പ്രധാനമന്ത്രിയുടെ ഓഫീസ്‌

കോവിഡ് 19: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി

Posted On: 02 APR 2020 2:32PM by PIB Thiruvananthpuram

വൈറസ് വ്യാപനം തടയുന്നതില്‍ സംസ്ഥാനങ്ങളുടെ ഐക്യത്തോടെയുള്ള പ്രവര്‍ത്തനം അഭിനന്ദനാര്‍ഹം: പ്രധാനമന്ത്രി

ലോക് ഡൗണ്‍ അവസാനിക്കുമ്പോള്‍ ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നതില്‍ നിയന്ത്രണം വരുത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ക്കു രൂപം നല്‍കണം: പ്രധാനമന്ത്രി

മരണസംഖ്യ പരമാവധി കുറയ്ക്കലാണ് നമ്മുടെ ലക്ഷ്യം: പ്രധാനമന്ത്രി

പ്രതികരണങ്ങള്‍ അറിയിച്ച് മുഖ്യമന്ത്രിമാര്‍, പ്രതിസന്ധി ഘട്ടത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വം പ്രശംസനാര്‍ഹം; നിസാമുദീന്‍ മര്‍ക്കസില്‍ നിന്നുള്ള കേസുകളുടെ വ്യാപനം തടയാനുള്ള നടപടികളും വിശദീകരിച്ചു

മഹാമാരിക്കെതിരായ പോരാട്ടത്തില്‍ മത സാമുദായിക നേതാക്കളെയും സാമൂഹ്യ ക്ഷേമ സംഘടനകളെയും കൂട്ടുചേര്‍ക്കാന്‍ പങ്കാളികളാക്കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി



കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്വീകരിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴിചര്‍ച്ച നടത്തി. രാജ്യമൊട്ടാകെ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആ തീരുമാനത്തോടു സഹകരിച്ചതിനു പ്രധാനമന്ത്രി സംസ്ഥാനങ്ങളോടു നന്ദി പറഞ്ഞു. കോവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതില്‍ ലോക് ഡൗണിലൂടെ ഒരു പരിധി വരെ ഇന്ത്യ വിജയിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. വൈറസ് വ്യാപനം പരിശോധിക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളും ഒറ്റ മനസ്സോടെ പ്രവര്‍ത്തിച്ചതിനെ അദ്ദേഹം അഭിനന്ദിച്ചു. എങ്കിലും വൈറസ് വ്യാപനത്തില്‍ ആഗോള തലത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. ചില രാജ്യങ്ങളില്‍ വൈറസ് വ്യാപനം രണ്ടാമതും ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച്് നിഗമനങ്ങള്‍ നിലനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വൈറസ് ബാധയാലുണ്ടാകുന്ന മരണസംഖ്യ പരമാവധി കുറയ്ക്കുകയാണ് രാജ്യത്തിന്റെ പൊതുവായ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രോഗ പരിശോധന, രോഗികളെ കണ്ടെത്തല്‍, ഐസൊലേഷന്‍, നിരീക്ഷണത്തില്‍ വയ്ക്കല്‍ എന്നിവയിലാകണം വരുന്ന കുറച്ചു വാരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അവശ്യ മരുന്നുകളുടെയും മറ്റ് ഉല്‍പ്പനങ്ങളുടെയും വിതരണം തുടര്‍ന്നു കൊണ്ടുപോകേണ്ടതിന്റെ ആവശ്യകത, മരുന്നുകളും ചികിത്സാ ഉപകരണങ്ങളും നിര്‍മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത എന്നിവയെക്കുറിച്ചും പ്രധാനമന്ത്രി പ്രതിപാദിച്ചു. കോവിഡ് 19 ബാധിച്ച രോഗികള്‍ക്കായി പ്രത്യേകവും മറ്റെല്ലാം മാറ്റി നിര്‍ത്തിക്കൊണ്ടുള്ളതുമായ ആശുപത്രി സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ആവശ്യമാണ്. ഡോക്ടര്‍മാരുടെ ലഭ്യത വര്‍ധിപ്പിക്കുന്നതിന് സംസ്ഥാനങ്ങളിലെ ആയുഷ് ഡോക്ടര്‍മാരുടെ പൂള്‍ ഉപയോഗപ്പെടുത്താനും ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കാനും പാരാ മെഡിക്കല്‍ ജീവനക്കാരെയും എന്‍സിസി/ എന്‍എസ്എസ് വോളന്റിയര്‍മാരെ ഉപയോഗപ്പെടുത്താനും അദ്ദേഹം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

