റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ 15 ലക്ഷം കോടി രൂപയുടെ റോഡ് നിര്‍മ്മാണം ലക്ഷ്യമിടുന്നതായി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി




ഓട്ടോ സ്‌ക്രാപിംഗ് നയത്തിന് എത്രയും വേഗം അന്തിമ രൂപം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്കു മന്ത്രിയുടെ നിര്‍ദേശം

Posted On: 07 MAY 2020 3:33PM by PIB Thiruvananthpuram

 

അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 15 ലക്ഷം കോടി രൂപയുടെ റോഡ് നിര്‍മാണമാണ് ഗവണ്‍മെന്റ് ലക്ഷ്യം വയ്ക്കുന്നതെന്നു കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ, എംഎസ്എംഇ വകുപ്പ് മന്ത്രി ശ്രീ. നിതിന്‍ ഗഡ്കരി വ്യക്തമാക്കി. മോട്ടോര്‍ വാഹന മേഖലയില്‍ കൊവിഡ് 19 ഉണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ സിയാം (SIAM) ഇന്‍സ്റ്റിറ്റ്യൂട്ട് അംഗങ്ങളുമായി ഇന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച ചെയ്യുകയായിരുന്നു അദ്ദേഹം.

ഓട്ടോ സ്‌ക്രാപ്പിംഗ് നയത്തിന് എത്രയും വേഗം അന്തിമ രൂപം നല്‍കാന്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. ചെലവു കുറയ്ക്കുന്നതിന് അത് വലിയ തോതില്‍ സഹായകമാകും. ഓട്ടോമൊബൈല്‍ നിര്‍മാണ മേഖലയില്‍ പണലഭ്യത വര്‍ദ്ധിപ്പിക്കുന്നതിന് വിദേശ മൂലധനം ഉള്‍പ്പെടെ കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പകള്‍ ലഭ്യമാക്കണം എ്ന്നും അദ്ദേഹം നിര്‍ദേശിച്ചു.

വ്യവസായ മേഖലയില്‍ ഉയര്‍ച്ച താഴ്ചകള്‍ സാധാരണമാണെന്ന് ശ്രീ. ഗഡ്കരി ചൂണ്ടിക്കാട്ടി. ആഗോള വിപണിയില്‍ മല്‍സരക്ഷമമാകുന്നതിന് കൂടുതലല്‍ നവീനാശയങ്ങളും സാങ്കേതികവിദ്യയും ഗവേഷണ മികവും വികസിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് സാധ്യമായ എല്ലാ സഹായങ്ങളും ശ്രീ ഗഡ്കരി ഉറപ്പു നല്‍കി.

ബിഎസ്4 വാഹനങ്ങളുടെ കാര്യത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് ഗവണ്‍മെന്റ് ബാധ്യസ്ഥമാണെന്ന് ചോദ്യത്തിന് ഉത്തരമായി കേന്ദ്ര മന്ത്രി വ്യക്തമാക്കി. എങ്കിലും ഓട്ടോമൊബൈല്‍ വ്യവസായ മേഖലയുടെ താല്‍പര്യം കണക്കിലെടുത്ത് വിഷയം കൂടുതലായി പരിശോധിക്കും. സാധ്യമാകുന്നത്ര ആശ്വാസവും ഇളവുകളും നല്‍കാനും മേഖല ആവശ്യപ്പെടുംവിധം സമയം നീട്ടി നല്‍കാനും ഗവണ്‍മെന്റ് തയ്യാറാണെന്ന് വിവിധ നിയന്ത്രണങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരമായി ശ്രീ ഗഡ്കരി അറിയിച്ചു.
കോവിഡ് ഓട്ടോ മൊബൈല്‍ വ്യവസായ മേഖലയില്‍ ഉണ്ടാക്കിയ വിവിധ വെല്ലുവിളികളെക്കുറിച്ച് അംഗങ്ങള്‍ ഉത്കണ്ഠ അറിയിക്കുകയും പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുകയും ഗവണ്‍മെന്റില്‍ നിന്നു പിന്തുണ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ വകുപ്പ് സഹമന്ത്രി ജനറല്‍ (റിട്ട) വി.കെ സിംഗ്, വകുപ്പ് സെക്രട്ടറി ശ്രീ.ഗിരിധര്‍ അരാമാനെ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
 

****


(Release ID: 1621854) Visitor Counter : 433