ധനകാര്യ മന്ത്രാലയം

സാമ്പത്തിക സ്ഥിരതയ്‌ക്കും ദരിദ്രരുടെ കൈവശം പണമെത്തിക്കുന്നതിനുമായി റിസർവ് ബാങ്ക്  രണ്ടാംഘട്ട നടപടികൾ പ്രഖ്യാപിച്ചു

Posted On: 17 APR 2020 3:33PM by PIB Thiruvananthpuram

കേന്ദ്ര ധനമന്ത്രാലയം


പ്രതിസന്ധി നേരിടുന്ന രാജ്യത്തെ ആഭ്യന്തര സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ഒമ്പതിന നടപടികൾ പ്രഖ്യാപിച്ചു. 2020 മാർച്ച് 27 ന് റിസർവ് ബാങ്ക് നേരത്തെ പ്രഖ്യാപിച്ച നടപടികളുടെ തുടർച്ചയാണിത്‌. ഓൺലൈനായാണ്‌ ആർബിഐ  ഗവർണർ പ്രഖ്യാപനങ്ങൾ നടത്തിയത്‌.

അധിക നടപടികളുടെ ലക്ഷ്യങ്ങള്‍:

1. കോവിഡ്‌ ബാധമൂലം ധനവിനിമയപ്രതിസന്ധി നേരിടുന്ന വിപണിയിൽ പണത്തിന്റെ ലഭ്യത നിലനിർത്തുക
2. ബാങ്ക് വായ്‌പകളുടെ ലഭ്യത സുഗമമാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക
3. സാമ്പത്തിക സമ്മർദ്ദം ലഘൂകരിക്കുക, ഒപ്പം
4. വിപണികളുടെ സാധാരണനിലയിലുള്ള പ്രവർത്തനം ഉറപ്പാക്കുക

 പ്രഖ്യാപനങ്ങളുടെ പൊതു അവലോകനം:

പ്രത്യേക ലക്ഷ്യം വച്ചുള്ള ദീർഘകാല പദ്ധതികൾ (ടിഎൽടിആർഒ 2.0)

പ്രത്യേക ലക്ഷ്യം വച്ചുള്ള ദീര്‍ഘകാല റിപ്പോ നടപടികളുടെ രണ്ടാം ഘട്ടത്തിനായി  (ടി‌എൽ‌ടി‌ആർ‌ഒ 2.0) 50,000 കോടി രൂപ അനുവദിക്കും. കോവിഡ് -19 കൂടുതൽ ഗുരുതരമായി ബാധിച്ച എൻ‌ബി‌എഫ്‌സി, എം‌എഫ്‌ഐ എന്നിവയുൾപ്പെടെ ചെറുകിട, ഇടത്തരം ധനകാര്യസ്ഥാപനങ്ങൾക്ക്‌ പണലഭ്യതയ്‌ക്കായാണ്‌ ഇത് ചെയ്യുന്നത്.

ധനകാര്യ സ്ഥാപനങ്ങൾക്കുള്ള പുനര്‍ധനസഹായം

വായ്പാ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആന്റ് റൂറൽ ഡവലപ്മെന്റ് (നബാർഡ്), ചെറുകിട വ്യവസായ വികസന ബാങ്ക്, നാഷണൽ ഹൗസിംഗ് ബാങ്ക് (എൻ‌എച്ച്ബി) എന്നിവയ്ക്ക് 50,000 കോടി രൂപ നൽകും. ഈ സ്ഥാപനങ്ങൾ ധനസമാഹരണത്തിൽ ബുദ്ധിമുട്ടുകൾ നേരിടുന്നതിനാലാലാണ്‌ റീഫിനാൻസിങ്ങ്‌ സൗകര്യം നൽകുന്നത്‌.

റിവേഴ്സ് റിപ്പോ നിരക്ക് കുറച്ചു

റിവേഴ്സ് റിപ്പോ നിരക്ക് 25 ബേസിസ് പോയിൻറ് കുറച്ചു. 4.0 ശതമാനത്തിൽ നിന്ന് 3.75 ശതമാനമായാണ്‌ റിവേഴ്സ് റിപ്പോ നിരക്ക് കുറച്ചത്‌. ഉൽ‌പാദന മേഖലകളിലെ നിക്ഷേപങ്ങളിലും വായ്പകളിലും കൂടുതൽ പണം ലഭ്യമാക്കാൻ ബാങ്കുകളെ പ്രോത്സാഹിപ്പിക്കുന്നതിനാണിത്‌.

സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും പരിധി ഉയർത്തൽ
 
ലോക് ഡൌൺ പ്രതിസന്ധി കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമുള്ള വെയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സ് പരിധി  2020 മാർച്ച് 31 വരെയുള്ളതിനെ അപേക്ഷിച്ച്  60% വര്‍ദ്ധിപ്പിച്ചു.  ഇത്‌ കോവിഡ് -19 പ്രതിസന്ധി കുറയ്‌ക്കാനുള്ള ശ്രമങ്ങളിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ ആശ്വാസം നൽകും.
വരവിലും ചെലവുകളിലുമുള്ള താൽക്കാലിക പൊരുത്തക്കേടുകൾ പരിഹരിക്കാൻ സർക്കാരുകളെ സഹായിക്കുന്നതിന് റിസർവ് ബാങ്ക് നൽകുന്ന താൽക്കാലിക വായ്പാ സൗകര്യമാണ് വെയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സ്.  വര്‍ദ്ധിപ്പിച്ച വായ്പാ പരിധി 2020 സെപ്റ്റംബർ 30 വരെ ലഭ്യമായിരിക്കും.  റെസല്യൂഷൻ സമയക്രമം നീട്ടി

സമ്മർദ്ദത്തിലാകുന്ന ആസ്തികളുടെയോ നിഷ്‌ക്രിയ ആസ്‌തി (എൻ‌പി‌എ) കളാകാൻ സാധ്യതയുള്ളതോ ആയ ഇടപാടുകളുടെ പരിഹാരത്തിനുള്ള കാലാവധി 90 ദിവസത്തേക്ക് നീട്ടി.

ലാഭവിഹിതം വിതരണം

2019–20 സാമ്പത്തിക വർഷത്തിൽ വാണിജ്യ ബാങ്കുകളും സഹകരണ ബാങ്കുകളും കൂടുതൽ ലാഭവിഹിതം നൽകേണ്ടതില്ല. ബാങ്കുകളുടെ മൂലധന സംരക്ഷണത്തിനാണിത്‌.

ലിക്വിഡിറ്റി കവറേജ് അനുപാതം കുറയ്ക്കൽ

വ്യക്തിഗത സ്ഥാപനങ്ങളുടെ പണലഭ്യത മെച്ചപ്പെടുത്തുന്നതിനായി വാണിജ്യ ബാങ്കുകളുടെ ലിക്വിഡിറ്റി കവറേജ് അനുപാതം 100 ശതമാനത്തിൽ നിന്ന്‌ 80 ശതമാനമായി താഴ്‌ത്തി. തീരുമാനം ഉടൻ പ്രാബല്യത്തിലാക്കി. 2020 ഒക്ടോബർ 1 നകം 90 ശതമാനമായും 2021 ഏപ്രിൽ 1 നകം 100 ശതമാനമായും ഇത് രണ്ട് ഘട്ടങ്ങളായി പുനസ്ഥാപിക്കപ്പെടും .

എൻ‌ബി‌എഫ്‌സി വായ്പകൾ
വാണിജ്യ പ്രവൃത്തികൾ സമയ ബന്ധിതമായി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വാണിജ്യ റിയൽ എസ്റ്റേറ്റ് പ്രോജക്ടുകൾക്കുള്ള വായ്പ തുക എൻ‌ബി‌എഫ്‌സികൾക്കും ലഭ്യമാക്കും. ഇത്‌ എൻ‌ബി‌എഫ്‌സിക്കും റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും ആശ്വാസം പകരും.

ഐ‌എം‌എഫിന്റെ ആഗോള വളർച്ചാ പ്രവചനങ്ങൾ അനുസരിച്ച്, 2020 ൽ ആഗോള സമ്പദ്‌വ്യവസ്ഥ മഹാസാമ്പത്തികമാന്ദ്യം ശേഷമുള്ള ഏറ്റവും മോശമായ സ്ഥിതിയിലേക്ക് നീങ്ങുമെന്ന് കരുതുന്നു.

ഈ അവസ്ഥയിൽ അനുകൂലമായ വളർച്ചനിരക്കായ പ്രതീക്ഷിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു (1.9 %). ജി -20 രാജ്യങ്ങളിലെ ഏറ്റവും ഉയർന്ന വളർച്ചാ നിരക്കാണിതെന്ന് റിസർവ്‌ ബാങ്ക്‌ ഗവർണർ അഭിപ്രായപ്പെട്ടു.

ആർബിഐ നടപടികൾ പണലഭ്യത വർദ്ധിപ്പിക്കുകയും വായ്പ വിതരണം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. നടപടികൾ ചെറുകിട വ്യവസായങ്ങൾക്കും ഇടത്തരം സംരംഭങ്ങൾക്കും കൃഷിക്കാർക്കും ദരിദ്രർക്കും സഹായകമാകുമെന്നും വായ്‌പാ പരിധി ഉയർത്തുന്നത്‌ സംസ്ഥാനങ്ങളെയും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 


(Release ID: 1615476) Visitor Counter : 263