പ്രധാനമന്ത്രിയുടെ ഓഫീസ്‌

മേഖലയില്‍ കോവിഡിനെതിരേ പൊരുതാന്‍ സാര്‍ക്ക് നേതാക്കളുമായി പ്രധാനമന്ത്രി സംസാരിച്ചു

Posted On: 15 MAR 2020 6:58PM by PIB Thiruvananthpuram


സാര്‍ക്ക് രാജ്യങ്ങള്‍ക്ക് കോവിഡ് 19 അടിയന്തരസഹായ നിധി രൂപീകരിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശംവച്ചു.


മേഖലയിലെ കോവിഡ് 19 വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പൊതുതന്ത്രം രൂപീകരിക്കുന്നതിന് സാര്‍ക്ക് രാജ്യങ്ങളിലെ നേതാക്കളുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് മുഖേന ആശയവിനിമയം നടത്തി.

പങ്കുവയ്ക്കപ്പെടുന്ന ചരിത്രം- കൂട്ടായ ഭാവി

കുറഞ്ഞ സമയത്തിനുള്ളിലെ അറിയിപ്പ് പരിഗണിച്ചുപോലും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത നേതാക്കളെ പ്രധാനമന്ത്രി നന്ദി അറിയിച്ചു. മുന്‍കാലങ്ങളില്‍ സാര്‍ക്ക് രാജ്യങ്ങളിലെ ജനങ്ങള്‍ തമ്മിലുണ്ടായിരുന്ന അടുപ്പവും പരസ്പര ബന്ധവും ഓര്‍മിപ്പിച്ച പ്രധാനമന്ത്രി, വെല്ലുവിളി കൂട്ടായി നേരിടാന്‍ തയ്യാറെടുക്കേണ്ടത് അനിവാര്യമാണ് എന്ന് പറഞ്ഞു.

മുന്നോട്ടുള്ള വഴി

കൂട്ടായ്മയുടെ ഊര്‍ജം ഉള്‍ക്കൊണ്ട് രാജ്യങ്ങളില്‍നിന്നു സംഭാവനകള്‍ സ്വീകരിച്ച് ഒരു കോവിഡ് 19 അടിയന്തര സഹായനിധി രൂപീകരിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശം വച്ചു. ഇതിന്റെ തുടക്കമെന്ന നിലയില്‍ ഇന്ത്യ 10 ദശലക്ഷം യുഎസ് ഡോളര്‍ നല്‍കാമെന്ന് അദ്ദേഹം വാദ്ഗാനം ചെയ്തു. അിയന്തര പ്രവര്‍ത്തനങ്ങള്‍ക്ക് ഏത് സാര്‍ക്ക് രാജ്യത്തിനും ഈ ഫണ്ട് വിനിയോഗിക്കാം. ഡോക്ടര്‍മാരും വിദഗ്ധരും ഉള്‍പ്പെടുന്ന ദ്രുതപ്രതികരണ സേനയ്ക്ക് ഇന്ത്യ രൂപം നല്‍കിയതായി പ്രധാനമന്ത്രി അറിയിച്ചു. പരിശോധനാ കിറ്റുകളും മറ്റ് ഉപകരണങ്ങളും ഈ സംഘത്തിന്റെ പക്കല്‍ ലഭ്യമാണ്; ഏതു രാജ്യത്തിനും ആവശ്യാനുസരണം ഉപയോഗപ്പെടുത്താം.

ദക്ഷിണേഷ്യന്‍ മേഖലയില്‍ പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിനുള്ള ഗവേഷണപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഒരു പൊതു ഗവേഷണ വേദി രൂപീകരിക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോവിഡ് 19ന്റെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് വിലയിരുത്തുന്നതിന് വിദഗ്ധരുടെ യോഗം ചേരണം. ഈ പ്രത്യാഘാതം മറികടക്കുന്നതിന് എങ്ങനെ ഏറ്റവും നന്നായി ആഭ്യന്തര വ്യാപാരവും പ്രാദേശിക മൂല്യവര്‍ധിത പ്രവര്‍ത്തനങ്ങളും നടത്താന്‍ കഴിയുമെന്നു പരിശോധിക്കണം.

രാജ്യത്തിനകത്തും അതിര്‍ത്തികളിലും ബാധകമാകുന്ന സാര്‍ക്ക് പകര്‍ച്ചവ്യാധി പൊതു പെരുമാറ്റച്ചട്ടം രൂപീകരിച്ച് ഇത്തരം സാഹചര്യങ്ങളെ പ്രതിരോധിക്കുകയും വൈറസ് വ്യാപനം തടയുകയും രാജ്യങ്ങള്‍ക്കിടയില്‍ സ്വതന്ത്ര യാത്രകള്‍ സാധ്യമാക്കുകയും വേണം.

