രാജ്യരക്ഷാ മന്ത്രാലയം

കോവിഡ്‌ 19 സുരക്ഷാ നടപടികൾ  പ്രതിരോധ മന്ത്രി അവലോകനം ചെയ്‌തു

Posted On: 01 APR 2020 3:25PM by PIB Thiruvananthpuram

പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ്‌ സിങ്ങ്‌ പ്രതിരോധമന്ത്രാലയം സ്വീകരിച്ച കോവിഡ്‌ 19 സുരക്ഷാ നടപടികൾ അവലോകനം ചെയ്‌തു. പ്രതിരോധമന്ത്രാലയത്തിന്റെ കീഴിലുള്ള വിഭാഗങ്ങൾ സ്വീകരിച്ച മുൻകരുതലുകൾ വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ്‌ മന്ത്രി അവലോകനം ചെയ്‌തത്‌. പ്രതിരോധ സഹമന്ത്രി ശ്രീപദ്‌ നായിക്‌, സംയുക്‌ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്‌, നാവിക സേനാമേധാവി അഡ്‌മിറൽ കരംഭീർ സിങ്ങ്‌, വ്യോമ സേനാ മേധാവി എയർ ചീഫ്‌ മാർഷൽ ആർ കെ എസ്‌ ബദൗരിയ, കരസേനാ മേധാവി ജനറൽ  എം എം നരവാനേ, പ്രതിരോധ സെക്രട്ടറി ഡോ അജയ്‌കുമാർ തുടങ്ങിയവരും മുതിർന്ന ഉദ്യോഗസ്ഥ–സൈനിക മേധാവികളും വീഡിയോ കോൺഫറൻസിങ്ങിൽ പങ്കെടുത്തു. 


ജനക്കൂട്ടത്തെ ഒഴിപ്പിക്കൽ നടപടികളിലൂടെയും ,  ക്വാറന്റീൻകേന്ദ്രങ്ങളില്‍ ആരോഗ്യ പരിചരണത്തിന് സൗകര്യമൊരുക്കിയും, സാനിറ്റൈസര്‍, മുഖാവരണം, പേഴ്‌സണല്‍ പ്രൊട്ടക്ടീവ് എക്യുപ്‌മെന്റ് തുടങ്ങിയ വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ ഗവേഷണത്തിലും ഉത്പാദനത്തിലും സംഭാവനകള്‍ നല്‍കിയും പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള വിവിധ സേവനവിഭാഗങ്ങളും,  സംഘടനകളും, പൊതുമേഖലാ സ്ഥാപനങ്ങളും  നടത്തിയ പരിശ്രമങ്ങളെ  ശ്രീ രാജ്‌നാഥ്‌ സിങ്ങ്‌ അഭിനന്ദിച്ചു. ഈ ദുഷ്‌കര കാലത്ത്‌ എല്ലാ വിഭാഗങ്ങളും തങ്ങളുടെ പരിശ്രമങ്ങൾ ഇരട്ടിയാക്കണമെന്നും  മറ്റു മന്ത്രാലയങ്ങളുമായും കേന്ദ്രസംഘടനകളുമായും കൂടുതൽ യോജിച്ചു പ്രവർത്തിക്കണമെന്നും ശ്രീ രാജ്‌നാഥ്‌ സിങ്ങ്‌ നിർദേശിച്ചു.

കോവിഡ്‌ 19 രോഗികളെ പരിചരിക്കാനായി പ്രത്യേക ആശുപത്രികൾ ഒരുക്കിയതായും ഒമ്പതിനായിരത്തിലധികം  ബെഡ്ഡുകൾ സജ്ജമാണെന്നും സംയുക്‌ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്‌ പ്രതിരോധ മന്ത്രിയെ അറിയിച്ചു. ആയിരത്തോളം പേരെ ജയ്‌സാൽമീർ, ജോധ്‌പുർ, ചെന്നൈ, മനേസർ, ഹിന്ദാൻ, മുംബൈ എന്നിവിടങ്ങളിലായി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്‌. ഇവരുടെ ക്വാറന്റൈൻ കാലാവധി ഈ മാസം ഏഴിന്‌ അവസാനിക്കും.

നാവികസേനയുടെ കപ്പലുകൾ എന്ത് അവശ്യ സഹായവും എത്തിക്കാനായി സജ്ജമാണെന്ന്‌ നാവിക സേനാ മോധാവി അഡ്‌മിറൽ കരംഭീർ സിങ്ങ്‌ അറിയിച്ചു. പ്രാദേശിക ഭരണകേന്ദ്രങ്ങൾ ആവശ്യപ്പെടുന്ന  സഹായങ്ങള്‍ നാവിക സേന നല്‍കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. വ്യോമസേനയുടെ വിമാനങ്ങൾ കഴിഞ്ഞ അഞ്ചു ദിവസങ്ങൾക്കിടയിൽ വിവിധയിടങ്ങളിൽ സാധനങ്ങൾ എത്തിച്ചു നൽകിയതായി എയർ ചീഫ്‌ മാർഷൽ ആർ കെ എസ്‌ ബദൗരിയ അറിയിച്ചു. 25 ടണ്ണോളം  മെഡിക്കൽ ഉപകരണങ്ങൾ എത്തിച്ചു. സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച്  അടിയന്തിര സേവനങ്ങൾ തുടരുന്നതായും അദ്ദേഹം അറിയിച്ചു.

സിവിലിയൻ ഭരണകൂടത്തെ സഹായിക്കാൻ 8500 ലധികം ഡോക്‌ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ടെന്ന്‌ കരസേനാ മേധാവി ജനറൽ  എം എം നരവാനേ അറിയിച്ചു. പ്രതിരോധ മന്ത്രിയുടെ നിർദേശപ്രകാരം അയൽരാജ്യങ്ങൾക്കും സഹായമെത്തിക്കാനാകും. നേപ്പാളിനുള്ള ആരോഗ്യ ഉപകരണങ്ങൾ ഉടൻ അയക്കുമെന്നും കരസേനാ മേധാവി  വ്യക്‌തമാക്കി.

ഡിആർഡിഒ ലാബിൽ അമ്പതിനായിരം ലിറ്റർ സാനിറ്റൈസർ തയാറാക്കി വിവിധ സുരക്ഷാ വിഭാഗങ്ങൾക്കു നൽകിയെന്ന്‌  ചെയർമാൻ ഡോ.  ജി സതീഷ്‌ റെഡ്ഡി അറിയിച്ചു. ഒരു ലക്ഷം ലിറ്റർ തയാറാക്കി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചു. നാനോ സാങ്കേതിക വിദ്യയാൽ നിർമിച്ച അഞ്ച്‌ പാളികളുള്ള എൻ 99 അതിസുരക്ഷാ മാസ്‌കുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നിർമിച്ചു.പതിനായിരം എണ്ണം ഇതിനകം നിർമിച്ചു കഴിഞ്ഞതായും  പ്രതിദിനം  നിർമാണം  ഇരട്ടിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.

പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾ സാമൂഹ്യ ഉത്തരവാദിത്ത ഫണ്ടുകളിൽ നിന്നും 40 കോടി രൂപ പ്രധാനമന്ത്രിയുടെ അടിയന്തിര ദുരിതാശ്വാസ ഫണ്ടായ പി എം കെയെർസ് ലേക്ക്  കൈമാറി. എല്ലാ ജീവനക്കാരും ഒരു ദിവസത്തെ ശമ്പളവും കൈമാറിയിട്ടുണ്ട്. കൂടാതെ പ്രതിരോധ ആയുധ നിർമാണ ഫാക്‌ടറികളിൽ സാനിറ്റൈസറും മാസ്‌കുകളും വ്യക്‌തി സുരക്ഷാ ഉപകരണങ്ങളും നിർമിക്കുന്നുണ്ട്‌. 


(Release ID: 1610148) Visitor Counter : 994