മന്ത്രിസഭ

ഇന്‍ഡോറിലെ റെയില്‍ കണക്ടിവിറ്റി മെച്ചപ്പെടുന്നു

Posted On: 03 OCT 2018 6:57PM by PIB Thiruvananthpuram

ബംഗാളി സ്‌ക്വയര്‍-വിജയ് നഗര്‍- ഭവര്‍സല- വിമാനത്താവളം- പടാസ്യ- ബംഗാളി സ്‌ക്വയര്‍ റിങ് ലൈനോടു കൂടിയതും 31.55 കിലോമീറ്റര്‍ ദൈര്‍ഘ്യമേറിയതും ഇന്‍ഡോറിലെ നഗരപ്രദേശങ്ങളെുയം പ്രധാനപ്പെട്ട പൊതു കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്നതുമായ ഇന്‍ഡോര്‍ മെട്രോ റെയില്‍ പദ്ധതി നടപ്പാക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. 
വിശദാംശങ്ങള്‍:
1. റിങ് ലൈനിന്റെ ദൈര്‍ഘ്യം 31.55 കിലമീറ്ററായിരിക്കും. 
2. ബംഗാളി സ്‌ക്വയര്‍- വിജയ് നഗര്‍- ഭവര്‍സല- വിമാനത്താവളം- പടാസ്യ- ബംഗാളി സ്‌ക്വയര്‍ ആയിരിക്കും റിങ് ലൈന്‍. 
3. റിങ് ലൈനില്‍ 30 സ്‌റ്റേഷനുകളാണ് ഉണ്ടാവുക. 
4. നഗരത്തില്‍ താങ്ങാവുന്ന ചെലവോടുകൂടിയതും വിശ്വാസ്യവും സുരക്ഷിതവുമായ യാത്ര ഉറപ്പുവരുത്തുന്നതും ആശ്രയിക്കാവുന്നതും ഒപ്പം അപകടങ്ങള്‍, മലിനീകരണം, യാത്രാസമയം, ഊര്‍ജോപയോഗം, സാമൂഹിക വിരുദ്ധമായ സംഭവങ്ങള്‍ എന്നിവ കുറച്ചുകൊണ്ടുവരാന്‍ ഉതകുന്നതും സുസ്ഥിര വികസനത്തിനായി നഗരവികസനവും ഭൂമിയുടെ ഉപയോഗവും നിയന്ത്രിക്കുന്നതുമാണു പദ്ധതി. 
4. 7500.80 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി നാലു വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കും. 
നേട്ടങ്ങള്‍:
മെട്രോ റെയില്‍ പദ്ധതികൊണ്ട് പ്രത്യക്ഷമായും പരോക്ഷമായും ഇന്‍ഡോറിലെ 30 ലക്ഷം പേര്‍ക്കു ഗുണമുണ്ടാകും എന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. ഇടനാഴികളില്‍ റെയില്‍വേ സ്റ്റേഷനുകളും ബി.ആര്‍.ടി.എസ്. സ്റ്റേഷനുകളും ഉള്‍പ്പെട്ട ബഹുതല ഏകീകൃത സംവിധാനമാണ് ഉണ്ടാവുക. ബസുകളുടെ ശൃംഖലയും യന്ത്രവല്‍കൃതവും അല്ലാത്തതുമായ ഗതാഗത സംവിധാനവും ഒരുക്കും. ട്രാന്‍സിറ്റ് ഓറിയന്റഡ് ഡെവലപ്‌മെന്റ് (ഡി.ഒ.ഡി.), ട്രാന്‍സ്ഫര്‍ ഓഫ് ഡെവലപ്‌മെന്റ് റൈറ്റ്‌സ് (ടി.ഡി.ആര്‍.) എന്നിവയിലൂടെ വ്യാല്യൂ കാപ്ചര്‍ ഫിനാന്‍സിങ് (വി.സി.എഫ്.) വഴിയും വാടകയില്‍നിന്നും പരസ്യങ്ങളില്‍നിന്നും യാത്രാക്കൂലിയിതര ബോക്‌സ് റെവന്യൂ പദ്ധതിക്കു ലഭിക്കും. 
വീടിനടുത്തുവെച്ചു തന്നെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു തീവണ്ടി ലഭിക്കുകയും സൗകര്യപൂര്‍വം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെത്താന്‍ സാധിക്കുകയും ചെയ്യുമെന്നതിനാല്‍ ഈ മെട്രോ റെയില്‍ കടന്നുപോകുന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കു ഗുണം ചെയ്യും. 
റിങ് റോഡ് ജനസാന്ദ്രതയേറിയ പ്രദേശങ്ങളെ പുതുതായി വികസിച്ചുവരുന്ന പ്രദേശങ്ങളെയും റെയില്‍വേ സ്റ്റേഷനെയും വിമാനത്താവളത്തെയും സ്മാര്‍ട്ട് സിറ്റി പദ്ധതിക്കു കീഴിലുള്ള എ.ഡി.ബിയെയും ബന്ധിപ്പിക്കും. പരിസ്ഥിതി സൗഹൃദപൂര്‍ണവും സുസ്ഥിരവുമായ പൊതുഗതാഗതം താമസക്കാര്‍ക്കും യാത്രക്കാര്‍ക്കും വ്യാവസായിക മേഖലയിലെ തൊഴിലാളികള്‍ക്കും സഞ്ചാരികള്‍ക്കും മെട്രോ പ്രദാനം ചെയ്യും. 
പുരോഗതി:
പദ്ധതി നടപ്പാക്കുന്നതിനായി മധ്യപ്രദേശ് റെയില്‍ മെട്രോ റെയില്‍ കോ ലിമിറ്റഡ് (എം.പി.എം.ആര്‍.സി.എല്‍.) എന്ന എസ്.യു.വി. രൂപീകരിച്ചിട്ടുണ്ട്. 
കേന്ദ്ര ഗവണ്‍മെന്റും മധ്യപ്രദേശ് ഗവണ്‍മെന്റും തുല്യ പങ്കാളിത്തത്തോടെ നിക്ഷേപം നടത്തിയും യൂറോപ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കില്‍നിന്നു വായ്പയെടുത്തും ഇന്‍ഡോര്‍ മെട്രോ റയില്‍ പദ്ധതിക്കു പണം കണ്ടെത്തും. 
ഇന്‍ഡോര്‍ മെട്രോ റെയില്‍ പദ്ധതിയുടെ ജനറല്‍ കണ്‍സള്‍ട്ടന്റായി ഡി.ബി. എന്‍ജിനീയറിങ് ആന്‍ഡ് കണ്‍സള്‍ട്ടിങ് ജി.എം.ബി.എച്ചും ലൂയി ബര്‍ഗര്‍ എസ്.എ.എസും ജിയോ ഡാറ്റ എന്‍ജിനീയറിങ്ങും ചേര്‍ന്നു നിയമിക്കപ്പെട്ടു. 
പ്രഥമ സിവില്‍ ജോലികള്‍ക്കുള്ള ദര്‍ഘാസ് ക്ഷണിച്ചുകഴിഞ്ഞു. ജോലി ഉടന്‍ ആരംഭിക്കും.



(Release ID: 1548751) Visitor Counter : 107