ആഭ്യന്തരകാര്യ മന്ത്രാലയം

കോവിഡ് -19 :രാജ്യത്തുടനീളം  ഓക്‌സിജന്‍ സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

Posted On: 06 APR 2020 5:47PM by PIB Thiruvananthpuram


കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തുടനീളം  ഓക്‌സിജന്‍ സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തരസെക്രട്ടറി ശ്രീ അജയ് ഭല്ല സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. രാജ്യത്തെ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് കേന്ദ്ര ആഭ്യന്തരസെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് രേഖാമൂലം ഈ നിര്‍ദേശം നല്‍കിയത്. ലോകാരാഗ്യസംഘടനയുടെ പട്ടികയിലും ദേശീയപട്ടികയിലും അവശ്യസാധന വിഭാഗത്തിലാണ് ഓക്‌സിജന്‍ സിലിണ്ടറുകളെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കോവിഡിനെ തുടര്‍ന്ന് പ്രഖ്യാപിച്ച അടച്ചപൂട്ടല്‍ സാഹചര്യത്തില്‍ കേന്ദ്ര, സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിലെ ഭരണകൂടങ്ങള്‍ സ്വീകരിക്കേണ്ട പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളും ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയിരുന്നു. കഴിഞ്ഞ മാസം 24 ന് പുറത്തിറക്കിയ മാര്‍ഗരേഖകളോട് അനുബന്ധിച്ച്  മാർച്ച് 25, 26, ഏപ്രില്‍ 2,3 തിയതികളില്‍ പരിഷ്‌കരിച്ച മാര്‍ഗരേഖകള്‍ കൂടി ഉള്‍പ്പെടുത്തി പുറത്തിറക്കിയ പുതിയ മാര്‍ഗരേഖയാണ് ഇനി പാലിക്കേണ്ടത്.

ഇതനുസരിച്ച് മെഡിക്കല്‍ ഉപകരണങ്ങള്‍ ഉണ്ടാക്കുന്ന യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി. ഇത്തരം യൂണിറ്റുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളേയും തൊഴിലാളികളേയും എത്തിക്കുക, ആശുപത്രികളുടെ അടിസ്ഥാനസൗകര്യ വികസനപ്രവര്‍ത്തനങ്ങള്‍ എന്നിവക്കും അനുമതി നല്‍കി. ഇതുമായി ബന്ധപ്പെട്ട സാധനങ്ങളുടെയും തൊഴിലാളികളുടെയും അന്തർസംസ്ഥാന ഗതാഗതവും അനുവദിച്ചിട്ടുണ്ട്.  
ഇത്തരം പ്രവര്‍ത്തികള്‍ നടത്തുമ്പോള്‍ കൃത്യമായ മാനദണ്ഡം പാലിക്കണമെന്ന നിര്‍ദേശവുമുണ്ട്. ശുചിത്വപൂര്‍ണമായ സാഹചര്യവും സാമൂഹ്യഅകലവും നിര്‍ബന്ധമായും പാലിക്കപ്പെടണം. ഇത് ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട സ്ഥാപന ഉടമകളുടെ ഉത്തരവാദിത്വമാണ്.

 ഓക്‌സിജന്‍ സിലിണ്ടറുകളുടെ വിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ജില്ലാ ഭരണകൂടവും ബന്ധപ്പെട്ട ഏജന്‍സികളും മേല്‍മാനദണ്ഡങ്ങളെ കുറിച്ച്  ബോധ്യമുള്ളവരായിരിക്കണം.



(Release ID: 1611769) Visitor Counter : 251