രാഷ്ട്രപതിയുടെ കാര്യാലയം

ഇന്ത്യയുടെ 2020ലെ റിപ്പബ്ലിക് ദിനത്തിന്റെ തലേന്നാള്‍ രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് നടത്തിയ അഭിസംബോധന

Posted On: 25 JAN 2020 7:39PM by PIB Thiruvananthpuram


പ്രിയസഹപൗരന്മാരേ, 


നമ്മുടെ 71-ാമത് റിപ്പബ്ലിക് ദിനത്തലേന്ന്, ഇന്ത്യയിലും വിദേശത്തുമുള്ള നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ഊഷ്മളമായ അഭിവാദ്യങ്ങള്‍.
 ഏഴ് ദശാബ്ദങ്ങള്‍ക്ക് മുന്‍പ്, ജനുവരി 26ന്, നമ്മുടെ ഭരണഘടന നിലവില്‍ വന്നു. അതിനു മുന്‍പും ഈ തീയതിക്ക് സവിശേഷ പ്രാധാന്യം കൈവന്നിരുന്നു. 'പൂര്‍ണ്ണ സ്വരാജ്' കൈവരിക്കാന്‍ ദൃഢനിശ്ചയം ചെയ്തു കൊണ്ട്, നമ്മുടെ ജനങ്ങള്‍ 1930 മുതല്‍ 1947 വരെ എല്ലാ ജനുവരി 26നും 'പൂര്‍ണ്ണ സ്വരാജ് ദിനം' ആഘോഷിച്ചിരുന്നു. അതിനാലാണ് 1950ല്‍ ഭരണഘടനയില്‍ അന്തര്‍ലീനമായ തത്വങ്ങള്‍ ഉറപ്പിച്ചു കൊണ്ട് ജനുവരി 26ന് നാം ഒരു റിപ്പബ്ലിക് എന്ന നിലയിലുള്ള നമ്മുടെ യാത്ര തുടങ്ങിയത്. അന്ന് മുതല്‍, എല്ലാ വര്‍ഷവും ജനുവരി 26 നാം റിപ്പബ്ലിക് ദിനമായി ആഘോഷിക്കാന്‍ തുടങ്ങി.
ആധുനിക രാഷ്ട്രത്തിന് നിയമനിര്‍മ്മാണസഭ, ഭരണനിര്‍വഹണ സംവിധാനം, നീതിന്യായ സംവിധാനം എന്നിങ്ങനെ പരസ്പര ബന്ധിതവും പരസ്പരം ആശ്രയിക്കുന്നതുമായ മൂന്ന്  അവയവങ്ങളാണുള്ളത്. എന്നിരുന്നാലും, താഴേതട്ടില്‍ ജനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് രാഷ്ട്രം. 'നാം എന്ന ജനം' ആണ് റിപ്പബ്ലിക്കിന്റെ പ്രധാന ചാലക ശക്തി.ഇന്ത്യയിലെ ജനങ്ങളായ നമ്മളിലാണ് നമ്മുടെ കൂട്ടായ ഭാവി നിര്‍ണ്ണയിക്കുന്നതിനുള്ള യഥാര്‍ത്ഥ ശക്തി കുടികൊള്ളുന്നത്. 
 നമ്മുടെ ഭരണഘടന നമുക്ക് ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യത്തെ പൗരന്മാരെന്ന നിലയില്‍ അവകാശങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍, ജനാധിപത്യത്തിന്റെ കേന്ദ്ര തത്വങ്ങളായ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയവ കര്‍ശനമായി പാലിക്കാനുള്ള ഉത്തരവാദിത്തവും നമുക്ക് മേല്‍ നിക്ഷിപ്തമാണ്. നമ്മുടെ രാഷ്ട്രപിതാവിന്റെ ജീവിതവും മൂല്യങ്ങളും നാം മനസ്സില്‍ സൂക്ഷിക്കുകയാണെങ്കില്‍ ഈ ഭരണഘടനാ തത്വങ്ങള്‍ പിന്തുടരുക നമുക്ക് അനായാസമായിരിക്കും. അങ്ങനെ ചെയ്യുന്നതിലൂടെ, നാം ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷിക ആഘോഷങ്ങള്‍ക്ക് അര്‍ത്ഥപൂര്‍ണ്ണമായ ഒരു മാനം കൂടി നല്‍കുകയാകും ചെയ്യുക. 
