വാണിജ്യ വ്യവസായ മന്ത്രാലയം

ഔഷധ വ്യവസായ രംഗത്തെ മേധാവിമാരുമായും സംഘടനാ ഭാരവാഹികളുമായും മന്ത്രി ശ്രീ പീയുഷ് ഗോയല്‍ ആശയ വിനിമയം നടത്തി

Posted On: 31 MAY 2020 5:16PM by PIB Thiruvananthpuram

 

ഔഷധ വ്യവസായരംഗത്തെ മേധാവിമാരുമായും സംഘടനാ ഭാരവാഹികളുമായും കേന്ദ്ര മന്ത്രി ശ്രീ പീയുഷ് ഗോയല്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശയവിനിമയം നടത്തി. കേന്ദ്ര സഹമന്ത്രിമാരായ ശ്രീ എച്ച്. എസ്. പുരി, ശ്രീ സോം പ്രകാശ്, വ്യവസായം, ഫാര്‍മസ്യൂട്ടിക്കല്‍സ്, ആരോഗ്യം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
ഇന്ത്യ, ലോകത്തിലെ 'ഔഷധ നിര്‍മ്മാണ ശാല' ആയി തിരിച്ചറിയപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 120ലധികം രാജ്യങ്ങള്‍ക്ക് കഴിഞ്ഞ രണ്ട് മാസകാലയളവില്‍ അത്യാവശ്യ മരുന്നുകള്‍ ഇന്ത്യ നല്‍കിക്കഴിഞ്ഞു. അതില്‍ത്തന്നെ 40 ഓളം രാജ്യങ്ങള്‍ക്ക് സൗജന്യമായാണ് നല്‍കിയത്. 

ഔഷധ വ്യവസായരംഗത്തിന്റെ വികസനത്തിനും വൈവിദ്ധ്യവല്‍ക്കരണത്തിനും ശാക്തീകരണത്തിനും ഗവണ്‍മെന്റ് എല്ലാവിധ സഹായവും നല്‍കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയില്‍ ഈ മേഖലയ്ക്ക് 
പ്രധാന പങ്ക് വഹിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതിനായി ഡ്രഗ് പാര്‍ക്കുകളുടെ പ്രോത്സാഹനം പോലെ നിരവധി നടപടികള്‍ ഗവണ്‍മെന്റ് എടുത്തിട്ടുണ്ട്. മരുന്നു ഉല്‍പ്പാദനത്തിന്റെ പ്രാരംഭ വസ്തു (KSM), സജീവ ഔഷധ ഘടകങ്ങള്‍ (API) എന്നിവയുടെ ആഭ്യന്തര ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കാന്‍ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട് കിഴിവ് നല്‍കുന്ന നടപടികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

ആന്റി ഡംപിങ് അന്വേഷണ നടപടികള്‍ക്ക് ത്വരിതപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. കിഴക്കന്‍ യൂറോപ്പ്, റഷ്യ തുടങ്ങിയ വിപണി സാധ്യതകള്‍ ഏറെയുള്ള ഇടങ്ങളിലേയ്ക്ക് വ്യവസായികള്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഗവേഷണ വികസന പ്രവര്‍ത്തനങ്ങളില്‍, അക്കാദമിക വിദഗ്ധര്‍, സര്‍വകലാശാലകള്,‍ ICMR, സ്വകാര്യ മേഖല എന്നിവ സംയോജിച്ച് പ്രവര്‍ത്തിക്കണമെന്നും ശ്രീ പിയുഷ് ഗോയല്‍ ആഹ്വാനം ചെയ്തു. യോഗത്തില്‍ സമര്‍പ്പിക്കപ്പെട്ട നിര്‍ദേശങ്ങള്‍ പരിശോധിക്കുമെന്നും ആവശ്യമെങ്കില്‍ മറ്റു വകുപ്പുകളുമായി ആലോചിച്ച് എത്രയും വേഗം നടപടികള്‍ കൈക്കൊള്ളുമെന്നും ശ്രീ പീയുഷ് ഗോയല്‍ വ്യക്തമാക്കി.

***



(Release ID: 1628204) Visitor Counter : 123