പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യന്‍ എംബസികളുടെയും ഹൈക്കമ്മിഷനുകളുടെയും തലവന്‍മാരുമായി പ്രധാനമന്ത്രി വിഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചു

Posted On: 30 MAR 2020 7:28PM by PIB Thiruvananthpuram
ഇന്ത്യന്‍ എംബസികളുടെയും ഹൈക്കമ്മിഷനുകളുടെയും തലവന്‍മാരുമായി പ്രധാനമന്ത്രി വിഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചു 
ഇന്നു വൈകിട്ട് അഞ്ചിനു പ്രധാനമന്ത്രി എല്ലാ ഇന്ത്യന്‍ എംബസികളുടെയും ഹൈക്കമ്മിഷനുകളുടെയും തലവന്‍മാരുമായി വിഡിയോ കോണ്‍ഫറന്‍സ് നടത്തി. ലോകത്താകമാനമുള്ള ഇന്ത്യന്‍ നയതന്ത്ര കേന്ദ്രങ്ങളുമായി ഇതാദ്യമായി യോഗം സംഘടിപ്പിച്ചത് ആഗോളതലത്തില്‍ കോവിഡ്-19 പടര്‍ന്നുപിടിക്കുന്നതു സംബന്ധിച്ച സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനാണ്. 
അസാധാരണ സാഹചര്യങ്ങളില്‍ അസാധാരണമായ പരിഹാരങ്ങള്‍ ആവശ്യമായി വരുമെന്നു ചൂണ്ടിക്കാണിച്ച പ്രധാനമന്ത്രി, അതിനാലാണ് ഈ ആഗോളവല്‍ക്കരണ കാലഘട്ടമായിട്ടും ലോകത്തിന്റെ വലിയ പങ്കു സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചതെന്നു വ്യക്തമാക്കി. മഹാവ്യാധിയെ പ്രതിരോധിക്കുന്നതിനായി കൈക്കൊള്ളേണ്ടിവന്ന ഒഴിവാക്കാന്‍ പറ്റാത്ത നടപടിയാണ് ഇത്. പക്ഷേ, ആഗോളതലത്തിലുള്ള അടച്ചിടല്‍ രാജ്യാന്തര ഗതാഗത സംവിധാനം, സാമ്പത്തിക വിപണികള്‍, ആഗോള സമ്പദ്‌വ്യവസ്ഥ എന്നിവയില്‍ വലിയ തിരിച്ചടികള്‍ സൃഷ്ടിക്കും.
ഈ മഹാവ്യാധിയെ പ്രതിരോധിക്കാന്‍ ജനുവരി പകുതി മുതല്‍ ഇന്ത്യ മുന്‍പില്ലാത്ത തരത്തിലുള്ള നടപടി കൈക്കൊണ്ടിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. വിദേശത്തുനിന്നു രോഗബാധ കടന്നെത്താതിരിക്കാനും വലിയ തോതില്‍ പൊട്ടിപ്പുറപ്പെടുന്നത് ഇല്ലാതാക്കാനും പരമാവധി നേരത്തേ തന്നെ രാജ്യം പ്രതികരിച്ചു. ഇന്ത്യ നടപ്പാക്കിയ ലോകത്തിലെ ഏറ്റവും വലിയ ലോക്ക്-ഡൗണ്‍ ഇതില്‍ പെടും. 
പ്രതിസന്ധിയുട പ്രഭവകേന്ദ്രങ്ങള്‍ ചിലതില്‍ പെട്ട് ഒറ്റപ്പെട്ടുപോയ ഇന്ത്യക്കാരെ രക്ഷിക്കാന്‍ കൈക്കൊണ്ട നടപടികള്‍ക്കു വിവിധ രാജ്യങ്ങളിലെ നയതന്ത്ര തലവന്‍മാരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. അഞ്ചു കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു:
1. നയതന്ത്ര പ്രതിനിധികളുടെയും കുടുംബാംഗങ്ങളുടെയും മറ്റു ജീവനക്കാരുടെയും ആരോഗ്യം ഉറപ്പുവരുത്തുക
2. രാജ്യാന്തര യാത്രകള്‍ സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ വിവിധ രാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരെ ശ്രദ്ധിക്കുക. അത്തരം വ്യക്തികളെ അവരുടെ മനോബലം ഉയര്‍ത്തുന്നതിനും അവര്‍ ആസൂത്രിതമായല്ലാതെ വിദേശത്തു കഴിയേണ്ടിവരുന്നതിനാല്‍ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ അതതു രാജ്യത്തെ ഗവണ്‍മെന്റുകളുടെ ശ്രദ്ധയില്‍ പെടുത്തി പരിഹരിക്കുന്നതിനും വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ നേരിടാന്‍ ഇടയുള്ള താമസം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ശ്രമിക്കുക. 
