പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം

കോവിഡ് 19 മായി ബന്ധപ്പെട്ട സര്‍വ്വേ റിപ്പോര്‍ട്ട് പഴ്‌സണല്‍ മന്ത്രാലയം പുറത്തിറക്കി

Posted On: 02 APR 2020 3:17PM by PIB Thiruvananthpuram

കോവിഡ് 19 മായി ബന്ധപ്പെട്ട സര്‍വ്വേ റിപ്പോര്‍ട്ട് കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയം പുറത്തിറക്കി. സ്വാതന്ത്ര്യാനന്തരം, രാജ്യം നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ വെല്ലുവിളി നേരിടാന്‍ രാജ്യം എത്രത്തോളം സജ്ജമാണെന്ന് വ്യക്തമാക്കുന്ന സര്‍വ്വേ റിപ്പോര്‍ട്ട് ഡല്‍ഹിയില്‍, കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിങാണ് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ പ്രകാശനം ചെയ്തത്.

രാജ്യത്തെ 410 ജില്ലകളില്‍ നടത്തിയ സര്‍വ്വേയില്‍ ജില്ലാ കളക്ടര്‍മാരും വിവിധ കേന്ദ്ര വകുപ്പുകളിലെ അസിസ്റ്റന്റ് സെക്രട്ടറിമാരായ IAS ഉദ്യോഗസ്ഥരുമാണ് പങ്കെടുത്തത്. മാര്‍ച്ച് 25 മുതല്‍ 3 ദിവസങ്ങളിലായാണ് സര്‍വേ നടത്തിയത്. 

വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് 19 പ്രതിരോധ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനും ഉദ്യോഗസ്ഥര്‍ ഈ മേഖലയില്‍ നേരിടുന്ന ബുദ്ധിമുട്ടുകളും വെല്ലുവിളികളും മനസ്സിലാക്കുന്നതിനുമായാണ് സര്‍വ്വേ നടത്തിയത്. കോവിഡ് പ്രതിരോധത്തിന് മുന്‍ഗണന ആവശ്യമായ മേഖലകള്‍ തിരിച്ചറിയുന്നതും ചികിത്സയ്ക്ക് ആവശ്യമായ ആശുപത്രികള്‍, സ്ഥാപനങ്ങള്‍ എന്നിവ സജ്ജമാക്കുന്നതിന്റെ സാദ്ധ്യതയും സര്‍വ്വേ വിലയിരുത്തി. ദേശീയ മുന്നൊരുക്ക സര്‍വ്വേയിലൂടെ കോവിഡ് പ്രതിരോധത്തിന് ഇന്ത്യയുടെ പ്രതികരണം ദൃഢവും ലക്ഷ്യബോധത്തോടെയുള്ളതുമാണെന്ന് മനസ്സിലാകുന്നതായി മന്ത്രി അഭിപ്രായപ്പെട്ടു. മഹാമാരിയെ പ്രതിരോധിക്കാന്‍ ദേശീയ, സംസ്ഥാന, ജില്ലാതല ഭരണകൂടങ്ങളുടെ പ്രവര്‍ത്തനം ഫലവത്താണ്.

കൊറോണയെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ, ജനതാ കര്‍ഫ്യൂ, നാഷണല്‍ ലോക്ക് ഡൗണ്‍, 1.7 ബില്ല്യണ്‍ രൂപയുടെ സാമ്പത്തിക പാക്കേജ്, റിസര്‍വ്വ് ബാങ്ക് പ്രഖ്യാപനങ്ങള്‍ എന്നിവയ്ക്ക് ലഭിച്ച സ്വീകാര്യതയും സര്‍വ്വേയില്‍ വ്യക്തമാക്കുന്നതായി ശ്രീ. ജിതേന്ദ്രസിങ് പറഞ്ഞു. ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആരോഗ്യമേഖലയിലെ വിദഗ്ധര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ കഠിന പരിശ്രമമാണ് ദേശീയതലത്തില്‍ ലോക്ക് ഡൗണ്‍ നടപ്പാക്കാന്‍ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ദേശീയതലത്തിലും സംസ്ഥാനതലത്തിലും കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട നയരൂപീകരണത്തിന്, സര്‍വ്വേ പ്രയോജനപ്രദമാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഉദ്യോഗസ്ഥ മന്ത്രാലയം സെക്രട്ടറി ഡോ. ഛത്രപതി ശിവജി, അഡീഷണല്‍ സെക്രട്ടറി വി. ശ്രീനിവാസ്, ജോയിന്റ് സെക്രട്ടറിമാരായ ജയ ദുബൈ, NBS രാജ്പുത്, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും പ്രകാശന ചടങ്ങില്‍ സന്നിഹിതരായിരുന്നു.


(Release ID: 1610395)