ധനകാര്യ മന്ത്രാലയം

കുടിയേറ്റ തൊഴിലാളികൾ, കർഷകർ , ചെറുകിട വ്യാപാരികൾ, തെരുവ് കച്ചവടക്കാർ എന്നിവരുൾപ്പെടെയുള്ള പാവപ്പെട്ടവരെ സഹായിക്കുന്നതിനുള്ള ഹൃസ്വകാല, ദീർഘകാല നടപടികൾ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു

Posted On: 14 MAY 2020 6:59PM by PIB Thiruvananthpuram


പ്രധാനമന്ത്രി 2020 മെയ് 12 ന് ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 10 ശതമാനത്തിന് തുല്യമായ 20 ലക്ഷം കോടി രൂപയുടെ പ്രത്യേക സാമ്പത്തിക, സമഗ്ര പാക്കേജ് പ്രഖ്യാപിച്ചു. "ആത്മനിർഭർ ഭാരത് അഭിയാൻ"അഥവാ സ്വാശ്രയ ഭാരത് പ്രസ്ഥാനത്തിലേക്ക് നാം ചുവടുമാറ്റണം എന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. ഇത് സാക്ഷാത്കരിക്കുന്നതിനു ആവശ്യമായ അഞ്ചു തൂണുകളെപ്പറ്റിയും - സമ്പദ്‌വ്യവസ്ഥ, അടിസ്ഥാനസൗകര്യങ്ങൾ, സംവിധാനക്രമങ്ങൾ ,ഊർജ്വസ്വലമായ മാനവിഭവശേഷി, ഡിമാൻഡ്- അദ്ദേഹം എടുത്തുപറഞ്ഞിരുന്നു.

കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമല സീതാരാമൻ ഇന്ന്‌ കുടിയേറ്റ തൊഴിലാളികൾ, തെരുവ് കച്ചവടക്കാർ, നഗരത്തിലേക്കു കുടിയേറിയ ദരിദ്രർ, ചെറുകിട വ്യാപാരികൾ സ്വയംതൊഴിലുകാർ, ചെറു കിട നാമമാത്ര കർഷകർ എന്നിവ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനുള്ള രണ്ടാം ഘട്ട നടപടികൾ പ്രഖ്യാപിച്ചു. കുടിയേറ്റക്കാർ, കൃഷിക്കാർ, ചെറുകിട വ്യാപാരികൾ, തെരുവ് കച്ചവടക്കാർ എന്നിവരുൾപ്പെടെ ദരിദ്രരെ സഹായിക്കുന്നതിനുള്ള ഹ്രസ്വകാല, ദീർഘകാല നടപടികളാണ്‌ നിർമല സീതാരാമൻ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചത്‌.

1. കുടിയേറ്റക്കാർക്ക് 2 മാസത്തേക്ക് സൗജന്യ ഭക്ഷ്യധാന്യം

സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും കുടിയേറ്റ തൊഴിലാളികൾക്ക്, ഒരു കുടിയേറ്റ തൊഴിലാളിയ്ക്ക് 5 കിലോയും ഒരു കുടുംബത്തിന് ഒരു കിലോ കടലയും എന്ന നിരക്കിൽ രണ്ട് മാസത്തേക്ക് സൗജന ഭക്ഷ്യധാന്യം അനുവദിക്കും. 2020 മെയ്, ജൂൺ മാസങ്ങളിലേക്കാണ്‌ ഇത്‌ നൽകുക. ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതിയിൽ ഇല്ലെങ്കിലും സംസ്ഥാനത്തിന്റെയോ കേന്ദ്ര ഭരണപ്രദേശത്തിന്റെയോ റേഷൻ കാർഡ്‌ ഇല്ലെങ്കിലും കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികൾക്ക് ഇതിന്‌ അർഹതയുണ്ട്. പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുള്ള ഭക്ഷ്യധാന്യ വിതരണത്തിനായി പ്രത്യേക സംവിധാനം ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും നിർദ്ദേശം നൽകും. 8 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യവും 50,000 മെട്രിക് ടൺ കടലയും അനുവദിക്കും. ഇതിനായി ചെലവാകുന്ന 3500 കോടി രൂപ കേന്ദ്ര സർക്കാർ വഹിക്കും.

