മന്ത്രിസഭ
കോവിഡ് 19 പ്രതിരോധത്തിനായുള്ള 15,000 കോടി രൂപയുടെ ' ഇന്ത്യ കോവിഡ് - 19 ദ്രുത പ്രതികരണ, ആരോഗ്യ സംവിധാന സജ്ജീകരണ പദ്ധതി'ക്കു അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭ
Posted On:
22 APR 2020 3:43PM by PIB Thiruvananthpuram
കോവിഡ് 19 പ്രതിരോധത്തിനായുള്ള 15,000 കോടി രൂപയുടെ ' ഇന്ത്യ കോവിഡ് - 19 ദ്രുത പ്രതികരണ, ആരോഗ്യ സംവിധാന സജ്ജീകരണ പദ്ധതി'ക്കു അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭ. പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് അംഗീകാരം നല്‍കിയത്. മൂന്നു ഘട്ടങ്ങളിലായാണ് ഈ തുക വിനിയോഗിക്കുന്നത്. കോവിഡ് 19 വ്യാപനം പരിഗണിച്ച് ദ്രുത പ്രതികരണത്തിനായി 7774 കോടി രൂപയാണ് ഇതിനകം അനുവദിച്ചത്. അടുത്ത ഒന്നു മുതല്‍ നാലു വര്‍ഷത്തിനകം മിഷൻ മോഡ് രീതിയിൽ ബാക്കി തുക നൽകും
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള പരിശോധനാ സംവിധാനങ്ങളുടെ വികസനം, കോവിഡ് പ്രത്യേക ചികിത്സാ സൗകര്യങ്ങള്‍, അവശ്യ ചികിത്സാ ഉപകരണങ്ങളുടെയും മരുന്നുകളുടെയും കേന്ദ്രീകൃത സംവിധാനമൊരുക്കല്‍, ഭാവിയില്‍ ഉണ്ടായേക്കാവുന്ന വ്യാപനം തടയുന്നതിനായി കേന്ദ്ര- സംസ്ഥാന ആരോഗ്യ മേഖലകളില്‍ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുക, പരിശോധനാ കേന്ദ്രങ്ങളും നിരീക്ഷണ സംവിധാനവും ഒരുക്കുക, ജൈവ സുരക്ഷാ ഒരുക്കങ്ങള്‍, മഹാമാരിയെക്കുറിച്ചുള്ള ഗവേഷണം, സമൂഹത്തിലെ വിവിധ തുറകളില്‍ സജീവമായി ഇടപെട്ട് അപകട സാധ്യതകളെ കുറിച്ചുള്ള ആശയവിനിമയം ഉറപ്പാക്കല്‍ എന്നിവയിലൂടെ കോവിഡ് വ്യാപനം മന്ദഗതിയിലാക്കാനും പ്രതിരോധിക്കാനുമുള്ള നടപടികള്‍ കേന്ദ്ര പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളില്‍ പെടുന്നു. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിനു കീഴിലാണ് ഈ പദ്ധതിക്കായുള്ള ഇടപെടലുകളും സംരംഭംങ്ങളും നടപ്പിലാക്കുന്നത്.
ആദ്യ ഘട്ടത്തില്‍ മറ്റു മന്ത്രാലയങ്ങളുടെയെല്ലാം സഹകരണത്തോടെ താഴെപ്പറയും പ്രകാരമുള്ള നിരവധി പ്രവര്‍ത്തനങ്ങളാണ് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം നടത്തിയിട്ടുള്ളത്:
പ്രത്യേക കോവിഡ് ആശുപത്രികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, കോവിഡ് കെയര്‍ സെന്ററുകള്‍ എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി പദ്ധതിക്കു കീഴില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 3000 കോടി രൂപ അധികമായി അനുവദിച്ചു. ക്വാറന്റൈന്‍, ഐസൊലേഷന്‍, പരിശോധന, ചികിത്സ, രോഗ നിയന്ത്രണം, രോഗമുക്തി, സാമൂഹ്യ അകലം, നിരീക്ഷണം എന്നിവയ്ക്കായുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങളും പെരുമാറ്റച്ചട്ടവും ഉപദേശങ്ങളും നല്‍കി. തീവ്ര രോഗ ബാധിത പ്രദേശങ്ങള്‍ തിരിച്ചറിഞ്ഞ് അവിടെ ആവശ്യമായ നിയന്ത്രണങ്ങള്‍ നടപ്പാക്കി.
പരിശോധനാ ലാബുകളുടെ ശൃംഖല വിപുലീകരിച്ചു കൊണ്ട് നമ്മുടെ പരിശോധനാ ശേഷി അനുദിനം വര്‍ധിപ്പിക്കുന്നു. ദേശീയ ക്ഷയ രോഗ നിര്‍മ്മാര്‍ജന പദ്ധതിക്കു കീഴില്‍ നിലവിലുള്ള വിവിധ രോഗങ്ങള്‍ പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. പരിശോധനാശേഷി വര്‍ധിപ്പിക്കുന്നതിനായി 13 ലക്ഷം പരിശോധനാ കിറ്റുകള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയത്.
''പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പദ്ധതി: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി'' പ്രകാരം കമ്യൂണിറ്റി ഹെല്‍ത്ത് വോളന്റിയര്‍മാര്‍ (ആശ) ഉള്‍പ്പെടെയുള്ള എല്ലാ ആരോഗ്യ പ്രവര്‍ത്തകരെയും ഇന്‍ഷുര്‍ ചെയ്തിട്ടുണ്ട്. വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ (പി പി ഇ), എന്‍ 95 മുഖാവരണങ്ങള്‍, വെന്റിലേറ്ററുകള്‍, പരിശോധനാ കിറ്റുകള്‍, ചികിത്സയ്ക്കുള്ള മരുന്നുകള്‍ എന്നിവ കേന്ദ്രീകൃത സംവിധാനത്തില്‍ ശേഖരിക്കുന്നുമുണ്ട്.
പദ്ധതി ചെലവിന്റെ ഏറിയ പങ്കും ശക്തമായ ദ്രുത പ്രതികരണ സംവിധാനം ഒരുക്കുന്നതിനും, ദേശീയ, സംസ്ഥാന ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നുതിനും, സമൂഹത്തിലെ വിവിധ തുറകളില്‍ സജീവമായി ഇടപെട്ട് അപകട സാധ്യതകളെ കുറിച്ചുള്ള ആശയവിനിമയം ഉറപ്പാക്കല്‍ എന്നിവയിലൂടെ കോവിഡ് വ്യാപനം മന്ദഗതിയിലാക്കാനും പ്രതിരോധിക്കാനുമുള്ള നടപടികള്‍ക്കും, നിരീക്ഷണങ്ങള്‍ക്കും പ്രയോജനപ്പെടുത്തും. വിവിധ തലങ്ങളില്‍ ദേശീയ ആരോഗ്യ സ്ഥാപനങ്ങളുടെ ശേഷി വര്‍ധിപ്പിക്കലും മഹാമാരി അടിസ്ഥാനമാക്കിയ ഗവേഷണങ്ങളും ഇതില്‍ പെടും. സാഹചര്യങ്ങള്‍ക്ക് അനുസൃതമായി പദ്ധതിയില്‍ മാറ്റം വരുത്താനും നടപ്പാക്കല്‍ രീതിയില്‍ വിവിധ മേഖലകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനും കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
***
(Release ID: 1617186)
Visitor Counter : 405
Read this release in:
Tamil
,
Bengali
,
Marathi
,
English
,
Urdu
,
Hindi
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada