പ്രധാനമന്ത്രിയുടെ ഓഫീസ്‌

സൗദി അറേബ്യയുമായുള്ള തന്ത്രപര പങ്കാളിത്തസമിതി കരാര്‍ ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തും; പ്രധാനമന്ത്രി നരേന്ദ്ര മോദി

Posted On: 29 OCT 2019 11:05PM by PIB Thiruvananthpuram

-സൗദി അറേബ്യയുമായി ഇത്തരം ഒരു കരാര്‍ ഒപ്പിടുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ

 

ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ഒപ്പിടുന്ന തന്ത്രപരമായ പങ്കാളിത്ത സമിതി കരാര്‍ രണ്ടു രാജ്യങ്ങളും തമ്മിലുള്ള കരുത്തുറ്റ ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു.
    സൗദി അറേബ്യ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി അറബ് ന്യൂസുമായി സംസാരിക്കുകയായിരുന്നു.
    കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ പ്രധാനമന്ത്രി മോദിയുടെ രണ്ടാമത്തെ സൗദി അറേബ്യ സന്ദര്‍ശനമാണിത്.
    അസമത്വം ഇല്ലാതാക്കാനും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കാനുമായി ജി-20 ക്കുള്ളില്‍ഇരു രാജ്യങ്ങളും യോജിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു.
    ആഗോള സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് സ്ഥായിയായ എണ്ണവില നിര്‍ണ്ണായകമാണെന്ന് പറഞ്ഞ അദ്ദേഹം ഇന്ത്യയുടെ ഊര്‍ജ്ജാവശ്യങ്ങളുടെ വിശ്വസനീയ സ്രോതസ് എന്ന നിലയിലുള്ള സൗദി അറേബ്യയുടെ പങ്കിനെ പ്രശംസിക്കുകയും ചെയ്തു.
    ''താനും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായുള്ള മികച്ച ബന്ധം ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
'2016-ല്‍ എന്റെ സൗദി അറേബ്യയിലേക്കുള്ള എന്റെ ആദ്യ സന്ദര്‍ശനം മുതല്‍ ഉഭയകക്ഷി ബന്ധത്തില്‍ അസാധാരണമായ വളര്‍ച്ചയുണ്ടായതിന് ഞാന്‍ വ്യക്തിപരമായി സാക്ഷിയാണ്. സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി ഞാന്‍ അഞ്ചു തവണ കൂടിക്കാഴ്ച നടത്തി. അദ്ദേഹവുമായുള്ള എന്റെ മുന്‍ കൂടിക്കാഴ്ചകള്‍ വളരെ ഊഷ്മളമായിരുന്നത് ഞാന്‍ ഓര്‍ക്കുന്നു. ഈ സന്ദര്‍ശനത്തില്‍ വീണ്ടും അദ്ദേഹവുമായുള്ള കുടിക്കാഴ്ചയെ ഞാന്‍ ഉറ്റുനോക്കുകയാണ്. സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിമുഹമ്മദ് ബിന്‍ സല്‍മാന്റെയും നേതൃത്വത്തില്‍ ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമായി വളരുമെന്ന് എനിക്ക് ദൃഢവിശ്വാസമുണ്ട്.''    
''അയല്‍ക്കാര്‍ ആദ്യം'' എന്നത് എന്റെ ഗവണ്‍മെന്റിന്റെ വിദേശകാര്യനയത്തിന് മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന വീക്ഷണമായി തുടരുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സൗദി അറേബ്യയുമായുള്ള ഇന്ത്യയുടെ ബന്ധം വിശാലമായ നമ്മുടെ അയല്‍പക്കവുമായുള്ള ഏറ്റവും പ്രധാനപ്പെട്ട ഉഭയകക്ഷി ബന്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി''. 
    ഈ സന്ദര്‍ശനത്തില്‍ ഒപ്പിടാന്‍ പോകുന്ന തന്ത്രപരമായ പങ്കാളിത്ത കൗണ്‍സില്‍ കരാറുമായി ബന്ധപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു : ''വിവിധ മേഖലകളില്‍ സഹകരണത്തിന്റെ ഒരു പുതിയ കാലം ആരംഭിക്കും. വാണിജ്യം, നിഷേപം, സുരക്ഷ, പ്രതിരോധ സഹകരണം തുടങ്ങി വിവിധ രംഗത്തെ നമ്മുടെ ബന്ധങ്ങള്‍ കരുത്തുറ്റതും ആഴമുള്ളതുമാണ്. അത് കൂടുതല്‍ ശക്തിപ്പെടുകയേയുള്ളു.'' 