2. ഒരു രാജ്യം, ഒരു റേഷൻ കാർഡ് 2021 മാർച്ചിൽ

ദേശീയ തലത്തിൽ റേഷൻ കാർഡ്‌ പോർട്ടബിലിറ്റി 23 സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും. അതിലൂടെ, പൊതുവിതരണ സംവിധാനത്തിന്റെ 83% വരുന്ന 67 കോടി ഗുണഭോക്താക്കൾ 2020 ഓഗസ്റ്റിൽ റേഷൻ കാർഡുകളുടെ ദേശീയ പോർട്ടബിലിറ്റിയിൽ ഉൾപ്പെടും. 2021 മാർച്ചോടെ സമ്പൂർണ ദേശീയ പോർട്ടബിലിറ്റി കൈവരിക്കാനാകും. ഇത് പ്രധാനമന്ത്രിയുടെ സാങ്കേതിക വിദ്യാ ഉപയോഗിച്ചുള്ള പരിഷ്കാര നടപടികളുടെ ഭാഗമാണ്. രാജ്യത്തെ ഏതെങ്കിലും റേഷൻ കടയിൽ നിന്ന് പൊതുവിതരണ ആനുകൂല്യങ്ങൾ കൈപ്പറ്റാൻ കുടിയേറ്റ തൊഴിലാളിയെയും അവരുടെ കുടുംബത്തെയും ഇത് പ്രാപ്തമാക്കും. സഞ്ചരിച്ചു കൊണ്ടിരിക്കുന്നവർക്ക്‌ പ്രത്യേകിച്ച് കുടിയേറ്റ തൊഴിലാളികൾക്ക് രാജ്യത്തുടനീളമുള്ള പൊതുവിതരണ സംവിധാനത്തിന്റെ ആനുകൂല്യം ലഭിക്കുമെന്ന്ഉറപ്പാക്കും.

3. കുടിയേറ്റ തൊഴിലാളികൾക്കും നഗര ദരിദ്രർക്കും താങ്ങാനാവുന്ന വാടക വീടുകൾ

കുടിയേറ്റ തൊഴിലാളികൾക്കും ദരിദ്രർക്കും മിതമായ നിരക്കിൽ വാടകയ്ക്ക് താമസിക്കാനുള്ള വീടുകൾ നിർമിക്കാനുള്ള പദ്ധതി കേന്ദ്ര സർക്കാർ ആരംഭിക്കും. കുടിയേറ്റ തൊഴിലാളികൾക്കും നഗരങ്ങളിലെ ദരിദ്രർക്കും വിദ്യാർത്ഥികൾക്കും താങ്ങാനാവുന്ന വാടക സമുച്ചയങ്ങൾ സുരക്ഷയും നല്ല ജീവിതനിലവാരവും പ്രദാനം ചെയ്യും. നഗരങ്ങളിലെ സർക്കാർ ധനസഹായമുള്ള ഭവന സമുച്ചയങ്ങളെ പൊതു സ്വകാര്യ ഉടമസ്ഥതയ്‌ക്കു കീഴിൽ വാടക ഭവന സമുച്ചയങ്ങളാക്കി (എആർഎച്ച്‌സി) മാറ്റും.
നിർമാണ യൂണിറ്റുകൾ, വ്യവസായങ്ങൾ, സ്ഥാപനങ്ങൾ, അസോസിയേഷനുകൾ എന്നിവക്ക്‌ അവരുടെ സ്വന്തം സ്ഥലത്ത്‌ വാടക ഭവന സമുച്ചയങ്ങൾ നിർമിക്കാനും പ്രവർത്തിപ്പിക്കാനും അനുവദിക്കും.
സമാന രീതിയിൽ സംസ്ഥാന ഏജൻസികളെയും കേന്ദ്ര സർക്കാർ സംഘടനകളെയും പ്രോത്സാഹിപ്പിക്കും. പദ്ധതിയുടെ കൃത്യമായ വിവരങ്ങൾ മന്ത്രാലയം പുറത്തുവിടും.

4. മുദ്ര വായ്പക്കാർക്ക് 12 മാസത്തേക്ക് 2% പലിശ ഇളവ്‌

50,000 രൂപയിൽ താഴെ വായ്പ എടുത്തിട്ടുള്ള മുദ്ര ശിശു വായ്പക്കാർക്ക് 12 മാസത്തേക്ക് കേന്ദ്രസർക്കാർ 2 ശതമാനം പലിശ ഇളവ്‌ നൽകും. നിലവിലെ മുദ്ര ശിശു വായ്പകളുടെ വിതരണം 1.62 ലക്ഷം കോടിരൂപയാണ്. തീരുമാനത്തിലൂടെ മുദ്ര വായ്പക്കാർക്ക്‌ ഏകദേശം 1,500 കോടി രൂപയുടെ ആശ്വാസം ലഭിക്കും.
 
5. വഴിയോര കച്ചവടക്കാർക്കായി 5000 കോടി രൂപയുടെ പ്രത്യേക വായ്പാ പദ്ധതി

വഴിയോര കച്ചവടക്കാർക്ക് ലോക്ഡൗണിനു ശേഷം കച്ചവടം പുനരാരംഭിക്കുന്നതിനായി ഒരു മാസത്തിനുള്ളിൽ പ്രത്യേക വായ്പാ പദ്ധതി നടപ്പാക്കും. പ്രാരംഭ പ്രവർത്തന മൂലധനമായി 10,000 രൂപ വരെ ബാങ്കുകളിലൂടെ വഴിയോരക്കച്ചവടക്കാർക്ക് വായ്പ അനുവദിക്കും. ഡിജിറ്റൽ ഇടപാടുകൾക്കും, കൃത്യമായ വായ്പാ തിരിച്ചടവിനും പ്രോത്സാഹനമായി സാമ്പത്തിക ഇളവുകൾ നൽകും. 50 ലക്ഷം കച്ചവടക്കാർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