പ്രിയ സഹപൗരന്മാരേ,
ഗവണ്‍മെന്റ് നിരവധി ക്ഷേമ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും പൗരന്മാര്‍ സ്വമേധയാ അവയെ ജനകീയ മുന്നേറ്റങ്ങളാക്കി മാറ്റുകയും ചെയ്തു. സ്വച്ഛ ഭാരത് അഭിയാന്‍ വളരെ കുറഞ്ഞ കാലയളവിനുള്ളില്‍ അമ്പരപ്പിക്കുന്ന വിജയം കൈവരിച്ചു. മറ്റ് സംരംഭങ്ങളിലും ഇതേ പ്രസരിപ്പ് കാണാവുന്നതാണ്. പാചകവാതക സബ്‌സിഡി വേണ്ടെന്ന് വയ്ക്കുന്ന കാര്യത്തിലാകട്ടെ, ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് നല്‍കുന്ന പ്രചാരത്തിലാകട്ടെ, സാധാരണക്കാരന്‍ ഗവണ്‍മെന്റ് പദ്ധതികളെ അവന്റെ സ്വന്തമാക്കി, അവയെ ശരിക്കും ഫലപ്രദമാക്കുകയാണുണ്ടായത്. പ്രധാന്‍ മന്ത്രി ഉജ്ജ്വല യോജനയുടെ വിജയം അഭിമാനാര്‍ഹമായ കാര്യമാണ്, എട്ട് കോടി ഗുണഭോക്താക്കളെന്ന ലക്ഷ്യമാണ് ഈ പദ്ധതിയില്‍ കൈവരിച്ചത്. ഇതിലൂടെ ആവശ്യക്കാര്‍ക്ക് ശുദ്ധമായ ഇന്ധനം ലഭ്യമായി. പ്രധാന്‍ മന്ത്രി സഹജ് ബിജ്‌ലി ഹര്‍ ഘര്‍ യോജന, അതായത് സൗഭാഗ്യയും ജനങ്ങളുടെ ജീവിതത്തെ പ്രകാശമാനമാക്കി. പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലൂടെ 14 കോടിയിലധികം കര്‍ഷ കുടുംബങ്ങള്‍ക്ക് ആറായിരം രൂപയുടെ കുറഞ്ഞ വാര്‍ഷിക വരുമാനം ലഭ്യമായി. നമ്മെ ഊട്ടൂന്ന കര്‍ഷകരെ ഇത് അന്തസ്സോടെ ജീവിക്കാന്‍ പ്രാപ്തരാക്കി. 
 വര്‍ദ്ധിച്ചു വരുന്ന ജല പ്രതിസന്ധി ഫലപ്രദമായി നേരിടാന്‍ ജല്‍ശക്തി മന്ത്രാലയം രൂപീകരിച്ചു. ജല സംരക്ഷണത്തിനും കൈകാര്യം ചെയ്യുന്നത്തിനും പ്രഥമ പരിഗണന നല്‍കി. സ്വച്ഛ് ഭാരത് അഭിയാന്‍ പോലെ ജല്‍ ജീവന്‍ ദൗത്യവും ഒരു ജനകീയ മുന്നേറ്റത്തിന്റെ രൂപം കൈവരിക്കുമെന്ന് എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. 
ഏറ്റവും അധികം അര്‍ഹിക്കുന്നവരുടെ ക്ഷേമത്തോടൊപ്പം തന്നെ, ഈ ഗവണ്‍മെന്റിന്റെ  എല്ലാ നയ സംരംഭങ്ങളും 'രാജ്യം ആദ്യം' എന്ന തത്വത്തില്‍ അധിഷ്ടിതമാണ്. ചരക്കു സേവന നികുതി നടപ്പാക്കിയതിത്'ഒരു രാജ്യം, ഒരു നികുതി, ഒരു വിപണി 'എന്ന നമ്മുടെ ദര്‍ശനം യാഥാര്‍ഥ്യമാക്കി.   ഇ-നാം (e-NAM) പദ്ധതി 'ഒരു രാജ്യത്തിന് ഒരു വിപണി ' എന്നതിലൂടെ ഈ ലക്ഷ്യത്തെ  ശക്തിപ്പെടുത്തുന്നു, ഒപ്പം കര്‍ഷകര്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കും. രാജ്യത്തെ എല്ലാ പ്രദേശങ്ങളുടെയും -അത് ജമ്മു കശ്മീരും ലഡാക്കും ആകട്ടെ, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളോ  ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപുകളോ ആകട്ടെ- എല്ലാവരുടെയും സമഗ്രമായ വികസനത്തിനായി ശക്തമായ നടപടികളാണ് ഗവണ്മെന്റ് സ്വീകരിച്ചു വരുന്നത്.
