ഊര്‍ജ്ജ മന്ത്രാലയം

ലൈറ്റുകൾ അണച്ച് ഐക്യദാർഢ്യം പ്രഖ്യാപിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന്‌ മികച്ച പ്രതികരണം ലഭിച്ചതായി കേന്ദ്ര ഊർജ മന്ത്രി

Posted On: 06 APR 2020 6:15PM by PIB Thiruvananthpuram


ന്യൂഡൽഹി  ഏപ്രിൽ 6 , 2020

കൊറോണ മഹാമാരിക്കെതിരായ പോരാട്ടത്തിനുള്ള   ദേശീയ  ഐക്യദാർഢ്യത്തിന്റെ  സൂചനയായി ലൈറ്റുകൾ അണച്ച്, ദീപം തെളിയിക്കാനുള്ള  പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന്‌ മികച്ച പ്രതികരണം ലഭിച്ചതായി കേന്ദ്ര ഊർജ മന്ത്രി ആർ കെ സിംഗ്.  ഇന്നലെ നടന്ന  പരിപാടിയെ തുടർന്ന്, ദേശീയ ഊർജവിതരണശൃംഖലയുടെ പ്രവർത്തനം നിരീക്ഷിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ ഊർജ നിരീക്ഷണ കേന്ദ്രത്തിൽ, ഉദ്യോഗസ്ഥർക്കൊപ്പം കേന്ദ്രമന്ത്രി, ശൃംഖലയുടെ പ്രവർത്തനം വിലയിരുത്തിയപ്പോൾ അദ്ദേഹത്തിന്റെ കുടുംബാംങ്ങൾ പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം പ്രതീക്ഷയുടെയും, ഐശ്വര്യത്തിന്റെയും സൂചനയായി ദീപം തെളിയിച്ചു .

രാജ്യവ്യാപകമായി, ഊർജാവശ്യത്തിൽ ഗണ്യമായ കുറവാണ് ഈ സമയത്ത്  ഉണ്ടായത്. ഇന്നലെ രാത്രി 08.49 ന് 1,17,300 മെഗാവാട്ട് ആയിരുന്ന ഡിമാൻഡ് , രാത്രി 09.09 വരെ 85,300  മെഗാവാട്ടായി കുറഞ്ഞു. ഏതാനും മിനുട്ടുകൾ കൊണ്ട് 32000 മെഗാവാട്ടിന്റെ കുറവാണ് ഉണ്ടായതെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. എന്നാൽ തുടർന്ന് ഊർജാവശ്യത്തിൽ വർധനയുണ്ടായി. ഈ കാലയളവിൽ വോൾട്ടേജും ആവൃത്തിയും  സാധാരണ നിലയായ 49.7 -  50. 26 Hz നു ഇടയിൽ  നിലനിർത്താനായി. വോൾട്ടേജ് വ്യതിയാനം ഉണ്ടായിട്ടില്ല എന്നാണ് ഇത് തെളിയിക്കുന്നത്.
ദേശീയതലത്തിൽ 32,000 മെഗാവാട്ടിന്റെ കുറവുണ്ടായത്, പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ജനങ്ങൾ നൽകിയ മികച്ച പ്രതികരണമാണ് സൂചിപ്പിക്കുന്നത് .

ലൈറ്റുകൾ അണയ്ക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം വൻവിജയമാക്കാൻ സഹകരിച്ച രാജ്യത്തെ എല്ലാ ജനങ്ങൾക്കും, ഇതിനായി അധ്വാനിച്ച ദേശീയ ഊർജ സംവിധാനത്തിലെ ഉദ്യോഗസ്ഥർക്കും, സംസ്ഥാനങ്ങളിലെ വൈദ്യുത വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും എൻജിനീയർമാർക്കും  കേന്ദ്രമന്ത്രി നന്ദി അറിയിച്ചു. 



(Release ID: 1611775) Visitor Counter : 199