ഉപരാഷ്ട്രപതിയുടെ കാര്യാലയം

ഉപരാഷ്ട്രപതി ഈദുല്‍ ഫിത്ര്‍ ആശംസകള്‍ നേര്‍ന്നു

Posted On: 24 MAY 2020 5:40PM by PIB Thiruvananthpuram


ഇന്ത്യയുടെ ഉപരാഷ്ട്രപതി ശ്രീ.എം.വെങ്കയ്യ നായിഡു രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ഈദുല്‍ ഫിത്ര്‍ പുണ്യദിനത്തിന്റെ ആശംസകള്‍ നേര്‍ന്നു. ഈദുല്‍ ഫിത്ര്‍ കുടുംബങ്ങളുടെയും കൂട്ടായ്മകളുടെയും ഒത്തുചേരലിന്റെ അവസരമാണെങ്കിലും ആഘോഷങ്ങളില്‍ സാമൂഹിക അകലത്തിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ അദ്ദേഹം എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.

അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ പൂര്‍ണരൂപം:

ഈദുല്‍ ഫിത്‌റിന്റെ ഈ പുണ്യവേളയില്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ഞാന്‍ ഊഷ്മളമായ ആശംസകളും മംഗളങ്ങളും നേരുന്നു.

പരമ്പരാഗതമായി ഈദുല്‍ ഫിത്ര്‍ ആഘോഷങ്ങള്‍ അടയാളപ്പെടുത്തുന്നത് പുണ്യമാസമായ റമദാന്റെ സമാപനവും ഇസ്ലാമിക് കലണ്ടറിലെ പത്താം മാസമായ ശവ്വാലിന്റെ ആരംഭവുമാണ്.

ഈ പെരുന്നാള്‍  കാരുണ്യത്തിന്റെയും ഉപവിയുടെയും മഹാമനസ്‌കതയുടെയും ചൈതന്യമാണ് സമൂഹത്തില്‍ ഊട്ടിയുറപ്പിക്കുന്നത്. ഇത് കുടുംബങ്ങളുടെയും കൂട്ടായ്മകളുടെയും ഒത്തുചേരലിന്റെ വേള കൂടിയാണ്.

എന്നിരുന്നാലും ഈ വര്‍ഷം ഇന്ത്യയും ലോകം മുഴുവനും കോവിഡ് -19ന് എതിരെയുള്ള വിശ്രമരഹിതമായ പോരാട്ടം തുടരുന്നതിനാല്‍ നാമെല്ലാവരും നമ്മുടെ പരമ്പരാഗതമായ പുണ്യദിനങ്ങൾ  ഭവനങ്ങളില്‍  മാത്രമായി ആഘോഷിക്കുകയാണ്.
അതിനാല്‍ നമുക്ക് പരിമിതമായ രീതിയില്‍ ഇക്കുറി  ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയും  സാമൂഹിക അകലത്തിന്റെയും വ്യക്തിശുചിത്വത്തിന്റെയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും ചെയ്യാം. എന്നിരുന്നാലും ആഹ്ലാദത്തിന്റെയും കാരുണ്യത്തിന്റെയും പരസ്പര ആദരവിന്റെയും സജീവ ചൈതന്യം അടിവരയിടുന്ന പുണ്യദിനമായി  നാമെല്ലാവരും പെരുന്നാള്‍ ആഘോഷിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഈദുല്‍ ഫിത്‌റുമായി ബന്ധപ്പെട്ട  ശ്രേഷ്ഠമായ സങ്കല്‍പ്പങ്ങള്‍ നമ്മുടെ ജീവിതങ്ങളില്‍ കൂടുതല്‍  ആരോഗ്യവും സമാധാനവും അഭിവൃദ്ധിയും പ്രദാനം ചെയ്യട്ടെ."



(Release ID: 1626625) Visitor Counter : 291