    ''ഇന്ത്യയേയും സൗദി അറേബ്യയേയും പോലുള്ള ഏഷ്യന്‍ ശക്തികള്‍ ഒരേ തരത്തിലുള്ള സുരക്ഷാ പ്രശ്‌നങ്ങളാണ് അവരുടെ അയല്‍പക്കങ്ങളില്‍ പങ്കുവയ്ക്കുന്നത്. അക്കാര്യത്തില്‍ നമ്മുടെ സഹകരണത്തില്‍, പ്രത്യേകിച്ചും ഭീകരവാദത്തെനേരിടുന്ന മേഖലയില്‍, സുരക്ഷാ, തന്ത്രപരമായ പ്രശ്‌നങ്ങളില്‍, നല്ലരീതിയില്‍ പുരോഗമിക്കുന്നുവെന്നതില്‍ ഞാന്‍ സന്തോഷവാനാണ്. എന്റെ സുരക്ഷാ ഉപദേഷ്ടാവ് വളരെ അടുത്ത് തന്നെ റിയാദിലേക്ക് വളരെ ഫലപ്രദമായ ഒരു സന്ദര്‍ശനം നടത്തിയിരുന്നു.'' പ്രതിരോധ രംഗത്തെ സഹകരണത്തിന് ഇന്ത്യയ്ക്കും സൗദി അറേബ്യയ്ക്കും ഒരു സംയുക്ത സമിതിയുണ്ടെന്നും അത് നിരന്തരം യോഗങ്ങള്‍ ചേരുന്നുണ്ടെന്നും പ്രതിരോധത്തിലും സുരക്ഷയിലും ഇരു രാജ്യങ്ങളും പരസ്പര താല്‍പര്യവും സഹകരണവും വേണ്ട നിരവധി മേഖലകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
    ''സുരക്ഷാ സഹകരണം, പ്രതിരോധ വ്യവസായത്തിലെ യോജിച്ച പ്രവര്‍ത്തനം, എന്നിവയില്‍ ഒരു കരാറില്‍ ഏര്‍പ്പെടുന്നതിനുള്ള പ്രക്രിയയിലാണ്. അതോടൊപ്പം രണ്ടു രാജ്യങ്ങളും തമ്മില്‍ ഒരു സമഗ്രമായ സുരക്ഷാ ചര്‍ച്ചാ സംവിധാനം നടപ്പിലാക്കുന്നതിനും സമ്മതിച്ചിട്ടുണ്ട്.'' അദ്ദേഹം  പറഞ്ഞു.
    ''പശ്ചിമേഷ്യയിലെ വിവിധ മേഖലകളില്‍ സംഘര്‍ഷം സംബന്ധിച്ച ചോദ്യത്തിനുത്തരമായി മറ്റുള്ളവരുടെ പരമാധികാരം മാനിച്ചുകൊണ്ടും, മറ്റുള്ളവരുടെ ആഭ്യന്തരകാര്യങ്ങളില്‍ പരസ്പരം ഇടപെടാതെയുമുള്ള സന്തുലിതമായ സമീപനമാണ് ആവശ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മേഖലയിലെ എല്ലാ രാജ്യങ്ങളുമായും ഇന്ത്യ വളരെ മികച്ച ഒരു ഉഭയകക്ഷി ബന്ധമാണ് പങ്കുവയ്ക്കുന്നത്, എട്ടു മില്യണ്‍ വരുന്ന ഇന്ത്യന്‍ പ്രവാസി സമൂഹം ഈ മേഖലകളില്‍ താമസിക്കുന്നുണ്ട്. ബന്ധപ്പെട്ട എല്ലാവരെയും ചര്‍ച്ചയ്ക്ക് പ്രേരിപ്പിക്കുന്ന ഒരു പ്രക്രിയ ഈ പ്രധാനപ്പെട്ട മേഖലയില്‍ ശാന്തിയും സുരക്ഷയും കൊണ്ടുവരുന്നതിന് സുപ്രധാനമാണ്.'' അദ്ദേഹം  പറഞ്ഞു.
