പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2020 മാര്‍ച്ച് 29 ന് രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ
Posted On:
29 MAR 2020 12:42PM by PIB Thiruvananthpuram
(മനസ്സ് പറയുന്നത്)
എന്റെ പ്രിയപ്പെട്ട ജനങ്ങളേ, സാധാരണയായി മന്‍ കീ ബാത് ല്‍ ഞാന്‍ പല വിഷയങ്ങളും സംസാരിക്കാറുണ്ട്. എന്നാലിന്ന് രാജ്യത്തിന്റെയും ലോകത്തിന്റെയും മനസ്സില്‍ ഒരേയൊരു കാര്യമേയുള്ളൂ, കൊറോണയെന്ന ആഗോള മഹാമാരിയെത്തുടര്‍ന്നുണ്ടായിട്ടുള്ള ഭീകരമായ പ്രതിസന്ധി. അങ്ങനെയിരിക്കെ ഞാന്‍ മറ്റു വിഷയങ്ങളെക്കുറിച്ചു സംസാരിക്കുന്നത് ഉചിതമായിരിക്കില്ല. ആദ്യമായി ഞാന്‍ എന്റെ രാജ്യത്തെ ജനങ്ങളോടു ക്ഷമചോദിക്കട്ടെ. നിങ്ങളെന്നോടു ക്ഷമിക്കുമെന്നാണ് മനസ്സു പറയുന്നത്, കാരണം, നിങ്ങള്‍ക്ക് അനേകം ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വരുന്ന തീരുമാനങ്ങള്‍ എടുക്കേണ്ടതായി വന്നിട്ടുണ്ട്, വിശേഷിച്ചും എന്റെ ദരിദ്രരായ സഹോദരീ സഹോദരന്മാരുടെ കാര്യം നോക്കുമ്പേങറ്റ. നമ്മളെ ഇത്ര കഷ്ടപ്പാടിലേക്കു തള്ളിയ ആള്‍ എന്തൊരു പ്രധാനമന്ത്രിയാണെന്നു തോന്നുന്നുണ്ടാകും. അവരോടും ഞാന്‍ വിശേഷിച്ചു ക്ഷമ ചോദിക്കുന്നു. വീട്ടില്‍ അടച്ചിരിക്കാന്‍ പറഞ്ഞതിന്റെ പേരില്‍ വളരെയധികം ആളുകള്‍ എന്നോട് അനിഷ്ടത്തിലുമായിരിക്കും. എനിക്ക് നിങ്ങളുടെ കഷ്ടപ്പാടുകള്‍ മനസ്സിലാകുന്നുണ്ട്. നിങ്ങളുടെ ബുദ്ധിമുട്ടുകളും മനസ്സിലാകുന്നുണ്ട്. എങ്കിലും ഭാരതത്തെപ്പോലെ 130 കോടി ജനങ്ങളുള്ള ഒരു രാജ്യത്തിന് കൊറോണയ്‌ക്കെതിരെ പോരാടാന്‍ ഇങ്ങനെയൊരു നടപടിയല്ലാതെ വേറെ വഴിയില്ല. കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടം ജീവിതത്തിനും മരണത്തിനുമിടയ്ക്കുള്ള പോരാട്ടമാണ്. ഈ പോരാട്ടത്തില്‍ നമുക്കു ജയിക്കേണ്ടതുണ്ട്. അതുകൊണ്ട് ഇതുപോലുള്ള കടുത്ത നടപടി ആവശ്യമായിരുന്നു. ഇങ്ങനെയൊരു നടപടി മനസ്സനുവദിക്കുന്നതല്ല, എന്നാല്‍ ലോകത്തിലെ സ്ഥിതിഗതികള്‍ കണ്ടപ്പോള്‍ തോന്നിയത് ഇതേയൊരു വഴിയുള്ളൂ എന്നാണ്. നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും സുരക്ഷിതമായി കാക്കേണ്ടതുണ്ട്. നിങ്ങള്‍ക്കുണ്ടായ അസൗകര്യത്തിന് വീണ്ടും ഒരിക്കല്‍ കൂടി നിങ്ങളോടു ക്ഷര ചോദിക്കുന്നു.
സൂഹൃത്തുക്കളേ, ഇവിടെ ഒരു ചൊല്ലുണ്ട്, ഏവം ഏവം വികാരഃ അപി തരുന്ഹാ സാധ്യതേ സുഖം, അതായത് രോഗത്തോടും അതിന്റെ വ്യാപനത്തോടും തുടക്കത്തിലേ പോരാടേണ്ടതാണ്. പിന്നീട് രോഗം അസാധ്യമാകും, അപ്പോള്‍ ചികിത്സയും പ്രയാസമാകും. ഇന്ന് ഭാരതമൊന്നാകെ, ഓരോ ഭാരതീയനും ഇതാണ് പറയുന്നത്. മാതാ പിതാക്കന്‍മാരേ, സഹോദരീ സഹോദരന്മാരേ, ഇന്ന് കൊറോണ വൈറസ് ലോകത്തെത്തന്നെ തടവിലാക്കിയിരിക്കയാണ്. ഈ അറിവും, ശാസ്ത്രവും, ദരിദ്രരെയും സമ്പന്നരെയും, ദുര്‍ബ്ബലരെയും ശക്തരെയും എല്ലാവരെയും തന്നെ വെല്ലുവിളിക്കയാണ്. ഇത് രാഷ്ട്രത്തിന്റെ പരിധികളില്‍ ഒതുങ്ങുന്നതല്ല, ഏതു പ്രദേശമെന്നില്ല, ഏതു കാലാവസ്ഥയെന്നില്ല. ഈ വൈറസ് മനുഷ്യനെ ബാധിച്ചാല്‍ അവനെ ഇല്ലാതാക്കുമെന്ന് പ്രതിജ്ഞാബദ്ധമാണ്. അതുകൊണ്ട് എല്ലാവര്‍ക്കും, മനുഷ്യസമൂഹത്തിനൊന്നാകെയും ഈ വൈറസിനെ ഇല്ലാതെയാക്കാന്‍ ഐക്യത്തോടെ ദൃഢനിശ്ചയം എടുക്കേണ്ടതുണ്ട്. ചിലര്‍ക്ക് തോന്നുന്നത് ലോക്ഡൗണ്‍ പാലിക്കുന്നതു വഴി അവര്‍ മറ്റാര്‍ക്കോ എന്തോ ഉപകാരം ചെയ്യുകയാണെന്നാണ്. സഹോദരാ, ഈ തെറ്റിദ്ധാരണ വച്ചു പുലര്‍ത്തുന്നതു ശരിയല്ല. ഈ ലോക്ഡൗണ്‍ നിങ്ങളുടെ രക്ഷയ്ക്കാണ്. നിങ്ങള്‍ക്ക് സ്വയം കാക്കണം, കുടുംബത്തെയും കാക്കണം. ഇനി വരുന്ന പല ദിവസങ്ങളിലും ഇതുപോലെ ക്ഷമ കാട്ടേണ്ടതുണ്ട്, ലക്ഷ്മണരേഖ പാലിക്കുതന്നെ വേണം. സുഹൃത്തുക്കളേ, ആരും നിയമം ലംഘിക്കാനാഗ്രഹിക്കുന്നില്ലെന്ന് എനിക്കറിയാം. എന്നാല്‍ ചിലര്‍ക്ക്ഇനിയും കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാത്തതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. അങ്ങനെയുള്ളവരോട് പറയാനുള്ളത് ലോക്ഡൗണ്‍ നിയമം ലംഘിച്ചാല്‍ കൊറോണ വൈറസില്‍ നിന്നു രക്ഷപ്പെടുക പ്രയാസമാകും. ലോകമെങ്ങുമുള്ള വളരെയധികം ആളുകള്‍ക്ക് ഇത്തരം തെറ്റിദ്ധാരണയായിരുന്നു. ഇന്ന് അവരെല്ലാം പശ്ചാത്തപിക്കുകയാണ്. സുഹൃത്തുക്കളേ, ഇവിടെയൊരു പറച്ചിലുണ്ട്, ആരോഗ്യം പരം ഭാഗ്യം സ്വാസ്ഥ്യം സര്‍വാര്‍ത്ഥ സാധനം. അതായത് ആരോഗ്യമാണ് ഏറ്റവും വലിയ ഭാഗ്യം. ലോകത്ത് എല്ലാ സുഖത്തിനും വേണ്ടത് ആരോഗ്യം തന്നെയാണ്. അങ്ങനെയിരിക്കെ നിയമം ലംഘിക്കുന്നവര്‍ സ്വന്തം ജീവനോടാണ് വലിയ കളി കളിക്കുന്നത്. സുഹൃത്തുക്കളേ, ഈ പോരാട്ടത്തിലെ അനേകം യോദ്ധാക്കള്‍ വീട്ടിലിരുന്നല്ല, വീട്ടിനുപുറത്ത് കൊറോണ വൈറസിനെതിരെ പോരാടുകയാണ്. അവരാണ് മുന്നണി പോരാളികള്‍. വിശേഷിച്ചും നമ്മുടെ നേഴ്‌സ് സഹോദരിമാര്‍, നേഴ്‌സ് സഹോദരന്മാര്‍, ഡോക്ടര്‍മാര്‍, പാരാ മെഡിക്കല്‍ സ്റ്റാഫ് തുടങ്ങിയവര്‍. കൊറോണയെ പരാജയപ്പെടുത്തിയിയവരില്‍ നിന്ന് നാം പ്രചോദനം ഉള്‍ക്കൊള്ളണം. കഴിഞ്ഞ ദിവസങ്ങളില്‍ ഞാന്‍ അങ്ങനെയുള്ള ചിലരുമായി ഫോണില്‍ സംസാരിക്കയുണ്ടായി. അവരുടെ ഉത്സാഹം വര്‍ധിപ്പിച്ചു, അവരോടു സംസാരിച്ചതില്‍നിന്ന് എന്റെ ഉത്സാഹവും വര്‍ധിച്ചു. ഞാന്‍ അവരില്‍ നിന്ന വളരെയേറെ പഠിച്ചു. അതുകൊണ്ട് ഇപ്രാവശ്യം മന്‍ കീ ബാത് ല്‍ അങ്ങനെയുള്ള സുഹൃത്തുക്കളുടെ അനുഭവം, അവരുമായി നടത്തിയ സംഭാഷണത്തില്‍ ചിലത് നിങ്ങളെ കേള്‍പ്പിക്കാനാഗ്രഹിക്കുന്നു. ആദ്യമായി നമ്മോടു സംസാരിക്കുന്നത് ശ്രീ.രാമഗമ്പാ തേജാ ജി ആണ്. ഐടി പ്രൊഫഷണലാണ്.. വരൂ ആ അനുഭവം കേള്‍ക്കാം.