രാജ്യത്തിന്റെ വികസനത്തിനായി  ശക്തമായ ആഭ്യന്തര സുരക്ഷാ അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് തന്നെ, ആഭ്യന്തര സുരക്ഷാ സംവിധാനം ശക്തിപ്പെടുത്താന്‍ ഈ ഗവണ്‍മെന്റ് നിരവധി കരുത്തുറ്റ നടപടികള്‍ സ്വീകരിച്ചു. 
ആരോഗ്യം, വിദ്യാഭ്യാസം എന്നിവയുടെ ലഭ്യത മികച്ച ഭരണനിര്‍ഹണത്തിന്റെ അടിസ്ഥാനമായാണ് കണക്കാക്കപ്പെടുന്നത്. ഈ രണ്ടു മേഖലകളിലും, ഈ കഴിഞ്ഞ ഏഴ് ദശാബ്ദങ്ങളില്‍ നാം വളരെയേറെ മുന്നേറിയിരിക്കുന്നു. ഉത്കര്‍ഷേച്ഛയുള്ള  നിരവധി പദ്ധതികളാല്‍,  ആരോഗ്യ മേഖലയില്‍ കൃത്യമായി ശ്രദ്ധയൂന്നാന്‍  ഈ ഗവണ്‍മെന്റിനായി. പ്രധാനമന്ത്രി ജന്‍ ആരോഗ്യ പദ്ധതിയില്‍ തുടങ്ങി ലോകത്തെ ഏറ്റവും വലിയ പൊതു ജനമൂലധന ആഗോള ആരോഗ്യ സംരക്ഷണ പരിപാടിയായ ആയുഷ്മാന്‍ ഭാരത്  പദ്ധതിയിലൂടെ ഈ രാജ്യത്തെ പാവപ്പെട്ടവരുടെ ക്ഷേമത്തിലുള്ള കരുതലും ജാഗ്രതയും ഗവര്‍മെന്റ് വെളിവാക്കുന്നു. ആരോഗ്യ സംരക്ഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെട്ടിരിക്കുന്നു, കൂടെ അതിന്റെ വ്യാപ്തിയും. ജന്‍ ഔഷധി  പദ്ധതിയിലൂടെ ഗുണമേന്മയുള്ള ഔഷധങ്ങള്‍ സാധാരണക്കാരന് താങ്ങാനാവുന്ന  വിലയില്‍ നല്‍കുന്നതിലൂടെ ഈ രാജ്യത്തെ  സാധാരണ ജനങ്ങളുടെ ആരോഗ്യസംരക്ഷണ ബജറ്റില്‍ കുറവുണ്ടായി.