    ''ഇന്ത്യയെപ്പോലുള്ള വലിയ, വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങള്‍ നയിക്കുന്ന പാതയിലൂടെയായിരിക്കും ആഗോള സമ്പദ്ഘടനയുടെ പ്രയാണം  സെപ്റ്റംബറില്‍ ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ ഞാന്‍ നടത്തിയ പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നതുപോലെ, എല്ലാവരുടെയൂം വളര്‍ച്ചയ്ക്ക് എല്ലാവരുടെയും വിശ്വാസത്തോടെയുള്ള ഒരു കൂട്ടായ പ്രവര്‍ത്തനമാണ് വേണ്ടതെന്ന് നമ്മള്‍ ആത്മാത്ഥമായി വിശ്വസിക്കുന്നു.'' നിലവിലെ ആഗോള സമ്പദ്ഘടനയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടായി പ്രധാനമന്ത്രി മോദി പറഞ്ഞു.
    ''സാമ്പത്തിക അനിശ്ചിതത്വം അസന്തുലിതമായ ബഹുതല വ്യാപാര സംവിധാനത്തിന്റെ ഫലമാണ്. ജി 20നുള്ളില്‍ ഇന്ത്യയും സൗദി അറേബ്യയും അന്തുലിതാവസ്ഥ കുറയ്ക്കുന്നതിനും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പ്രവര്‍ത്തിക്കുന്നത്. അടുത്തവര്‍ഷം ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത് സൗദി അറേബ്യയും അതിനടുത്ത വര്‍ഷത്തേതിന് ഇന്ത്യയും, അത് നമ്മുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം കൂടിയാണ് എന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.
    ''വ്യാപാര-സൗഹൃദ അന്തരീക്ഷം സഷ്ടിക്കുന്നതിനായും  വളര്‍ച്ചയും സ്ഥിരതയുയും ആഗോളതലത്തില്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനുമായി  ഇന്ത്യ നിരവധി പരിഷ്‌ക്കരണ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്, വ്യാപാരം എളുപ്പമാക്കുന്നതിനും നിക്ഷേപ സൗഹൃദ മുന്‍കൈകള്‍ക്കുമായുള്ള നമ്മുടെ പരിഷ്‌ക്കാരങ്ങള്‍ ലോകബാങ്കിന്റെ വ്യാപാരം എളുപ്പമാക്കല്‍ സൂചികയില്‍ നമ്മുടെ സ്ഥാനം 2014ലെ 142ല്‍ നിന്നും 2019ലെ 63ല്‍ എത്തിച്ചു.''എന്നതായിരുന്നു പാശ്ചാത്യ സമ്പദ്‌വ്യവസ്ഥയിലെ നിലവിലെ മാന്ദ്യത്തെക്കുറിച്ചും ആ സാഹചര്യത്തില്‍ ഇന്ത്യയുടെയൂം സൗദി അറേബ്യയുടെയും പങ്കാളിത്തത്തിദേയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ മറുപടി.
    '' മേക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, സ്വച്ച് ഭാരത്, സ്മാര്‍ട്ട് സിറ്റികള്‍, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ, തുടങ്ങിയ നിരവധി സുപ്രധാന മുന്‍കൈകള്‍ നിരവധി വിദേശ നിക്ഷേപകര്‍ക്ക് അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. സൗദി അറേബ്യയും അവരുടെ 2030 വീക്ഷണത്തിന്റെ  അടിസ്ഥാനത്തില്‍ പരിഷ്‌ക്കരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചുവെന്ന് ചൂണ്ടിക്കാണിക്കാന്‍ എനിക്ക് സന്തോഷമുണ്ട്.''
    ''ഇന്ത്യ തങ്ങള്‍ക്ക്ആവശ്യമുള്ളതില്‍ 18% അസംസ്‌കൃത എണ്ണ സൗദി അറേബ്യയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. നമ്മുക്ക് വേണ്ട അസംസ്‌കൃത എണ്ണയുടെ രണ്ടാമത്തെ വലിയ സ്രോതസ്സാണ് സൗദി അറേബ്യ. സമ്പൂര്‍ണ്ണമായ ഒരു വില്‍ക്കല്‍ വാങ്ങല്‍ ബന്ധത്തില്‍ നിന്നും നമ്മള്‍ ഇപ്പോള്‍ കുടുതല്‍ അടുത്ത തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് നീങ്ങുകയാണ്, എണ്ണ, പ്രകൃതി വാതക മേഖലയിലെ സൗദി നിക്ഷേപങ്ങളും ഇതില്‍ ഉള്‍പ്പെടും.'' ഇന്ത്യയ്ക്ക് എണ്ണ വിതരണംചെയ്യുന്ന ഏറ്റവും വലിയ രാജ്യമെന്ന നിലയിലും സൗദി അറേബ്യയുമായുള്ള ദീര്‍ഘകാല ഊര്‍ജ്ജ ബന്ധത്തേയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി നല്‍കി.