രാമഗമ്പാ തേജാ ജി - നമസ്‌തേ ജീ.
മോദിജി - റാം, നമസ്‌തേ
രാമ ഗമ്പാ തേജാ - നമസ്‌തേ നമസ്‌തേ
മോദിജി- അങ്ങ് കൊറോണ വൈറസ് മഹാ രോഗത്തില്‍ നിന്ന് രക്ഷപെട്ടുവെന്നു കേട്ടു.
രാമ ഗമ്പാ തേജാ - ഉവ്വ്
മോദി ജി - ഞാന്‍ അങ്ങയോടു സംസാരിക്കാനാഗ്രഹിക്കുന്നു. പറയൂ. ഈ രോഗത്തില്‍ നിന്ന് രക്ഷപെട്ട അങ്ങ് സ്വന്തം അനുഭവം പറയൂ. അതു കേള്‍ക്കാനാഗ്രഹിക്കുന്നു.
രാമ ഗമ്പാ തേജാ - ഞാന്‍ ഐടി സെക്ടറില്‍ ജോലി ചെയ്യുന്നു. ജോലിയുമായി ബന്ധപ്പെട്ട് ഒരു മീറ്റിംഗില്‍ പങ്കെടുക്കാന്‍ ദുബായില്‍ പോയിരുന്നു. അവിടെ വച്ചാണ് എങ്ങനെയോ ഇത് പിടിപെട്ടത്. തിരികെ വരുമ്പോഴേക്കും പനി തുടങ്ങിയിരുന്നു. അഞ്ചാറു ദിവസത്തിനുശേഷമാണ് ഡോക്ടര്‍ കൊറോണ് വൈറസ് ടെസ്റ്റ് നടത്തിയതും പോസിറ്റീവെന്നു കണ്ടതും. തുടര്‍ന്ന് സര്‍ക്കാര്‍ വക ഗാന്ധി ഹോസ്പിറ്റല്‍, ഹൈദരാബാദില്‍ അഡ്മിറ്റായി. തുടര്‍ന്ന് 14 ദിവസങ്ങള്‍ക്കുശേഷം രോഗം മാറുകയും ഡിസ്ചാര്‍ജ്ജാവുകയും ചെയ്തു. അല്പം ഭീതിപ്പെടുത്തുന്നതായിരുന്നു അനുഭവം.
മോദി ജീ - അതായത് അങ്ങയ്ക്ക് രോഗം ബാധിച്ചു എന്നറിഞ്ഞപ്പോള്‍.., അല്ലേ…
രാമ ഗമ്പാ തേജാ - അതെ
മോദിജി - ബുദ്ധിമുട്ടു തോന്നാന്‍ തുടങ്ങിയപ്പോഴേ ഈ വൈറസ് ഭീകരനാണെന്ന് തോന്നിയിട്ടുണ്ടാകും.
രാമ ഗമ്പാ തേജാ - അതെ.
മോദി ജി - അങ്ങയ്ക്കതു മനസ്സിലായപ്പോള്‍, പെട്ടെന്ന് എന്തായിരുന്നു അങ്ങയുടെ പ്രതികരണം?
രാമ ഗമ്പാ തേജാ - ആദ്യം വലിയ ഭയമായി, വിശ്വസിക്കാനേ ആയില്ല, എനിക്കാ രോഗമാണെന്നും, ഇതെങ്ങനെ സംഭവിച്ചു എന്നും. കാരണം ഇന്ത്യയില്‍ ആകെ രണ്ടോ മൂന്നോ പേര്‍ക്കേ ഇത് അപ്പോള്‍ ഉണ്ടായിരുന്നുള്ളൂ. അതെക്കുറിച്ച് വിശേഷിച്ച് ഒന്നും അറിയില്ലായിരുന്നു. ആശുപത്രിയില്‍ അഡ്മിറ്റ് ആയപ്പോള്‍ എന്നെ ക്വാറന്റൈനിലാണ് ആക്കിയത്. അപ്പോള്‍ ആദ്യത്തെ രണ്ടുമൂന്നു ദിവസം, വെറുതെ കടന്നുപോയി, ഡോക്ടര്‍മാരും നേഴ്‌സുമാരും വേണ്ടവിധം നോക്കിയിരുന്നു.
മോദി ജി - എന്നിട്ട്
രാമ ഗമ്പാ തേജാ -അവര്‍ നന്നായി പെരുമാറിയിരുന്നു. ദിവസവും എന്നെ വിളിച്ച് സംസാരിച്ചിരുന്നു, ഒന്നും പറ്റില്ല, ഭേദമായിക്കോളും എന്ന് മനോബലം നല്കിയിരുന്നു. ആശ്വസിപ്പിച്ച് സംസാരിച്ചു. ദിവസവും രണ്ടുമൂന്നുപ്രാവശ്യം ഡോക്ടറെത്തി സംസാരിച്ചിരുന്നു. നേഴ്‌സും സംസാരിച്ചിരുന്നു. ആദ്യമുണ്ടായിരുന്ന ഭയം മാറി, ഇത്രയും നല്ല ആള്‍ക്കാരുടെ നോട്ടത്തിലല്ലേ, എന്താണ് ചെയ്യേണ്ടതെന്ന് ഇവര്‍ക്കറിയാമല്ലോ, എനിക്കു സുഖമാകും എന്ന വിശ്വാസമായി.
മോദിജി - കുടുംബത്തിലെ ആളുകളുടെ മനഃസ്ഥിതി എന്തായിരുന്നു?
രാമ ഗമ്പാ തേജാ - ഞാന്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റായപ്പോള്‍ ആദ്യം എല്ലാവരും വലിയ ടെന്‍ഷനിലായിരുന്നു. കുടുംബത്തിലുള്ളവരിലായിരുന്ന അധികം ശ്രദ്ധ. അവരുടെയും ടെസ്റ്റു നടത്തി. അവര്‍ക്കെല്ലാം നെഗറ്റീവായിരുന്നു. അതായിരുന്നു കുടുംബത്തിനുണ്ടായ ഏറ്റവും വലിയ അനുഗ്രഹം. അടുത്തുള്ള എല്ലാവര്‍ക്കും അത് ആശ്വാസമായി. പിന്നെ ദിവസേന പുരോഗതിയുണ്ടായിരുന്നു. ഡോക്ടര്‍ കുടുംബത്തോടും എല്ലാവരോടും സംസാരിച്ചിരുന്നു...
മോദിജി - അങ്ങ് സ്വയം എന്തെല്ലാം മുന്‍കരുതലുകളെടുത്തു, കുടുംബാംഗങ്ങള്‍ എന്തെല്ലാം മുന്‍ കരുതലുകളെടുത്തു?
രാമ ഗമ്പാ തേജാ - കുടുംബത്തിന്റെ രക്ഷയ്ക്ക് ആദ്യമായി രോഗത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ത്തന്നെ ഞാന്‍ ക്വാറന്റൈനിലായി. ക്വാറന്റൈനെന്നാല്‍ ഡോക്ടര്‍മാര്‍ പറഞ്ഞതനുസരിച്ച് 14 ദിവസത്തേക്ക് വീട്ടില്‍തന്നെ ഇരുന്നു. വീട്ടില്‍ത്തന്നെ ഇരിക്കണം സ്വന്തം റൂമില്‍ത്തന്നെ ഇരിക്കണം. തിരിച്ചെത്തിയശേഷവും വീട്ടില്‍ത്തന്നെയാണ്. സ്വന്തം റൂമില്‍ത്തന്നെ അധികവും., മാസ്‌ക് ധരിച്ചുകൊണ്ട് പകകല്‍ മുഴുവന്‍. .കൈ കഴുകണമെന്നതാണ് പ്രധാനം.
മോദിജി - ശരി റാം. അങ്ങ് സുഖമായി വന്നിരിക്കുന്നു. അങ്ങയ്ക്കും കുടുംബത്തിനും ശുഭാശംസകള്‍ നേരുന്നു.
രാമ ഗമ്പാ തേജാ - നന്ദി
മോദി ജി - അങ്ങയുടെ ഈ അനുഭവം ആളുകള്‍ അറിയട്ടെ എന്നു ഞാനാഗ്രഹിക്കുന്നു. അങ്ങ് ഐടി പ്രൊഫഷനിലല്ലേ. ഈ അനുഭവം ഓഡിയോ ഉണ്ടാക്കി ആളുകള്‍ക്കിടയില്‍ ഷെയര്‍ ചെയ്യൂ. സോഷ്യല്‍ മീഡിയയില്‍ വൈറലാക്കൂ. ആളുകള്‍ ഭയപ്പെടാതിരിക്കയും ചെയ്യും, അതേസമയം മുന്‍കരുതലെടുത്താല്‍ എങ്ങനെ രക്ഷപെടാം എന്നുള്ള സന്ദേശം സുഖമായി ജനങ്ങളിലെത്തുകയും ചെയ്യും.