6. ഭവന നിർമ്മാണ മേഖലയ്ക്ക് 70,000 കോടി രൂപയുടെ ഉത്തേജന പാക്കേജ്; നഗര പ്രദേശങ്ങളിൽ നടപ്പാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജനയുടെ വായ്പാ സബ്സിഡി കാലാവധി നീട്ടിവാർഷിക വരുമാനം 6 ലക്ഷത്തിനും 18 ലക്ഷത്തിനുമിടയിലുള്ള കുടുംബങ്ങൾക്കുള്ള ഭവന വായ്പാ സബ്സിഡി 2021 മാർച്ച് വരെ നീട്ടി. രണ്ടര ലക്ഷം കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഭവന നിർമാണ മേഖലയിൽ 70,000 കോടി രൂപയുടെ നിക്ഷേപത്തിന് ഇത് വഴി തെളിക്കും. സിമെൻറ്, കമ്പി, മറ്റു നിർമ്മാണ സാമഗ്രികൾ, ഗതാഗതസംവിധാനങ്ങൾ എന്നിവയുടെ ആവശ്യകതയും കൂടുതൽ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.

7. 6000
കോടി രൂപ യുടെ CAMPA ഫണ്ട് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ വിനിയോഗിക്കും

കോമ്പൻസേറ്ററി അഫ്ഫോറെസ്റ്റേഷൻ മാനേജ്മെന്റ് ആൻഡ് പ്ലാനിംഗ് അതോറിട്ടിയുടെ കീഴിൽ നഗരങ്ങളിലുൾപ്പടെ സാമൂഹ്യ വനവൽക്കരണത്തിനും തോട്ടങ്ങൾ സജ്ജമാക്കാനും 6000 കോടി രൂപ അനുവദിക്കും. കൃത്രിമ പുനരുജ്ജീവനം, പ്രകൃതി പുനരുജ്ജീവനം , വന പരിപാലനം, മണ്ണ് സംരക്ഷണം, വനം-വന്യജീവി സംരക്ഷണം എന്നിവയ്ക്കായി പദ്ധതിയിലൂടെ പണം ചെലവഴിക്കും. നഗര -ഗ്രാമ-ആദിവാസി മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു.

8. നബാർഡ്വഴി കർഷകർക്കായി 30,000 കോടി രൂപയുടെ അടിയന്തിര പ്രവർത്തന മൂലധന ലഭ്യത ഉറപ്പു വരുത്തും

കർഷകർക്ക് വിള വായ് ലഭ്യമാക്കുന്നതിനായി നബാർഡ് മുഖാന്തിരം ഗ്രാമീണ ബാങ്കുകൾ, സഹകരണ സംഘങ്ങൾ എന്നിവയ്ക്ക് 30,000 കോടി രൂപയുടെ പുനർ വായ്പാ സൗകര്യം ഉറപ്പാക്കും. ആവശ്യപ്പെടുന്ന മുറയ്ക്ക് വായ്പ ലഭ്യമാക്കും. നിലവിൽ വകയിരുത്തിയിട്ടുള്ള 90,000 കോടി രൂപയ്ക്കു പുറമേയാണ് 30,000 കോടി രൂപ ലഭ്യമാക്കുക. മൂന്ന് കോടിയിൽപ്പരം വരുന്ന ചെറുകിട -നാമമാത്ര കർഷകർക്ക് റാബി വിളവെടുപ്പിനും ഖരീഫ്കൃഷി ആരംഭിക്കാനും വായ്പ ലഭ്യത ഉറപ്പു വരുത്താൻ പദ്ധതി ലക്ഷ്യമിടുന്നു.


9. കിസാൻ ക്രെഡിറ്റ് കാർഡുള്ള രണ്ടര കോടി കർഷകർക്കായി രണ്ടു ലക്ഷം കോടിയുടെ വായ്പ പദ്ധതി

കിസാൻ ക്രെഡിറ്റ് കാർഡുള്ള കർഷകർക്ക് കുറഞ്ഞ നിരക്കിൽ വായ്പ നല്കാൻ രണ്ടു ലക്ഷം കോടി രൂപ അനുവദിച്ചു. മത്സ്യതൊഴിലാളികളെയും, കന്നുകാലി പരിപാലനം നടത്തുന്ന കർഷകരെയും പദ്ധതിയിലുൾപ്പെടുത്തും. കാർഷികവൃത്തിയിലേർപ്പെട്ടിരിക്കുന്ന രണ്ടര കോടി കർഷകർക്ക് രണ്ടു ലക്ഷം കോടി രൂപയുടെ ധന ലഭ്യത ഉറപ്പുവരുത്താനാകും.
 
****
 


(Release ID: 1623868) Visitor Counter : 350