    '' നമ്മുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടതും വിശ്വസിക്കാവുന്നതുമായ ഒരു ഊര്‍ജ്ജ സ്രോതസ് എന്ന നിലയിലുള്ള സൗദി അറേബ്യയുടെ സുപ്രധാനമായതുമായ പങ്കിനെ നാം വിലമതിക്കുന്നു. ആഗോള സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്ക്, പ്രത്യേകിച്ച് വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങള്‍ക്ക് സ്ഥായിയായ എണ്ണവില നിര്‍ണ്ണായകമാണെന്ന് നമ്മള്‍ വിശ്വസിക്കുന്നു. ഇന്ത്യയുടെ പശ്ചിമതീരത്തെ പ്രധാനപ്പെട്ട റിഫൈനറി പെട്രോ കെമിക്കല്‍ പദ്ധതികളില്‍ സൗദി ആരാംകോ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയുടെ തന്ത്രപരമായ പെട്രോളിയം കരുതലിനും ആരാംകോയുടെ പങ്കാളിത്തത്തെ നാം ഉറ്റുനോക്കുകയാണ്..''
    '' നമ്മുടെ പശ്ചാത്തല പദ്ധതികളില്‍ നിക്ഷേപിക്കുകയെന്നതാണ് ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സഹകരണത്തിലെ ഒരു സുപ്രധാനമായ മേഖല. 2019ല്‍ 100 കോടിയിലധികം അമേരിക്കന്‍ ഡോളര്‍ ഇന്ത്യയിലങ്ങോളമിങ്ങോളം വിവിധ മേഖലകളില്‍ നിക്ഷേപിക്കാനുള്ള താല്‍പര്യത്തിന്റെ സൂചന കിരീടാവകാശി നല്‍കിയിരുന്നുവെന്ന് ഇന്ത്യയുടെ സ്മാര്‍ട്ട്‌സിറ്റി പദ്ധതിയില്‍ സൗദി അറേബ്യയുടെ പങ്കാളിത്തം ഇന്ത്യ ഇഷ്ടപ്പെടുമോയെന്ന ചോദ്യത്തിന് പ്രധാനമന്ത്രി മറുപടി നല്‍കി.
    '' സ്മാര്‍ട്ട് സിറ്റി പദ്ധതികളിലുള്‍പ്പെടെ നമ്മുടെ പശ്ചാത്തല പദ്ധതികളില്‍ സൗദി അറേബ്യയില്‍ നിന്നുള്ള കൂടുതല്‍ നിക്ഷേപങ്ങളെ നമ്മള്‍ സ്വാഗതം ചെയ്യുന്നു. നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടില്‍ നിക്ഷേപിക്കാനുളള സൗദിയുടെ താല്‍പര്യത്തേയൂം നമ്മള്‍ സ്വാഗം ചെയ്യുന്നു.''
    എന്റെ ഈ സന്ദര്‍ശനത്തില്‍ ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ പ്രതിരോധം, സുരക്ഷ, പുനരുപയോഗ ഊര്‍ജ്ജം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ കരാറില്‍ ഏര്‍പ്പെടുന്നതിനുള്ള പദ്ധതികളുണ്ടെന്ന കാര്യം നിങ്ങളുമായി പങ്കുവയ്ക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട് എന്ന് ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ഊര്‍ജേ്ജതര മേഖലകളിലുള്ള സഹകരണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രി വ്യക്തമാക്കി.
