ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19 നെപ്പറ്റിയുള്ള   ഏറ്റവും പുതിയ വിവരങ്ങൾ     

Posted On: 31 MAR 2020 6:29PM by PIB Thiruvananthpuram


കോവിഡ് -19 മായി ബന്ധപ്പെട്ടു രാജ്യത്തു നടക്കുന്ന പ്രതിരോധ-നിയന്ത്രണ പ്രവർത്തനങ്ങൾ പ്രധാനമന്ത്രി നേതൃത്വം നൽകുന്ന ഉന്നതതല സംഘം നിരന്തരം നിരീക്ഷിച്ചു വരികയാണ് . കൂടാതെ,സംസ്ഥാനങ്ങളുടെ സഹകരണത്തോടെ നിരവധി നടപടികൾക്കും തുടക്കം കുറിച്ചു കഴിഞ്ഞു. ബന്ധപ്പെട്ട മന്ത്രാലയങ്ങൾ,വകുപ്പുകൾ എന്നിവയിലെ ഉയർന്ന ഉദ്യോഗസ്ഥർ, രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ,കേന്ദ്രഭരണപ്രദേശങ്ങൾ എന്നിവയുമായി ചേർന്ന് നിലവിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അവലോകനം ചെയ്യുന്നുമുണ്ട് .

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി, സാമൂഹിക അകലം പാലിക്കുന്നത് അടക്കമുള്ള കാര്യങ്ങളിലെ  ബോധവത്ക്കരണം, പാവപ്പെട്ടവർക്ക് അവശ്യസാധനങ്ങൾ ലഭ്യമാക്കൽ  തുടങ്ങിയവയിൽ രാജ്യത്തെ  സാമൂഹിക ക്ഷേമ സംഘടനകൾ നൽകുന്ന സംഭാവനകളെ ശ്രീ മോദി അഭിനന്ദിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ, സ്വീകരിച്ച നടപടികളെപ്പറ്റി ലോകരാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര തലവന്മാരുമായി പ്രധാനമന്ത്രി വീഡിയോ കോൺഫെറെൻസിലൂടെ ആശയവിനിമയവും  നടത്തി.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ  മന്ത്രി ഡോ ഹർഷ് വർദ്ധന്റെനേതൃത്വത്തിൽ പത്താമത് മന്ത്രി തല യോഗം  ഇന്ന് ചേർന്നു.  കേന്ദ്രവ്യോമയാനമന്ത്രി ശ്രീ ഹർദീപ്‌സിങ് പുരി, വിദേശകാര്യമന്ത്രി ഡോ .എസ്.ജയ്‌ശങ്കർ , കേന്ദ്ര ആഭ്യന്തരസഹമന്ത്രി ശ്രീ നിത്യാനന്ദ റായി , ഷിപ്പിംഗ്-രാസ-വള മന്ത്രാലയങ്ങളുടെ ചുമതലയുള്ള സഹമന്ത്രിശ്രീ മൻസുഖ് മാണ്ഡവ്യ, ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ചുമതലയുള്ള സഹമന്ത്രി ശ്രീ അശ്വിനി കുമാർ ചൗബേ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു. രാജ്യത്ത് ലോക്ഡൗൺ നടപ്പാക്കൽ, അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങൾ,അതിവേഗം രോഗം പടർന്നു പിടിക്കുന്ന സ്ഥലങ്ങളിലെ പ്രതിരോധനടപടികൾ, വെന്റിലേറ്ററുകൾ, മുഖാവരണങ്ങൾ, വ്യക്തിസുരക്ഷാ സംവിധാനങ്ങൾ തുടങ്ങിയവയുടെ ലഭ്യത എന്നിവ യോഗം ചർച്ച ചെയ്തു.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി, രാജ്യത്തെ വിവിധ ശാസ്ത്ര സംഘടനകൾ, ശാസ്ത്രജ്ഞർ, വ്യവസായങ്ങൾ  , കാര്യാ നിർവഹണ  സംവിധാനങ്ങൾ എന്നിവയെഏകോപിപ്പിക്കേണ്ടതുണ്ട്.  ഇത്ലക്ഷ്യമിട്ട് നിതി ആയോഗ് അംഗം പ്രൊഫസർ വിനോദ് പോൾ, കേന്ദ്ര സർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് പ്രൊഫസർ കെ.വിജയരാഘവൻ  എന്നിവർ നേതൃത്വംനൽകുന്ന ഒരു ശാസ്ത്ര സാങ്കേതിക ഉന്നത അധികാര സമിതിക്ക് രൂപം നൽകിക്കഴിഞ്ഞു. ശാസ്ത്ര സാങ്കേതിക വകുപ്പ്, ജൈവ സാങ്കേതിക വകുപ്പ്, ശാസ്ത്ര-വ്യാവസായിക ഗവേഷണ കൗൺസിൽ (CSIR), പ്രതിരോധ ഗവേഷണ വികസന സംഘടന (DRDO),  ഇന്ത്യൻഇൻസ്റ്റിറ്റ്യൂട്ട് ഫോർ  സയൻസ് എന്നിവയുമായി ചേർന്നാകും ഈ  സമിതിയുടെ പ്രവർത്തനം.

