ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്- 19ന്റെ നിലവിലെ സ്ഥിതിയും നേരിടുന്നതിനു സ്വീകരിക്കുന്ന നടപടികളും കേന്ദ്ര മന്ത്രിതല സമിതി അവലോകനം ചെയ്തു.

Posted On: 17 APR 2020 5:30PM by PIB Thiruvananthpuram



സമയത്ത് പരിഹാരമുണ്ടാക്കുകയാണ് പ്രധാനം: മന്ത്രിതല സമിതി

കോവിഡ്- 19മായി ബന്ധപ്പെട്ട കേന്ദ്ര മന്ത്രിതല സമിതിയുടെ പന്ത്രണ്ടാം സമ്മേളനം ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്റെ അധ്യക്ഷതയില്‍ നിര്‍മാണ്‍ ഭവനില്‍ ചേര്‍ന്നു. രാജ്യത്തെ കോവിഡ്- 19 വ്യാപനത്തിന്റെ സ്ഥിതിയും ഇതുവരെ സ്വീകരിച്ച നടപടികളും സമിതി വിശദമായി അവലോകനം ചെയ്തു; സാമൂഹിക അകലം പാലിക്കുന്നതു സംബന്ധിച്ച നടപടികള്‍, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍, കോവിഡ് ബാധയ്ക്കെതിരെ കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ സ്വീകരിക്കുന്ന ശക്തമായ നടപടികളും ഇതില്‍പ്പെടും. സമിതി അംഗങ്ങളായ മറ്റു മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.  

കോവിഡ്- 19ന് എതിരായ തയ്യാറെടുപ്പുകള്‍ക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും അടിയന്തര പ്രവര്‍ത്തന ഫണ്ട് വിനിയോഗിക്കാന്‍ മുഴുവന്‍ ജില്ലാ ഭരണകൂടങ്ങളോടും ആവശ്യപ്പെട്ടതായി യോഗത്തില്‍ വ്യക്തമാക്കപ്പെട്ടു. പ്രത്യേക കോവിഡ് ആശുപത്രികള്‍ സജ്ജീകരിക്കല്‍, വ്യക്തിഗത സുരക്ഷാ സാമഗ്രികളും വെന്റിലേറ്ററുകളും മറ്റ് അവശ്യ ഉപകരണങ്ങളും ഉള്‍പ്പെടെ ആശുപത്രികള്‍ക്ക് ലഭ്യമാക്കല്‍ തുടങ്ങിയവയിലൂടെ സംസ്ഥാനങ്ങളുടെ ശേഷി വര്‍ധിപ്പിക്കുന്നതിനു സ്വീകരിച്ച നടപടികളെക്കുറിച്ചും വിശദമായി ചര്‍ച്ച ചെയ്തു. കേന്ദ്രം പുറപ്പെടുവിച്ചിരിക്കുന്ന മാര്‍ഗ്ഗനിര്‍ദേശങ്ങള്‍പ്രകാരം പ്രവര്‍ത്തിക്കാന്‍ കോവിഡ് പ്രതിരോധ കേന്ദ്രങ്ങളും ആശുപത്രികളും കണ്ടെത്തണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

രാജ്യത്ത് കോവിഡ് മരണനിരക്ക് നിലവില്‍ 3 ശതമാനം മാത്രവും ഭേദപ്പെടുന്നവര്‍ 12 ശതമാനവുമാണ് എന്ന് യോഗം ചൂണ്ടിക്കാട്ടി. മറ്റു പല രാജ്യങ്ങളുമായും താരതമ്യം ചെയ്യുമ്പോള്‍ വളരെ മെച്ചപ്പെട്ട നിലയാണ് ഇത്. ലോക്ഡൗണിന്റെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെയും ഫലമാണ് ഇത്. രോഗപരിശോധനാ രീതിയും രാജ്യവ്യാപകമായി പരിശോധനാ കിറ്റുകളുടെ ലഭ്യതയും തീവ്രബാധിത പ്രദേശങ്ങളിലും ക്ലസ്റ്ററുകളിലും സ്വീകരിക്കേണ്ട സമീപനവും യോഗം വിലയിരുത്തി. 170 ജില്ലകളെ തീവ്രബാധിത (റെഡ് സോണ്‍) പ്രദേശങ്ങളായും 123 ജില്ലകളില്‍ വന്‍തോതില്‍ രോഗബാധയുള്ളതായും 47 ജില്ലകള്‍ ക്ലസ്റ്ററുകളായും വേര്‍തിരിച്ചതായി യോഗത്തില്‍ അറിയിച്ചു. തീവ്രബാധിതമല്ലാത്ത 207 ജില്ലകളും രോഗബാധിതമല്ലാത്ത 353 ഗ്രീന്‍ സോണ്‍ ജില്ലകളുമാണ് ഉള്ളത്. അടുത്ത 14 ദിവസത്തിനുള്ളില്‍ ഒരാളും രോഗബാധിതരാകാത്ത റെഡ്സോണില്‍പ്പെട്ട ജില്ലകളെ ഓറഞ്ച് സോണിലേക്കു മാറ്റും; പിന്നീടും 14 ദിവസം പുതിയ രോഗബാധിതര്‍ ഇല്ലെങ്കില്‍ അവ ഗ്രീന്‍ സോണിലാകും.

