ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് 19 പുതിയ വിവരങ്ങള്‍

Posted On: 04 APR 2020 7:11PM by PIB Thiruvananthpuram


രാജ്യത്ത് കോവിഡ് 19 പ്രതിരോധിക്കുന്നതിനും രോഗവ്യാപനം നിയന്ത്രിക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും ചേര്‍ന്ന് നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇത് ഉന്നത തലത്തില്‍ നിരന്തരം നിരീക്ഷിക്കുന്നുമുണ്ട്.

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ആവശ്യമായ നടപടികള്‍ക്കായി ഡോക്ടര്‍മാര്‍, നേഴ്‌സിങ് മേഖലയിലെ ജീവനക്കാര്‍, മറ്റ് ആരോഗ്യ വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെടെ വിവിധ തട്ടിലുള്ള ആരോഗ്യപ്രവർത്തകരുടെ സേവനം ലഭ്യമാണ്. ആവശ്യമനുസരിച്ച് 9.70 ലക്ഷം ആശ പ്രവര്‍ത്തകര്‍, ഒരു ലക്ഷം ആയുഷ് ജീവനക്കാര്‍, എന്‍ സി സി  കേഡറ്റുകള്‍, വിമുക്ത ഭടന്മാര്‍, റെഡ് ക്രോസ്/ എന്‍എസ്എസ്/ എന്‍ വൈ കെ വോളന്റിയര്‍മാര്‍, ഗ്രാമ പഞ്ചായത്തുകളിലെയും തദ്ദേശ ഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സേവനം ലഭ്യമാകും. ആശുപത്രി കാര്യങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജീവനക്കാര്‍/ പി ജി വിദ്യാര്‍ത്ഥികള്‍, നേഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ എന്നിവരെ പുനര്‍വിന്യസിക്കുന്നതിന്റെ ഭാഗമായി സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രോട്ടോക്കോള്‍ (എസ് ഒ പി) തയ്യാറാക്കിയിട്ടുണ്ട്. ഇതിനു പുറമെ സര്‍വീസില്‍ നിന്നു വിരമിച്ച സര്‍ക്കാര്‍ ഡോക്ടര്‍മാര്‍, സായുധസേന വൈദ്യശാസ്ത്ര വിഭാഗം ജീവനക്കാര്‍, സ്വകാര്യ - പൊതുമേഖലാ സ്ഥാപനങ്ങളിലെ ഡോക്ടര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ 31,000 ലധികം ഡോക്ടര്‍മാര്‍ കോവിഡ് 19 നെതിരായ പോരാട്ടത്തില്‍ ഭാഗമാകാന്‍ സ്വമേധയാ തയ്യാറായിട്ടുണ്ട്.

മുഖവും വായയും മൂടാനായി 'വീടുകളില്‍ നിര്‍മിച്ച സുരക്ഷിത ആവരണങ്ങള്‍' ഉപയോഗിക്കുന്നത് എങ്ങനെ എന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ/ കുടുംബ ക്ഷേമ മന്ത്രാലയം പുറത്തിറക്കി. 

ഈ ലിങ്കില്‍ ആ വിവരങ്ങള്‍ ലഭ്യമാണ്:  https://www.mohfw.gov.in/pdf/Advisory&ManualonuseofHomemadeProtectiveCoverforFace&Mouth.pdf

ക്ലിനിക്കല്‍ മാനേജ്‌മെന്റ്, വെന്റിലേറ്റര്‍ ഉപയോഗം, അണുബാധ തടയലും നിയന്ത്രണവും, ക്വാറന്റൈന്‍ നിര്‍വഹണം തുടങ്ങിയ വിവിധ വിഷയങ്ങളെ കുറിച്ച് 30 പരിശീലന മൊഡ്യൂളുകള്‍ ഇതിനകം തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് ഓണ്‍ലൈനായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.   https://www.mohfw.gov.in/

കോവിഡ് കേസുകളില്‍ മരണം ഭൂരിഭാഗവും റിപ്പോര്‍ട്ട് ചെയ്തത് വയോധികരില്‍ നിന്നോ പ്രമേഹം, രക്തസമ്മര്‍ദ്ദം, വൃക്കയ്ക്കും ഹൃദയത്തിനും തകരാര്‍ തുടങ്ങിയ രോഗങ്ങള്‍ ഉള്ളവരില്‍ നിന്നോ ആണ്. അതുകൊണ്ടു തന്നെ, മരണ സാധ്യത കൂടിയ ഈ വിഭാഗത്തില്‍ പെടുന്നവര്‍ എല്ലാ മുന്‍കരുതലുകളും പാലിക്കണം. ഇതുവരെ കോവിഡ് പോസിറ്റീവ് ആയിട്ടുള്ള എല്ലാ കേസുകളുടെയും പ്രായപരിധി അനുപാതം താഴെ പറയുന്നു.

○          8.61 ശതമാനം കേസുകള്‍ 0 മുതല്‍ 20 വയസു വരെ
○          41.88 ശതമാനം കേസുകള്‍  21 മുതല്‍ 40 വയസു വരെ
○          32.82 ശതമാനം കേസുകള്‍ 41 മുതല്‍ 60 വയസു വരെ
○          16.69 ശതമാനം കേസുകള്‍ 60 വയസിനു മുകളില്‍

വടക്കു കിഴക്കന്‍ മേഖലയിലേയ്ക്കും മലയോര പ്രദേശങ്ങളിലേയ്ക്കും പ്രത്യേക ശ്രദ്ധ കൊടുക്കുന്നതിന്റെ ഭാഗമായി ലൈഫ് ലൈന്‍ ഉഡാനു കീഴില്‍ ഇന്നുവരെ 119 ടണ്ണോളം കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍, എന്‍സൈമുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, പരിശോധന കിറ്റുകള്‍, വ്യക്തിയുടെ സ്വയം സംരക്ഷണ ഉപകരണങ്ങള്‍ (പിപിഇ), മുഖാവരണങ്ങള്‍, കൈയുറകള്‍ തുടങ്ങിയവ വ്യോമ മാര്‍ഗം അയച്ചു കൊടുത്തിട്ടുണ്ട്.

രാജ്യത്ത് നിലവില്‍ 2902 കോവിഡ് കേസുകളും 68 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രോഗ മുക്തരായ 183 പേരെ ആശുപത്രികളില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തു. തമിഴ്‌നാട്, ഡല്‍ഹി, ആന്ധ്ര പ്രദേശ്, അസം, ജമ്മു ആന്‍ഡ് കശ്മീര്‍, രാജസ്ഥാന്‍, തെലങ്കാന, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകള്‍, അരുണാചല്‍ പ്രദേശ്, ഹരിയാന, ഹിമാചല്‍, ഝാര്‍ഖണ്ഡ്, കര്‍ണാടകം, കേരളം എന്നിവയുള്‍പ്പെടെ 17 സംസ്ഥാനങ്ങളില്‍ നിന്ന് തബ് ലീഗ് ജമാ അത്തുമായി ബന്ധപ്പെട്ട 1023 കേസുകളാണ് രോഗം ബാധിച്ച 2902 പേരില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍, മാര്‍ഗനിര്‍ദ്ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്‌സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/.

കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക്  technicalquery.covid19[at]gov[dot]in എന്ന ഇ മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in ല്‍ ബന്ധപ്പെടുക.

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ കുടംബക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ് ലൈന്‍ നമ്പരില്‍ വിളിക്കുക. +91 11 23978046, അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്: https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.


(Release ID: 1611244) Visitor Counter : 224