പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഔഷധ വ്യവസായ രംഗത്തെ പ്രമുഖരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി

Posted On: 21 MAR 2020 7:13PM by PIB Thiruvananthpuram


കോവിഡ്-19 പരിശോധനയ്ക്ക് ആര്‍.എന്‍.എ. പരിശോധനാ കിറ്റുകള്‍ തയ്യാറാക്കുന്നതിനായി യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ ഔഷധ വ്യവസായികളോടു പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു

എ.പി.ഐകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനു ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമെന്നും എ.പി.ഐകള്‍ രാജ്യത്ത് ഉല്‍പാദിപ്പിക്കപ്പെടണമെന്നും പ്രധാനമന്ത്രി
അവശ്യ മരുന്നുകള്‍ ലഭ്യമാക്കലും കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയലും പ്രധാനമെന്നു പ്രധാനമന്ത്രി

ഔഷധ വ്യവസായ രംഗത്തെ പ്രമുഖരുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിങ് വഴി ആശയവിനിമയം നടത്തി.
കോവിഡ്-19 ഉയര്‍ത്തുന്ന വെല്ലുവിളി നേരിടുന്നതില്‍ ഔഷധ മേഖലയിലെ ഉല്‍പാദകര്‍ക്കും വിതരണക്കാര്‍ക്കും നിര്‍രണായക പങ്കാണ് ഉള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. അവശ്യമരുന്നുകളുടെയും മെഡിക്കല്‍ കിറ്റുകളുടെയും സംവിധാനങ്ങളുടെയും ലഭ്യത ഉറപ്പാക്കുന്നതോടൊപ്പം, നൂതനമായ പരിഹാര പദ്ധതികള്‍ കണ്ടെത്തുകയും വേണമെന്നു പ്രധാനമന്ത്രി പറഞ്ഞു 
ആക്റ്റീവ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഗ്രീഡിയന്റ്‌സ് (എ.പി.ഐ.) രാജ്യത്ത് ഉല്‍പാദിപ്പിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ അദ്ദേഹം, ഇവയുടെ ലഭ്യത ഉറപ്പുവരുത്താന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്നു കൂട്ടിച്ചേര്‍ത്തു. അടിയന്തരാവശ്യമുള്ള മരുന്നുകളും വൈദ്യോപകരണങ്ങളും രാജ്യത്ത് ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്താനായി ഗവണ്‍മെന്റ് യഥാക്രമം 10,000 കോടി രൂപയുടെയും 4,000 കോടി രൂപയുടെയും പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ടെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. 
കോവിഡ്-19 പരിശോധനയ്ക്കായി ആര്‍.എന്‍.എ. കിറ്റുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ വ്യവസായ പ്രമുഖരോട് അദ്ദേഹം അഭ്യര്‍ഥിച്ചു.
മരുന്നുകളുടെ കരിഞ്ചന്ത വില്‍പനയും പൂഴ്ത്തിവെപ്പും ഇല്ലെന്നും വിതരണം സുഗമമാണെന്നും ഉറപ്പുവരുത്താന്‍ ചില്ലറ ഔഷധ വില്‍പനക്കാരോടും ഫാര്‍മസിസ്റ്റുകളോടും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. മരുന്നുകളുടെ മൊത്തവിതരണം സാധ്യമാകുന്നിടത്തോളം ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ചു. 