രാജ്യത്ത് മതിയായ അളവില്‍ വ്യക്തിഗത സുരക്ഷാ സാമഗ്രികളും വെന്റിലേറ്ററുകളും മരുന്നുകളും മറ്റ് അവശ്യ ഉപകരണങ്ങളുമുണ്ട് എന്ന് യോഗം വിലയിരുത്തി. വ്യക്തിഗത സുരക്ഷാ സാമഗ്രികളുടെ ആഭ്യന്തര ഉല്‍പ്പാദനത്തിന് നിര്‍മാതാക്കളെ കണ്ടെത്തുകയും ഉത്തരവ് നല്‍കുകയും ചെയ്തു. രാജ്യത്തെ പൊതു, സ്വകാര്യ കോവിഡ് പരിശോധാനാ കേന്ദ്രങ്ങളുടെ എണ്ണവും നിലവില്‍ ദിവസവും ചെയ്തുകൊണ്ടിരിക്കുന്ന പരിശോധനകളുടെ എണ്ണവും യോഗത്തിന്റെ വിശകലനം ചെയ്യപ്പെട്ടു.

ശാസ്ത്ര, സാങ്കേതിക വകുപ്പ്, ബയോടെക്നോളജി വകുപ്പ്, ശാസ്ത്ര-വ്യവസായ ഗവേഷണ കൗണ്‍സില്‍ (സി.എസ.്ഐ.ആര്‍.) എന്നിവ രോഗനിര്‍ണയത്തെയും കോവിഡിന് എതിരേ വികസിപ്പിക്കുന്ന മരുന്നുകളുടെയും പ്രതിരോധ കുത്തിവെപ്പുകളുടെയും വിവരങ്ങള്‍ ഉള്‍പ്പെടെ വിശദമായ അവതരണം യോഗത്തില്‍ നടത്തി. രോഗ പരിഹാരമുണ്ടാക്കുന്നതിനും കോവിഡ് വിരുദ്ധ പ്രവര്‍ത്തനങ്ങളിലാകെയും ഐ.സി.എം.ആറും ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയവുമായി ചേര്‍ന്ന് തങ്ങള്‍ യോജിച്ച പ്രവര്‍ത്തനമാണു നടത്തുന്നത് എന്ന് അവര്‍ വിശദീകരിച്ചു. സമയത്തു പരിഹാരം കണ്ടെത്തുകയാണ് പ്രധാനമെന്ന് മന്ത്രിതല സമിതി അഭിപ്രായപ്പെട്ടു.

വ്യക്തിഗത സുരക്ഷാ സാമഗ്രികള്‍, മാസ്‌കുകള്‍, വെന്റിലേറ്ററുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയുടെ ഗുണനിലവാരത്തിലും ഉല്‍പ്പാദനത്തിലും ഒരു തരത്തിലുള്ള വീഴ്ചയും സംഭവിക്കാന്‍ പാടില്ലെന്ന് സമിതി അധ്യക്ഷനും ആരോഗ്യ, കുടുംബക്ഷേമ മന്ത്രിയുമായ ഡോ. ഹര്‍ഷ് വര്‍ധന്‍ നിര്‍ദേശിച്ചു. ഇവയുടെ നിര്‍മാണത്തില്‍ ഗുണനിലവാരത്തില്‍നിന്നോ ഗവണ്‍മെന്റ് നിര്‍ദേശിച്ച നടപടിക്രമങ്ങളില്‍നിന്നോ ഏതെങ്കിലും തരത്തില്‍ വ്യതിചലിക്കുന്ന ഉല്‍പ്പാദകര്‍ക്കെതിരേ കര്‍ക്കശ നടപടിയുണ്ടാകും.

ആരൊക്കെ, ഏതൊക്കെ വിധമുള്ള മാസ്‌കുകളാണ് ധരിക്കേണ്ടത് എന്നും ആരൊക്കെയാണ് വ്യക്തിഗത സുരക്ഷാ സാമഗ്രി ധരിക്കേണ്ടത് എന്നും വിശദമാക്കുന്ന മാര്‍ഗരേഖ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്ന് അദ്ദേഹം ആവര്‍ത്തിച്ച് ഓര്‍മിപ്പിച്ചു. വിവര, വിദ്യാഭ്യാസ, ആശയവിനിമയ (ഐ.ഇ.സി.) പ്രചാരണ പരിപാടിയിലൂടെ ഇതുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. കോവിഡ്- 19ന് എതിരേ ഏറ്റവും ഫലപ്രദമായ സാമൂഹിക ഔഷധം സാമൂഹിക അകലം പാലിക്കലാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു; വ്യക്തിശുചിത്വവും മുഖാവരണം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും ലോക്ഡൗണ്‍ കാലയളവില്‍ എല്ലാവരും പാലിക്കണം.

കോവിഡ്- 19മായി ബന്ധപ്പെട്ട ഏതുതരം അന്വേഷണങ്ങള്‍ക്കും ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ് ലൈന്‍ നമ്പറില്‍ ( 91 11 23978046) വിളിക്കാവുന്നതാണ്. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പറുകളുടെ വിശദ പട്ടിക മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ (https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf)  ലഭ്യമാണ്.
 



(Release ID: 1615450) Visitor Counter : 193