രാജ്യത്ത്  കൂടുതൽ കോവിഡ് പരിശോധന സംവിധാനങ്ങൾ  ഉടൻ തന്നെ ലഭ്യമാക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന വിവിധ ഗവേഷണ-വികസന പ്രവർത്തനങ്ങളിൽ  അതിവേഗം തീരുമാനങ്ങൾ കൈക്കൊള്ളാൻ പുതിയ സമിതിയുടെ രൂപീകരണം വഴിതുറക്കും .


വെന്റിലേറ്ററുകൾ, മുഖാവരണങ്ങൾ, വ്യക്തിസുരക്ഷാ സംവിധാനങ്ങൾ എന്നിവയുടെ ആവശ്യകത, ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രാലയം വിലയിരുത്തി വരുന്നുണ്ട്.  ടെക്സ്‌റ്റൈൽസ് -ഫാർമസ്യൂട്ടിക്കൽസ് മന്ത്രാലയങ്ങൾ, വിവിധ സംസ്ഥാനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നത്. രോഗബാധിതർ, അവരുമായി സമ്പർക്കം പുലർത്തിയവർ എന്നിവരെ കണ്ടുപിടിക്കുന്നതിനുള്ള നടപടികൾക്കും സംസ്ഥാനങ്ങളുമായി ചേർന്ന് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം നേതൃത്വം നൽകുന്നു.


 ആശ -അംഗനവാടി വർക്കർമാർ, ആയുഷ് ചികിത്സകർ, ഡോക്ടർമാർ, നഴ്സുമാർ, ഓക്സിലിയറി നഴ്‌സുമാർ , മിഡ്‌വൈഫുമാർ അടക്കമുള്ള ആരോഗ്യ  പ്രവർത്തകർക്കായി വിവിധ പരിശീലന സംവിധാനങ്ങൾ മന്ത്രാലയം വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. ലാബ് പരിശോധനകൾ, ഐസൊലേഷൻ പ്രവർത്തനങ്ങളുടെ നിർവ്വഹണം, അത്യാഹിത ചികിത്സ രീതികൾ, ക്വാറന്റൈൻ  സംവിധാനങ്ങൾഅടക്കം കോവിഡ് പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട വിവിധ  കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

കോവിഡ് പ്രതിരോധത്തിന്റെ  ഭാഗമായി രണ്ട് ഓൺലൈൻ സെമിനാറുകൾ  ആരോഗ്യ മന്ത്രാലയം ഇന്നലെ സംഘടിപ്പിച്ചിരുന്നു .15,000 ഓളം നഴ്‌സുമാരാണ് ഇതിൽ പങ്കെടുത്തത് .

രാജ്യത്ത് ഇതുവരെ 1251 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു .32 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 3 പേര് മരിക്കുകയും 227 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.



(Release ID: 1609778) Visitor Counter : 313