    ''ഇന്ത്യന്‍ പ്രവാസികള്‍ക്ക് പണം നല്‍കാനും അയക്കാനും മറ്റും സൗകര്യപ്പെടുത്തുന്നതിനായി സൗദി അറേബ്യയില്‍ റുപേകാര്‍ഡിന്റെ ഉദ്ഘാടനത്തിനുള്ള നിര്‍ദ്ദേശം മറ്റുള്ള പ്രധാന പരിഗണനയില്‍ ഉള്‍പ്പെടുന്നുണ്ട്. ഒപ്പം ഇ-മൈഗ്രേഷന്റെ സംയോജനം, സൗദിയിലേക്കുള്ള ഇന്ത്യന്‍ തൊഴിലാളികളുടെ മൈഗ്രേഷന് സൗകര്യമാകുന്ന  ഇ-ത്വാവ്തീക് പോര്‍ട്ടല്‍, എന്നിവയുടെ ഉദ്ഘാടനവും നമ്മുടെ ബന്ധപ്പെട്ട അക്കാദമികളില്‍ നയതന്ത്രപ്രതിനിധികള്‍ക്ക് പരിശീലനം നല്‍കുന്നതും ഉള്‍പ്പെടെയുള്ള മറ്റ് പ്രധാനപ്പെട്ട ചില പരിഗണനകളുമുണ്ട്.''
    ''അറിയപ്പെടുന്ന ലോകനിലവാരത്തിലുള്ള കാര്യശേഷി നിര്‍മ്മാണ സ്ഥാപനങ്ങള്‍ ഇന്ത്യയ്ക്കുണ്ട്,  സൗദി യുവത്വത്തിന് വ്യത്യസ്ത മേഖലകളില്‍ പരിശീലനം നല്‍കുന്നതിനുള്ള നിരവധി സംരംഭങ്ങളുമുണ്ട്. ബഹിരാകശ ഗവേഷണത്തിലെ പരസ്പര സഹകരണവും നമ്മള്‍ ചര്‍ച്ചചെയ്യുന്നുണ്ട്.''
    ''ഏകദേശം 2.6 ദശലക്ഷം ഇന്ത്യക്കാര്‍ സൗദി അറേബ്യയെ അവരുടെ രണ്ടാമത്തെ വീടാക്കിയിട്ടുണ്ട്, അതിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും സംഭാവനയും നല്‍കുന്നുണ്ട്. ഹജ്ജ്, ഉംറ തീര്‍ത്ഥാടനത്തിനും വ്യാപാരാവശ്യങ്ങള്‍ക്കുമായി നിരവധി  ഇന്ത്യാക്കാര്‍ ഓരോവര്‍ഷവും സൗദി അറേബ്യ സന്ദര്‍ശിക്കുന്നുമുണ്ട്.'' ഇന്ത്യന്‍ പ്രവാസിലോകത്തിനുള്ള സന്ദേശത്തില്‍ പ്രധാനമന്ത്രിപറഞ്ഞു.
    '' എന്റെ സഹപൗരന്മാര്‍ക്കുള്ള എന്റെ സന്ദേശം എന്തെന്നാല്‍ സൗദി അറേബ്യയില്‍ നിങ്ങള്‍ നിങ്ങള്‍ക്കായി സൃഷ്ടിച്ച ഇടത്തില്‍ നിങ്ങളുടെ രാജ്യം അഭിമാനിക്കുന്നു, ഒപ്പം നിങ്ങളുടെ കഠിനപ്രയത്‌നവും പ്രതിജ്ഞാബദ്ധതയും പൊതുവായ ഉഭയകക്ഷി ബന്ധത്തില്‍ നല്ല ഉദ്ദേശ്യം സൃഷ്ടിച്ചിട്ടുണ്ട്.''
    '' സൗദി അറേബ്യയുമായുള്ള നമ്മുടെ ബന്ധത്തിന്റെ ബന്ധിതശക്തിയായി നിങ്ങള്‍ തുടരുമെന്നും പല പതിറ്റാണ്ടുകളായി ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം കുടുതല്‍ ശക്തിപ്പെടുത്താന്‍ വേണ്ട സംഭാവനകള്‍ ചെയ്യുമെന്നും എനിക്ക് ആത്മവിശ്വാസമുണ്ട്. ''
    ഈ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സല്‍മാന്‍ രാജാവുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുകയും കിരീടാവകാശിയുമായി പ്രതിനിധി തല ചര്‍ച്ച കള്‍ നടത്തുകയും ചെയ്യും. മദ്ധ്യപൂര്‍വ്വ പ്രദേശത്തെ ഏറ്റവും സപ്രധാനമായ സാമ്പത്തിക ഫോറമായി കരുതുന്ന മൂന്നാമത് ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇന്‍ഷേറ്റീവില്‍ നടത്തുന്ന മുഖ്യപ്രഭാഷണത്തിന് പുറമെയാണ് ഈ ചര്‍ച്ചകള്‍.
