രാജ്യരക്ഷാ മന്ത്രാലയം

ഓപ്പറേഷന്‍ സമുദ്ര സേതു' വിന് ഭാരതീയ  നാവികസേന തുടക്കം കുറിച്ചു

Posted On: 05 MAY 2020 7:18PM by PIB Thiruvananthpuram



ന്യൂഡൽഹി , മെയ്‌,5 , 2020

കോവിഡ് - 19 ന്റെ പശ്ചാത്തലത്തില്‍ വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാരെ, നാട്ടില്‍ തിരിച്ചെത്തിക്കുന്നതിനായി ഭാരതീയ നാവികസേന 'ഓപ്പറേഷന്‍ സമുദ്രസേതു' വിനു തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി മാലദ്വീപിന്റെ തലസ്ഥാനമായ മാലെയിലേയ്ക്ക്  ജലാശ്വ,  മഗര്‍ എന്നീ നാവികസേനാ കപ്പലുകള്‍ യാത്ര തിരിച്ചു. ഈ പദ്ധതിയിലൂടെ വിദേശത്തുള്ളവരെ
തിരിച്ചെത്തിക്കുന്നതിന്റെ ഒന്നാംഘട്ടം മെയ് 8 ന് ആരംഭിക്കും.

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാരുടെ സാഹചര്യങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റ് നിരീക്ഷിച്ചുവരികയാണ്. വിദേശത്തുനിന്നും പൗരന്മാരെ നാട്ടിലെത്തിക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്താന്‍ ഗവണ്‍മെന്റ് നാവികസേനക്ക്  നിര്‍ദേശം നല്‍കുകയായിരുന്നു. മാലദ്വീപിലെ ഇന്ത്യന്‍ എംബസി, അവിടെ നിന്നും കപ്പല്‍മാര്‍ഗ്ഗം നാട്ടിലെത്തിക്കേണ്ട ഇന്ത്യന്‍ പൗരന്മാരുടെ പട്ടിക തയ്യാറാക്കുകയും ആരോഗ്യ പരിശോധനയ്ക്ക് ശേഷം യാത്രയ്ക്കുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും. ആദ്യ യാത്രയില്‍ 1000 പൗരന്മാരെ സ്വദേശത്ത് തിരിച്ചെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.

മാലദ്വീപില്‍ നിന്നും കൊണ്ടുവരുന്ന ആള്‍ക്കാരെ, കൊച്ചിയിലാണ് എത്തിക്കുക. കൊച്ചിയില്‍ എത്തിച്ചശേഷം അവരുടെ തുടര്‍ സംരക്ഷണം കേരള ഗവണ്‍മെന്റിനായിരിക്കും. വിദേശകാര്യം, ആഭ്യന്തരം, പ്രതിരോധം, ആരോഗ്യം തുടങ്ങിയ മന്ത്രാലയങ്ങളുടെയും സംസ്ഥാന ഗവണ്‍മെന്റിന്റെയും സഹകരണത്തോടെയും ഏകോപനത്തോടെയുമാണ് ഓപ്പറേഷന്‍ സമുദ്ര സേതു നടപ്പാക്കുന്നത്.



(Release ID: 1621324) Visitor Counter : 183