മന്ത്രിസഭ

എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി സ്‌കീമിലൂടെ (ഇ സി എല്‍ ജി എസ്) മൂന്ന് ലക്ഷം കോടി രൂപയുടെ അധിക ധനസഹായത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Posted On: 20 MAY 2020 2:16PM by PIB Thiruvananthpuram


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം താഴെപ്പറയുന്ന കാര്യങ്ങള്‍ക്ക് അനുമതി നല്‍കി:

അര്‍ഹരായ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും താല്‍പ്പര്യമുള്ള മുദ്ര വായ്പക്കാര്‍ക്കും ''എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി സ്‌കീ''മിലൂടെ മൂന്നു ലക്ഷം കോടി രൂപയുടെ അധിക ധനസഹായം ലഭ്യമാക്കും.

പദ്ധതിക്കു കീഴില്‍ നാഷണല്‍ ക്രെഡിറ്റ് ഗ്യാരന്റി ട്രസ്റ്റി കമ്പനി ലിമിറ്റഡ് (എന്‍ സി ജി ടി സി), ഗ്യാരന്റീഡ് എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ (ജി ഇ സി എല്‍) സൗകര്യങ്ങളുടെ മാതൃകയില്‍ അര്‍ഹരായ എം എസ് എം ഇകള്‍ക്കും താല്‍പ്പര്യമുള്ള മുദ്ര വായ്പക്കാര്‍ക്കും മൂന്നു ലക്ഷം കോടി രൂപയുടെ അധിക ധനസഹായത്തിന് നൂറു ശതമാനം ഗ്യാരന്റി കവറേജ് ലഭ്യമാക്കും.

ഈ ആവശ്യത്തിനായി നടപ്പു സാമ്പത്തിക വര്‍ഷവും വരുന്ന മൂന്നു സാമ്പത്തികവര്‍ഷങ്ങളിലുമായി 41,600 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കും.

പദ്ധതി പ്രഖ്യാപിച്ച തീയതി മുതല്‍ 31.10.2020 വരെയുള്ള കാലയളവില്‍, അല്ലെങ്കില്‍ ജി ഇ സി എലിനു കീഴില്‍ 3,00,000 കോടി രൂപ അനുവദിക്കുന്നതു വരെ (ഇതില്‍ ഏതാണ് ആദ്യം എന്നു കണക്കാക്കി), ജി ഇ സി എല്‍ സൗകര്യപ്രകാരം അനുവദിച്ച എല്ലാ വായ്പകള്‍ക്കും ഈ പദ്ധതി ബാധകമാക്കുന്നതിനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.

വിശദാംശങ്ങള്‍: 

കോവിഡ് 19 ന്റെ പശ്ചാത്തലത്തിലുണ്ടായ അഭൂതപൂര്‍വമായ സാഹചര്യവും അതിനുശേഷം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മേഖലയിലെ ഉല്‍പ്പാദനത്തെയും മറ്റ് പ്രവര്‍ത്തനങ്ങളെയും സാരമായി ബാധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക പ്രതികരണമായി എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി സ്‌കീമിന് (ഇ സി എല്‍ ജി എസ്) രൂപം നല്‍കിയത്. എം എസ് എം ഇകള്‍ നേരിടുന്ന സാമ്പത്തിക ദുരിതങ്ങള്‍ ലഘൂകരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. അതിനായി മൂന്നു ലക്ഷം കോടി രൂപ വരെ അധിക സഹായമാണ് നല്‍കുന്നത്. മെമ്പര്‍ ലെന്‍ഡിംഗ് ഇന്‍സ്റ്റിറ്റിയൂഷനുകള്‍ക്ക് (എംഎല്‍ഐ) പ്രോത്സാഹനം നല്‍കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.  അതായത്, ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ (എഫ് ഐ), ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍ (എന്‍ ബി എഫ് സി) എന്നിവയിലൂടെ, കോവിഡ് 19 പ്രതിസന്ധി സൃഷ്ടിച്ച പശ്ചാത്തലത്തില്‍, എം എസ് എം ഇ വായ്പക്കാര്‍ക്കു അധിക ധനസഹായം ലഭ്യമാക്കുകയും ജി ഇ സി എല്‍ വായ്പ തിരിച്ചടവിന് ബുദ്ധിമുട്ടുന്നവര്‍ക്ക് അവരുടെ നഷ്ടങ്ങള്‍ പരിഹരിക്കുന്നതിന് പൂര്‍ണ ഉറപ്പ് നല്‍കുകയും ചെയ്യും.

പദ്ധതിയുടെ പ്രധാന സവിശേഷതകള്‍ ഇവയാണ്: 

1. 2020 ഫെബ്രുവരി 29 വരെയോ അതിന് 60 ദിവസം മുമ്പുവരെയോ 25 കോടി രൂപ വരെ ഔട്ട് സ്റ്റാന്റിംഗ്  ക്രെഡിറ്റ്  തുകയുള്ള എല്ലാ എം എസ് എം ഇ അക്കൗണ്ടുകള്‍ക്കും, (അതായത് വാര്‍ഷിക വിറ്റുവരവ് 100 കോടി രൂപ വരെയുള്ള റെഗുലര്‍, എസ് എം എ 0, എസ് എം എ 1 അക്കൗണ്ടുകള്‍) പദ്ധതിയുടെ കീഴില്‍ ജി ഇ സി എല്‍ ധനസഹായത്തിന് അര്‍ഹതയുണ്ട്. 

