പോസ്റ്റഡ് ഓണ്:
26 NOV 2026 4:10PM by PIB Thiruvananthpuram
ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ ഭരണഘടനയുടെ 22 ഔദ്യോഗിക ഭാഷകളിലുമുള്ള പുതുക്കിയ പതിപ്പുകൾ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ പ്രകാശനം ചെയ്തു. ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിലായിരുന്നു പ്രകാശനച്ചടങ്ങ്.
ഇന്ത്യയുടെ ജനാധിപത്യ യാത്രയിലെ ചരിത്രപരമായ നാഴികക്കല്ലാണിതെന്ന് വിശേഷിപ്പിച്ച ഉപരാഷ്ട്രപതി, എല്ലാ ഔദ്യോഗിക ഭാഷകളിലും ഭരണഘടന ലഭ്യമാക്കുന്നത് രാജ്യത്തിൻ്റെ ഭാഷാപരമായ വൈവിധ്യത്തെയും ജനാധിപത്യപരമായ ഉൾക്കൊള്ളലിനെയും ആഘോഷിക്കുന്നതാണെന്ന് പറഞ്ഞു. ഒരാളുടെ മാതൃഭാഷയിൽ ഭരണഘടന ലഭ്യമാകുന്നത് ഭരണനിർവ്വഹണത്തെ പൗരന്മാരിലേക്ക് കൂടുതൽ അടുപ്പിക്കുമെന്നും അവരുടെ ഭരണഘടനാ അവകാശങ്ങൾ, കടമകൾ, മൂല്യങ്ങൾ എന്നിവ നന്നായി മനസ്സിലാക്കാൻ അവരെ പ്രാപ്തരാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭരണഘടനാ കരട് സമിതി അധ്യക്ഷൻ ഡോ. ബി.ആർ. അംബേദ്കർക്കും ഭരണഘടനാ നിർമാണ സഭയിലെ മറ്റ് അംഗങ്ങൾക്കും ശ്രദ്ധാഞ്ജലി അർപ്പിച്ച ശ്രീ സി.പി. രാധാകൃഷ്ണൻ, ഭരണഘടന കേവലം ഒരു നിയമസംഹിത മാത്രമല്ല, മറിച്ച് രാജ്യത്തിൻ്റെ ജീവസ്സുറ്റ ആത്മാവാണെന്ന് വ്യക്തമാക്കി. ഭരണഘടനയെ ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിനായി കേന്ദ്ര നിയമ-നീതിന്യായ സഹമന്ത്രി ശ്രീ അർജുൻ റാം മേഘ്വാളും സംഘവും നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യയുടെ ഭാഷാപരവും സാംസ്കാരികവുമായ പൈതൃകം സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയാണ് ഈ പ്രവർത്തനങ്ങളിൽ പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഭാഷകളെയും വിജ്ഞാന പാരമ്പര്യങ്ങളെയും സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതികളെയും അദ്ദേഹം എടുത്തുപറഞ്ഞു. 'ജ്ഞാന ഭാരതം', 'കാശി തമിഴ് സംഗമം' തുടങ്ങിയ സംരംഭങ്ങൾ ഇന്ത്യയുടെ നാഗരിക പൈതൃകം സംരക്ഷിക്കുന്നതിനും വിവിധ പ്രദേശങ്ങൾ തമ്മിലുള്ള സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രതിജ്ഞാബദ്ധതയെയാണ് കാണിക്കുന്നതെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു.
വൈവിധ്യമാണ് ഇന്ത്യയുടെ കരുത്തെന്നും, ഭാഷകൾ കേവലം ആശയവിനിമയ ഉപാധികൾ മാത്രമല്ല, മറിച്ച് സംസ്കാരത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും വ്യക്തിത്വത്തിൻ്റെയും വാഹകരാണെന്നും ശ്രീ സി.പി. രാധാകൃഷ്ണൻ നിരീക്ഷിച്ചു. എല്ലാ ഇന്ത്യൻ ഭാഷകളോടും പരസ്പര ബഹുമാനം പുലർത്തണമെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം, ഓരോ വ്യക്തിക്കും അവരവരുടെ മാതൃഭാഷയോട് പ്രത്യേക സ്നേഹമുണ്ടാകുമ്പോൾ തന്നെ മറ്റുള്ളവരുടെ ഭാഷകളെയും മാതൃഭാഷകളെയും ബഹുമാനിക്കുന്നതും ഒരുപോലെ പ്രധാനമാണെന്ന് വ്യക്തമാക്കി. സ്വന്തം മാതൃഭാഷയെ ആഘോഷിക്കാനും, ഇന്ത്യയെ സൗഹാർദ്ദപൂർണ്ണമായ ഒരു രാഷ്ട്രമാക്കി മാറ്റുന്ന സമ്പന്നമായ ഭാഷാ വൈവിധ്യത്തെ ഉൾക്കൊള്ളാനും അദ്ദേഹം പൗരന്മാരോട് ആഹ്വാനം ചെയ്തു.
മഹാകവി സുബ്രഹ്മണ്യ ഭാരതിയുടെ വാക്കുകൾ അനുസ്മരിക്കവേ, ഇന്ത്യയിൽ പല ഭാഷകൾ സംസാരിക്കുന്നുണ്ടെങ്കിലും, രാഷ്ട്ര സേവനത്തിൽ അതിൻ്റെ ചിന്തകളും അഭിലാഷങ്ങളും പ്രവർത്തനങ്ങളും ഒന്നായി നിലകൊള്ളുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെട്ട 22 ഔദ്യോഗിക ഭാഷകളിലുമുള്ള പതിപ്പുകളുടെ പ്രകാശനം 'ഏക ഭാരതം, ശ്രേഷ്ഠ ഭാരതം' എന്ന ആശയത്തെ ഉൾക്കൊള്ളുന്നതാണെന്നും, 'വികസിത ഇന്ത്യ @ 2047' എന്ന ലക്ഷ്യത്തിലേക്കുള്ള രാജ്യത്തിൻ്റെ യാത്രയ്ക്ക് ഇത് കരുത്തേകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'രാഷ്ട്രം ആദ്യം' എന്ന മാർഗ്ഗനിർദ്ദേശക തത്വത്തിലൂന്നി പ്രവർത്തിക്കാൻ എല്ലാവരോടും ആഹ്വാനം ചെയ്ത ഉപരാഷ്ട്രപതി, എല്ലാ ഭാഷകളുടെയും സംരക്ഷണത്തിനും അഭിവൃദ്ധിക്കും ശക്തവും ഐക്യമുള്ളതുമായ ഒരു രാഷ്ട്രം അനിവാര്യമാണെന്നും അടിവരയിട്ടു.
കേന്ദ്ര നിയമ-നീതിന്യായ സഹമന്ത്രി (സ്വതന്ത്ര ചുമതല) ശ്രീ അർജുൻ റാം മേഘ്വാൾ, നിയമനിർമാണ വകുപ്പ് സെക്രട്ടറി ഡോ. രാജീവ് മണി, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
***