ഒത്തൊരുമയോടെ നടത്തേണ്ട പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യവും ഇതില്‍ ഭാഗഭാക്കാകുന്നവരുടെ ശ്രമങ്ങളില്‍ പരസ്പരം കടന്നുകയറ്റം ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ജില്ലാ തലത്തില്‍ ദുരന്ത നിവാരണ സമിതികള്‍ക്കു രൂപം നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. ഇതിനു മേല്‍നോട്ടം വഹിക്കാന്‍ ജില്ലാതലത്തില്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും വേണം. പരിശോധനയ്ക്കായി അംഗീകൃത ലാബുകളില്‍ നിന്നു വേണം വിവരം ശേഖരിക്കാന്‍. ഇത് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ദേശീയ തലത്തിലും വിവരങ്ങള്‍ ക്രോഡീകരിക്കുന്നതിന് സഹായകമാകും. ബാങ്കുകളില്‍ തിരക്ക് ഒഴിവാക്കുന്നതിന് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയുടെ കീഴില്‍ വരുന്ന ഗുണഭോക്താക്കള്‍ക്കുള്ള തുക കൈമാറുന്നത് വിവിധ സമയങ്ങളിലായി ക്രമീകരിക്കുന്നത് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിളവെടുപ്പ് കാലമാണ് ഇത് എന്നത് കണക്കിലെടുത്ത് ലോക്ക് ഡൗണില്‍ ഈ മേഖലയ്ക്ക് കുറച്ച് ഇളവ് നല്‍കിയിട്ടുണ്ട്. എങ്കിലും സാമൂഹ്യ അകലം പാലിക്കേണ്ടതുണ്ടെന്നും ഇക്കാര്യത്തില്‍ തുടര്‍ച്ചയായ നിരീക്ഷണം ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കാര്‍ഷിക ഉല്‍പ്പന്ന വിപണന സമിതിക്കു (എപിഎംസി) പുറമെ ധാന്യങ്ങള്‍ ശേഖരിക്കുന്നതിനുള്ള മറ്റ് ഇടങ്ങളെക്കുറിച്ചു ചിന്തിക്കണമെന്നും അദ്ദേഹം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഒന്നിച്ചുള്ള സവാരി വാഗ്ദാനം ചെയ്യുന്ന ആപ്ലിക്കേഷനുകള്‍ പോലെ, വിവിധ ഇടങ്ങളില്‍ നിന്നുള്ള വിഭവങ്ങള്‍ ശേഖരിച്ച് വയ്ക്കാനുള്ള സാധ്യതകളെക്കുറിച്ചും അന്വേഷിക്കണം.

രാജ്യം നേരിടുന്ന പ്രതിസന്ധി ഘട്ടത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തിനും നിരന്തരം നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ക്കും പിന്തുണയ്ക്കും മുഖ്യമന്ത്രിമാര്‍ നന്ദി പറഞ്ഞു. രാജ്യത്ത് വൈറസ് പടരുന്നത് തടയുന്നതിനു വേണ്ടി ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാനുള്ള ധീരവും സമയോചിതവുമായ തീരുമാനം സ്വീകരിച്ചതിന് അവര്‍ പ്രധാനമന്ത്രിയെ അഭിനന്ദിച്ചു. സാമൂഹ്യ അകലം പാലിക്കല്‍, രോഗം ബാധിച്ചവരെ കണ്ടെത്തല്‍, നിസാമുദീന്‍ മര്‍ക്കസില്‍ നിന്നെത്തിയവരില്‍ രോഗം ബാധിച്ചവരെ കണ്ടെത്തലും നിരീക്ഷണത്തില്‍ വയ്ക്കലും, വൈറസിന്റെ സമൂഹ വ്യാപനം നിയന്ത്രിക്കല്‍, ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍, ജീവനക്കാരെ കൂടുതല്‍ നിയോഗിക്കല്‍, ടെലി- മെഡിസിന്‍ ഏര്‍പ്പെടുത്തല്‍, മാനസിക ആരോഗ്യ പരിപാലനം ഉറപ്പാക്കല്‍, ആവശ്യമുള്ളവര്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ഭക്ഷണവും  മറ്റ് അവശ്യ വസ്തുക്കളും വിതരണം ചെയ്യല്‍ എന്നീ കാര്യങ്ങളില്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും സംസ്ഥാന മുഖ്യമന്ത്രിമാര്‍ വിശദീകരിച്ചു. വിഷമസന്ധിക്ക് അയവു വരുത്തുന്നതിന് സാമ്പത്തികവും വൈദ്യശാസ്ത്രപരവുമായ വിഭവങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടി.