2. അധിക പ്രവര്‍ത്തന മൂലധന തവണ വായ്പകളുടെയോ (ബാങ്കുകളുടെയും എഫ് ഐകളുടെയും കാര്യത്തില്‍) അധിക തവണ വായ്പകളുടെയോ (എന്‍ ബി എഫ് സികളുടെ കാര്യത്തില്‍) രൂപത്തിലായിരിക്കും യോഗ്യരായ എം എസ് എം ഇകള്‍ക്ക് ജി ഇ സി എല്‍ ധനസഹായം നല്‍കുക. 2020 ഫെബ്രുവരി 29 വരെ അവര്‍ക്കുള്ള മൊത്തം ഔട്ട്സ്റ്റാന്റിംഗ്  ക്രെഡിറ്റ്  20 ശതമാനം വരെയാകും (പരമാവധി 25 കോടി രൂപ) ഈ തുക. 

3. ഇ സി എല്‍ ജി എസിനു കീഴിലുള്ള എം എല്‍ ഐകള്‍ക്ക്, ജി ഇ സി എലിനു കീഴില്‍ നല്‍കുന്ന മുഴുവന്‍ തുകയ്ക്കും എന്‍ സി ജി ടി സിയുടെ നൂറു ശതമാനം ക്രെഡിറ്റ് ഗ്യാരന്റി നല്‍കും.

4. പദ്ധതിക്കു കീഴിലുള്ള വായ്പയുടെ കാലാവധി നാലു വര്‍ഷമാണ്. മുതലില്‍ ഒരു വര്‍ഷത്തെ മൊറട്ടോറിയം കാലയളവും ലഭ്യമാണ്.

5. പദ്ധതിക്കു കീഴിലുള്ള മെമ്പര്‍ ലെന്‍ഡിങ് ഇന്‍സ്റ്റിറ്റിയൂഷനുകളില്‍ (എം എല്‍ ഐ) നിന്ന് എന്‍ സി ജി ടി സി ഗ്യാരന്റി ഫീസ് ഈടാക്കില്ല. 

6. പദ്ധതിപ്രകാരം ബാങ്കുകള്‍ക്കും എഫ് ഐകള്‍ക്കും പലിശ 9.25 ശതമാനമാണ്. എന്‍ ബി എഫ് സികളില്‍ 14 ശതമാനമാണ് പലിശ.

പദ്ധതി നിര്‍വഹണം:

ജി ഇ സി എലിനു കീഴില്‍ അനുവദിക്കുന്ന എല്ലാ വായ്പകള്‍ക്കും ഈ പദ്ധതി ബാധകമാണ്. (പദ്ധതി പ്രഖ്യാപിച്ച തീയതി മുതല്‍ 31.10.2020 വരെ അല്ലെങ്കില്‍ ജി ഇ സി എലിനു കീഴില്‍ മൂന്നു ലക്ഷം കോടി രൂപ അനുവദിക്കുന്നതു വരെ - ഇവയില്‍ ഏതാണ് ആദ്യം എന്നതു കണക്കാക്കി)

സ്വാധീനം: 


കോവിഡ് 19 ന്റെ പശ്ചാത്തലത്തിലുണ്ടായ അഭൂതപൂര്‍വമായ സാഹചര്യവും അതിനുശേഷം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മേഖലയിലെ ഉല്‍പ്പാദനത്തെയും മറ്റ് പ്രവര്‍ത്തനങ്ങളെയും സാരമായി ബാധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക പ്രതികരണമായി പദ്ധതിക്കു രൂപം നല്‍കിയത്. സമ്പദ് വ്യവസ്ഥയിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും എം എസ് എം ഇകള്‍ നല്‍കുന്ന നിര്‍ണായക പങ്ക് കണക്കിലെടുത്തു നടപ്പാക്കുന്ന ഈ പദ്ധതി ഈ മേഖലയ്ക്ക് ആശ്വാസം പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എം എല്‍ ഐകള്‍ 3 ലക്ഷം കോടി രൂപയുടെ അധിക വായ്പ നല്‍കുന്നതിലൂടെ എം എസ് എം ഇകള്‍ക്ക് അവരുടെ പ്രവര്‍ത്തന ബാധ്യതകള്‍ പരിഹരിക്കാനും വ്യവസായം പുനരാരംഭിക്കാനും കഴിയും. എം എസ് എം ഇകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ സഹായിക്കുന്നതിലൂടെ സമ്പദ് വ്യവസ്ഥയില്‍ ഗുണപരമായ മാറ്റം വരുമെന്നും അതിന്റെ പുനരുജ്ജീവനത്തിന് ഇടയാക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

***



(Release ID: 1625377) Visitor Counter : 322