റെയില്‍വേ മന്ത്രാലയം

യാത്രക്കാര്‍ക്ക് ലോകോത്തര സൗകര്യങ്ങളൊരുക്കുന്നതില്‍  ഇന്ത്യന്‍ റെയില്‍വേ പ്രതിജ്ഞാബദ്ധം

Posted On: 05 JUN 2020 1:45PM by PIB Thiruvananthpuram

 

ലോകത്തെ മികച്ച റെയില്‍വേ ശൃംഖലകളിലൊന്നായ ഇന്ത്യന്‍ റെയില്‍വേ, യാത്രക്കാര്‍ക്ക് ലോകോത്തര സൗകര്യങ്ങളൊരുക്കി നല്‍കുന്നതില്‍ പ്രതിജ്ഞാബദ്ധമാണ്. സ്വച്ഛ് ഭാരത് സ്വച്ഛ് റെയില്‍വേ പദ്ധതിയിലൂടെ ഇതിനായി റെയില്‍വേ മന്ത്രാലയം നിരവധി നടപടികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ചില പ്രധാന പ്രവര്‍ത്തനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു: 

* 2019 - 20 വര്‍ഷം, 49,487 ജൈവ-ശുചിമുറികള് (bio-toilets),‍ 14,916 കോച്ചുകളില്‍ സ്ഥാപിച്ചു. ഇതോടെ ജൈവ-ശുചിമുറികളുടെ എണ്ണം 2,45,400 ആയി വര്‍ധിക്കുകയും 68,800 കോച്ചുകള്‍ പൂര്‍ണമായും ജൈവ-ശുചിമുറിയോട് കൂടിയതാവുകയും ചെയ്തു.
* 2019 - ഒക്ടോബര്‍ 2, ഗാന്ധിജിയുടെ 150-ാം ജന്മ വാര്‍ഷികം മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ നിരോധിച്ചു.
* ശുചിത്വ നടപടികളില്‍, ഏറ്റവും മികച്ച മന്ത്രാലയമായി റെയില്‍വേ മന്ത്രാലയം അംഗീകരിക്കപ്പെടുകയും 2019 സെപ്തംബര്‍ 6 ന് രാഷ്ട്രപതിയില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കുകയും ചെയ്തു.
* പരിസ്ഥിതി സൗഹൃദ നടപടികള്‍ക്ക് 200 റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ISO:14001 അംഗീകാരം, 2019 - 20ല്‍ ലഭിച്ചു.
* യന്ത്രാധിഷ്ഠിത ശുചീകരണ സംവിധാനം 953 സ്റ്റേഷനുകളില്‍ ലഭ്യമാണ്.
* രാജധാനി, ശതാബ്ദി, ദുരന്തോ തുടങ്ങി ദീര്‍ഘദൂര മെയില്‍ /എക്‌സ്പ്രസ് ട്രെയിനുകളില്‍ കോച്ചുകള്‍, ശുചിമുറികള്‍, വാതിലുകള്‍, ഇടനാഴികള്‍ എന്നിവ യാത്രാവേളയില്‍ത്തന്നെ വൃത്തിയാക്കാന്‍ വേണ്ട ജീവനക്കാരും സംവിധാനങ്ങളും ലഭ്യമാണ്.
* എ.സി. കോച്ചുകളിലെ യാത്രക്കാര്‍ക്ക് നല്‍കുന്ന കമ്പിളിപ്പുതപ്പുകള്‍ വൃത്തിയാക്കുന്നതിന് ഗുണമേന്മയുള്ള യന്ത്രാധിഷ്ഠിത ലോണ്‍ട്രി സംവിധാനം ഏര്‍പ്പെടുത്തി. 2019 - 20 സാമ്പത്തിക വര്‍ഷം 8 യന്ത്രാധിഷ്ഠിത ലോണ്‍ഡ്രികളാണ് സ്ഥാപിച്ചത് (ആകെ 68).
* സ്റ്റേഷനുകളില്‍ ഉണ്ടാകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുനഃചംക്രമണം ചെയ്യുന്നതിനും പരിസ്ഥിതി സൗഹൃദപരമായി നിര്‍മാര്‍ജനം ചെയ്യുന്നതിനും പ്ലാസ്റ്റിക് ബോട്ടില്‍ ക്രഷിങ് മെഷീനുകള്‍ സ്ഥാപിക്കാന്‍, സോണല്‍ ഓഫീസുകള്‍ ഒരു സമഗ്ര നയ-മാര്‍ഗ നിര്‍ദേശം കൊണ്ടുവന്നു. നിലവില്‍, ജില്ലാ ഹെഡ്ക്വോര്‍ട്ടേഴ്‌സ് റെയില്‍വേ സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 229 സ്റ്റേഷനുകളിലായി 315 പ്ലാസ്റ്റിക് ബോട്ടില്‍ ക്രഷിങ് മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
* 2019 - 20 വര്‍ഷത്തില്‍ കോച്ചുകള്‍ കഴുകുന്നതിനുള്ള ഓട്ടോമാറ്റിക് സംവിധാനം പുതുതായി 8 എണ്ണം സ്ഥാപിച്ചു (ആകെ 20). 
* ട്രെയിനില്‍ ജലം നിറയ്ക്കുന്നതിനുവേണ്ടിയെടുക്കുന്ന സമയദൈര്‍ഘ്യം കുറയ്ക്കുന്നതിന് നൂതന സംവിധാനം 29 ഇടങ്ങളില്‍ 2019 - 20വര്‍ഷം സ്ഥാപിച്ചു (ആകെ 44). 


***



(Release ID: 1629637) Visitor Counter : 161