മന്ത്രിസഭ

യുവജന കാര്യങ്ങളില്‍ സഹകരിക്കുന്നതിനായുള്ള ഇന്ത്യ-താജിക്കിസ്ഥാന്‍ ധാരണാപത്രത്തിനു മന്ത്രിസഭയുടെ അനുമതി

പോസ്റ്റഡ് ഓണ്‍: 22 NOV 2018 1:34PM by PIB Thiruvananthpuram

യുവജന കാര്യങ്ങളില്‍ സഹകരിക്കുന്നതിനുള്ള ഇന്ത്യ-താജിക്കിസ്ഥാന്‍ ധാരണാപത്രത്തിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം മുന്‍കാല പ്രാബല്യത്തോടെ അനുമതി നല്‍കി. 

ഇന്ത്യയും താജിക്കിസ്ഥാനും തമ്മില്‍ യുവതയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സഹകരിക്കുന്നതിനായി 8-10-2018ന് ദുഷാന്‍ബേയില്‍വെച്ച് ധാരണാപത്രം ഒപ്പുവെച്ചിരുന്നു. കേന്ദ്ര യുവജനകാര്യ, കായിക വകുപ്പിനു വേണ്ടി ഇന്ത്യയുടെ താജിക്കിസ്ഥാന്‍ സ്ഥാനപതി ശ്രീ. സോമനാഥ് ഘോഷും, താജിക്കിസ്ഥാന്‍ ഗവണ്‍മെന്റിന്റെ യുവജന, കായിക വകുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. അബ്ദുല്ലൊസാദ അഹ്തം റസ്തവുമാണു ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. 

അഞ്ചു വര്‍ഷമാണു ധാരണാപത്രത്തിന്റെ കാലാവധി. യുവാക്കളെയും യുവജനസംഘടനാ പ്രതിനിധികളെയും യുവാക്കളെ സംബന്ധിച്ച നയങ്ങള്‍ക്കു രൂപം നല്‍കുന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥരെയും കൈമാറുകയും ഇരുരാജ്യങ്ങൡും യുവത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നടക്കുന്ന രാജ്യാന്തര സമ്മേളനങ്ങളിലും സെമിനാറുകൡും പങ്കെടുപ്പിക്കുകയും അച്ചടി പ്രസിദ്ധീകരണങ്ങളും ചലച്ചിത്രങ്ങളും അനുഭവങ്ങളും ഗവേഷണഫലവും യുവതയുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും കൈമാറുകയും ഇരു രാജ്യങ്ങളിലും നടക്കുന്ന യുവജന ക്യാംപുകളിലും യുവജനോല്‍സവങ്ങളിലും മറ്റു യുവജന പരിപാടികളിലും പരസ്പരം പങ്കെടുപ്പിക്കുകയും ഇരു രാജ്യങ്ങളിലെയും പ്രസക്തമായ നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായി യോജിക്കാവുന്ന യുവജന വിഷയങ്ങളില്‍ സഹകരിക്കുകയും ചെയ്യുക എന്നിവയാണു ധാരണാപത്രത്തിന്റെ പരിധിയില്‍ വരിക. 

ഇരു രാജ്യങ്ങളിലും നടക്കുന്ന യുവജന പരിപാടികൡ പങ്കാളിത്തം ഉണ്ടാവുകയും അറിവുകള്‍ പങ്കുവെക്കുകയും യുവജനങ്ങളെ കൈമാറുകയും വഴി താജിക്കിസ്ഥാനുമായി യുവജന കാര്യങ്ങളില്‍ നിലവിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണ് കരാര്‍. 

നേട്ടങ്ങള്‍:
യുവജന കാര്യങ്ങള്‍ സംബന്ധിച്ച പരിപാടികള്‍ സംഘടിപ്പിക്കുക വഴി ഈ രംഗത്തെ ആശയങ്ങളും മൂല്യങ്ങളും സംസ്‌കാരവും യുവാക്കള്‍ക്കിടയില്‍ പ്രചരിപ്പിക്കാനും ഇന്ത്യയും താജിക്കിസ്ഥാനുമായുള്ള സൗഹാര്‍ദപരമായ ബന്ധം ദൃഢപ്പെടുത്താനും സാധിക്കും. ഇത്തരം ഉഭയകക്ഷി വിനിമയ പരിപാടികള്‍ ജാതി, മത, ലിംഗ ഭേദമന്യേ എല്ലാ യുവാക്കള്‍ക്കും ഗുണപ്രദമായിരിക്കും. യുവാക്കള്‍ക്കിടയില്‍ ആഗോള വീക്ഷണം വളര്‍ത്തിയെടുക്കാനും യുവജന കാര്യങ്ങളില്‍ അവരുടെ അറിവും വൈദഗ്ധ്യവും വര്‍ധിപ്പിക്കാനും സഹായകമാകും.
AKA   MRD - 859
***


( റിലീസ് ഐ.ഡി: 1553577) സന്ദര്‍ശക കൗണ്ടര്‍ : 144
ഈ റിലീസ് വായിക്കുക: English , Marathi , Bengali , Assamese , Gujarati , Tamil , Telugu , Kannada