ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് 19: ആരോഗ്യ അടിസ്ഥാനസൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കി കേന്ദ്ര ഗവണ്‍മെന്റ്

Posted On: 10 MAY 2020 2:44PM by PIB Thiruvananthpuram

 

രാജ്യത്ത് കോവിഡ് 19 ചികിത്സയ്ക്കായി പ്രത്യേക ആശുപത്രി ക്രമീകരണങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. രോഗതീവ്രത കണക്കിലെടുത്ത് കോവിഡ് പ്രത്യേക ആശുപത്രികളെ മൂന്നായി തിരിച്ചാണ് ചികിത്സ ഒരുക്കിയിരിക്കുന്നത്.  തീവ്ര രോഗബാധിതര്‍ക്കും, ഗുരുതരാവസ്ഥയില്‍ അല്ലാത്ത രോഗികള്‍ക്കും, രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയവര്‍ക്കുമായി മൂന്നു വിഭാഗങ്ങളിലാണ് പ്രത്യേക കോവിഡ് ആശുപത്രികള്‍ സജ്ജീകരിച്ചിട്ടുള്ളത്.

ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കായുള്ള പ്രത്യേക കോവിഡ് ആശുപത്രിയില്‍ (ഡിസിഎച്ച്) ഐസിയു, വെന്റിലേറ്റര്‍, ഓക്സിജന്‍ സഹായം മുതലായവ സജ്ജീകരിച്ചിട്ടുണ്ട്. കോവിഡ് ബാധ സ്ഥിരീകരിച്ചവരെ പ്രത്യേക ഇടങ്ങളില്‍ പാര്‍പ്പിക്കാനും സംവിധാനമുണ്ട്. രണ്ടാം വിഭാഗത്തിലുള്ള പ്രത്യേക കോവിഡ് ആരോഗ്യ കേന്ദ്രങ്ങളില്‍ (ഡിസിഎച്ച്സി) അതീവ ഗുരുതരാവസ്ഥയില്‍ എത്താത്തവരെയാണ് ചികിത്സിക്കുന്നത്. കോവിഡ് ബാധിതര്‍ക്കായി പ്രത്യേക മേഖലയാണ് ഇവിടെ സജ്ജീകരിക്കുന്നത്. ഓക്‌സിജന്‍ ലഭ്യതയുള്ള കിടക്കകളും ഈ കേന്ദ്രത്തിലുണ്ടാകും. മൂന്നാം വിഭാഗമായ പ്രത്യേക കോവിഡ് കെയര്‍ സെന്ററുകളില്‍ (ഡിസിസിസി) താരതമ്യേന കുറഞ്ഞ രോഗാവസ്ഥയില്‍ ഉള്ളവരെയോ രോഗബാധയുണ്ടെന്നു സംശയിക്കുന്നവരെയോ ആണ് ചികിത്സിക്കുന്നത്. സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും നിശ്ചയിക്കുന്ന പൊതു - സ്വകാര്യ ഇടങ്ങളാണ് ഡിസിസിസി ആയി പ്രവര്‍ത്തിക്കുന്നത്. ഹോസ്റ്റല്‍, ഹോട്ടല്‍, സ്‌കൂള്‍, മൈതാനം, ലോഡ്ജ് എന്നിവ ഇതിനായി ഉപയോഗിക്കും. കോവിഡ് സ്ഥിരീകരിച്ചാല്‍ ഇവരെ പ്രത്യേക മേഖലയിലേയ്ക്ക് മാറ്റാനും ഇവിടെ സൗകര്യമുണ്ടാകും.

മെയ് 10 വരെ കേന്ദ്ര - സംസ്ഥാന - കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കു കീഴില്‍ 483 ജില്ലകളിലായി ഇത്തരത്തിലുള്ള 7740 കേന്ദ്രങ്ങളാണ് കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി സജ്ജീകരിച്ചിട്ടുള്ളത്. 656769 ഐസൊലേഷന്‍ കിടക്കകളും രോഗം സ്ഥിരീകരിച്ചവര്‍ക്കായുള്ള 305567 കിടക്കകളും രോഗം സംശയിക്കുന്നവര്‍ക്കുള്ള 351204 കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്. കോവിഡ് പ്രത്യേക ആശുപത്രികളുടെ വിവരം പൊതുജനങ്ങളുടെ അറിവിലേയ്ക്കായി അതത് സര്‍ക്കാരുകള്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.

നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളില്‍ (എന്‍സിഡിസി) ആധുനിക കോബാസ് 6800 പരിശോധന ഉപകരണം സ്ഥാപിച്ചിട്ടുണ്ട്.  ഇതോടെ ദിനംപ്രതിയുള്ള 350 പരിശോധന എന്നതില്‍ നിന്ന് 1200 സാമ്പിള്‍ വരെ പരിശോധിക്കാനുള്ള ശേഷി എന്‍സിഡിസി സ്വന്തമാക്കി. രാജ്യത്ത് ഇതുവരെ 19,357 പേരാണ് കോവിഡ് മുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1511 രോഗികള്‍ സുഖം പ്രാപിച്ചു. രോഗമുക്തി നിരക്ക് 30.76 ശതമാനമാണ്. രാജ്യത്താകെ ഇതുവരെ കോവിഡ് ബാധിച്ചത് 62,939 പേര്‍ക്കാണ്. ഇന്നലെ മുതല്‍ പുതുതായി 3277 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദ്ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA

കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക്  technicalquery.covid19[at]gov[dot]in എന്ന ഇ മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -ല്‍ ബന്ധപ്പെടുക.

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ വിളിക്കുക. +91 11 23978046, അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.
 

****



(Release ID: 1622670) Visitor Counter : 229