വ്യോമയാന മന്ത്രാലയം

വന്ദേ ഭാരത് മിഷൻ :  2020 മെയ് 7 മുതൽ 6037 ഇന്ത്യക്കാർ  31 വിമാനങ്ങളിലായി  വിദേശത്ത് നിന്ന് മടങ്ങിയെത്തി

Posted On: 12 MAY 2020 2:15PM by PIB Thiruvananthpuram

ന്യൂഡൽഹി , മെയ് 12, 2020

വന്ദേ ഭാരത് മിഷനു കീഴിൽ 2020 മെയ് 7 മുതൽ 5 ദിവസത്തിനുള്ളിൽ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും  31  വിമാനങ്ങളിൽ 6037 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു. ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചയക്കാനുള്ള ഏറ്റവും വലിയ സംരംഭങ്ങളിലൊന്നായ വന്ദേ ഭാരത് മിഷൻ  2020 മെയ് 7 നാണു ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ചത് . ഈ ദൗത്യത്തിനു കീഴിൽ ഇന്ത്യക്കാരെ സ്വദേശത്തേക്ക് തിരികെ കൊണ്ടുവരുന്ന പ്രവർത്തനം‌ സിവിൽ വ്യോമയാന മന്ത്രാലയം വിദേശകാര്യ മന്ത്രാലയവും സംസ്ഥാന സർക്കാരുകളുമായി ചേർന്ന്‌ ഏകോപിപ്പിക്കുന്നു.

എയർ ഇന്ത്യയും അനുബന്ധ കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസും ചേർന്ന് 12 രാജ്യങ്ങളിലേക്ക് ആകെ 64 വിമാനങ്ങൾ (42 എയർ ഇന്ത്യയും 24 എയർ ഇന്ത്യ എക്സ്പ്രസും) സർവീസ് നടത്തുന്നു. യുഎസ്എ, യുകെ, ബംഗ്ലാദേശ്, സിംഗപ്പൂർ, സൗദി അറേബ്യ, കുവൈറ്റ്, ഫിലിപ്പൈൻസ്, യുഎഇ, മലേഷ്യ എന്നിവിടങ്ങളിൽ നിന്ന്‌ ആദ്യ ഘട്ടത്തിൽ 14,800 ഇന്ത്യക്കാരെ തിരിച്ചെത്തിക്കും.

ഇത്ര ബൃഹത്തായ ആകാശമാർഗമുള്ള  ഒഴിപ്പിക്കൽ ദൗത്യത്തിലെ ഓരോ കാര്യങ്ങളും സർക്കാരും ഡിജിസിഎയും നിശ്ചയിച്ചിട്ടുള്ള സുരക്ഷയും ശുചിത്വ മാർഗനിർദേശങ്ങളും കർശനമായി പാലിക്കുന്നു. സിവിൽ വ്യോമയാന മന്ത്രാലയവും എയർ ഇന്ത്യയും  ഈ സുരക്ഷിതമായ ആരോഗ്യരക്ഷാ ദൗത്യത്തിൽ  യാത്രക്കാരുടെയും വിമാനത്തിലെ  ക്രൂവിന്റെയും മറ്റു ജീവനക്കാരുടെയും സുരക്ഷയുടെ കാര്യത്തിൽ ഒരു വിഘാതവുമുണ്ടാകാതെ ശ്രദ്ധിക്കുന്നു.
ഗവൺമെന്റ്‌ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി ബൃഹത്തും സൂക്ഷ്മവുമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്‌. 


(Release ID: 1623305) Visitor Counter : 224