രാമ ഗമ്പാ തേജാ - ഉവ്വ് മോദിജി. ഇപ്പോള്‍ കാണുന്നത് ക്വാറന്റൈന്‍ എന്നാല്‍ ജയിലില്‍ പോകുന്നതിനു തുല്യമാണെന്നാണ് ആളുകള്‍ വിചാരിക്കുന്നത്. എന്നാല്‍ അങ്ങനെയല്ല. ഈ ക്വാറന്റൈന്‍ അവര്‍ക്കു വേണ്ടിയാണെന്നും, അവരുടെ കുടുംബത്തിനു വേണ്ടിയാണെന്നും ഓരോരുത്തരും മനസ്സിലാക്കണം. അതുകൊണ്ട് എല്ലാവരോടും എനിക്കു പറയാനുള്ളത് ടെസ്റ്റ് ചെയ്യിക്കൂ, ക്വാറന്റൈന്‍ എന്നു കേട്ട് ഭയപ്പെടേണ്ടതില്ല. അതുകൊണ്ട് ഒരു വിഷമവും വിചാരിക്കേണ്ടതില്ല.
മോദിജി- ശരി റാം. വളരെ വളരെ നന്ദി.
രാമ ഗമ്പാ തേജാ - നന്ദി മോദി ജീ,
സുഹൃത്തുക്കളേ, റാം പറഞ്ഞത് കൊറോണയുടെ ആശങ്കയുണ്ടായപ്പോള്‍ത്തന്നെ അദ്ദേഹം നിര്‍ദ്ദേശങ്ങള്‍പാലിച്ചുവെന്നാണ്. അതുകൊണ്ടാണ് ഇന്നദ്ദേഹത്തിന് രോഗമുക്തനായി സാധാരണ ജീവിതം നയിക്കാനാകുന്നത്. കൊറോണയെ പരാജയപ്പെടുത്തിയ ഒരാള്‍കൂടിയുണ്ട് നമ്മോടൊപ്പം. അദ്ദേഹത്തിന്റെ കുടുംബം മുഴുവന്‍ ഈ അപകടത്തില്‍ പെട്ടതെങ്ങനെയെന്ന് അദ്ദേഹം പറയും.
യുവാവായ മകനും അപകടത്തിലായി. ഒരൂ, ആഗ്രയില്‍ നിന്നുള്ള ശ്രീ.അശോക് കപൂറിനോടു നമുക്കു സംസാരിക്കാം.
മോദി ജി അശോക്ജി ,നമസ്‌തേ.
അശോക് കപൂര്‍ - അങ്ങയോടു സംസാരിക്കാനായത് ഭാഗ്യമെന്നു കരുതുന്നു.
മോദിജി. ശരി. അങ്ങയുടെ കുടുംബം മുഴുവന്‍ അപകടത്തിലായി എന്നറിഞ്ഞാണ് ഞാന്‍ അങ്ങയ്ക്ക് ഫോണ്‍ ചെയ്തത്.
അശോക് കപൂര്‍ - ഉവ്വ്
മോദിജി. അങ്ങയ്ക്ക് ഈ പ്രശ്‌നത്തെക്കുറിച്ച്, ഈ രോഗം പടിപെട്ടതിനെക്കുറിച്ച് എപ്പോഴാണ് അറിയാനായത്? എന്താണുണ്ടായത്? ആശുപത്രിയില്‍ എന്തു നടന്നു? അങ്ങു പറഞ്ഞതു കേട്ടിട്ട് രാജ്യത്തോട് പറയാനുള്ളതു വല്ലതുമുണ്ടെങ്കില്‍ അത് ഉപകരിക്കും.
അശോക് കപൂര്‍ - തീര്‍ച്ചയായും പറയാം സര്‍ . എന്റെ രണ്ടു മക്കളും ഇറ്റലിയില്‍ പോയിരുന്നു. അവിടെ ഷൂ ഫെയറായിരുന്നു. ഞങ്ങള്‍ ചെരുപ്പിന്റെ ജോലി ചെയ്യുന്നവരാണ്. നിര്‍മ്മാണ ഫാക്ടറിയുമുണ്ട്.
മോദി ജി - പറയൂ.
അശോക് കപൂര്‍ - ഇറ്റലിയില്‍ ഫെയറിനു പോയിരുന്നു. മരുമകനും കൂടെ പോയിരുന്നു. അവര്‍ ദില്ലിയിലാണു കഴിയുന്നത്. അവന് എന്തോ പ്രശ്‌നം തോന്നിയപ്പോള്‍ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പോയി.
മോദിജി - എന്നിട്ട്
അശോക് കപൂര്‍ - ടെസ്റ്റ് ചെയ്തപ്പോള്‍ പോസിറ്റീവെന്നുകണ്ടു. അവിടെ നിന്ന് ഫ്ദര്‍ജംഗിലേക്കു മാറ്റി.
മോദി ജി - എന്നിട്ട്
അശോക് കപൂര്‍ - അവിടെ നിന്നു ഫോണ്‍ ചെയ്തു പറഞ്ഞു മക്കളും ടെസ്റ്റ് ചെയ്യിക്കണമെന്ന്. ഇരുവരും ആഗ്ര ജില്ലാ ഹോസ്പിറ്റലില്‍ ടെസ്റ്റ് ചെയ്യിച്ചു. അവര്‍ കുടുംബത്തിലുള്ള മറ്റുള്ളവരെയും വിളിക്കാന്‍ പറഞ്ഞു. ഞങ്ങളെല്ലാവരും ചെന്നു. അവിടെ നിന്നു പറഞ്ഞു, ആറു പേരും, എന്റെ രണ്ടു മക്കള്‍, ഞാന്‍, എന്റെ പത്‌നി എല്ലാവരും പോസിറ്റീവാണെന്നു പറഞ്ഞു. എനിക്ക് 73 വയസ്സുണ്ട്. ഞാന്‍, എന്റെ പത്‌നി, എന്റെ മകന്റെ പത്‌നി, പതിനാറു വയസ്സുള്ള കൊച്ചുമകന്‍.
മോദി ജി - ഓ മൈ ഗോഡ്
അശോക് കപൂര്‍ - ഞങ്ങള്‍ ഭയപ്പെട്ടില്ല സര്‍. മനസ്സിലാക്കാനായത് നന്നായി എന്നു പറഞ്ഞു. ഞങ്ങള്‍ ദില്ലി സഫ്ദര്‍ ജംഗ് ഹോസ്പിറ്റലില്‍ പോയി. ആഗ്രയില്‍ നിന്ന് തന്നെ ആംബുലന്‍സിലാണ് അയച്ചത.് ചാര്‍ജ് ചെയ്തില്ല. ആഗ്രയിലെ ഡോക്ടറുടെയും അവിടത്തെ അഡ്മിനിസസ്‌ട്രേഷന്റെയും കൃപ. അവര്‍ നന്നായി വേണ്ടതു ചെയ്തു.
മോദിജി - ആംബുലന്‍സിലാണോ വന്നത്?
അളോക് കപൂര്‍ - അതെ ജി . ആംബുലന്‍സില്‍. കുഴപ്പമൊന്നുമില്ലായിരുന്നു. അവര്‍ രണ്ട് ആംബുലന്‍സ് വിട്ടുതന്നു. കൂടെ ഡോക്ടറും വന്നു. അവരാണ് സഫ്ദര്‍ജംഗ് ഹോസ്പിറ്റലില്‍ എത്തിച്ചത്. അവിടെ ഡോക്ടര്‍മാര്‍ ഗേറ്റില്‍ത്തന്നെ നിന്നിരുന്നു. അവിടെ വാര്‍ഡിലെത്തിച്ചു. ആറു പേര്‍ക്കും വെവ്വേറെ റൂം തന്നു. നല്ല മുറികളായിരുന്നു. എല്ലാ സൗകര്യങ്ങളുമുണ്ടായിരുന്നു. 14 ദിവസം ഹോസ്പിറ്റലില്‍ ഒറ്റയ്‌ക്കൊറ്റയ്ക്ക് കഴിഞ്ഞു. ഡോക്ടര്‍മാര്‍ നല്ല സഹകരണമായിരുന്നു. വളരെ നന്നായി പെരുമാറി, ചികിത്സിച്ചു, മറ്റു സ്റ്റാഫുകളും നന്നായി പെരുമാറി. അവര്‍ അവരുടെ പ്രത്യേക വേഷമണിഞ്ഞാണ് വന്നത്. ഡോക്ടറാണോ നെഴ്‌സാണോ വാര്‍ഡ് ബോയ് ആണോ എന്ന് തിരിച്ചറിയാന്‍ പറ്റില്ല. അവര്‍ പറഞ്ഞതൊക്കെ ഞങ്ങള്‍ കേട്ടു. ഇപ്പോള്‍ 1 ശതമാനം പോലും പ്രശ്‌നമില്ല.
മോദിജി - അങ്ങയ്ക്ക് നല്ല ആത്മവിശ്വാസമാണെന്നു തോന്നുന്നു.
അശോക് കപൂര്‍ - അതെ സര്‍. ഞാന്‍ പെര്‍ഫക്ടാണ് .മുട്ടിന്റെ ഓപ്പറേഷന്‍ നടത്തിയതാണ്. എന്നാലും ഞാന്‍ പെര്‍ഫെക്ടാണ്.
മോദിജി. അല്ല. കുടുംബത്തിന് ഇത്ര വലിയ ആപത്ത് വന്നു, 16 വയസ്സുള്ള കുട്ടിക്കും വന്നു....
അശോക് കപൂര്‍ - അവന് പരീക്ഷയുണ്ടായിരുന്നു. സര്‍. ഐസിഎസ്സിയുടെ പരീക്ഷ. പരീക്ഷ എഴുതാന്‍ സാധിച്ചില്ല. അത് പിന്നെ നോക്കാം. ജീവിച്ചിരുന്നാല്‍ പിന്നെ എല്ലാ പരീക്ഷയും നടക്കും. സാരമില്ല.