ഈ മുന്‍കൈയെടുക്കലിനും നിര്‍ദേശങ്ങള്‍ക്കും നേതാക്കള്‍ പ്രധാനമന്ത്രിക്കു നന്ദി പറഞ്ഞു. യോജിച്ച പോരാട്ടത്തിനുള്ള ഇച്ഛാശക്തി പ്രധാനമന്ത്രി ആവര്‍ത്തിക്കുകയും സാര്‍ക്ക് രാജ്യങ്ങളുടെ കൂട്ടായ്മ ലോകത്തിനൊരു മാതൃകയാകണം എന്ന് നിര്‍ദേശിക്കുകയും ചെയ്തു.

പങ്കുവയ്ക്കുന്ന അനുഭവങ്ങള്‍

'തയ്യാറെടുക്കുക, പക്ഷേ, പരിഭ്രാന്തരാകരുത്' എന്നതാണ് ഇന്ത്യയുടെ മാര്‍ഗദര്‍ശന മുദ്രാവാക്യമെന്നു പ്രധാനമന്ത്രി അറിയിച്ചു. നിലവാരമുള്ള പ്രതികരണ സംവിധാനം, രാജ്യത്തേക്കു പ്രവേശിക്കുന്നവരെ പരിശോധനയ്ക്കു വിധേയമാക്കുന്നത്, വിവിധ മാധ്യമങ്ങളിലൂടെയുള്ള പൊതു ബോധവല്‍ക്കരണ പരിപാടി,  ദുര്‍ബല വിഭാഗങ്ങളില്‍  എത്തിച്ചേരാനുള്ള പ്രത്യേക ശ്രമങ്ങള്‍, രോഗനിര്‍ണയ സൗകര്യങ്ങള്‍ അനായാസമാക്കിയത്, രോഗത്തിന്റെ ഓരോ ഘട്ടത്തിലും സ്വീകരിക്കേണ്ട പ്രോട്ടോക്കോള്‍ വികസിപ്പിച്ചത് എന്നിവ ഉള്‍പ്പെടെ സ്വീകരിച്ച വിവിധ നടപടികള്‍ അദ്ദേഹം വിശദീകരിച്ചു.

ഏകദേശം 1400 രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാരെ വിജയകരമായി ഒഴിപ്പിക്കുക മാത്രമല്ല അയല്‍രാജ്യങ്ങളില്‍ നിന്നുള്ള കുറേ പൗരന്മാരെ എത്തിക്കാനും സാധിച്ചത് ഇന്ത്യയുടെ, 'അയല്‍പക്കബന്ധമാണ് പ്രഥമ നയം' എന്ന സമീപനത്തിന്റെ ഭാഗമാണ്.

അഫ്ഗാനിസ്ഥാന് ഇറാനുമായുള്ള തുറന്ന അതിര്‍ത്തിയാണ് വലിയ ദുര്‍ബലാവസ്ഥയെന്ന് പ്രസിഡന്റ് അഷ്റഫ് ഗനി പറഞ്ഞു. കൂടുതല്‍ പടരാതിരിക്കുന്നതിനുള്ള വഴികളും ടെലിമെഡിസിനു വേണ്ടിയുള്ള പൊതു ചട്ടക്കൂടിന്റെ രൂപീകരണവും അയല്‍രാജ്യങ്ങളുടെ മഹത്തായ സഹകരണവും വേണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

