ധനകാര്യ മന്ത്രാലയം

കേന്ദ്ര പരോക്ഷനികുതി കസ്റ്റംസ് ബോർഡ് (CBIC), സി.ജി.എസ്.ടി., കസ്റ്റംസ് ഓഫീസുകളിൽ ഇ-ഓഫീസ് ഉപയോഗിക്കാൻ ആരംഭിച്ചു

Posted On: 15 JUN 2020 4:52PM by PIB Thiruvananthpuram ന്യൂഡൽഹി, ജൂൺ 15, 2020

ഇന്ത്യയിലുടനീളമുള്ള 500 കേന്ദ്ര ചരക്കു സേവന നികുതി (CGST), കസ്റ്റംസ് ഓഫീസുകളിലും ഇ-ഓഫീസ് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിന്റെ ഉദ്ഘാടനം കേന്ദ്ര പരോക്ഷനികുതി കസ്റ്റംസ്  ബോർഡ് (CBIC) ചെയർമാൻ ശ്രീ എം. അജിത് കുമാർ നിർവ്വഹിച്ചു. സി.ബി.ഐ.സി.യുടെ 800 ഓളം മുതിർന്ന ഉദ്യോഗസ്ഥരുടെ നേരിട്ടല്ലാതെയുള്ള സാന്നിധ്യത്തിൽ ആയിരുന്നു ഇ-ഓഫീസ് ആപ്ലിക്കേഷൻ ആരംഭിച്ചത്. നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ (എൻ.ഐ.സി.) ഡയറക്ടർ ജനറൽ ഡോ നീത വർമ്മയും പങ്കെടുത്തു. 

50,000 ത്തിലധികം ഉദ്യോഗസ്ഥർ ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതോടെ ആഭ്യന്തര ഓഫീസ് നടപടിക്രമങ്ങൾ ഓട്ടോമേറ്റ് ചെയ്യുന്ന ഏറ്റവും വലിയ സർക്കാർ വകുപ്പുകളിൽ ഒന്നായി സി.ബി.ഐ.സി. മാറും. 

മനുഷ്യപ്രയത്നം ഉപയോഗിച്ചും കടലാസ്സ് അധിഷ്ഠിതമായും ഉള്ള ഫയലുകളുടെ കൈകാര്യം ചെയ്യൽ രീതി അടിസ്ഥാനമാക്കിയുള്ള ആഭ്യന്തര ഓഫീസ് നടപടിക്രമങ്ങളിൽ അടിസ്ഥാനപരമായ മാറ്റമാണ് ഇ-ഓഫീസ് ആരംഭം.

 

‘മുഖമില്ലാത്ത, സമ്പർക്കമില്ലാത്ത, കടലാസ് രഹിത’ പരോക്ഷനികുതി ഭരണം എന്ന ആശയം നടപ്പാക്കുന്നതിനായി സാങ്കേതികവിദ്യയുടെ സഹായത്തോടെ സി.ബി.ഐ.സി. സ്വീകരിച്ച നടപടിയാണ് ഇ-ഓഫീസ്. 

അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് ആൻഡ് പബ്ലിക് ഗ്രീവൻസസ് (ഡി.‌എ.ആർ‌.പി‌.ജി.) പിന്തുണയോടെ എൻ‌.ഐ‌.സി. ആണ് ഇ-ഓഫീസ് ആപ്ലിക്കേഷൻ വികസിപ്പിച്ചത്. ഇ-ഓഫീസ് ആപ്ലിക്കേഷന്റെ പ്രധാന മൊഡ്യൂളായ ഇ-ഫയൽ, ഫയലുമായി ബന്ധപ്പെട്ട ജോലികൾ ഓൺ-ലൈൻ ആയാണ് ചെയ്യുന്നത്. തപാൽ സ്വീകരിച്ച്‌ രേഖപ്പെടുത്തുന്നതിൽ നിന്നും ആരംഭിച്ച് ഒരു ഫയലിൻറെ മുന്നോട്ടുള്ള ചലനവും, കരട് കത്ത് തയ്യാറാക്കലും, അതിനു അംഗീകാരം/ഒപ്പ് നേടലും, ഒപ്പിട്ട കത്തിന്റെ അയക്കലും വരെ ഇതിൽ ഉൾപ്പെടുന്നു. 

സി.ജി.എസ്.റ്റി. ഉദ്യോഗസ്ഥരും കസ്റ്റംസ് ഉദ്യോഗസ്ഥരും ദൈനംദിന ജോലികളിൽ ഇ-ഓഫീസ് ഉപയോഗിക്കുന്നതോടെ വേഗത്തിലുള്ള തീരുമാനമെടുക്കൽ, സുതാര്യത, ഉത്തരവാദിത്തബോധം എന്നീ കാര്യങ്ങളെ ഗുണപരമായി സ്വാധീനിക്കുന്ന പരിതസ്ഥിതി സംജാതമാകും. ഒരു ഫയലോ രേഖയോ മാറ്റാനോ, നശിപ്പിക്കാനോ, തിയതി മുന്നോട്ടാക്കാനോ കഴിയാത്തതിനാൽ മെച്ചപ്പെട്ട സുരക്ഷ ഇ-ഓഫീസ് ഉറപ്പാക്കുന്നു. അന്തർനിർമ്മിത നിരീക്ഷണ സംവിധാനം ഉള്ളതിനാൽ ഫയലുകൾ എവിടെയാണെന്ന് മനസ്സിലാക്കാനും പെട്ടെന്നുള്ള ഫയൽ നീക്കവും വേഗത്തിലുള്ള തീരുമാനമെടുക്കലും സാധ്യമാകും.

നാഷണൽ ഇ-ഗവേണൻസ് ഓഫ് ഇന്ത്യയ്ക്ക് കീഴിലുള്ള ഒരു മിഷൻ മോഡ് പ്രോജക്റ്റാണ് (എം.എം.പി.) ഇ-ഓഫീസ്.(Release ID: 1631724) Visitor Counter : 256