പ്രിയ സഹ പൗരന്മാരെ,
നളന്ദ , തക്ഷശില തുടങ്ങിയ വിഖ്യാതമായ സര്‍വ്വകലാശാലകള്‍ സ്ഥാപിച്ചതിലൂടെ, പുരാതന കാലത്തു തന്നെ ശക്തമായ വിദ്യാഭ്യാസ  സമ്പ്രദായത്തിന് തുടക്കം കുറിച്ചിരുന്നു. ഇന്ത്യയില്‍  എല്ലായ്‌പ്പോഴും  അധികാരം, പ്രശസ്തി, ധനം എന്നിവയെക്കാള്‍  അറിവ്മഹത്തരമാണെന്ന് പരിഗണിക്കപ്പെട്ടിരുന്നു. നമ്മുടെ പാരമ്പര്യത്തില്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളെ പഠനത്തിന്റെ ക്ഷേത്രങ്ങളായി ബഹുമാനിക്കുന്നു. നീണ്ട കോളോണിയല്‍ ഭരണത്തിനു ശേഷം നമ്മുടെ രാജ്യം പിന്നോട്ട് തള്ളപ്പെട്ടപ്പോള്‍ വിദ്യാഭാസമാണ് നമ്മുടെ ശാക്തീകരണത്തിന് വഴിതെളിച്ചത്. സ്വാതന്ത്ര്യ ലബ്ദിക്ക്  ശേഷം ഉടന്‍ തന്നെ വിഭവ പരിമിതിയുടേതായ ഒരു പരിതസ്ഥിതിയിലാണ് നാം നമ്മുടെ   വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനം ലക്ഷ്യമിട്ടുള്ള നടപടികള്‍ ആരംഭിച്ചത്. എങ്കിലും വിദ്യാഭ്യാസ രംഗത്ത് നമ്മുടെ  നേട്ടങ്ങള്‍ സ്തുത്യര്‍ഹമായ സഞ്ചാരപഥത്തിലൂടെ പ്രയാണം തുടര്‍ന്നു. ഒരു കുട്ടിക്കോ, യുവാവിനോ വിദ്യാഭ്യാസം നിഷേധിക്കപ്പെടരുത് എന്ന് ഉറപ്പാക്കുകയാണ് നമ്മുടെ ലക്ഷ്യം. അതേ സമയം, വിദ്യാഭ്യാസ സംവിധാനങ്ങളുടെ തുടര്‍ച്ചയായ പരിഷ്‌കരണത്തിലൂടെ ആഗോള വിദ്യാഭ്യാസ   മാനദണ്ഡങ്ങള്‍ക്കൊപ്പം  എത്താന്‍ നാം കഠിനമായി പരിശ്രമിക്കുകയും വേണം. 
ഐഎസ്ആര്‍ഒയുടെ നേട്ടങ്ങളില്‍ ഇന്ത്യക്കു അഭിമാനമുണ്ട്. ഗഗന്‍യാന്‍ ദൗത്യത്തില്‍ അവര്‍ വളരെ അധികം പുരോഗതി വരിച്ചു കഴിഞ്ഞു. മനുഷ്യനെ ബഹിരാകാശത്തു എത്തിക്കാനുള്ള ഇന്ത്യന്‍ ദൗത്യത്തില്‍ ഈ വര്‍ഷം നടത്താന്‍ പോകുന്നമുന്നേറ്റത്തിനായി രാജ്യം ആവേശത്തോടെ കാത്തിരിക്കുന്നു.
ഇത് ടോക്യോ ഒളിംപിക്‌സിന്റെ വര്‍ഷംകൂടിയാണ്. ഇന്ത്യ പരമ്പരാഗതമായി പല കായിക ഇനങ്ങളിലും നല്ല പ്രകടനം കാഴ്ചവെക്കുന്നതോടൊപ്പം ഈയടുത്ത വര്‍ഷങ്ങളിലായി യുവതലമുറ കളിക്കാരും കായിക താരങ്ങളും രാജ്യത്തിനു കൂടുതല്‍ കൂടുതല്‍ ഇനങ്ങളില്‍ കീര്‍ത്തി നേടിത്തരുന്നുണ്ട്. 2020 ഒളിംപ്കിസില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തിനു ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ പിന്തുണയുണ്ട്.
നമ്മുടെ രാജ്യത്തിന് അഭിമാനം പകരുന്ന മറ്റൊരു ശക്തി വിദേശരാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യന്‍ വംശജരാണ്. വിദേശ സന്ദര്‍ശനങ്ങള്‍ക്കിടെ എനിക്കു മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളതു തങ്ങള്‍ ജീവിക്കാന്‍ തെരഞ്ഞെടുത്ത നാടുകള്‍ക്കു അഭിവൃദ്ധി ഉറപ്പാക്കാന്‍ മാത്രമല്ല, ലോകത്തിനുമുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാനും ഭാരതീയര്‍ക്കു സാധിച്ചിട്ടുണ്ട് എന്നാണ്. അവരില്‍ പലരും വ്യത്യസ്ഥ മേഖലകളിലെ സംരംഭങ്ങളിലായി ഏറെ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്.
