വാണിജ്യ വ്യവസായ മന്ത്രാലയം

വ്യവസായ വാണിജ്യരംഗത്തെ സംഘടനകളുമായി മന്ത്രി ശ്രീ പിയൂഷ് ഗോയല്‍ ചര്‍ച്ച നടത്തി

Posted On: 27 MAY 2020 6:55PM by PIB Thiruvananthpuram



വ്യവസായ വാണിജ്യരംഗത്തെ സംഘടനകളുമായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പീയുഷ് ഗോയല്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തി. ലോക്ക്ഡൗണിനുശേഷം അഞ്ചാം തവണയാണ് ശ്രീ പീയുഷ് ഗോയല്‍ സംഘടനകളുമായി ചര്‍ച്ച നടത്തുന്നത്. കോവിഡ് 19 നെ തുടര്‍ന്നുണ്ടായ ലോക്ഡൗണും തുടര്‍ന്നു നല്‍കിയ ഇളവുകളും വ്യവസായ വാണിജ്യരംഗത്തെ എങ്ങനെ ബാധിച്ചു എന്നറിയുന്നതിനും സാമ്പത്തികരംഗത്തെ പുനരുജ്ജീവിപ്പിക്കാന്‍ സംഘടനകളുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനുമാണ് ചര്‍ച്ച നടത്തിയത്.

കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രിമാരായ  ശ്രീ സോം പ്രകാശ്, ശ്രീ എച്ച്. എസ്. പുരി, മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. CII, FICCI, ASSOCHAM, NASSCOM, SICCI തുടങ്ങിയ സംഘടനകളും ചര്‍ച്ചയുടെ ഭാഗമായി.

സാമ്പത്തികരംഗത്തെ മോശം അവസ്ഥ മാറിക്കഴിഞ്ഞന്നും പുനരുജ്ജീവന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. ഗവണ്‍മെന്റ് ആവിഷ്‌ക്കരിച്ച ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതിയിലെ നടപടികളിലൂടെ സാമ്പത്തികരംഗത്തെ ഉത്തേജിപ്പിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി 130 കോടി ഇന്ത്യക്കാരിലും ഒരുമയുടെ സന്ദേശം ഉണര്‍ത്തിയതായി മന്ത്രി ശ്രീ പീയുഷ് ഗോയല്‍ പറഞ്ഞു. നിത്യോപയോഗ സാധനങ്ങളായ ഫര്‍ണിച്ചര്‍, കളിപ്പാട്ടങ്ങള്‍, സ്‌പോര്‍ട്‌സ് ഷൂസ് തുടങ്ങിയവ ഇപ്പോഴും ഇറക്കുമതി ചെയ്യുന്നു എന്ന വസ്തുത നിര്‍ഭാഗ്യകരമാണ്. രാജ്യത്ത് നൈപുണ്യമുള്ള തൊഴിലാളികളും, സാങ്കേതിക സൗകര്യവും ധാരാളമായുണ്ടായിട്ടാണ് ഇറക്കുമതി ചെയ്യേണ്ടിവരുന്നത്. ഈ അവസ്ഥ മാറേണ്ടിയിരിക്കുന്നു.

കോവിഡ് 19 നെതിരായ പോരാട്ടം, ഗവണ്‍മെന്റിനു ഒറ്റയ്ക്ക് നടത്താനാവില്ലെന്നും ഇത് രാജ്യത്തിന്റെ പോരാട്ടമാണെന്നും എല്ലാവരും ഇതില്‍ സുപ്രധാന പങ്ക് വഹിക്കണമെന്നും മന്ത്രി പറഞ്ഞു. സംഘടനകളുടെ നിര്‍ദേശങ്ങള്‍ പരിശോധിച്ച്, നീതിപൂര്‍വകവും, യാഥാര്‍ത്ഥ്യബോധമുള്ളതുമായ നിര്‍ദേശങ്ങളില്‍ സമയബന്ധിതമായ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
***



(Release ID: 1627351) Visitor Counter : 296