മോദിജി - ശരിയാണ്. അങ്ങയുടെ അനുഭവം കേട്ടത് നന്നായി. കുടുംബത്തിന് ആത്മവിശ്വാസമേകി, ധൈര്യം കാട്ടി.
അശോക് കപൂര്‍ - ഉവ്വ. കുടുംബം മുഴുവനും രക്ഷപ്പെട്ടു. പരസ്പരം സഹായമായി. നേരിട്ടു കണ്ടില്ല. ഫോണില്‍ സംസാരിച്ചു. ഡോക്ടര്‍മാര്‍ നല്ല സഹായം ചെയ്തു. വേണ്ടപോലെ. അവരോടു കടപ്പെട്ടിരിക്കുന്നു. അവര്‍ നന്നായി സഹകരിച്ചു. സ്റ്റാഫുകളും നേഴ്‌സുമാരും. എല്ലാം.
മോദി ജി - അങ്ങയ്ക്കും കുടുംബത്തിനു മുഴുവനും ശുഭാശംസകള്‍
അശോക് കപൂര്‍ - നന്ദി മോദിജി. നന്ദി. അങ്ങയോടു സംസാരിച്ചതില്‍ വളരെ സന്തോഷമുണ്ട്.
ഇനി എന്തെങ്കിലും ചെയ്യണമെങ്കില്‍, അതായ് അവേര്‍നസുമായി ബന്ധപ്പെട്ട് എവിടെങ്കിലും പോകണമെങ്കില്‍, എന്തെങ്കിലും ചെയ്യണമെങ്കില്‍ എപ്പോഴും തയ്യാറാണ്
മോദി ജി - അങ്ങ് അഗ്രയില്‍ തന്നെ കഴിയൂ. ആരെങ്കിലും വിശന്നിരിക്കുന്നെങ്കില്‍ അവര്‍ക്ക് ആഹാരം കൊടുക്കൂ. ദരിദ്രരെക്കുറിച്ച് വിചാരം വേണം. ആളുകള്‍ നിയമം പാലിക്കണമെന്നു പറയണം. അങ്ങയുടെ കൂടുംബം ഈ രോഗത്തിന്റെ പിടിയില്‍ പെട്ടെന്നും എന്നാല്‍ നിയമങ്ങള്‍ പാലിച്ച് കുടുംബത്തെ രക്ഷിച്ചെന്നും പറയൂ. എല്ലാവരും നിയമം പാലിച്ചാല്‍ രാജ്യം രക്ഷപെടും.
അശോക് കപൂര്‍ - ഞങ്ങള്‍ വീഡിയോ തയ്യാറാക്കി ചാനലുകള്‍ക്ക് നല്കിയിട്ടുണ്ട്.
മോദി ജി -നന്നായി.
അശോക് കപൂര്‍ - ചാനലുകള്‍ കാട്ടി. അതുകൊണ്ട് ആളുകള്‍ക്ക് അവേര്‍നസ് ഉണ്ടായി.
മോദിജി - സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കണം.
അശോക് കപൂര്‍ . ഉവ്വ് മോദിജി. കോളനിയില്‍ എല്ലാവരിലും എത്തിച്ചു. വൃത്തിയുള്ള കോളനിയാണ്. ഞങ്ങള്‍ സുഖമായി വന്നതു കണ്ടില്ലേ, ഭയപ്പെടേണ്ട കാര്യമില്ല എന്നു പറഞ്ഞു. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ടെസ്റ്റ് ചെയ്യിക്കൂ എന്നു പറഞ്ഞു. ഈശ്വരന്റെ കൃപകൊണ്ട് സുഖമായിരിക്കട്ടെ.
മോദി ജി - ശരി.. എല്ലാവര്‍ക്കും ശുഭാശംസകള്‍
സുഹൃത്തുക്കളേ, നാം ആശോക്ജിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും ദീര്‍ഘായുസ്സുണ്ടായിരിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു. അദ്ദേഹം പറഞ്ഞതുപോലെ പാനിക് ആകാതെ, ഭയപ്പെടാതെ സമയത്തിന് ശരിയായതു ചെയ്ത്, സമയത്തിന് ഡോക്ടറെ കണ്ട്, ഉചിതമായ മുന്‍കരുതലെടുത്ത് മഹാമാരിയെ നമുക്ക് പരാജയപ്പെടുത്താനാകും. സുഹൃത്തുക്കളേ, നാം മെഡിക്കല്‍ തലത്തില്‍ ഈ മഹാമാരിയെ എങ്ങനനെ നേരിടുന്നു എന്നറിയാന്‍ ഞാന്‍ ചില ഡോക്ടര്‍മാരോടു സംസാരിച്ചു. യുദ്ധത്തില്‍ മുന്നണിപ്പോരാളികളായി നില്‍ക്കുന്നവരോട്. ദിവസേന അവര്‍ ഈ രോഗികളുമായിട്ടാണ് ഇടപഴകുന്നത്. വരൂ. നമുക്ക് ദില്ലിയിലെ ഡോക്ടര്‍ നിതീഷ് ഗുപ്ത പറയുന്നതു കേള്‍ക്കാം.
മോദിജി - നമസ്‌തേ ഡോക്ടര്‍
ഡോ.നിതീഷ് ഗുപ്താ - നമസ്‌തേ സര്‍
മോദി ജി - നമസ്‌തേ നിതീശ് ജീ. അങ്ങ് യുദ്ധത്തില്‍ നിലകൊള്ളുകയാണ്. ആശുപത്രിയില്‍ അങ്ങയുടെ സുഹൃത്തുക്കളുടെ മൂഡ് എന്താണ് എന്നറിയാനാഗ്രഹിക്കുന്നു. പറയുമോ..
ഡോ.നിതീഷ് ഗുപ്താ - എല്ലാവരും വളരെ ഉത്സാഹത്തിലാണ്. അങ്ങയുടെ ആശീര്‍വ്വാദം എല്ലാവര്‍ക്കുമുണ്ട്. ആശുപത്രികള്‍ക്ക് അങ്ങയുടെ എല്ലാ സപ്പോര്‍ട്ടുമുണ്ട്, ചോദിക്കുന്നതെല്ലാം തരുന്നുണ്ട്. അതുകൊണ്ട് സൈന്യം അതിര്‍ത്തിയിലെന്നപോലെ ഞങ്ങള്‍ അതേ ആവേശത്തോടെ നില്‍ക്കുന്നു. ഞങ്ങള്‍ക്ക് ഒരേയൊരു കര്‍ത്തവ്യമേയുള്ളൂ, രോഗി സുഖമായി വീട്ടില്‍ പോകണം.
മോദി ജി - അങ്ങ് പറഞ്ഞതു ശരിയാണ്. യുദ്ധം പോലുള്ള സ്ഥിതിയാണ്. നിങ്ങളാണ് പോരാളികളായി നില്‍ക്കുന്നത്.
ഡോ.നിതീഷ് ഗുപ്താ - ഉവ്വ് സര്‍.
മോദി ജി- അങ്ങയ്ക്ക് ചികിത്സയ്‌ക്കൊപ്പം രോഗിയെ കൗണ്‍സലിംഗും ചെയ്യേണ്ടി വരുന്നുണ്ടാകുമല്ലോ?
ഡോ.നിതീഷ് ഗുപ്താ - ഉവ്വ് സര്‍. അത് വളരെ ആവശ്യമുള്ള കാര്യമാണ്. കാരണം രോഗി പെട്ടെന്ന് രോഗത്തെക്കുറിച്ചു കേട്ട് ഭയപ്പെട്ടു പോകുന്നു, തനിക്കെന്താണ് പറ്റിയതെന്ന് വേവലാതിപ്പെടുന്നു. പ്രശ്‌നമൊന്നുമില്ലെന്നും, അടുത്ത 14 ദിവസത്തിനുള്ളില്‍ ശരിയാകുമെന്നും, സുഖമായി വീട്ടില്‍ പോകാമെന്നും അവരെ ബോധ്യപ്പെടുത്തണം. ഇതുവരെ അതുപോലെ 16 രോഗികളെ വീട്ടിലയച്ചുകഴിഞ്ഞു.
മോദിജി - പൊതുവെ നോക്കിയാല്‍ എന്തു തോന്നുന്നു. ഭയപ്പട്ട ആളുകളാണ് മുന്നിലെങ്കില്‍ അതും വേവലാതിയുണ്ടാക്കുന്നുണ്ടോ നിങ്ങള്‍ക്ക്?
ഡോ.നിതീഷ് ഗുപ്ത - അവര്‍ക്ക് ഇനിയെന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന ഭയമാണ്. ഇനിയെന്ത്? വിദേശത്തൊക്കെ ആളുകള്‍ ഇത്രയധികം മരിക്കുന്നുണ്ടെങ്കില്‍ നമ്മുടെ സ്ഥിതിയെന്താകുമെന്നോര്‍ത്ത് ഭയപ്പെടുന്നു. ഓരോരുത്തരുടെയും പ്രശ്‌നമെന്താണെന്നും എന്ന് സുഖമാകുമെന്നും അവര്‍ക്ക് പറഞ്ഞുകൊടുക്കുന്നു. നിങ്ങളുടെ പ്രശ്‌നം വളരെ മൈല്‍ഡാണെന്നും, സാധാരണമായ ജലദോഷം പോലെയേ ഉള്ളൂ എന്നും പറഞ്ഞു കൊടുക്കുന്നു. മറ്റൊരാളുടെ കാര്യം പറഞ്ഞ്, അതുപോലെ നിങ്ങളും ആറേഴു ദിവസം കൊണ്ട് സുഖമാകും എന്നു പറയുന്നു. ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആയെന്നുകണ്ടാല്‍ വീട്ടിലേക്കയക്കാം. ഞങ്ങള്‍ വീണ്ടും വീണ്ടും രണ്ടും നാലും മണിക്കൂറിനിടയില്‍ അവരെ ചെന്നു കാണുന്നു, സുഖവിവരങ്ങള്‍ ചോദിക്കുന്നു. അവര്‍ക്ക് ആശ്വാസം തോന്നും... ദിവസം മുഴുവന്‍ ഇങ്ങനെയാകുമ്പോള്‍ അവര്‍ക്ക് നന്നായി തോന്നു.