പ്രിയപ്പെട്ട സഹ പൗരന്‍മാരേ, 
നമ്മുടെ സായുധ സേനയെയും പാരാമിലിട്ടറി, ആഭ്യന്തര സുരക്ഷാ സേനകളെയും ഞാന്‍ അഭിനന്ദിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ ഐക്യം സംരക്ഷിക്കുന്നതിനായി അവര്‍ നടത്തുന്ന ത്യാഗങ്ങള്‍ സമാനതകളില്ലാത്ത ധൈര്യത്തിന്റെയും അച്ചടക്കത്തിന്റെയും വീരഗാഥ തന്നെയാണ്. നമ്മുടെ കര്‍ഷകര്‍, ഡോക്ടര്‍മാരും നഴ്‌സുമാരും, വിദ്യാഭ്യാസവും മൂല്യങ്ങളും പകര്‍ന്നുനല്‍കുന്ന അധ്യാപകര്‍, ശാസ്ത്രജ്ഞരും എന്‍ജിനീയര്‍മാരും, ജാഗ്രത പുലര്‍ത്തുന്ന സജീവമായ യുവാക്കള്‍, സാമ്പത്തിക വളര്‍ച്ചയ്ക്കു സംഭാവനകള്‍ അര്‍പ്പിക്കുന്ന സംരംഭകര്‍, നമ്മുടെ സംസ്‌കാരത്തെ സമ്പന്നമാക്കുന്ന കലാകാരന്‍മാര്‍, ആഗോള പ്രശംസ ലഭിച്ചിട്ടുള്ള സേവനമേഖലയിലെ വിദഗ്ധര്‍, പല മേഖലകളിലായി സംഭാവനകള്‍ അര്‍പ്പിക്കുന്ന സഹ പൗരന്‍മാര്‍, പ്രതിസന്ധികളെ അതിജീവിച്ചു നേട്ടങ്ങളുടെ പുതിയ ഉയരങ്ങള്‍ താണ്ടിയ ഉത്പതിഷ്ണുക്കളായ നമ്മുടെ പെണ്‍മക്കള്‍ എന്നിവരെല്ലാം രാഷ്ട്രത്തിന് അഭിമാനമേകുന്നു. 
ഈ മാസമാദ്യം വിവിധ മേഖലകളില്‍ ശ്ലാഘനീയമായ പ്രകടനം കാഴ്ചവെച്ച ചില പ്രതിഭകളുമായി സംവദിക്കാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. നിശ്ശബ്ദമായ പ്രവര്‍ത്തനത്തിലൂടെ അവര്‍ ശാസ്ത്രവും നൂതനാശയവും, കായികം, ദിവ്യാംഗരുടെ ശാക്തീകരണം, കൃഷിയും വനവല്‍ക്കരണവും, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, പഴയകാല കലാരൂപങ്ങള്‍ പുനരുജ്ജീവിപ്പിക്കല്‍, ആവശ്യക്കാര്‍ക്കു ഭക്ഷണവും പോഷകാഹാരവും ലഭ്യമാക്കല്‍ തുടങ്ങിയ മേഖകളില്‍ വലിയ സംഭാവനകളാണ് അര്‍പ്പിക്കുന്നത്. ഉദാഹരണത്തിന്, സുശ്രീ ആരിഫ ജാന്‍ ജമ്മു കശ്മീരിലെ നുംധ കരകൗശലവിദ്യ പുനരുജ്ജീവിപ്പിച്ചു, സുശ്രീ രത്‌നാവലി കോട്ടപ്പള്ളി തെലങ്കാനയിലെ തലാസീമിയ രോഗികളെ സേവിക്കുകയാണ്, ശ്രീമതി ദേവകി അമ്മ വ്യക്തിപരമായ പരിശ്രമങ്ങളിലൂടെ കേരളത്തില്‍ വനസമ്പത്ത് വികസിപ്പിച്ചു, ശ്രീ. ജംഖോജങ് മിസാവോ സാമൂഹ്യ വികസന ശ്രമങ്ങളിലൂടെ മണിപ്പൂരില്‍ എത്രയോ പേരുടെ ജീവിതം മെച്ചപ്പെടുത്തി, ശ്രീ. ബാബര്‍ അലി കുട്ടിക്കാലം മുതല്‍ പശ്ചിമ ബംഗാളില്‍ അടിസ്ഥാനസൗകര്യം നിഷേധിക്കപ്പെട്ട കുട്ടികള്‍ക്കു വിദ്യാഭ്യാസം നല്‍കിവരുന്നു. ഇത്തരത്തിലുള്ള ഒട്ടേറെ ഉദാഹരണങ്ങള്‍ ഉണ്ട്; ഞാന്‍ ഏതാനും ചിലതു പരാമര്‍ശിച്ചു എന്നേ ഉള്ളൂ. ഇവയെല്ലാം വ്യക്തമാക്കുന്നതു സാധാരണക്കാര്‍ക്ക് അസാധാരണമാം വിധം സംഭാവനകള്‍ അര്‍പ്പിക്കാന്‍ സാധിക്കുമെന്നാണ്. രാഷ്ട്രനിര്‍മാണത്തിനു സംഭാവനകള്‍ അര്‍പ്പിക്കുകയും ഗവണ്‍മെന്റ് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്കു പൂരകമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന എത്രയോ സന്നദ്ധ സംഘടനകളുമുണ്ട്. 
