മന്ത്രിസഭ

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച യു.എന്‍ സമ്മേളനത്തില്‍ ഇന്ത്യയുടെ നിലപാടിന് മന്ത്രിസഭയുടെ അംഗീകാരം

Posted On: 27 NOV 2019 11:47AM by PIB Thiruvananthpuram

സ്‌പെയിനിലെ മാഡ്രിഡില്‍ അടുത്ത മാസം രണ്ട് മുതല്‍ പതിമൂന്ന് വരെ നടക്കുന്ന കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച 25-ാമത്  ഐക്യരാഷ്ട്ര  സമ്മേളനത്തില്‍ ഇന്ത്യ കൈക്കൊള്ളേണ്ട നിലപാടിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.


കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി ശ്രീ. പ്രകാശ് ജാവ്‌ദേക്കര്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കും. ക്യോട്ടോ ഉടമ്പടി പ്രകാരം 2020-ന് മുമ്പുള്ള കാലഘട്ടത്തില്‍ നിന്ന് 2020 ന് ശേഷമുള്ള കാലഘട്ടത്തിലേക്ക് നീങ്ങാന്‍ രാജ്യങ്ങള്‍ തയ്യാറെടുക്കുന്ന വേളയില്‍ ചേരുന്ന,പാരീസ് കരാറിന് കീഴിലെ ബന്ധപ്പെട്ട കക്ഷികളുടെ സുപ്രധാന സമ്മേളനമായ, സി.ഇ.ഒ.പി 25 വളരെ പ്രധാനപ്പെട്ട ഒന്നാണ്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഐക്യരാഷ്ട്ര ചട്ടക്കൂട് കണ്‍വെന്‍ഷന്റെയും, പാരീസ് ഉടമ്പടിയുടെയും വ്യവസ്ഥകളാ യിരിക്കും ഇന്ത്യയുടെ സമീപനത്തെ നയിക്കുക.  


കാലാവസ്ഥാ വ്യതിയാനത്തിലെ ഇന്ത്യയുടെ നേതൃത്വം വളരെ പ്രകടവും, ലോകമൊട്ടാകെ അംഗീകരിക്കപ്പെട്ടതുമാണ്. പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് ഒട്ടേറെ ഉദ്യമങ്ങള്‍ കൈക്കൊണ്ടുവരികയാണ്. ഇക്കാര്യത്തില്‍ ഇന്ത്യയുടെ പ്രതിബദ്ധത വ്യക്തമാക്കുന്നവയാണ് ഇവ.

ഐക്യരാഷ്ട്ര സെക്രട്ടറി ജനറല്‍ അടുത്തിടെ വിളിച്ചുകൂട്ടിയ ക്ലൈമറ്റ് ആക്ഷന്‍ ഉച്ചകോടിയില്‍ പുനരുപയോഗ ഊര്‍ജ്ജോല്പാദന ലക്ഷ്യം 450 ജിഗാവാട്ടായി വര്‍ദ്ധിപ്പിക്കാനുള്ള ഇന്ത്യയുടെ പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. തുല്യതയുടെ അടിസ്ഥാനത്തില്‍ എല്ലാവരും ഉത്തരവാദിത്തപൂര്‍ണ്ണമായ പ്രവര്‍ത്തനം നടത്താന്‍ അദ്ദേഹം ആഹ്വാനവും ചെയ്തിരുന്നു. അന്താരാഷ്ട്ര സൗരസഖ്യത്തിലൂടെ സൗരോര്‍ജ്ജ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതില്‍ ഇന്ത്യ ലോകത്തിന് തന്നെ നേതൃത്വം നല്‍കി വരികയാണ്.


കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന് അന്താരാഷ്ട്ര സൗരസഖ്യത്തിന് പുറമെ ഇന്ത്യ രണ്ട് ഉദ്യമങ്ങള്‍ക്ക് കൂടി തുടക്കം കുറിച്ചിട്ടുണ്ട്. ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യമാണ് ഇവയിലൊന്ന്. കാലാവസ്ഥാ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയെ പ്രതിരോധിക്കാന്‍ കെല്‍പ്പുള്ള അടിസ്ഥാനസൗകര്യസൃഷ്ടിക്കായുള്ള സഖ്യമാണിത്. കാര്‍ബണ്‍ വര്‍ദ്ധന കുറയ്ക്കുന്നതിനും, സാങ്കേതിക നവീനാശയങ്ങളുടെ മേഖലയില്‍ സഹകരിക്കുന്നതിനുമായി വിവിധ രാജ്യങ്ങളിലെ ഗവണ്‍മെന്റുകള്‍ക്കും, സ്വകാര്യ മേഖലയ്ക്കും ഒരു വേദിയൊ രുക്കാന്‍ ഇന്ത്യയും, സ്വീഡനും സംയുക്തമായി തുടങ്ങിയതാണ്  'ലീഡര്‍ഷിപ്പ് ഗ്രൂപ്പ് ഫോര്‍ ഇന്‍ഡസ്ട്രി ട്രാന്‍സിഷന്‍'. 


കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനുള്ള സാമ്പത്തിക ബാധ്യതകള്‍ നേരിടുന്നതിനുള്ള കര്‍മ്മ പരിപാടികള്‍ക്ക് വികസിത രാജ്യങ്ങള്‍ മുന്‍കൈ എടുക്കണമെന്ന് ഇന്ത്യ ഊന്നിപ്പറഞ്ഞിട്ടുണ്ട്. 2020-ഓടെ പ്രതിവര്‍ഷം മൂന്ന് ബില്യണ്‍ ഡോളര്‍ സ്വരൂപിക്കാനും ക്രമേണ തങ്ങളുടെ സാമ്പത്തിക സഹായം വര്‍ദ്ധിപ്പിക്കാനുമുള്ള വാഗ്ദാനം അവര്‍ നിറവേറ്റണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. വികസിത രാഷ്ട്രങ്ങള്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തത് വഴി 2020-ന്‌ശേഷമുളള കാലയളവില്‍ വികസ്വര രാഷ്ട്രങ്ങള്‍ക്ക് അധിക ബാധ്യത ഉണ്ടാകരുതെന്നും ഇന്ത്യ ആവശ്യപ്പെടും.


മൊത്തത്തില്‍ ക്രിയാത്മകമായ കാഴ്ചപ്പാടോടെ ചര്‍ച്ചകളില്‍ പങ്കെടുക്കാനും, തങ്ങളുടെ ദീര്‍ഘകാല വികസന താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കാനുമാണ് ഇന്ത്യ ഉറ്റുനോക്കുന്നത്.
ND-MRD(Release ID: 1593865) Visitor Counter : 29