മോദിജി - അവര്‍ക്ക് ആത്മവിശ്വാസം തോന്നും. തുടക്കത്തില്‍ ഭയം തോന്നുമല്ലേ?
ഡോ.നിതീഷ് ഗുപ്ത - തുടക്കത്തില്‍ ഭയപ്പെടുന്നു. എങ്കിലും ഞങ്ങള്‍ കാര്യം പറഞ്ഞു കൊടുക്കുമ്പോള്‍ രണ്ടും മൂന്നും ദിവസം കഴിയുമ്പോള്‍ കുറച്ചൊക്കെ ഭേദപ്പെടാന്‍ തുടങ്ങുമ്പോള്‍, അവര്‍ക്കും ങാ, ശരിയാകും എന്നു തോന്നാന്‍ തുടങ്ങുന്നു.
മോദി ജി - എങ്കിലും ജീവിതത്തിലെ ഏറ്റവും വലിയ സേവനത്തിനുള്ള അവസരം വന്നിരിക്കുന്നു എന്ന ഒരു തോന്നലുണ്ടോ എല്ലാവര്‍ക്കും?
ഡോ.നിതീഷ് ഗുപ്താ - ഉവ്വ്. തീര്‍ച്ചയായും. ഞങ്ങള്‍ ടീമിന് നല്ല പ്രോത്സാഹനം കൊടുക്കുന്നു. ഭയപ്പെടേണ്ട കാര്യമേ ഇല്ലെന്നു ബോധ്യപ്പെടുത്തുന്നു. നാം വേണ്ട മുന്‍കരുതലെടുക്കുകയും രോഗിയെയും മുന്‍കരുതലുകളെക്കുറിച്ച് മനസ്സിലാക്കിക്കൊടുക്കയും ചെയ്യും. ഇങ്ങനെയെല്ലാം ചെയ്താല്‍ എല്ലാം ശരിയാകുമെന്നു പറഞ്ഞു കൊടുക്കുന്നു.
മോദി ജീ - ശരി. അങ്ങയുടെ അടുത്ത് വളരെയധികം രോഗികളെത്തുന്നു, അങ്ങ് കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്നു. അങ്ങയോടു സംസാരിച്ചത് വളരെ ആശ്വാസമായി. ഞാന്‍ നിങ്ങളോടൊപ്പമുണ്ട്. പോരാട്ടം തുടരുക.
ഡോ.നിതീശ് ഗുപ്താ - അങ്ങയുടെ ആശീര്‍വ്വാദമുണ്ടായിരിക്കട്ടെ എന്നാഗ്രഹിക്കുന്നു.
മോദി ജി - വളരെ വളരെ ശുഭാശംസകള്‍.
ഡോ.നിതീഷ് ഗുപ്താ - നന്ദി സര്‍.
മോദി ജി - നന്ദി നിതീഷ് ജീ. അങ്ങയ്ക്ക് വളരെ നന്ദി. അങ്ങയെപ്പോലുള്ള ആളുകളുടെ ശ്രമഫലമായി ഭാരതം കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ തീര്‍ച്ചയായും വിജയിക്കും. അങ്ങ് സ്വന്തം ആരോഗ്യം നോക്കണം. സുഹൃത്തുക്കളുടെ കാര്യവും നോക്കണം. കുടുംബത്തെയും നോക്കണം. ഈ രോഗം പകരുന്ന ആളുകളുടെ എണ്ണം അപ്രതീക്ഷിതമായി വര്‍ധിക്കുന്നു എന്നാണ് ലോകത്തിലെ അനുഭവം കാട്ടിത്തരുന്നത്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഈ വര്‍ധനവു കാരണം വിദേശങ്ങളില്‍ നല്ല നല്ല ആരോഗ്യ സേവനമേഖലപോലും ബുദ്ധിമുട്ടിലാകുന്നതു കണ്ടു. ഭാരതത്തില്‍ അങ്ങനെയൊരു സ്ഥിതി ഉണ്ടാകാതിരിക്കാന്‍ നാം നിരന്തരം ശ്രമിക്കയാണ്. ഒരു ഡോക്ടര്‍കൂടി പൂനയില്‍ നിന്ന് സംസാരിക്കുന്നു. ശ്രീ ഡോക്ടര്‍ ബോര്‍സേ
മോദി ജി - നമസ്‌തേ ഡോക്ടര്‍
ഡോക്ടര്‍ - നമസ്‌തേ നമസ്‌തേ
മോദി ജി - നമസ്‌തേ. അങ്ങ് തീര്‍ത്തും ജനസേവാ ഈശ്വര സേവനം എന്ന വിചാരത്തോടെ ജോലിയില്‍ എര്‍പ്പെട്ടിരിക്കയാണ്. ഞാന്‍ അങ്ങയോടു ചിലതു സംസാരിക്കാനാഗ്രഹിക്കുന്നു. രാജ്യത്തെ ജനങ്ങളോട് അങ്ങയുടെ സന്ദേശം വേണം. ഒന്നാമത് പലരുടെയും മനസ്സിലുയരുന്ന പ്രശ്‌നം എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്, എപ്പോഴാണ് കൊറോണയുടെ ടെസ്റ്റ് നടത്തേണ്ടത് എന്നതാണ്. ഒരു ഡോക്ടറെന്ന നിലയില്‍ അങ്ങ് തീര്‍ത്തും ഈ കൊറോണ രോഗികള്‍ക്കായി സമര്‍പ്പിച്ചിരിക്കയാണ്. അതുകൊണ്ട് അങ്ങയുടെ വാക്കുകള്‍ക്ക് ഒരു ശക്തിയുണ്ട്. അതു കേള്‍ക്കാനാഗ്രഹിക്കുന്നു.
ഡോക്ടര്‍ - ഞാന്‍ ഇവിടെ ബീ.ജേ.മെഡിക്കല്‍ കോളജ് പൂനയിലാണ് ജോലി ചെയ്യുന്നത്. അവിടെ പ്രൊഫസറാണ്. പുണേ മുനിസിപ്പല്‍ ഹോസ്പിറ്റലാണ്, നായഡൂ ഹോസ്പിറ്റല്‍. അവിടെ ജനുവരി 2020 മുതല്‍ സ്‌ക്രീനിംഗ് സെന്റര്‍ തയ്യാറാണ്. ഇന്ന് വരെ 16 കോവിഡ് പോസിറ്റീലവ് കേസുകളുണ്ടായി. അവര്‍ക്കെല്ലാം വേണ്ട ചികിത്സ നല്‍കി, ക്വാറന്റൈന്‍ ആക്കി, ഐസൊലേഷനിലാക്കി. 7 പേര്‍ക്ക് ചികിത്സ നല്കി ഡിസ്ചാര്‍ജും ചെയ്തു. ഇനി ബാക്കിയുള്ള കേസുകളില്‍ അവരെല്ലാം സ്റ്റേബിളാണ്, സുഖമായിരിക്കുന്നു. വൈറസ് ശരീരത്തിലുണ്ടെങ്കിലും അവര്‍ സുഖമാകുന്നു. ഇവിടെ ആകെ 16 കേസുകളേയുള്ളു സര്‍. എന്നാല്‍ യുവ ജനതയെയും ബാധിക്കുന്നു എന്നു കാണുന്നു. യുവാക്കളിലുണ്ടാകുന്ന രോഗം കുറച്ച് സീരയസ് രോഗമല്ലെന്നു കാണുന്നു. മൈല്‍ഡ് ആണ്. രോഗികള്‍ സുഖപ്പെടുന്നുണ്ട് സര്‍. ഇനി ബാക്കിയുള്ള 9 പേരും സുഖമാകുകയാണ്. 4-5 ദിവസത്തിനുള്ളില്‍ സുഖമാകും. സംശയിച്ച് ഇവിടെ വരുന്ന ഇന്റര്‍നാഷണല്‍ യാത്രക്കാര്‍, കോണ്ടാക്ടില്‍ പെട്ടവര്‍ അവരുടെ സ്വാബ് എടുക്കുന്നു. എടുക്കുന്ന (oropharyngeal swab) എടുക്കുന്നു, നാസല്‍ സ്വാബ് എടുക്കുന്നു. നാസല്‍ സ്വാബ് റിപ്പോര്‍ട്ടു വരുമ്പോള്‍ പോസിറ്റീവ് ആണെന്നു കണ്ടാല്‍ പോസിറ്റീവ് വാര്‍ഡില്‍ അഡ്മിറ്റു ചെയ്യുന്നു. നെഗറ്റീവാണെങ്കില്‍ ഹോം ക്വാറന്റൈന്‍ ഉപദേശിച്ച്, എന്തു ചെയ്യാം എന്തു പാടില്ല എന്ന ഉപദേശമൊക്കെ കൊടുത്ത് വീട്ടിലേക്കയക്കുന്നു
മോദി ജി- അവര്‍ക്ക് എന്താണ് പറഞ്ഞു കൊടുക്കുന്നത്? വീട്ടിലിരിക്കാന്‍ എന്തെല്ലാം ഉപദേശങ്ങളാണ്? അങ്ങ് പറയൂ.