സഹ പൗരന്‍മാരേ, 
നാം ഇപ്പോള്‍ 21ാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിലാണ്. നവ ഇന്ത്യയും പുതു തലമുറ ഇന്ത്യക്കാരും രൂപപ്പെടുന്ന ദശകമായിരിക്കും ഇത്. ഈ നൂറ്റാണ്ടില്‍ ജനിച്ചവരില്‍ കൂടുതല്‍ കൂടുതല്‍ പേര്‍ രാഷ്ട്ര വ്യവഹാരത്തില്‍ ഇടപെട്ടുവരികയാണ്. കാലം പിന്നിടുന്നതോടെ മഹത്തായ സ്വാതന്ത്ര്യസമരവുമായി നേരിട്ടുള്ള ബന്ധം നമുക്കു പതിയെ നഷ്ടമാവുകയാണെങ്കിലും പോരാട്ടത്തെ നയിച്ച വിശ്വാസങ്ങള്‍ കൈമോശം വരുമെന്നു ഭയക്കേണ്ടതില്ല. സാങ്കേതികവിദ്യ പുരോഗമിച്ചതോടെ ഇന്നത്തെ യുവമനസ്സുകള്‍ കൂടുതല്‍ അറിവു നേടുകയും ആത്മവിശ്വാസം ആര്‍ജിക്കുകയും ചെയ്യുന്നു. വരുംതലമുറ നമ്മുടെ രാഷ്ട്രത്തിന്റെ മഹത്തായ മൂല്യങ്ങളോടു ശക്തമായ പ്രതിബദ്ധത പുലര്‍ത്തുന്നുണ്ട്. നമ്മുടെ യുവാക്കളെ സംബന്ധിച്ചിടത്തോളം രാജ്യത്തിനാണു പ്രഥമ പരിഗണന. അവരിലൂടെ നവ ഇന്ത്യ രൂപപ്പെടുന്നതു നാം തിരിച്ചറിയുകയാണ്.
രാഷ്ട്ര നിര്‍മാണത്തിനുള്ള യത്‌നത്തില്‍ മഹാത്മാ ഗാന്ധിയുടെ ആശയങ്ങള്‍ പ്രസക്തമായി തുടരുന്നു. നമ്മുടെ കാലത്തു കൂടുതല്‍ അനിവാര്യമായി മാറിക്കഴിഞ്ഞ, ഗാന്ധിജിയുടെ സത്യത്തിന്റെയും അഹിംസയുടെയും സന്ദേശത്തെ കുറിച്ചു ആത്മപരിശോധന നടത്തുന്നതു നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കേണ്ടതാണ്. 
