പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രിയും അബുദാബിയിലെ കിരീടവകാശിയായ രാജകുമാരനും ടെലിഫോണില്‍ സംസാരിച്ചു

Posted On: 26 MAR 2020 10:31PM by PIB Thiruvananthpuram


അബുദാബിയിലെ കിരീടാവകാശിയായ രാജകുമാരന്‍ ബഹുമാനപ്പെട്ട ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ടെലിഫോണില്‍ സംസാരിച്ചു. 
കോവിഡ്-19 സംബന്ധിച്ച വീക്ഷണങ്ങളും അതതു രാജ്യങ്ങളിലെ സ്ഥിതിയും ഗവണ്‍മെന്റുകള്‍ കൈക്കൊണ്ട നടപടികളും ഇരുനേതാക്കളും വിശദീകരിച്ചു. അടുത്ത ഏതാനും ആഴ്ചകള്‍ വൈറസ് പടരുന്നതിനെ നിയന്ത്രിക്കുന്നതില്‍ നിര്‍ണായകമാണെന്നു പരസ്പരം സമ്മതിച്ച നേതാക്കള്‍, ഇക്കാര്യത്തില്‍ എല്ലാ രാജ്യങ്ങളുടെയും സംഘടിതവും ഏകോപിതവുമായ പ്രവര്‍ത്തനം അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍, മഹാവ്യാധിയെ കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ജി20 നേതാക്കളുടെ വിര്‍ച്വല്‍ ഉച്ചകോടി വിളിച്ചുചേര്‍ത്തതിനെ ഇരുവരും അഭിനന്ദിച്ചു. 
ഉഭയകക്ഷിബന്ധത്തിന്റെ കരുത്തിനു തങ്ങള്‍ കല്‍പിക്കുന്ന പ്രാധാന്യത്തിന് ഇരുവരും ഊന്നല്‍ നല്‍കി. നിലവിലുള്ള സാഹചര്യത്തില്‍ ചരക്കുനീക്കത്തിനു പ്രാധാന്യം നല്‍കിക്കൊണ്ട് ഉദ്യോഗസ്ഥ തലത്തിലുള്ള നിത്യേനയുള്ള ചര്‍ച്ചകള്‍ തുടരാന്‍ അവര്‍ തീരുമാനിച്ചു. 
യു.എ.ഇയില്‍ കഴിയുകയും അവിടത്തെ സമ്പദ്‌വ്യവസ്ഥയ്ക്കു സംഭാവനകള്‍ അര്‍പ്പിക്കുകയും ചെയ്യുന്ന 20 ലക്ഷത്തിലേറെ ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുമെന്നു പ്രധാനമന്ത്രിക്കു ബഹുമാനപ്പെട്ട കിരീടാവകാശിയായ രാജകുമാരന്‍ ഉറപ്പുനല്‍കി. ഇന്ത്യക്കാരുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതില്‍ വ്യക്തിപരമായി താല്‍പര്യമെടുക്കുമെന്ന കിരീടാവകാശിയായ രാജകുമാരന്റെ നിലപാടിനു പ്രധാനമന്ത്രി നന്ദി അറിയിച്ചു. 
കിരീടാവകാശിയായ രാജകുമാരനും രാജകുടുംബത്തിനാകെയും എമിറേറ്റ്‌സിലെ പൗരന്‍മാര്‍ക്കും പ്രധാനമന്ത്രി ക്ഷേമാശംസകള്‍ നേര്‍ന്നു. കിരീടാവകാശിയായ രാജകുമാരന്‍ തിരിച്ചും ആശംസകള്‍ നേര്‍ന്നു. 


(Release ID: 1608467) Visitor Counter : 26