റെയില്‍വേ മന്ത്രാലയം
രോഗികളുടെ ഐസൊലേഷനു 3.2 ലക്ഷം കിടക്കകളുള്ള സൗകര്യമൊരുക്കാന്‍ ഇന്ത്യന്‍ റെയില്‍വേ 20000 കോച്ചുകള്‍ നവീകരിക്കുന്നു
കൊവിഡ്19 രോഗികള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളോടെയുമാണ് ഐസൊലേഷന്‍ കോച്ചുകള്‍ തയ്യാറാക്കുന്നത്
തുടക്കത്തില്‍ 80000 കിടക്കകളോടെ 5000 കോച്ചുകള്‍ തയ്യാറാക്കും
വിവിധ മേഖലകളിലായാണ് കോച്ചുകള്‍ നവീകരിക്കുക
Posted On:
31 MAR 2020 2:59PM by PIB Thiruvananthpuram
കൊവിഡ്19 പ്രതിരോധ തയ്യാറെടുപ്പുകളുടെ ഭാഗമായി 20000 കോച്ചുകളില്‍ ക്വാറന്റൈന്‍, ഐസൊലേഷന്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സായുധ സേനാ മെഡിക്കല്‍ സര്‍വീസസ്, വിവിധ റെയില്‍വേ സോണുകളിലെ മെഡിക്കല്‍ വിഭാഗങ്ങള്‍, ആയുഷ്മാന്‍ ഭാരത് ആരോഗ്യ മന്ത്രാലയം എന്നിവയുമായി കേന്ദ്ര ഗവണ്‍മെന്റ് കൂടിയാലോചനകള്‍ നടത്തി. അഞ്ച് റെയില്‍വേ മേഖലകളിലും ക്വാറന്റൈന്‍, ഐസൊലേഷന്‍ കോച്ചുകളുടെ മാതൃക തയ്യാറാക്കിക്കഴിഞ്ഞു.
ഈ നവീകരിച്ച 20000 കോച്ചുകളില്‍ 3.2 ലക്ഷം കിടക്കകള്‍ വരെ ഐസൊലേഷന്‍ ആവശ്യങ്ങള്‍ക്കു വേണ്ടി സജ്ജീകരിക്കാന്‍ കഴിയും. തുടക്കത്തില്‍ ക്വാറന്റൈന്‍, ഐസൊലേഷന്‍ ആവശ്യങ്ങള്‍ക്കായി മാറ്റുന്നതിനു 5000 കോച്ചുകളുടെ നവീകരണം തുടങ്ങി. ഈ 5000 കോച്ചുകളില്‍ 80000 കിടക്കകള്‍ക്കുള്ള സൗകര്യമൊരുക്കാന്‍ കഴിയും. ഒരു കോച്ചില്‍ 16 ഐസോലേഷന്‍ കിടക്കകളാണ് പ്രതീക്ഷിക്കുന്നത്.
ശീതീകരിക്കാത്തതും ഐസിഎഫും സ്ലീപ്പര്‍ കോച്ചുകളുമാണ് ക്വാറന്റൈന്‍, ഐസൊലേഷന്‍ കോച്ചുകളാക്കി മാറ്റുന്നത്.
കോച്ചിന്റെ വശങ്ങളിലെ കിടക്കയ്ക്കു സമീപമായി ഉറപ്പിച്ചു വയ്ക്കാവുന്ന വിധത്തില്‍ മെഡിക്കല്‍ വിഭാഗം രണ്ടുവീതം ഓക്‌സിജന്‍ സിലിണ്ടറുകളും സജ്ജീകരിക്കും. എല്ലാ കോച്ചുകളിലെയും നടുഭാഗത്തെ കിടക്ക മാറ്റും.
ക്വാറന്റൈന്‍, ഐസൊലേഷന്‍ കോച്ചുകളുടെയും ട്രെയിനുകളുടെയും പ്രവര്‍ത്തനങ്ങളും വിനിയോഗവും സംബന്ധിച്ച് റെയില്‍വേ ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ വിശദമായ നടപടിക്രമം പുറപ്പെടുവിക്കും. ആവശ്യമായ നവീകരണങ്ങള്‍ ഉടന്‍ ആസൂത്രണം ചെയ്യുന്നതിനും ഏറ്റെടുക്കാന്‍ സജ്ജമാകുന്ന തീയതി റെയില്‍വേ ബോര്‍ഡിനെ അറിയിക്കാനും എല്ലാ മേഖലാ റെയില്‍വേകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
(Release ID: 1609605)