ഒരു ലക്ഷ്യം മുന്‍നിര്‍ത്തി പൊരുതുന്നവര്‍, വിശേഷിച്ചു യുവാക്കള്‍, മാനവികതയ്ക്കു ഗാന്ധിജി നല്‍കിയ സമ്മാനമായ അഹിംസ മറന്നുപോകരുത്. ഒരു കര്‍മം ശരിയോ തെറ്റോ എന്നു നിര്‍ണയിക്കാന്‍ ഗാന്ധിജി കാട്ടിത്തന്ന വഴി നമ്മുടെ ജനാധിപത്യത്തിന്റെ പ്രവര്‍ത്തനത്തിനും ബാധകമാണ്. ഗവണ്‍മെന്റിനും പ്രതിപക്ഷത്തിനും പ്രധാനപ്പെട്ട പങ്കു വഹിക്കാനുണ്ട്. തങ്ങളുടെ രാഷ്ട്രീയ ആദര്‍ശം ഉയര്‍ത്തിക്കാട്ടുമ്പോഴും രാജ്യത്തിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും സദാ പരിഗണിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് ഇരു പക്ഷത്തിന്റെയും ഉത്തരവാദിത്തമാണ്. 
പ്രിയപ്പെട്ട സഹ പൗരന്‍മാരേ, 
നമ്മുടെ റിപ്പബ്ലിക് ദിനം നമ്മുടെ ഭരണഘടനയുടെ ആഘോഷമാണെന്നിരിക്കെ, അതിന്റെ മുഖ്യശില്‍പി ബാബാ സാഹേബ് അംബേദ്കറുടെ വാക്കുകളോടെ ഞാന്‍ അവസാനിപ്പിക്കട്ടെ:
(ഞാന്‍ ഉദ്ധരിക്കുന്നു)
'കേവലം രൂപത്തിലല്ലാതെ വസ്തുതാപരമായും ജനാധിപത്യം ഉറപ്പാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നാം എന്താണു ചെയ്യേണ്ടത്? എന്റെ നിരീക്ഷണത്തില്‍ ആദ്യം ചെയ്യേണ്ടത് നമ്മുടെ സാമൂഹ്യ, സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടുന്നതിനായി ഭരണഘടനാപരമായ വഴി പിന്‍തുടരുകയാണ്'
ഈ വാക്കുകള്‍ എല്ലായ്‌പ്പോഴും നമ്മുടെ പാതയെ ദീപ്തമാക്കിയിട്ടുണ്ട്. ഈ വാക്കുകള്‍ നമുക്കു നവയശസ്സിലേക്കു വഴികാട്ടിയായിരിക്കും. 
പ്രിയപ്പെട്ട പൗരന്‍മാരേ, 
നമ്മുടെ 'വസുധൈവകുടുംബകം' എന്ന സന്ദേശമനുസരിച്ചുള്ള, ലോകം പരസ്പര ബന്ധിതമായ ബൃഹദ്കുടുംബമെന്ന ആശയം മറ്റു രാജ്യങ്ങളുമായുള്ള നമ്മുടെ ബന്ധത്തെ ശക്തിപ്പെടുത്തുന്നു. നമ്മുടെ ജനാധിപത്യ മൂല്യങ്ങളും വികസനഫലങ്ങളും നാം മുഴുവന്‍ ലോകവുമായി പങ്കുവെച്ചുവരികയാണ്. 
റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിനായി വിദേശരാഷ്ട്ര തലവന്‍മാരെ ക്ഷണിക്കുന്ന പതിവു നമുക്കുണ്ട്. നാളെ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ബ്രസീല്‍ പ്രസിഡന്റ് ശ്രീ. ജയിര്‍ ബൊല്‍സോനാരോ പങ്കെടുക്കും. 
ഇന്ത്യയും ഇന്ത്യക്കാരും മുന്നോട്ടു കുതിക്കുമ്പോള്‍ നമുക്കും മുഴുവന്‍ മാനവികതയ്ക്കും ഭദ്രവും അഭിവൃദ്ധി നിറഞ്ഞതുമായ ഭാവി കെട്ടിപ്പടുക്കുന്നതിനായി ആഗോള സമൂഹത്തെ സജ്ജമാക്കുന്നതിനു നാം പ്രതിജ്ഞാബദ്ധമാണ്. 
നിങ്ങള്‍ക്കെല്ലാം ഒരിക്കല്‍ക്കൂടി ഞാന്‍ റിപ്പബ്ലിക് ദിനാശംസകള്‍ നേരുന്നു. ശോഭനമായ ഭാവി ആശംസിക്കുകയും ചെയ്യുന്നു. 
ജയ് ഹിന്ദ്!


***


 



(Release ID: 1600560) Visitor Counter : 164