ആയുഷ്‌

കോവിഡ് 19 നെതിരായ ആയുഷ് ഗവേഷണങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രിയും ആയുഷ് മന്ത്രിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു

Posted On: 07 MAY 2020 2:51PM by PIB Thiruvananthpuram

 

കോവിഡ് 19 ചികിത്സയിലും പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ആയുര്‍വേദത്തിന്റെ സാധ്യതകളെപ്പറ്റിയുള്ള ഗവേഷണ പഠനങ്ങള്‍ക്കും ആയുഷ് സഞ്ജീവനി മൊബൈല്‍ ആപ്പിനും തുടക്കം കുറിച്ചു. ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധനും, ആയുഷ് വകുപ്പ് മന്ത്രി ശ്രീ ശ്രീപദ് യശോ നായിക്കും ചേര്‍ന്നാണ് ഇന്ന്, ഇരു പദ്ധതികള്‍ക്കും തുടക്കം കുറിച്ചത്. ശ്രീ യശോനായിക്, ഗോവയില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് പരിപാടിയില്‍ പങ്കെടുത്തത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആയുഷിന്റെ സ്വാധീനം മനസിലാക്കുന്നതിനും ആയുഷ് വകുപ്പിന്റെ നിര്‍ദേശങ്ങളും കോവിഡ് പ്രതിരോധമാര്‍ഗങ്ങളും ജനങ്ങളിലെത്തിക്കുന്നതിനും ആയുഷ് സഞ്ജീവനി മൊബൈല്‍ ആപ്പിലൂടെ സാധിക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. കോവിഡ് 19 രോഗം ഗുരുതരമായവരില്‍ ആയുഷ് ഔഷധങ്ങളുടെ പ്രയോഗത്തെപ്പറ്റി ക്ലിനിക്കല്‍ പഠനങ്ങള്‍ നടത്തുന്നതിലൂടെ രാജ്യത്ത് കോവിഡ് 19 മഹാമാരിയെ നേരിടുന്നതിന്, ആയുഷ് വകുപ്പ് ശ്രമം ആരംഭിച്ചതായും മന്ത്രി ശ്രീ യശോനായിക് അറിയിച്ചു.

കോവിഡ് 19 ഗവേഷണങ്ങളുടെ ഭാഗമായി ആയുഷ് വകുപ്പില്‍ ഒരു ഇന്റര്‍ഡിസിപ്ലിനറി റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് 
ടാസ്‌ക് ഫോഴ്‌സ് ആരംഭിച്ചതായി, ആയുഷ് മന്ത്രാലയ സെക്രട്ടറി വൈദ്യരാജേഷ് കൊട്ടേച്ച് പറഞ്ഞു. യുജിസി വൈസ് ചെയര്‍മാന്‍ ഡോ. ഭൂഷണ്‍ പട് വര്‍ധന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം അടങ്ങുന്ന ഈ കര്‍മ്മസേന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ആയുഷ് സംരംഭത്തിന് രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

***


(Release ID: 1621862) Visitor Counter : 230