ജീവിതത്തിലെ ഏറ്റവും സങ്കീർണ്ണമായ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നമുക്ക് ചുറ്റുമുള്ള ഏറ്റവും ലളിതമായ കാര്യങ്ങളിലാണോ ഒളിഞ്ഞിരിക്കുന്നത്? നീം കരോലി ബാബയുടെ ആത്മീയ ജീവിതയാത്രയിലൂടെ ഈ ചിന്തയെ അന്വേഷിക്കുന്ന 'ഹനുമാൻ അംശ്' എന്ന ചിത്രം, 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രേക്ഷകരെ ആത്മപരിശോധനയ്ക്ക് ക്ഷണിക്കുന്നു.

ഡോ. വിശാൽ ചതുർവേദി സംവിധാനം ചെയ്ത ഈ ചിത്രം, ഇന്നത്തെ ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിൽ ജനിച്ച ലക്ഷ്മിനാരായണന്റെ ജീവിതത്തിലൂടെയാണ് കടന്നുപോകുന്നത്. ജീവിതം, മരണം, മനുഷ്യന്റെ ദുരിതങ്ങൾ എന്നിവയെക്കുറിച്ച് അറിയാനുള്ള അദ്ദേഹത്തിന്റെ അന്വേഷണം, ഒടുവിൽ എണ്ണമറ്റ ജീവിതങ്ങളെ സ്പർശിക്കുന്ന ഒരു ആത്മീയ പാതയിലേക്ക് നയിക്കുന്നതാണ് സിനിമയുടെ പ്രമേയം.

പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഇന്ന് സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കവേ, സിനിമയ്ക്ക് പിന്നിലെ പ്രചോദനത്തെക്കുറിച്ചും നിർമ്മാണത്തിന് രൂപം നൽകിയ സർഗ്ഗാത്മക തത്വശാസ്ത്രത്തെക്കുറിച്ചും സംവിധായകൻ ഡോ. വിശാൽ ചതുർവേദി വ്യക്തമാക്കി. കൂടുതൽ കാര്യങ്ങൾ അന്വേഷിക്കാനും പഠിക്കാനും തന്നെ പ്രോത്സാഹിപ്പിച്ച അമ്മയോടാണ് അദ്ദേഹം ഇതിന് കടപ്പാട് രേഖപ്പെടുത്തിയത്. ഉള്ളിലേക്ക് തിരിഞ്ഞുനോക്കാനുള്ള ഒരു ക്ഷണമായാണ് അദ്ദേഹം ഈ ചിത്രത്തെ വിശേഷിപ്പിച്ചത്.
ഒരു സിനിമയുടെ ആഖ്യാനവും യാഥാർത്ഥ്യവും തമ്മിലുള്ള അന്തരം നികത്തേണ്ടതിന്റെ ആവശ്യകതയും ഡോ. ചതുർവേദി ഊന്നിപ്പറഞ്ഞു. പ്രേക്ഷകരുമായി ആഴത്തിൽ സംവദിക്കാനും അവരെ ആകർഷിക്കാനും, ഏതൊരു കഥയും മനുഷ്യന്റെ യഥാർത്ഥ ജീവിതാനുഭവങ്ങളിൽ വേരൂന്നിയതായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമയുടെ നിർമ്മാണത്തെക്കുറിച്ച് സംസാരിക്കവെ, ഒരു സാധാരണ ഇടത്തരം ബജറ്റ് ഹിന്ദി സിനിമയുടെ ഏകദേശം പത്തിലൊന്ന് ചെലവിൽ മാത്രമാണ് 'ഹനുമാൻ അംശ്' നിർമ്മിച്ചതെന്ന് ഡോ. ചതുർവേദി വെളിപ്പെടുത്തി. ചിത്രത്തിൽ 'അവതരിപ്പിക്കുന്ന ആത്മീയ യാത്രയുടെ സത്ത പ്രതിഫലിപ്പിക്കുന്ന രീതിയിൽ, ലാളിത്യവും മിതത്വവുമാണ് നിർമ്മാണത്തിലുടനീളം പിന്തുടർന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. അനാവശ്യ സങ്കീർണ്ണതകളിൽ നിന്ന് മാറി ജീവിതം ലളിതമാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ ഡോ. വിശാൽ, ലളിതമായ പരിഹാരങ്ങൾ പലപ്പോഴും നമുക്ക് തൊട്ടടുത്ത് തന്നെയുണ്ടാകുമെങ്കിലും ആധുനിക ജീവിതത്തിന്റെ തിരക്കുകൾക്കും സങ്കീർണ്ണതകൾക്കുമിടയിൽ അവ ശ്രദ്ധിക്കപ്പെടാതെ പോവുകയാണെന്നും നിരീക്ഷിച്ചു.