ഡോക്ടര്‍ - വീട്ടിലാണെങ്കിലും വീട്ടില്‍ത്തന്നെയും ക്വാറന്റൈനില്‍ ഇരിക്കണം. 6 അടി അകലം പാലിക്കണം, എന്നത് ഒന്നാമത്തെ കാര്യം. രണ്ടാമതായി അവര്‍ മാസ്‌ക് ഉപയോഗിക്കണം, വീണ്ടും വീണ്ടും കൈ കഴുകണം. സാനിറ്റൈസറില്ലെങ്കില്‍ സാധാരണ സോപ് തന്നെ ഉപയോഗിച്ച് കൈ കഴുകണം. പല പ്രവാശ്യം അതു ചെയ്യണം. ചുമ വരുകയോ , തുമ്മലുണ്ടാവുകയോ ചെയ്താല്‍ തൂവാല കൊണ്ട് മുഖം മറച്ചേ ചുമയ്ക്കാവൂ. തുള്ളികള്‍ ദൂരേക്ക് പോകാതിരിക്കാന്‍ അതാവശ്യമാണ്. നിലത്തു വീഴരുത്, എല്ലാം കൈയിലെ തൂവലയിലായതുകൊണ്ട് പരക്കുന്ന പ്രശ്‌നമില്ല. മനസ്സിലായില്ലേ. രണ്ടാമത്തെ കാര്യംഅവര്‍ വീട്ടില്‍ത്തന്നെ ഇരിക്കണം പുറത്തേക്കു പോകാന്‍ പാടില്ല. ഇപ്പോള്‍ ലോക്ഡൗണ്‍ ആയിരിക്കയാണ്. വാസ്തവത്തില്‍ ഈ വിശേഷപ്പെട്ട അവസ്ഥയില്‍ ലോക്ഡൗണാണെങ്കിലും അവര്‍ ഹോം ക്വാറന്റൈനിലാണ്, കുറഞ്ഞത് 14 ദിവസം. ഇതാണ് എല്ലാവര്‍ക്കും കൊടുക്കാനുള്ള സന്ദേശം സര്‍.
മോദി ജി. ശരി ഡോക്ടര്‍, അങ്ങ് നല്ല സേവനമാണ് നല്കുന്നത്. സമര്‍പ്പണമനോഭാവത്തോടെ അങ്ങയുടെ ടീം മുഴുവന്‍ മുഴുകിയിരിക്കയാണ്. എത്ര രോഗികള്‍വന്നാലും എല്ലാവരും സുരക്ഷിതരായി വീട്ടിലേക്കു മടങ്ങുമെന്നും രാജ്യം ഈ പോരാട്ടത്തില്‍ വിജയിക്കുമെന്നും എനിക്കു വിശ്വാസമുണ്ട്. നിങ്ങളുടെ ഏവരുടെയും സഹായത്തോടെ.
ഡോക്ടര്‍ - സര്‍ നാം വിജയിക്കുമെന്ന് വിശ്വാസമുണ്ട്. ഈ യുദ്ധം നാം ജയിക്കും.
മോദി ജി - വളരെ വളരെ ശുഭാശംസകല്‍ ഡോക്ടര്‍, നന്ദി.
ഡോക്ടര്‍ - നന്ദി നന്ദി സര്‍.
സുഹൃത്തുകളേ, നമ്മളെല്ലാവരും, രാജ്യം മുഴുവന്‍ ഈ അപകടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരുമിക്കുകയാണ്. നമ്മോട് ഡോക്ടര്‍മാര്‍ പറയുന്നത് നാം കേട്ടാല്‍ മാത്രം പോരാ, അത് അനുസരിക്കയും വേണം. ഇന്ന് നാം ഡോക്ടര്‍മാരുടം ത്യാഗം, അവരുടെ തപസ്സ്, സമര്‍പ്പണം ഒക്കെ കാണുമ്പോള്‍ ആചാര്യന്‍ ചരകന്‍ പറഞ്ഞ കാര്യമാണ് ഓര്‍മ്മ വരുന്നത്. ആചാര്യ ചരകന്‍ പറഞ്ഞത് അക്ഷരാര്‍ഥത്തില്‍ ശരിയാണ്. അത് നാം ഡോക്ടര്‍മാരുടെ ജീവിതത്തില്‍ കാണുകയാണ്. ആചാര്യ ചരകന്‍ പറഞ്ഞു -
ന ആത്മാര്‍ഥം ന അപി കാമാര്‍ഥം അതഭൂത ദയാം പ്രതി
വര്‍തതേ യത് ചികിത്സായാം സ സര്‍വം ഇതി വര്‍തതേ.
അതായത് ധനമോ വിശേഷാലെന്തെങ്കിലുമോ ആഗ്രഹിച്ചല്ല, മറിച്ച് രോഗിയുടെ സേവനത്തിന് ദയവോടുകൂടെ പ്രവര്‍ത്തിക്കുന്നയാള്‍ സര്‍വശ്രേഷ്ഠനായ ചികിത്സകനാകുന്നു.
സുഹൃത്തുക്കളേ, മനുഷ്യത്വം നിറഞ്ഞ എല്ലാ നേഴ്‌സുമാരെയും ഞാന്‍ നമിക്കുന്നു. നിങ്ങള്‍ എത്ര സേവനമനോഭാവത്തോടെ ഇതു ചെയ്യുന്നു എന്നതിന് താരതമ്യങ്ങളില്ല. ഈ വര്‍ഷം അതായത് 2020 ലോകമാകെയും International Year of the Nurse and Midwife എന്ന നിലയില്‍ ആഘോഷിക്കയാണ്. ഇത് 200 വര്‍ഷം മുമ്പ് 1820 ല്‍ ജനിച്ച ഫ്‌ലോറന്‍സ് നൈറ്റിംഗേലിന്റെ ജീവിതവുമായി ബന്ധപ്പെട്ടതാണ്. അവര്‍ മനുഷ്യസേവനത്തെ, നേഴ്‌സിംഗിന് ഒരു പുതിയ അടയാളം നല്കി. ഒരു പുതിയ ഉയരത്തിലെത്തിച്ചു. ലോകത്തിലെ എല്ലാ നേഴ്‌സിന്റെയും സേവനമനോഭാവത്തിനായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഈ വര്‍ഷം തീര്‍ച്ചയായും മുഴുവന്‍ നേഴ്‌സിംഗ് സമൂഹത്തിനും വലിയ പരീക്ഷയുടെ സമയമായിത്തീര്‍ന്നിരിക്കുന്നു. നിങ്ങളേവരും ഈ പരീക്ഷയില്‍ വിജയിക്കുമെന്നു മാത്രമല്ല, അനേകം ജീവനുകള്‍ രക്ഷിക്കയും ചെയ്യുമെന്ന് എനിക്കു വിശ്വാസമുണ്ട്.
നിങ്ങളെപ്പോലുള്ള എല്ലാ സുഹൃത്തുക്കളുടെയും ഉത്സാഹവും ആവേശവും കാരണമാണ് ഈ പോരാട്ടം നമുക്കു നടത്താനാകുന്നത്. നിങ്ങളെപ്പോലുള്ള സുഹൃത്തുക്കള്‍, ഡോക്ടര്‍മാരാകട്ടെ, നഴ്‌സുമാരാകട്ടെ, പാരാമെഡിക്കല്‍ സ്റ്റാഫാകട്ടെ, ആശാ വര്‍ക്കറാകട്ടെ, എഎന്‍എം പ്രവര്‍ത്തകരാകട്ടെ, മാലിന്യനിര്‍മ്മാര്‍ജ്ജന്ന ജോലിക്കാരാകട്ടെ, നിങ്ങളുടെ ഏവരുടെയും രോഗത്തെക്കുറിച്ച് രാജ്യത്തിന് വേവലാതിയുണ്ട്. അതു കണക്കാക്കി, ഈ യുദ്ധത്തില്‍ നിങ്ങള്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ രാജ്യത്തിന് നേതൃത്വം നല്‍കുവാനായി ഉദ്ദേശം 20 ലക്ഷം പേര്‍ക്കായി 50 ലക്ഷം രൂപ വരെയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കയാണ്.
പ്രിയപ്പെട്ട ജനങ്ങളേ, കൊറോണ വൈറസിനെതിരെയുള്ള ഈ പോരാട്ടത്തില്‍ നമ്മുടെ ചുറ്റും സമൂഹത്തിലെ യഥാര്‍ഥ ഹീറോകളായ പലരുമുണ്ട്. അവര്‍ ഈ പരിതഃസ്ഥിതിയിലും ഏറ്റവും മുന്നില്‍ നില്‍ക്കുകയാണ്. എനിക്ക് നരേന്ദ്രമോദി ആപ്പില്‍, നമോ ആപ് ല്‍ ബാംഗ്‌ളൂരില്‍ നിന്നുള്ള നിരഞ്ജന്‍ സുധാകര്‍ ഹെബ്ബാളെ എഴുതിയിരിക്കുന്നത് ഇങ്ങനെയുള്ളവര്‍ ഡെയ്‌ലി -ലൈഫ് ഹീറോകളാണെന്നാണ്. ഇത് ശരിയുമാണ്. നമ്മുടെ ദൈനം ദിന ജീവിതം സ്വാഭാവികതയോടെ മുന്നോട്ടു പോകുന്നത് അവര്‍ കാരണമാണ്. ഒരു ദിവസം നിങ്ങളുടെ വീട്ടിലെ പൈപ്പില്‍ വരുന്ന വെള്ളം നിന്നുപോയി എന്നു വിചാരിക്കുക, അതല്ല വൈദ്യുതി അപ്രതീക്ഷിതമായി നിന്നുപോയി എന്നു വിചാരിക്കുക. അപ്പോള്‍ ഈ ഡെയ്‌ലി ലൈഫ് ഹീറോസാണ് നമ്മുടെ ബുദ്ധിമുട്ട് ദൂരീകരിക്കാന്‍ ഉണ്ടാവുക. നിങ്ങളുടെ വീടിനടുത്തുള്ള ചെറിയ പലചരക്കുകടയെക്കുറിച്ച് ആലോചിച്ചു നോക്കുക. ഇന്നത്തെ ഈ വിഷമം പിടിച്ച പരിതഃസ്ഥിതിയില്‍ ആ കടക്കാരനും പ്രശ്‌നത്തിലാണ്. എന്തിനുവേണ്ടി? നിങ്ങള്‍ക്ക് അത്യാവശ്യമുള്ള സാധനങ്ങള്‍ കിട്ടുന്നതിന് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ വേണ്ടിയല്ലേ? അതേപോലെ, അവശ്യസാധനങ്ങളുടെ വിതരണ ശൃംഖലയില്‍ തടസ്സമുണ്ടാകരുതെന്നു കരുതി വിരാമമില്ലാതെ തങ്ങളുടെ ജോലിയില്‍ മുഴുകിയിരിക്കുന്ന ആ ഡ്രൈവര്‍മാരെക്കുറിച്ചും ആ ജോലിക്കാരെക്കുറിച്ചും ഒന്നാലോചിക്കൂ. ബാങ്കിംഗ് സേവനം തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത് നിങ്ങള്‍ കണ്ടുകാണും. ബാങ്കിംഗ് മേഖലയിലെ നമ്മുടെ ആളുകള്‍ മനസ്സര്‍പ്പിച്ച്, നിറഞ്ഞ മനസ്സോടെ ഈ പോരാട്ടത്തിന് നേതൃത്വം കൊടുത്തുകൊണ്ട് ബാങ്കുകളെ കാക്കുന്നുണ്ട്, നിങ്ങളുടെ സേവനത്തിനായി അവിടെയുണ്ട്. ഇന്നത്തെ ഈ സമയത്ത് അവരുടെ സേവനം ചെറുതല്ല. ബാങ്കിലെ ആളുകളോടും നാം എത്രയെത്ര നന്ദി പറഞ്ഞാലും അതു കുറവല്ല.
