വിദ്യാഭ്യാസ മന്ത്രാലയം

വിദ്യാഭ്യാസ മേഖലയില്‍ നിരവധി പുതിയ ഉദ്യമങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി

Posted On: 18 MAY 2020 4:06PM by PIB Thiruvananthpuram


കേന്ദ്ര ധനമന്ത്രി ശ്രീമതി നിര്‍മലാ സീതാരാമന്‍ ഇന്നലെ പ്രഖ്യാപിച്ച വിവിധ പദ്ധതികള്‍ കോവിഡ് 19മായി ബന്ധപ്പെട്ട നിലവിലെ സാഹചര്യത്തില്‍ രാജ്യത്തെ വിദ്യാഭ്യാസ മേഖലയ്ക്കു പുതിയ അവസരങ്ങളും ഉണര്‍വും നല്‍കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഡിജിറ്റല്‍, ഓണ്‍ലൈന്‍, ഓണ്‍എയര്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ ശ്രമങ്ങളും ഏകോപിപ്പിക്കുന്നതിന് പിഎം ഇ- വിദ്യ എന്ന പേരില്‍ സമഗ്ര സംരംഭമാണ് ധനമന്ത്രി പ്രഖ്യാപിച്ച പദ്ധതികളിലൊന്ന്. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഗുണനിലവാരമുള്ള ഡിജിറ്റല്‍ വിദ്യാഭ്യാസ അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് 'ദിക്ഷ' പദ്ധതി സഹായിക്കും. ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ നിലവാരമുള്ള ഇ-ഉള്ളടക്കങ്ങള്‍ ലഭ്യമാക്കുന്നതിന് വണ്‍ ക്ലാസ്-വണ്‍ ചാനല്‍ പദ്ധതി നടപ്പിലാക്കും. സ്‌കൂളുകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമുള്ള 'സ്വയം' ഓണ്‍ലൈന്‍ കോഴ്സുകള്‍, ഐഐടിജെഇഇ, നീറ്റ് പരീക്ഷകള്‍ക്കു തയ്യാറെടുക്കുന്നതിനുള്ള ഐഐടിപിഎഎല്‍, സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും  സമൂഹ റേഡിയോയും ഡിജിറ്റല്‍ വിവര സംവിധാനവും, യൂട്യൂബിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപണ്‍ സ്‌കൂളിംഗ് വെബ്സൈറ്റില്‍ ഭാഷാ പഠനം തുടങ്ങി നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചത്. രാജ്യമെമ്പാടുമായി 25 കോടിയോളം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇവയുടെ ഗുണഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കുടുംബങ്ങള്‍ക്കും മാനസികാരോഗ്യ പിന്തുണ നല്‍കുന്നതിന് 'മനോദര്‍പണ്‍' എന്ന പേരില്‍ ഓണ്‍ലൈന്‍ സംരംഭം നടപ്പാക്കും.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഇ- പഠനം കൂടുതല്‍ വ്യാപകമാക്കും. ഓപ്പണ്‍, വിദൂര, ഓണ്‍ലൈന്‍ വിദ്യാഭ്യാസ സംവിധാനം കൂടുതല്‍ എളുപ്പമുള്ളതാക്കും. പ്രധാനപ്പെട്ട 100 സര്‍വകലാശാലകള്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍ തുടങ്ങും.

സ്‌കൂള്‍ വിദ്യാഭ്യാസത്തിനും അധ്യാപകരുടെ വിദ്യാഭ്യാസത്തിനും പുതിയ ഒരു ദേശീയ പാഠ്യപദ്ധതി തയ്യാറാക്കും. ഭിന്നശേഷിക്കാര്‍ക്കുള്ള വിദ്യാഭ്യാസത്തിന് ആഗോള നിലവാരത്തില്‍ അധ്യാപകരെ സജ്ജരാക്കും.

മൂന്നാം ക്ലാസ് മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധമായും അടിസ്ഥാന സാക്ഷരതാ, ഗണിത വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് ഒരു ദേശീയ അടിസ്ഥാന സാക്ഷരതാ, ഗണിത ദൗത്യം തുടങ്ങും. ഇതിന്റെ ഭാഗമായി അധ്യാപകരുടെ ശേഷി വികസിപ്പിക്കുകയും പാഠ്യപദ്ധതി ചട്ടക്കൂട് കരുത്തുറ്റതാക്കുകയും ഓണ്‍ലൈനിലും ഓഫ്ലൈനിലും പഠന സാമഗ്രികള്‍ ലഭ്യമാക്കുകയും ചെയ്യും.
വിദ്യാഭ്യാസ മേഖലയ്ക്കു നല്‍കിയ മുന്‍ഗണനയ്ക്ക് കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി ശ്രീ രമേശ് പൊഖ്രിയാല്‍ നിഷാങ്ക് പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും നന്ദി അറിയിച്ചു.

****
 



(Release ID: 1624912) Visitor Counter : 947