3. കോവിഡ്-19നെതിരായ ഇന്ത്യയുടെ പോരാട്ടത്തിനായി വൈദ്യ സംവിധാനങ്ങള്‍ വാങ്ങുന്നതിനായി അതതു രാജ്യത്തെ പ്രവര്‍ത്തനവും നൂതനാശയങ്ങളും ശാസ്ത്ര നേട്ടങ്ങളും സ്രോതസ്സുകളും സംബന്ധിച്ച് അറിഞ്ഞിരിക്കുക. 
4. ഈ പ്രതിസന്ധി സമ്പദ്‌വ്യവസ്ഥയെക്കൂടി ബാധിക്കുമെന്നിരിക്കെ, വിദേശ പങ്കാളികളുമായി സഹകരിച്ച് അവശ്യവസ്തുക്കളുടെ വ്യാപാരവും ചരക്കുനീക്ക ശൃംഖലകളും പണം അയയ്ക്കലുമൊക്കെ തടസ്സമില്ലാതെ നടക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനു ശ്രദ്ധവെക്കണം. 
5. പുതിയ രാജ്യാന്തര രാഷ്ട്രീയ, സാമ്പത്തിക സാഹചര്യങ്ങള്‍ കോവിഡ്-19 മഹാവ്യാധിയുടെ പശ്ചാത്തലത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടു ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുക.
തുടര്‍ന്ന് ബീജിങ്, വാഷിങ്ടണ്‍ ഡിസി, ടെഹ്‌റാന്‍, റോം, ബെര്‍ലിന്‍, കാഠ്മണ്ഡു, അബുദാബി, കാബൂള്‍, മാലി, സോള്‍ എന്നിവിടങ്ങളിലെ നയതന്ത്ര തലവന്‍മാര്‍ തങ്ങളുടെ വീക്ഷണങ്ങള്‍ പ്രധാനമന്ത്രിയുടെ മുന്‍പാകെ അവതരിപ്പിച്ചു. മഹാവ്യാധിയെ പ്രതിരോധിക്കുന്നതിനായി ഇന്ത്യ കൈക്കൊണ്ട നിശ്ചയദാര്‍ഢ്യത്തോടുകൂടിയ നടപടികളെ വിദേശ രാജ്യങ്ങള്‍ പ്രശംസിച്ചതു സംബന്ധിച്ച വിശദാംശങ്ങളും അവര്‍ വിശദീകരിച്ചു. 
വിദേശത്തു കുടുങ്ങിപ്പോയവരെ, വിശേഷിച്ചു വിദ്യാര്‍ഥികളെയും തൊഴിലെടുക്കുന്നവരെയും, സഹായിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ നയതന്ത്ര തലവന്‍മാര്‍ വ്യക്തമാക്കി. മഹാവ്യാധിയെ പ്രതിരോധിക്കുന്നതിന് ഇന്ത്യക്കു സഹായകമാകാവുന്ന മരുന്നുകളും വൈദ്യോപകരണങ്ങളും സാങ്കേതിക വിദ്യയും ഗവേഷണവും മറ്റു സാധ്യതകളും സംബന്ധിച്ചു മനസ്സിലാക്കുന്നതിനായി നടത്തുന്ന ശ്രമങ്ങളും വിശദീകരിക്കപ്പെട്ടു. കോവിഡ്-19നെതിരായുള്ള ആഗോള പോരാട്ടത്തില്‍ ഓരോ രാജ്യങ്ങളും പഠിച്ച പാഠങ്ങളും നടപ്പാക്കിയ മികച്ച മാതൃകകളും സംബന്ധിച്ചു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അയല്‍രാഷ്ട്രങ്ങളിലെ നയതന്ത്ര തലവന്‍മാര്‍ കോവിഡ്-19നെ പ്രതിരോധിക്കാന്‍ ഇന്ത്യ മുന്‍കയ്യെടുത്തു രൂപീകരിച്ച സാര്‍ക് ഫണ്ട് ഉപയോഗിച്ച് അതതു രാജ്യങ്ങളെ സഹായിക്കാന്‍ കൈക്കൊണ്ടുവരുന്ന നടപടികള്‍ ശ്രദ്ധയില്‍ പെടുത്തി. തങ്ങളുടെ ജോലി നിര്‍വഹിക്കുന്നതിനു പ്രധാനമന്ത്രി നല്‍കുന്ന മാര്‍ഗനിര്‍ദേശത്തിനും പ്രചോദനത്തിനും നയതന്ത്ര തലവന്‍മാര്‍ നന്ദി അറിയിച്ചു. 
രാജ്യത്തുനിന്ന് അകലെയാണു കഴിയുന്നതെങ്കിലും കോവിഡ്-19നെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യയുടെ നയതന്ത്രജ്ഞര്‍ പൂര്‍ണ പങ്കാളിത്തമാണു വഹിക്കുന്നതെന്ന് ഉപസംഹാരമായി പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. എല്ലാ ഇന്ത്യക്കാരുടെയും ഐക്യവും ജാഗ്രതയും വഴി രാജ്യത്തിന്റെ ഭാവി സുരക്ഷിതമാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. 


(Release ID: 1609452) Visitor Counter : 225