വളരെയധികം ആളുകള്‍ ഇ-കൊമേഴ്‌സുമായി ബന്ധപ്പെട്ട കമ്പനികളില്‍ ഡെലിവറി പേഴ്‌സണുകളായി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ആളുകള്‍ ഈ ബുദ്ധിമുട്ടേറിയ പരിതഃസ്ഥിതിയിലും വീട്ടുസാധനങ്ങള്‍ വിതരണം ചെയ്യാന്‍ പ്രവര്‍ത്തിക്കുന്നു. ഈ ലോക്ഡൗണ്‍ സമയത്തും നിങ്ങള്‍ ടിവി കാണുന്നു, വീട്ടിലിരുന്നുകൊണ്ട് ഫോണും ഇന്റര്‍നെറ്റുമൊക്കെ ഉപയോഗിക്കുന്നു- ഇതെല്ലാം നേരെ നടത്തിക്കൊണ്ടുപോകാന്‍ ആരൊക്കെയോ തങ്ങളുടെ ജീവിതം അര്‍പ്പിച്ചിരിക്കയാണ്. ഈ അവസരത്തില്‍ നിങ്ങളില്‍ അധികം പേരും ഡിജിറ്റല്‍ പേയ്‌മെന്റ് ലളിതമായി ചെയ്യുന്നു, അതിന്റെ പിന്നിലും വളരെയധികം ആളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലോക്ഡൗണ്‍ സമയത്ത് ഈ ആളുകളാണ് രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നത്. ഇന്ന് എല്ലാ ജനങ്ങള്‍ക്കും വേണ്ടി, ഞാന്‍ ഇവരോടെല്ലാമുള്ള കൃതജ്ഞത വ്യക്തമാക്കുന്നു. അവര്‍ തങ്ങള്‍ക്കുവേണ്ടിയും എല്ലാ തരത്തിലുമുള്ള സുരക്ഷാ മുന്‍കരുതല്‍ എടുക്കണമെന്നും സ്വന്തം കാര്യത്തില്‍ ശ്രദ്ധ വേണമെന്നും, സ്വന്തം ബന്ധുക്കളുടെ കാര്യത്തിലും ശ്രദ്ധ വേണമെന്ന് ഞാന്‍ അവരോട് അഭ്യര്‍ഥിക്കുന്നു.
എന്റെപ്രിയപ്പെട്ട ജനങ്ങളേ, കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്നു കരുതുന്നവരോടും ക്വാറന്റൈനില്‍ കഴിയുന്നവരോടും ചിലര്‍ മോശമായി പെരുമാറുന്നതായ ചില സംഭവങ്ങളെക്കുറിച്ച് അറിയാന്‍ സാധിച്ചു. ഇങ്ങനെയുള്ള കാര്യങ്ങള്‍ കേട്ട് വളരെ വിഷമം തോന്നുന്നു. ഇത് വളരെ ദൗര്‍ഭാഗ്യകരമാണ്. ഇപ്പോഴത്തെ പരിതഃസ്ഥിതിയില്‍ പരസ്പരം സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിക്കണമെന്നല്ലാതെ വൈകാരികമോ മാനുഷികമോ ആയ അകല്‍ച്ച പാലിക്കണ്ടതല്ല എന്നോര്‍ക്കുക. ഇവരാരും തെറ്റുകാരുമല്ല, വൈറസ് ബാധിതരാണെന്നു മാത്രം. ഇവര്‍ മറ്റുള്ളവര്‍ക്ക് ഈ രോഗം പകരാതിരിക്കാനായി സ്വയം അകന്നു നില്‍ക്കുന്നു, ക്വാറന്റൈനില്‍ കഴിയുന്നു. പലേടത്തും ആളുകള്‍ തങ്ങളുടെ ഉത്തരവാദിത്വം ഗൗരവപൂര്‍വ്വം നിര്‍വ്വഹിക്കുന്നുണ്ട്. വൈറസിന്റെ ലക്ഷണമൊന്നും കാണുന്നില്ലെങ്കില്‍ പോലും അവര്‍ സ്വയം ക്വാറന്റൈനില്‍ പോയി. അവരങ്ങനെ ചെയ്തത് അവര്‍ വിദേശത്തുനിന്നും മടങ്ങി വന്നവരായതുകൊണ്ടും തികഞ്ഞ മുന്‍കരുതല്‍ എടുക്കുന്നതുകൊണ്ടുമാണ്. ഒരു സാഹചര്യത്തിലും മറ്റൊരു വ്യക്തിയെ ഈ വൈറസ് ബാധിക്കരുതെന്ന് അവര്‍ ഉറപ്പാക്കാനാഗ്രഹിക്കുന്നു. അതുകൊണ്ട് ആളുകള്‍ സ്വയം ഇങ്ങനെയുള്ള ഉത്തരവാദിത്തം കാണിക്കുമ്പോല്‍ അവരോട് മോശമായി പെരുമാറുന്നത് ഒരു തരത്തിലും ശരിയായ നടപടിയല്ല. മറിച്ച് അവരോട് വളരെ സഹാനുഭൂതിയോടെയുള്ള പെരുമാറ്റമാണ് വേണ്ടത്.
കൊറോണാ വൈറസുമായി പോരാടാനുള്ള ഏറ്റവും ഫലവത്തായ രീതി സോഷ്യന്‍ ഡിസ്റ്റന്‍സിംഗാണ്, എന്നാല്‍ സോഷ്യന്‍ ഡിസ്റ്റന്‍സിംഗ് എന്നതിന്റെ അര്‍ഥം സോഷ്യന്‍ ഇന്ററാക്ഷന്‍- സാമൂഹിക സംവാദം- അവസാനിപ്പിക്കുക എന്നല്ല. . വാസ്തവത്തില്‍ ഈ സമയത്ത് നമ്മുടെ എല്ലാ പഴയ സാമൂഹിക ബന്ധങ്ങള്‍ക്കും പുതിയ ഉണര്‍വ്വ് നല്‍കേണ്ടതുണ്ട്, ആ ബന്ധങ്ങള്‍ പുതുക്കേണ്ടതുണ്ട്- ഒരു തരത്തില്‍ നാം പറയേണ്ടത് സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് - സാമൂഹിക അകലം വര്‍ധിപ്പിക്കൂ, വൈകാരികമായ അകല്‍ച്ച കുറയ്ക്കൂ എന്നാണ്. ഞാന്‍ വീണ്ടും പറയുന്നു, സാമൂഹിക അകല്‍ച്ച വര്‍ധിപ്പിക്കൂ, വൈകാരക അകല്‍ച്ച കുറയ്ക്കൂ.
കോട്ടായി ല്‍ നിന്ന് യശ് വര്‍ധനും മേഘ യും നരേന്ദ്രമോദി ആപ് ല്‍ എഴുതിയിരിക്കുന്നത് അവര്‍ ലോക് ഡൗണ്‍ സമയത്ത് കുടുംബബന്ധത്തെ കൂടുതല്‍ ബലവത്താക്കുന്നു എന്നാണ്. കുട്ടികള്‍ക്കൊപ്പം ബോര്‍ഡ് കളികളും ക്രിക്കറ്റും കളിക്കുന്നു. അടുക്കളയില്‍ പുതിയ പുതിയ ഇനങ്ങള്‍ ഉണ്ടാക്കുന്നു.
ജബല്‍പുരില്‍ നിന്നുള്ള നിരുപമ ഹര്‍ഷേയ് നരേന്ദ്രമോദി ആപ് ല്‍ എഴുതുന്നു- അവര്‍ക്ക് ആദ്യമായി രജായി ഉണ്ടക്കാനും സ്വന്തം ഹോബിക്കനുസരിച്ച് ചിലതു ചെയ്യാനും സാധിച്ചു; എന്നു മാത്രമല്ല, ഇതോടൊപ്പം തോട്ടം നിര്‍മ്മിക്കുന്ന ഹോബിയും ചെയ്യുന്നു.
