പ്രധാനമന്ത്രിയുടെ ഓഫീസ്‌

മിഷന്‍ ഗംഗേ പ്രതിനിധിസംഘവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

Posted On: 04 OCT 2018 12:41PM by PIB Thiruvananthpuram

ഗംഗാ നദി ശുചീകരിക്കേണ്ടതിനെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായുള്ള ഒരു പര്യടനത്തിന് തുടക്കം കുറിക്കുന്ന, പര്‍വ്വതാരോഹണത്തില്‍ പരിചയ സമ്പന്നരായ നാല്‍പ്പതോളം പേരടങ്ങുന്ന ഒരു സംഘം ന്യൂഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ ഇന്ത്യന്‍ വനിതയായ കുമാരി ബചേന്ദ്രി പാലിന്റെ നേതൃത്വത്തിലുള്ള ഈ സംഘത്തില്‍ എവറസ്റ്റ് കൊടുമുടി കയറിയിട്ടുള്ള എട്ട് പര്‍വ്വതാരോഹകരും ഉള്‍പ്പെടും.

കേന്ദ്ര ഗവണ്‍മെന്റിന്റെ 'നമാമി ഗംഗേ' പ്രചാരണ പരിപാടിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ട് ഈ അവബോധ പ്രചാരണ പരിപാടിക്ക് മിഷന്‍ ഗംഗേ എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. ഗംഗാ നദിയില്‍ ചങ്ങാടത്തിലൂടെ ഒരു മാസം നീണ്ട് നില്‍ക്കുന്ന പര്യടനത്തിനിടെ സംഘം ബിജ്‌നോര്‍, നറോറ, ഫറൂക്കാബാദ്, കാണ്‍പൂര്‍, അലഹബാദ്, വാരാണസി, ബക്‌സര്‍ എന്നിവിടങ്ങളിലിറങ്ങും. ഈ ഒന്‍പത് നഗരങ്ങളിലും ഗംഗാ നദിയെ ശുചിയാക്കി വയ്‌ക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്ന സംഘം മാലിന്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടും.

സംഘാംഗങ്ങളുമായി ആശയ വിനിമയം നടത്തവെ, ഈ ഉദ്യമം ഏറ്റെടുത്തതിന് പ്രധാനമന്ത്രി അവരെ അഭിനന്ദിച്ചു. ശുദ്ധവും ഊര്‍ജ്ജസ്വലവുമായ ഗംഗാ നദിയുടെ പ്രാധാന്യം അദ്ദേഹം എടുത്ത് പറഞ്ഞു. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തങ്ങള്‍ കടന്ന് പോകുന്ന നഗരങ്ങളിലെ സ്‌കൂള്‍ കുട്ടികളുമായി ഇടപഴകാന്‍ അദ്ദേഹം പ്രത്യേകമായി ആഹ്വാനം ചെയ്തു.
ND   MRD - 758
***



(Release ID: 1548744) Visitor Counter : 101