താഴേത്തട്ടില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് വിശദീകരിച്ചതിനും മുഖ്യമന്ത്രിമാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു. വൈറസ് വ്യാപനത്തിനെതിരെ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വൈറസ് വ്യാപന മേഖലകള്‍ കണ്ടെത്തുകയും വൈറസ് പടരുന്നില്ലെന്ന് ഉറപ്പു വരുത്തുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളം സമാധാനവും നിയമ വാഴ്ചയും നിലനിര്‍ത്തേണ്ടത് പ്രസക്തമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് 19 നമ്മുടെ ധര്‍മ്മത്തെയും വിശ്വാസത്തെയും ആക്രമിക്കുകയാണെന്നും നമ്മുടെ ജീവിതരീതിയെ ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാമാരിക്കെതിരായ പോരാട്ടത്തിന് സംസ്ഥാനം, ജില്ല, പട്ടണം, ബ്ലോക്ക് തലങ്ങളില്‍ മത സാമുദായിക നേതാക്കളുമായും സാമൂഹ്യ ക്ഷേമ സംഘടനകളുമായും ബന്ധപ്പെട്ട് കൂട്ടായ്മകള്‍ക്കു രൂപം നല്‍കണമെന്ന് അദ്ദേഹം നേതാക്കളോട് അഭ്യര്‍ത്ഥിച്ചു.

ലോക് ഡൗണ്‍ അവസാനിക്കുമ്പോള്‍ ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്ന അവസ്ഥ നിയന്ത്രിക്കുന്നതിനു വേണ്ട ഫലപ്രദമായ മാര്‍ഗങ്ങള്‍ക്കു രൂപം നല്‍കേണ്ടത് പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇക്കാര്യത്തെ കുറിച്ച് ആലോചിക്കണമെന്നും നിര്‍ദേശങ്ങള്‍ നല്‍കണമെന്നും അദ്ദേഹം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കോവിഡ് 19 ന്റെ വ്യാപനം തടയുന്നതില്‍ സാമൂഹ്യ അകലം പാലിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം ആവര്‍ത്തിച്ചു.

ചില സംസ്ഥാനങ്ങളില്‍ ലോക്ക് ഡൗണ്‍ കൂടുതല്‍ കര്‍ശനമായി നടപ്പാക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. കേന്ദ്രം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ജില്ലാ തലത്തില്‍ ഫലപ്രദമായി നടപ്പാക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്ന വര്‍ധന, നിസാമുദീന്‍ മര്‍ക്കസില്‍ നിന്നുള്ള കേസുകളുടെ വ്യാപനം, വൈറസ് വ്യാപനം തടയുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകള്‍, കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച ജില്ലകളില്‍ വൈറസ് വ്യാപനത്തിന്റെ കണ്ണി പൊട്ടിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെ കുറിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി യോഗത്തില്‍ വിശദീകരിച്ചു.

രാജ്യരക്ഷാ മന്ത്രി, കേന്ദ്ര ആരോഗ്യ മന്ത്രി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. മുഖ്യമന്ത്രിമാര്‍ക്കൊപ്പം അതതു സംസ്ഥാനങ്ങളിലെ ആഭ്യന്ത്രര മന്ത്രി, ആരോഗ്യ മന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവരും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
***


(Release ID: 1610389) Visitor Counter : 476