റായ്പൂരില്‍ നിന്നുള്ള പരീക്ഷത്, ഗുരുഗ്രാമില്‍ നിന്നുള്ള ആര്യമന്‍, ഝാര്‍ഖണ്ഡില്‍ നിന്നുള്ള സൂരജ് എന്നിവരുടെ പോസ്റ്റുകള്‍ വായിക്കാന്‍ സാധിച്ചു-അതിലവര്‍ അവരുടെ സ്‌കൂള്‍ പഠനകാലത്തെ മിത്രങ്ങളുടെ റി-യൂണിയന്‍ സാധിച്ചതിനെക്കുറിച്ചു പറയുന്നു. അവരുടെ ഈ ഐഡിയ വളരെ കൊള്ളാമെന്നു തോന്നി. ഒരു പക്ഷേ, നിങ്ങള്‍ക്കും ദശകങ്ങളായി സ്‌കൂള്‍ കോളജ് കാലത്തെ മിത്രങ്ങളുമായി സംസാരിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ടാവില്ല. ഈ പറഞ്ഞ ആശയം ഒന്നു പ്രാവര്‍ത്തികമാക്കി നോക്കൂ.
ഭുവനേശ്വറില്‍ നിന്നുള്ള പ്രത്യൂഷ് ദേവാശിഷും കല്‍ക്കത്തയില്‍ നിന്നുള്ള വസുധാ മാധോഗഡിയായും പറഞ്ഞത് ഇതുവരെ വായിക്കാന്‍ സാധിക്കാതിരുന്ന പുസ്തകങ്ങള്‍ ഇപ്പോള്‍ വായിക്കാന്‍ അവസരം കിട്ടി എന്നാണ്.
ചിലര്‍, വര്‍ഷങ്ങളായി വീട്ടില്‍ വെറുതെ കിടന്നിരുന്ന തബല, വീണ പോലുള്ള സംഗീതോപകരണങ്ങള്‍ പുറത്തെടുത്ത് ഉപയോഗിക്കാന്‍ തുടങ്ങി എന്ന് സോഷ്യല്‍ മീഡിയയിലും കാണാന്‍ സാധിച്ചു. നിങ്ങള്‍ക്കും അതു ചെയ്യാവുന്നതാണ്. ഇതിലൂടെ നിങ്ങള്‍ക്ക് സംഗീതത്തിന്റെ ആനന്ദം ലഭിക്കുകയും ചെയ്യും പഴയ ഓര്‍മ്മകള്‍ പുതുക്കാനും സാധിക്കും. അതായത് വിഷമം പിടിച്ച ഈ സമയത്ത് നിങ്ങള്‍ക്ക് സ്വയം തിരിച്ചറിയാനുള്ള സമയം ലഭിക്കുമെന്നു മാത്രമല്ല, സ്വന്തം അഭിരുചിയോട് ഇണങ്ങാനും സമയം ലഭ്യമാവുകയാണ്. പഴയ സുഹൃത്തുക്കളോടും കുടുംബത്തോടും ഫോണിലൂടെ സംവദിക്കാനുമുള്ള സമയം ലഭിക്കും.
നമോ ആപ് ല്‍ റൂര്‍ക്കിയില്‍ നിന്നുള്ള ശശി എന്ന സുഹൃത്ത് ചോദിച്ചിരിക്കുന്നു, ലോക്ഡൗണിന്റെ സമയത്ത് ഫിറ്റ്‌നസിനുവേണ്ടി എന്തു ചെയ്യാനാകും എന്ന്? ഈ ചുറ്റുപാടില്‍ നവരാത്രി ഉപവാസം എങ്ങനെ അനുഷ്ഠിക്കാനാകും? നിങ്ങളോട് ഒരു കാര്യം പറയട്ടെ, പുറത്തിറങ്ങാന്‍ പാടില്ല എന്നാണ് നിര്‍ദ്ദേശം. എന്നാല്‍ നിങ്ങള്‍ക്ക് ഉള്ളിലേക്കു നോക്കാനുള്ള അവസരമാണ് നല്കിയിരിക്കുന്നത്. പുറത്തിറങ്ങാതിരിക്കാനും എന്നാല്‍ ഉള്ളിലേക്കു പ്രവേശിക്കാനും സ്വയം അറിയാന്‍ ശ്രമിക്കാനുമുള്ള അവസരമാണിത്. നവരാത്രിയിലെ ഉപവാസത്തെ സംബന്ധിച്ചിടത്തോളം ഇത് അവരവരും ശക്തിയും ഭക്തിയുമായി ബന്ധപ്പെട്ട കാര്യമാണ്. ഫിറ്റ്‌നസിന്റെ കാര്യത്തെ സംബന്ധിച്ചിടത്തോളം പറയാനാണെങ്കില്‍ ഏറെയുണ്ടാകും എന്നാണ് തോന്നുന്നത്. ഞാന്‍ സോഷ്യല്‍ മീഡിയയില്‍ അതെക്കുറിച്ചുള്ള വീഡിയോകള്‍ അപ്‌ലോഡ് ചെയ്യാം. നരേന്ദ്രമോദി ആപ് ല്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും ആ വീഡിയോകള്‍ കാണാം. ഞാന്‍ എന്താണ് ചെയ്യുന്നതെന്ന ചില കാര്യങ്ങള്‍ നിങ്ങള്‍ക്കതില്‍ കാണാം, നിങ്ങള്‍ക്കതു പ്രയോജനപ്പെട്ടേക്കാം. എങ്കിലും ഒരു കാര്യം ഓര്‍ത്തോളൂ, ഞാന്‍ ഫിറ്റ്‌നസ് എക്‌സ്‌പേര്‍ട്ട് അല്ല, യോഗാ ടീച്ചറുമല്ല. കേവലം പ്രാക്ടീഷണര്‍ മാത്രമാണ്. യോഗയുടെ ചില ആസനങ്ങള്‍ കൊണ്ട് എനിക്ക് വളരെ പ്രയോജനമുണ്ടായിട്ടുണ്ടെന്നു തീര്‍ച്ചയായും വിചാരിക്കുന്നു. ലോക്ഡൗണ്‍ അവസരത്തില്‍ നിങ്ങള്‍ക്കും ഈ കാര്യങ്ങള്‍ പ്രയോജനപ്പെട്ടേക്കാം.
കൊറോണയ്‌ക്കെതിരെ അഭൂതപൂര്‍വ്വമായ യുദ്ധമാണ് നാം നയിക്കുന്നത്, വെല്ലുവിളി നിറഞ്ഞതുമാണ്. അതുകൊണ്ട് ഈ അവസരത്തില്‍ എടുക്കുന്ന തീരുമാനങ്ങളും ലോകചരിത്രത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതുമായിരിക്കും. കൊറോണയെ തടയാന്‍ ഭാരതവാസികള്‍ എടുത്തിരിക്കുന്ന എല്ലാ നടപടികളും, ഇപ്പോള്‍ നടത്തുന്ന എല്ലാ ശ്രമങ്ങളുമാണ് ഭാരതത്തിന് കൊറോണയെന്ന മഹാമാരിക്കെതിരെ വിജയം സമ്മാനിക്കുന്നത്. ഓരോ ഭാരതീയന്റെയും സംയമനവും ദൃഢനിശ്ചയവുമായിരിക്കും നമ്മെ ഈ ദുര്‍ഘടാവസ്ഥയില്‍ നിന്ന് രക്ഷിക്കുക. അതോടൊപ്പം ദാരിദ്രരോടുള്ള നമ്മുടെ മനോഭാവവും കൂടുതല്‍ അനുഭാവപൂര്‍ണ്ണമാകണം. എവിടെയെങ്കിലും ദരിദ്രനെയോ, കഷ്ടപ്പെടുന്നവനെയോ വിശക്കുന്നവനെയോ കണ്ടാല്‍ ഈ ആപത്ഘട്ടത്തില്‍ നാം ആദ്യം അവന്റെ വിശപ്പടക്കാന്‍ സഹായിക്കും, അവന് എന്താണ് വേണ്ടതെന്നു ചിന്തിക്കും... ഇത് ഭാരതത്തിന് ചെയ്യാനാകും. ഇത് നമ്മുടെ സംസ്‌കാരമാണ്, നമ്മുടെ സംസ്‌കൃതിയാണിത്.
പ്രിയപ്പെട്ട ജനങ്ങളേ, ഇന്ന് എല്ലാ ഭാരതീയനും സ്വന്തം ജീവന്‍ രക്ഷിക്കാന്‍ വീട്ടില്‍ അടച്ചിരിക്കയാണ്. എന്നാല്‍ വരും സമയത്ത് ഈ ഭാരതീയന്‍തന്നെ സ്വന്തം രാജ്യത്തിന്റെ വികസനത്തിന് എല്ലാ മതിലുകളും തകര്‍ത്ത് മുന്നേറും, രാജ്യത്തെ മുന്നോട്ടു നയിക്കും. നിങ്ങള്‍ കുടുംബത്തോടൊപ്പം വീട്ടില്‍ തന്നെ ഇരിക്കൂ, സുരക്ഷിതരായിരിക്കും, സൂക്ഷിച്ചിരിക്കൂ- നമുക്ക് ഈ യുദ്ധം ജയിച്ചേ മതിയാകൂ. തീര്‍ച്ചയായും നാം ജയിക്കും. വളരെ വളരെ നന്ദി. മന്‍ കീ ബാത് പറയാന്‍ ഇനി അടുത്ത മാസം കാണാം. അതിനകം ഈ ആപത്തിനെ പരാജയപ്പെടുത്തുന്നതില്‍ നാം വജയിച്ചിരിക്കും എന്ന വിചാരത്തോടെ, അതിനുള്ള ശുഭാശംസകളോടെ നിങ്ങള്‍ക്കേവര്‍ക്കും വളരെ വളരെ നന്ദി
***
(Release ID: 1608976)
Visitor Counter : 399