സർഗ്ഗാത്മക പ്രതിഭകൾക്ക് വളരാനുള്ള അവസരം നൽകേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ട്, സംഗീതത്തെയും അഭിനയത്തെയും കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും സംവിധായകൻ പങ്കുവെച്ചു. ചിത്രത്തിലെ സംഗീതവുമായുള്ള തന്റെ വ്യക്തിപരമായ അടുപ്പം വ്യക്തമാക്കിയ ഡോ. ചതുർവേദി, ഗായകർക്ക് തങ്ങളുടെ കഴിവുകൾ തിരിച്ചറിയാനും സിനിമയുടെ സർഗ്ഗാത്മക യാത്രയിൽ അർത്ഥവത്തായ സംഭാവനകൾ നൽകാനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ അവരെ വളരെ നേരത്തെ തന്നെ തിരഞ്ഞെടുത്തിരുന്നുവെന്ന് പറഞ്ഞു. അഭിനേതാക്കൾക്ക് തങ്ങളുടെ കഴിവുകൾ പര്യവേക്ഷണം ചെയ്യാൻ വിശാലമായ സർഗ്ഗാത്മക സ്വാതന്ത്ര്യം നൽകാനും അദ്ദേഹം ശ്രദ്ധിച്ചു; ഒരു ചലച്ചിത്രകാരന്റെ പങ്ക് അഭിനേതാവിനെ നിയന്ത്രിക്കുന്നതിന് പകരം അവരുടെ പ്രതിഭയ്ക്ക് ശരിയായ ദിശാബോധം നൽകുക എന്നതാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചിത്രത്തിലെ സംഗീത സംവിധാനത്തെക്കുറിച്ച് വിശദീകരിക്കവെ, ഗായകന്റെ ശബ്ദവും ഭാവവും സ്വാഭാവികമായി ഒഴുകുന്നതിനായി 'പാർവതി' ഗാനത്തിന്റെ സംഗീതം വലിയ മാറ്റങ്ങളൊന്നും വരുത്താതെ അതിന്റെ ആദ്യ പതിപ്പിൽ തന്നെ നിലനിർത്തുകയായിരുന്നുവെന്ന് ചതുർവേദി പറഞ്ഞു. പതിനൊന്നാം നൂറ്റാണ്ടിലെ നാഥ് യോഗിയായിരുന്ന ഗോരഖ്‌നാഥിന്റെ ഈരടികളിൽ നിന്നാണ് ചിത്രത്തിലെ ഒരു ഗാനം പ്രചോദനം ഉൾക്കൊണ്ടതെന്നും, ഇത് സിനിമയുടെ ആത്മീയ പ്രമേയങ്ങളെയും ഇന്ത്യയുടെ ദാർശനിക പാരമ്പര്യത്തിന്റെ സമ്പന്നതയെയും ഒരുമിച്ച് കൊണ്ടുവന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം ജീവിതത്തെ നയിക്കുന്ന തത്ത്വങ്ങളെക്കുറിച്ച് ഓർത്തെടുത്ത ചതുർവേദി, ഫലേച്ഛ കൂടാതെ കർമ്മം ചെയ്യേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന ഭഗവദ്ഗീതയിലെ ശ്രീകൃഷ്ണന്റെ സന്ദേശത്തെയും പരാമർശിച്ചു.
ചിത്രീകരണത്തിനിടയിലെ രസകരമായ ഒരു പിന്നാമ്പുറ അനുഭവം പങ്കുവെച്ചുകൊണ്ട്, ചിത്രത്തിൽ നീം കരോലി ബാബ ഭക്ഷണം പങ്കിടുന്നതായി കാണിക്കുന്ന ചിത്രകൂടിലെ മുറി യഥാർത്ഥത്തിൽ മഹാരാജ് ജി താമസിച്ചിരുന്ന അതേ മുറി തന്നെയായിരുന്നുവെന്ന് സംവിധായകൻ വെളിപ്പെടുത്തി. ഇത് ചിത്രീകരണത്തിന് തികച്ചും സവിശേഷവും ആഴത്തിൽ വ്യക്തിപരവുമായ ഒരു അനുഭൂതി നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തരേന്ത്യയിലുടനീളമുള്ള ലക്ഷ്മിനാരായണന്റെ യാത്ര പിന്തുടരുന്ന ചലച്ചിത്രത്രയത്തിലെ ആദ്യ ഭാഗമാണ് 'ഹനുമാൻ അംശ്'. സന്യാസിമാരുമായും സാധാരണക്കാരുമായുള്ള കൂടിക്കാഴ്ചകൾ ജീവിതത്തെയും ആത്മീയതയെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ രൂപപ്പെടുത്തുന്നു. നീം കരോലി ഗ്രാമത്തിന് സമീപമുണ്ടായ നിഗൂഢമായ ഒരു അനുഭവമാണ് അദ്ദേഹത്തിന് 'നീം കരോലി ബാബ' എന്ന പേര് ലഭിക്കാൻ കാരണമായത്. സ്റ്റീവ് ജോബ്‌സ്, മാർക്ക് സക്കർബർഗ്, ജൂലിയ റോബർട്ട്‌സ് എന്നിവരുൾപ്പെടെ ലോകമെമ്പാടുമുള്ള ആളുകൾക്ക് പ്രചോദനമായ ഒരു ആദരണീയ ആത്മീയ ഗുരുവിലേക്കുള്ള അദ്ദേഹത്തിന്റെ പരിണാമത്തെ ചിത്രം അടയാളപ്പെടുത്തുന്നു. ആഖ്യാനത്തിലൂടെയും ആത്മപരിശോധനയ്ക്ക് നൽകുന്ന ഊന്നലിലൂടെയും, ലോകത്തെ മനസ്സിലാക്കാനുള്ള യാത്ര പലപ്പോഴും സ്വയം മനസ്സിലാക്കുന്നതിലൂടെയാണ് ആരംഭിക്കുന്നതെന്ന് പ്രേക്ഷകരെ ഓർമ്മിപ്പിക്കാനാണ് 'ഹനുമാൻ അംശ്' ശ്രമിക്കുന്നത്.
കുൽദീപ് മീണ വാർത്താസമ്മേളനം നിയന്ത്രിച്ചു.
വാർത്താസമ്മേളനത്തിന്റെ പൂർണ്ണരൂപം ഇവിടെ കാണാം:
IFFILOID വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക: https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1®=48
***