ധനകാര്യ മന്ത്രാലയം

സിബിഡിടി ആദായ നികുതി റിട്ടേണ്‍ ഫോമുകള്‍ പരിഷ്‌ക്കരിക്കുന്നു

Posted On: 19 APR 2020 3:41PM by PIB Thiruvananthpuram

 

കോവിഡ് 19 മഹാമാരി മൂലം, കേന്ദ്ര ഗവണ്‍മെന്റ് വിവിധ പദ്ധതികള്‍ക്കുള്ള കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കിയതിന്റെ പൂര്‍ണ ആനൂകൂല്യം നികുതിദായകര്‍ക്കും ലഭിക്കുന്നതിനായി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) 2019 - 20 സാമ്പത്തിക വര്‍ഷത്തെ (2020 - 21 മൂല്യ നിര്‍ണയ വര്‍ഷം) ആദായ നികുതി റിട്ടേണ്‍ ഫോമുകള്‍ പരിഷ്‌ക്കരിക്കുന്നു. ഈ മാസം അവസാനത്തോടെ ഇത് വിജ്ഞാപനം ചെയ്യും.

വിവിധ നികുതി പദ്ധതികള്‍ക്കുള്ള കാലാവധി 2020 ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ച കേന്ദ്ര ഗവണ്‍മെന്റ് നടപടിയുടെ ആനൂകൂല്യം, നികുതിദായകര്‍ക്കു ലഭിക്കുന്നതിനായി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ആദായ നികുതി റിട്ടേണ്‍ ഫോമുകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ തുടങ്ങിയതായി സിബിഡിടി അറിയിച്ചു. 2019 -20 സാമ്പത്തിക വര്‍ഷത്തെ റിട്ടേണ്‍ ഫോമുകളില്‍ 2020 ഏപ്രില്‍ 1 മുതല്‍ജൂണ്‍ 30, 2020 വരെയുള്ള കാലയളവിലെ ഇടപാടുകള്‍ കൂടി ഉള്‍പ്പെടുത്തി അതിന്റെ ആനുകൂല്യം കൂടി നികുതി ദായകര്‍ക്കു ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നടപടി.

2019 - 20 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സൗകര്യം 2020 മെയ് 31 മുതല്‍ ലഭ്യമാകുമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് അറിയിച്ചു. 1961 ലെ ആദായ നികുതി നിയമം അനുസരിച്ച് ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള കാലാവധി ടാക്‌സേഷന്‍ നിയമ ഓര്‍ഡിനന്‍സിലൂടെയാണ്, 2020, കേന്ദ്ര ഗവണ്‍മെന്റ് ദീര്‍ഘിപ്പിച്ച് നല്‍കിയത്.

ഇതുപ്രകാരം 2019 -20 സാമ്പത്തിക വര്‍ഷം സെക്ഷന്‍ 80 C (LIC, PPF, NSC) 80D (മെഡി ക്ലെയിം) 80 G (സംഭാവനകള്‍) എന്നിവ ഉള്‍പ്പെടുന്ന ഐ.ടി. ആക്ടിന്റെ ചാപ്റ്റര്‍ VI A-B പ്രകാരം കിഴിവ് ക്ലെയിം ചെയ്യുന്നതിനായി വിവിധ നിക്ഷേപം / പണമടയ്ക്കല്‍ എന്നിവയ്ക്കുള്ള തീയതി ജൂണ്‍ 30, 2020 വരെ നീട്ടി. സെക്ഷന്‍ 54 മുതല്‍ 54 GB വരെയുള്ള വകുപ്പുകള്‍ പ്രകാരം മൂലധന നേട്ടവുമായി ബന്ധപ്പെട്ട് റോള്‍ ഓവര്‍ ബെനഫിറ്റ് ക്ലെയിം ചെയ്യുന്നതിനായി നിക്ഷേപം / നിര്‍മാണം / വാങ്ങല്‍ എന്നിവ നടത്തുന്നതിനുള്ള തീയതിയും 2020 ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.

***


(Release ID: 1616129) Visitor Counter : 278