ഔഷധ വ്യവസായം തടസ്സമില്ലാതെ പ്രവര്‍ത്തിക്കുകയും തൊഴിലാളിക്ഷാമം നേരിടുന്നില്ലെന്നതും ഉറപ്പു വരുത്തേണ്ടത് ഇപ്പോള്‍ പ്രധാനമാണെന്നു ശ്രീ. മോദി വ്യക്തമാക്കി. മരുന്നുകടകളില്‍ സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിനായി മരുന്നുകള്‍ വീടുകളില്‍ എത്തിച്ചുനല്‍കുന്നതു പരിഗണിക്കണമെന്നും വൈറസ് പടരുന്നത് ഒഴിവാക്കുന്നതിനായി ഡിജിറ്റല്‍ പേമെന്റ് സമ്പ്രദായം പ്രോല്‍സാഹിപ്പിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
പ്രതിസന്ധി വേളയില്‍ നല്‍കുന്ന നേതൃത്വത്തിന് ഔഷധ രംഗത്തെ അസോസിയേഷനുകള്‍ പ്രധാനമന്ത്രിയെ നന്ദി അറിയിച്ചു. അവശ്യമരുന്നുകളുടെയും സംവിധാനങ്ങളുടെയും ലഭ്യത ഉറപ്പുവരുത്തുന്നതിനു പ്രതിജ്ഞാബദ്ധമാണെന്നും പ്രതിരോധ കുത്തിവെപ്പുകള്‍ വികസിപ്പിക്കുന്നതിനായി പ്രവര്‍ത്തിച്ചുവരികയാണെന്നും അവര്‍ വ്യക്തമാക്കി. ഔഷധ മേഖലയ്ക്കായി ഗവണ്‍മെന്റ് നടത്തിയ നയപരമായ പ്രഖ്യാപനങ്ങള്‍ വലിയ ഊര്‍ജം പകരുമെന്നും അസോസിയേഷനുകള്‍ പ്രതികരിച്ചു. 
ഔഷധ വ്യവസായ രംഗത്തുള്ളവര്‍ പ്രവര്‍ത്തനത്തില്‍ കാട്ടുന്ന ഉല്‍സാഹത്തെയും സമര്‍പ്പണത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ജനങ്ങള്‍ ഈ രംഗത്തുള്ളവരില്‍ വിശ്വാസം അര്‍പ്പിക്കുന്നതിനാല്‍ ശാസ്ത്രീയമായ അറിവുകള്‍ പ്രചരിപ്പിക്കുന്നതില്‍ ഔഷധ മേഖലയ്ക്കു പ്രധാന പങ്കാണു വഹിക്കാനുള്ളതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. 
അവശ്യവസ്തുക്കള്‍ ലഭ്യമാക്കുന്നതിനായി വിമാനത്താവളങ്ങളുമായും തുറമുഖം അധികൃതരുമായും ചേര്‍ന്നു ഗവണ്‍മെന്റ് നടത്തിവരുന്ന അക്ഷീണ പ്രയത്‌നം ഫാര്‍മസ്യൂട്ടിക്കല്‍സ് സെക്രട്ടറി ഉയര്‍ത്തിക്കാട്ടി. ആരോഗ്യ സെക്രട്ടറി ഫാര്‍മസ്യൂട്ടിക്കല്‍ അസോസിയേഷനുകളെ നന്ദി അറിയിക്കുകയും അവശ്യ വസ്തുക്കളുടെ ലഭ്യതക്കുറവ് ഇല്ലെന്നു വ്യക്തമാക്കുകയും ചെയ്തതോടൊപ്പം സുരക്ഷാ കവചങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന അസോസിയേഷനുകളുമായുള്ള ബന്ധത്തെ കുറിച്ചും പരാമര്‍ശിച്ചു. 
കേന്ദ്ര ഷിപ്പിങ് സഹ മന്ത്രിയും കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ടിലൈസേഴ്‌സ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ക്യാബിനറ്റ് സെക്രട്ടറിയും കേന്ദ്ര ആരോഗ്യ, ടെക്‌സ്‌റ്റൈല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പു സെക്രട്ടറിമാരും ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ അലയന്‍സ്, ഇന്ത്യന്‍ ഡ്രഗ് മാനുഫാക്ചറര്‍ അസോസിയേഷന്‍, ഓര്‍ഗനൈസേഷന്‍ ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ പ്രൊഡ്യൂസേഴ്‌സ് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഓര്‍ഗനൈസേഷന്‍ ഓഫ് കെമിസ്റ്റ്‌സ് ആന്‍ഡ് ഡ്രഗ്ഗിസ്റ്റ്‌സ്, ടോറന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്, ബള്‍ക്ക് ഡ്രഗ് മാനുഫാക്ചറിങ് അസോസിയേഷന്‍, അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ ഡിവൈസ് ഇന്‍ഡ്രസ്ട്രി എന്നിവ ഉള്‍പ്പെടെയുള്ള ഔഷധ മേഖലയിലെ സംഘടനകളുടെ മുതിര്‍ന്ന പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 


(Release ID: 1607646) Visitor Counter : 163