ആഭ്യന്തരകാര്യ മന്ത്രാലയം

കോവിഡ് 19 നെ തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗൺ ലംഘിച്ചാൽ ഉണ്ടാവുന്ന  ശിക്ഷാനടപടികളെപ്പറ്റി വലിയ തോതിൽ പ്രചാരണം നടത്തണമെന്ന്  ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി

ലോക്ഡൗൺ ലംഘിക്കുന്നവർക്ക് എതിരെ അധികൃതർ  കർശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങളോട് ആഭ്യന്തര മന്ത്രാലയം

Posted On: 02 APR 2020 4:29PM by PIB Thiruvananthpuram



രാജ്യത്തെ കോവിഡ് വ്യാപനം തടയുന്നത്  ലക്ഷ്യമിട്ട് കേന്ദ്ര-സംസ്ഥാന-കേന്ദ്രഭരണപ്രദേശ സർക്കാരുകളിലെ,വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും സ്വീകരിക്കേണ്ട ലോക്ഡൗൺ നടപടികളെപ്പറ്റി ആഭ്യന്തര മന്ത്രാലയം സമഗ്ര മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു.

കോവിഡ് പ്രതിരോധത്തിനായി ലോക്ഡൗൺ കർശനമായി നടപ്പാക്കണം എന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രാലയം നേരത്തെ സംസ്ഥാനങ്ങൾക്ക്   കത്തും നൽകിയിരുന്നു . ഇതിനായി 2005 ലെ ദുരന്ത നിവാരണ  നിയമത്തിലെ അധികാരങ്ങൾ ഉപയോഗപ്പെടുത്താമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.


ലോക്ഡൗൺ ലംഘിച്ചാൽ ഇന്ത്യന്‍ ശിക്ഷാ നിയമത്തിന് പുറമെ  ദുരന്ത നിവാരണ   നിയമത്തിന് കീഴിലും കർശന ശിക്ഷാനടപടികൾ  സ്വീകരിക്കാന്‍ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ ആഭ്യന്തര സെക്രട്ടറി ശ്രീ.അജയ് കുമാർ ഭല്ല ആവശ്യപ്പെട്ടു.


ലോക്ഡൗൺ ലംഘിക്കുന്നവർക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കാൻ അധികൃതർ ശ്രദ്ധിക്കണം. ശിക്ഷാനടപടികളെപ്പറ്റി ഉദ്യോഗസ്ഥർക്കിടയിലും, പൊതുജനങ്ങൾക്കിടയിലും  വ്യാപക പ്രചാരണം നടത്താൻ സംസ്ഥാന ഭരണകൂടങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു .

****



(Release ID: 1610424) Visitor Counter : 141