthpuram



മന്ത്രാലയത്തിന്റെ പ്രധാനപദ്ധതിയായ 'ഖേലോ ഇന്ത്യ'യുടെ കീഴില്‍ സ്റ്റേറ്റ് സെന്റേഴ്‌സ് ഓഫ് എക്‌സലന്‍സ് (കെ.ഐ.എസ്.സി.ഇ.)  ആരംഭിക്കാനൊരുങ്ങി കേന്ദ്ര കായികമന്ത്രാലയം. രാജ്യമെമ്പാടുമുള്ള കായിക പ്രതിഭകളെ കണ്ടെത്താന്‍ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഓരോ കേന്ദ്രങ്ങള്‍ വീതം സ്ഥാപിക്കാനാണ് കായിക മന്ത്രാലയം പദ്ധതിയിടുന്നത്. ആദ്യ ഘട്ടത്തില്‍ കേരളം, കര്‍ണാടക, ഒഡിഷ, തെലങ്കാന, വടക്കുകിഴക്കന്‍ മേഖലയിലെ അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മിസോറം, നാഗാലാന്‍ഡ് എന്നീ എട്ട് സംസ്ഥാനങ്ങളിലാണു കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്.

'ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്ന് മികച്ച കായിക താരങ്ങളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണു ഖേലോ ഇന്ത്യാ സ്റ്റേറ്റ് സെന്റേഴ്‌സ് ഓഫ് എക്‌സലന്‍സ് സ്ഥാപിക്കുന്നത്. രാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള കായിക താരങ്ങളെ കണ്ടെത്തി ലോകനിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും പരിശീലനവും നല്‍കാനാണു പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്'- പദ്ധതിയെക്കുറിച്ച് വിശദീകരിച്ച് കേന്ദ്ര യുവജനകാര്യ- കായിക മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

നിലവിലുള്ള കായിക കേന്ദ്രങ്ങള്‍ ഖേലോ ഇന്ത്യാ സ്റ്റേറ്റ് സെന്റേഴ്‌സ്  ഓഫ് എക്‌സലന്‍സായി ഉയര്‍ത്തുന്നതിന് കായിക ശാസ്ത്ര സാങ്കേതിക സഹായത്തിനായി സര്‍ക്കാര്‍ 'വയബിലിറ്റി ഗ്യാപ് ഫണ്ടിങ്' സൗകര്യം വ്യാപിപ്പിക്കും. കായിക ഉപകരണങ്ങള്‍, വിദഗ്ധ പരിശീലകര്‍ തുടങ്ങിയവയുടെ അഭാവവും നികത്തും. മറ്റു കായിക ഇനങ്ങൾ പരിഗണിക്കുമെങ്കിലും ഒളിമ്പിക്‌സ് ഇനങ്ങള്‍ കേന്ദ്രീകരിച്ചാകും പ്രധാനമായും ഈ സൗകര്യങ്ങള്‍ ഒരുക്കുന്നത്. 

കേന്ദ്രങ്ങളെ ലോകനിലവാരത്തിലാക്കാനും പരിപാലിക്കാനും കായികതാരങ്ങള്‍ക്കും പരിശീലകര്‍ക്കും താമസ സൗകര്യങ്ങളൊരുക്കാനും കേടുപാടുകള്‍ തീര്‍ക്കാനും ഉൾപ്പെടെ എല്ലാ ചുമതലകളും സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമാണ്. ഇതിനുള്ള ഫണ്ട് ഖേലോ ഇന്ത്യാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്രം ലഭ്യമാക്കും. 

താരങ്ങള്‍ ലോക നിലവാരത്തിലേക്ക് ഉയരുന്നുണ്ടോ, ശരിയായ പരിശീലനം ലഭിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാനുള്ള ചുമതല സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കാണ്.

ആദ്യഘട്ടത്തില്‍ കേരളത്തില്‍ നിന്ന് തിരുവനന്തപുരം ജി. വി. രാജ സീനിയര്‍ സെക്കന്‍ഡറി സ്‌പോര്‍ട്‌സ് സ്‌കൂളാണ് ഖേലോ ഇന്ത്യ സ്റ്റേറ്റ് സെന്റര്‍ ഓഫ് എക്‌സലന്‍സായി ഉയര്‍ത്തുന്നത്.
 



(Release ID: 1632070) Visitor Counter : 225