    സുരക്ഷ, തന്ത്രപരമായ സഹകരണം, പ്രതിരോധം, ഊര്‍ജ്ജ സുരക്ഷ, പുനരുപയോഗ ഊര്‍ജ്ജം, നിക്ഷേപം, വ്യാപാരവും വിപണനവും, ചെറുകിട ഇടത്തരം സംരംഭങ്ങള്‍, കൃഷി, വ്യോമയാനം, അടിസ്ഥാനസൗകര്യം, ഭവനനിര്‍മ്മാണം, സാമ്പത്തിക സേവനങ്ങള്‍, പരിശീലനവും കാര്യശേഷി നിര്‍മ്മാണവും, സാംസ്‌ക്കാരികവും ജനങ്ങള്‍ തമ്മിലുള്ള ബന്ധവും തുടങ്ങി വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധങ്ങളും പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനത്തോടെ കൂടുതല്‍ ശക്തിപ്പെടുകയും വിപുലമാകുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മേഖലകളുമായി ബന്ധപ്പെട്ട് ഏകദേശം ഒരു ഡസന്‍ കരാറുകളും ഒപ്പം നിരവധിഗവണ്‍മെന്റ് -വ്യാപാര കരാറുകളും ഒപ്പിടും.
    ഈ സന്ദര്‍ശനത്തിന്റെ ഒരു പ്രധാന ഫലം എന്നത് രണ്ടു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്ത കൗണ്‍സിലിന്റെ (എസ്.പി.സി) സ്ഥാപനമാണ്. സൗദി അറേബ്യയുമായി ഇത്തരമൊരു പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ, യുണൈറ്റഡ് കിങ്ഡം, ഫ്രാന്‍സ്, ചൈന എന്നിവയാണ് മറ്റുള്ളവ. തന്ത്രപരമായ പങ്കാളിത്ത കൗണ്‍സിലില്‍ രണ്ടു സമാന്തരപഥങ്ങളായിരിക്കും ഉണ്ടായിരിക്കുക: രണ്ടു രാജ്യങ്ങളുടെയൂം വിദേശകാര്യ മന്ത്രിമാര്‍ നേതൃത്വം നല്‍കുന്ന രാഷ്ട്രീയ, സുരക്ഷാ, സാംസ്‌ക്കാരിക സാമൂഹികവുമായതും ഇന്ത്യയുടെ വാണിജ്യ വ്യവസായ മന്ത്രിയും സൗദിയുടെ ഊര്‍ജ്ജ മന്ത്രിയും നേതൃത്വം നല്‍കുന്ന സാമ്പത്തിക നിക്ഷേപകവും.
    സൗദി അറേബ്യയുമായുള്ള ഇന്ത്യയുടെ ബന്ധത്തിന്റെ മറ്റൊരു പ്രധാന മേഖലയാണ് ഊര്‍ജ്ജ സുരക്ഷ. ഇന്ത്യയുടെ ദീര്‍ഘകാല ഊര്‍ജ്ജ വിതരണക്കാരെന്ന തരത്തിലുള്ള സൗദി അറേബ്യയുടെ സുപ്രധാന പങ്കിനെ ന്യൂഡല്‍ഹി അഭിനന്ദിച്ചു; ഇന്ത്യയ്ക്ക് ആവശ്യമുള്ള അസംസ്‌കൃത എണ്ണയുടെ 18%വും ദ്രവീകൃത പെട്രോളിയം വാതകത്തിലെ 30%വും സൗദി അറേബ്യയാണ് നല്‍കുന്നത്. ഈ മേഖലയിലുള്ള വില്‍ക്കല്‍ വാങ്ങല്‍ ബന്ധത്തെ പരസ്പര സഹായ ആശ്രയത്വത്തിലധിഷ്ഠിതമായ കുടുതല്‍ വിശാലമായ തന്ത്രപരമായ പങ്കാളിത്തമാക്കി മാറ്റുന്നതിന് ഇരു രാജ്യങ്ങളും വളരെയധികം ഔത്സുക്യം കാട്ടുന്നുമുണ്ട്.


RS



(Release ID: 1589512) Visitor Counter : 97