കോവിഡ് 19 കേസുകള്‍ കൈകാര്യം ചെയ്യുന്നതിനും വുഹാനില്‍ നിന്ന് അഞ്ച് മാലിദ്വീപ് പൗരന്മാരെ ഒഴിപ്പിച്ചതിനും പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സ്വാലിഹ് ഇന്ത്യാ ഗവണ്‍മെന്റിനു നന്ദി പറഞ്ഞു. വിനോദസഞ്ചാര മേഖലയ്ക്ക് കോവിഡ് 19 സൃഷ്ടിച്ചിരിക്കുന്ന വിപരീത സാഹചര്യവും അത് സാമ്പത്തിക മേഖലയില്‍ ഉണ്ടാക്കിയ പ്രത്യഘാതവും അദ്ദേഹം വിശദീകരിച്ചു. രാജ്യങ്ങളുടെ ആരോഗ്യ അടിയന്തര ഏജന്‍സികള്‍ക്കിടയിലുള്ള സഹകരണം കൂടുതല്‍ അടുപ്പമുള്ളതാക്കുകയും സാമ്പത്തിക സഹായ പാക്കേജുകള്‍ രൂപീകരിക്കുകയും മേഖലയെ പ്രതിസന്ധിയില്‍ നിന്നു കരകയറ്റാനുള്ള ദീര്‍ഘകാല പദ്ധതി രൂപീകരിക്കുകയും വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രതിസന്ധികാലത്തെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് സാര്‍ക്ക് നേതാക്കള്‍ യോജിച്ചു പ്രവര്‍ത്തിക്കണമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് ഗോടബയ രജപക്ഷേ പറഞ്ഞു. മികച്ച അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനും കോവിഡ് 19നെ തുരത്താനുള്ള മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സാര്‍ക്ക് മന്ത്രിതല സമിതി രൂപീകരിക്കണം.

വുഹാനില്‍ നിന്ന് ഇന്ത്യക്കാര്‍ക്കൊപ്പം 23 ബംഗ്ലാദേശ് പൗരന്മാരെയും നിരീക്ഷണ കാലത്ത് ഒഴിപ്പിച്ച് എത്തിച്ചതിന് പ്രധാനമന്ത്രി ശെയ്ഖ് ഹസീന, പ്രധാനമന്ത്രി മോദിക്ക് നന്ദി പറഞ്ഞു. മേഖലയിലെ ആരോഗ്യ മന്ത്രിമാരും സെക്രട്ടറിമാരും തമ്മില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സാങ്കേതിക തലത്തില്‍ തുടര്‍സംഭാഷണങ്ങള്‍ വേണമെന്ന് അവര്‍ നിര്‍ദേശിച്ചു.

കോവിഡ് 19നെ നേരിടുന്നതിന് നേപ്പാളിനെ സഹായിച്ച സാര്‍ക്ക് നേതാക്കളെ പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലി നന്ദി അറിയിച്ചു. മുഴുവന്‍ സാര്‍ക്ക് രാജ്യങ്ങളുടെയും കൂട്ടായ വിവേകവും പ്രയത്നങ്ങളും പകര്‍ച്ചവ്യാധി ആരോഗ്യകരവും ഫലപ്രദവുമായി നേരിടാന്‍ മുഴുവന്‍ രാജ്യങ്ങള്‍ക്കും സഹായകമായി എന്ന് അദ്ദേഹം പറഞ്ഞു.

പകര്‍ച്ചവ്യാധിക്ക് ഭൂമിശാസ്ത്രപരമായ അതിര്‍ത്തികള്‍ ബാധകമല്ലാത്തതുകൊണ്ട് എല്ലാ രാജ്യങ്ങളും കൂട്ടായി പ്രവര്‍ത്തിക്കേണ്ടത് പ്രധാനമാണെന്ന് പ്രധാനമന്ത്രി ഡോ. ലൊട്ടായി ത്ഷെറിംഗ് പറഞ്ഞു. ചെറുതും ദുര്‍ബലവുമായ സമ്പദ്വ്യവസ്ഥകളെയാണ് പകര്‍ച്ചവ്യാധികള്‍ ക്രമരഹിതമായി ബാധിക്കുകയെന്ന്, കോവിഡ് 19ന്റെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.

ആരോഗ്യ വിവരങ്ങള്‍ കൈമാറുന്നതിനും ഡേറ്റ വിനിമയത്തിനും യഥാസമയ ഏകോപനത്തിനും ഒരു പ്രവര്‍ത്തന ഗ്രൂപ്പ് രൂപീകരിക്കുക എന്നത് നിര്‍ബന്ധമാക്കണം എന്ന് സാര്‍ക്ക് സെക്രട്ടേറിയറ്റിന് ഡോക്ടര്‍ സഫര്‍ മിശ്ര നിര്‍ദേശം നല്‍കി. സാര്‍ക്ക് ആരോഗ്യമന്ത്രിമാരുടെ സമ്മേളനത്തിന് ആതിഥ്യം വഹിക്കാനും രോഗനിരീക്ഷണ വിവരങ്ങള്‍ യഥാസമയം പങ്കുവയ്ക്കുന്നതിനും മേഖലാപരമായ സംവിധാനങ്ങള്‍ വികസിപ്പിക്കാനം ഉള്ള സന്നദ്ധത അദ്ദേഹം അറിയിച്ചു. 


(Release ID: 1608289) Visitor Counter : 305