57th International Film Festival of India 2026
20 – 28 Nov 2026

സിനിമയ്ക്കപ്പുറം വ്യത്യസ്ത അനുഭവങ്ങളൊരുക്കി ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള നഗരി; ആഘോഷമാക്കുന്നത് ഇന്ത്യയുടെ സർഗാത്മകവും സാംസ്കാരികവുമായ വൈവിധ്യം

പോസ്റ്റഡ് ഓണ്‍: 26 NOV 2026 12:06PMby PIB Thiruvananthpuram റിലീസ് ഐ.ഡി: 2341889Views: 9

'സ്വയം' സംഘടനയുമായി സഹകരിച്ച് എല്ലാവരെയും ഉൾക്കൊള്ളുന്ന അനുഭവങ്ങളൊരുക്കാന്‍ ചലച്ചിത്രമേള പ്രതിബദ്ധത ആവര്‍ത്തിച്ചു.


 

പനജിയിലെ 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ അനുഭവം വെള്ളിത്തിരയ്ക്കപ്പുറത്തേക്ക് വ്യാപിക്കുകയാണ്. സർഗാത്മക സ്ഥാപനങ്ങൾ, സാംസ്കാരിക സംരംഭങ്ങൾ, പ്രാദേശിക രുചികൾ, തദ്ദേശീയ ഉല്പന്നങ്ങൾ, ചലച്ചിത്രമേളയുടെ സ്മരണികാ ഉല്പന്നങ്ങള്‍, ഭിന്നശേഷി സൗഹൃദ സംരംഭങ്ങൾ എന്നിവയുടെ സജീവ സംഗമവേദിയായി ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള നഗരി മാറി. ഇവയെല്ലാം ചേർന്ന് പ്രതിനിധികൾക്കും ചലച്ചിത്രകാരന്മാർക്കും വിദ്യാർത്ഥികൾക്കും സന്ദർശകർക്കും ഇന്ത്യയുടെ സമ്പന്ന സർഗാത്മക-സാംസ്കാരിക ഭൂമികയെ അടുത്തറിയാനും സംവദിക്കാനും അവസരമൊരുക്കുന്നു.


 

ഭിന്നശേഷി സൗഹൃദവും എല്ലാവരെയും ഉൾക്കൊള്ളലും ഉറപ്പാക്കി മേള


 

ചലനശേഷി കുറഞ്ഞ വ്യക്തികളുടെ അന്തസ്സും അവര്‍ക്കാവശ്യമായ സൗകര്യങ്ങളും ഉറപ്പാക്കാനായി പ്രവർത്തിക്കുന്ന 'സ്വയം' എന്ന സംഘടനയുടെ ബോധവൽക്കരണ സംരംഭമാണ് ചലച്ചിത്രമേള നഗരിയുടെ പ്രധാന ആകർഷണങ്ങളിലൊന്ന്. രണ്ടാം തവണയാണ് 'സ്വയം' മേളയുടെ ഭാഗമാകുന്നത്. ഭിന്നശേഷി സൗഹൃദ പൊതുഇടങ്ങളുടെ ആവശ്യകതയിലേക്കും സാംസ്കാരിക-സാമൂഹ്യ പ്രവർത്തനങ്ങളിൽ ഭിന്നശേഷിക്കാരുടെ പങ്കാളിത്തത്തിലേക്കും സംഘടന ശ്രദ്ധ ക്ഷണിക്കുന്നു. ചലച്ചിത്രമേളയുടെ വേദികളിലുടനീളം ഒരുക്കിയ ഭിന്നശേഷി സൗഹൃദ ക്രമീകരണങ്ങൾക്ക് പിന്തുണയേകുന്ന ഈ സംരംഭം സാംസ്കാരിക അനുഭവങ്ങൾ എല്ലാവർക്കും പ്രാപ്യവും സുഗമവുമാക്കേണ്ടതിൻ്റെ പ്രാധാന്യം വ്യക്തമാക്കുന്നു.


https://static.pib.gov.in/WriteReadData/userfiles/image/2026/nov/WhatsAppImage2026-11-26at11.53.57AM_20261126121051_2e1363.jpeg

ഇന്ത്യയുടെ സർഗാത്മക-വിദ്യാഭ്യാസ ആവാസവ്യവസ്ഥയുടെ പ്രദർശനം


 

സർഗാത്മക സാങ്കേതികവിദ്യ, സിനിമ, ദൃശ്യ-ശ്രാവ്യ കലകൾ, ഡിസൈൻ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് അവരുടെ സംരംഭങ്ങൾ അവതരിപ്പിക്കാനും സന്ദർശകരുമായി സംവദിക്കാനുമുള്ള വേദിയായി ചലച്ചിത്രമേള നഗരി നിലകൊള്ളുന്നു.


https://static.pib.gov.in/WriteReadData/userfiles/image/2026/nov/WhatsAppImage2026-11-26at11.53.32AM_20261126121132_a1592d.jpeg

ആനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, ഗെയിമിങ്, കോമിക്സ്, എക്സ്റ്റൻഡഡ് റിയാലിറ്റി എന്നിവയ്ക്കായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ ദേശീയ മികവുകേന്ദ്രമായ മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസ്, ആനിമേഷൻ കഥാപാത്രങ്ങളെ നിർമിക്കുന്ന മത്സരത്തിലൂടെ സന്ദർശകരെ സജീവമായി പങ്കാളികളാക്കുന്നുണ്ട്. ഇവരുടെ സ്മരണികാ ഉല്പന്ന പ്രദർശനം സർഗാത്മക സാങ്കേതിക മേഖലയിലെ സാധ്യതകളും വളർന്നുവരുന്ന അവസരങ്ങളും സന്ദർശകർക്ക് പരിചയപ്പെടുത്തുന്നു.


 

പബ്ലിക്കേഷൻസ് ഡിവിഷൻ ഡയറക്ടറേറ്റ്, ഇന്ത്യൻ സിനിമയുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ ശേഖരത്തോടൊപ്പം പ്രശസ്ത ഗാന്ധിയൻ പുസ്തക പരമ്പരയും പ്രദർശിപ്പിക്കുന്നുണ്ട്. തിരഞ്ഞെടുത്ത പുസ്തകങ്ങൾക്ക് നൽകുന്ന പ്രത്യേക കിഴിവുകൾ സന്ദർശകരെ ആകർഷിക്കുകയും സാഹിത്യ സൃഷ്ടികൾ അടുത്തറിയാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.


 

ചെന്നൈയിലെ എസ്.എ ഫിലിം അക്കാദമി, ഹരിയാന റോത്തക്കിലെ ദാദാ ലക്ഷ്മി ചന്ദ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് പെർഫോമിങ് ആൻഡ് വിഷ്വൽ ആർട്സ്, ജെ.ഡി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി എന്നിവയുടെ പങ്കാളിത്തം ഇന്ത്യയുടെ വളർന്നുവരുന്ന മാധ്യമ–വിനോദ-സർഗാത്മക വ്യവസായങ്ങൾക്ക് സംഭാവന നൽകുന്ന അക്കാദമിക-പ്രൊഫഷണൽ മേഖലകളുടെ വ്യാപ്തി വ്യക്തമാക്കുന്നു.


 

പ്രാദേശിക വൈവിധ്യങ്ങളുടെ രുചിക്കൂട്ട്


 

പരമ്പരാഗത നാഗാ വിഭവങ്ങളും ബിരിയാണിയും മുതൽ ദോശ, കാപ്പി, ബേക്കറി ഉല്പന്നങ്ങൾ വരെ പ്രാദേശികവും ജനപ്രിയവുമായ വൈവിധ്യമാർന്ന ഭക്ഷണശാലകൾ ചലച്ചിത്രമേള നഗരിയുടെ അനുഭവത്തിന് പുതിയ മാനം നൽകുന്നു. ഗോവയുടെ തനത് സ്പർശം നൽകി ഗോവ വനം വികസന കോർപ്പറേഷൻ പ്രാദേശികമായി സംഭരിച്ച കശുവണ്ടിയുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. പ്രദേശത്തിൻ്റെ തദ്ദേശീയ ഉല്പന്നങ്ങളെ മേളയില്‍ ഉയർത്തിക്കാട്ടുന്നു.


 

മേളയുടെ സ്മരണികാ ഉപഹാരങ്ങളും സർഗാത്മക ഉല്പന്നങ്ങളും സന്ദർശകർക്കായി മെർച്ചൻഡൈസ് സ്റ്റാളുകളിൽ ഒരുക്കിയിട്ടുണ്ട്. പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വസ്ത്രങ്ങളും മറ്റ് അനുബന്ധ ഉല്പന്നങ്ങളും പ്രദർശിപ്പിക്കുമ്പോൾ, എൻ്റർടൈൻമെൻ്റ് സൊസൈറ്റി ഓഫ് ഗോവയും സ്വന്തം മെർച്ചൻഡൈസ് ശേഖരം മേളയില്‍ അവതരിപ്പിക്കുന്നുണ്ട്.


 

വെള്ളിത്തിരയ്ക്കപ്പുറത്തെ വിനോദം


 

ചലച്ചിത്രമേളയുടെ അനുഭവം ഡിജിറ്റൽ, പ്രക്ഷേപണ മേഖലകളിലേക്ക് കൂടി വ്യാപിപ്പിച്ച് പ്രൈം വീഡിയോ, സ്റ്റോറി ടി.വി. ആപ്പ്, ബിഗ് എഫ്.എം എന്നിവരും വിവിധ സ്റ്റാളുകളിലൂടെ മേളയിൽ പങ്കെടുക്കുന്നുണ്ട്. മാറുന്ന മാധ്യമ-വിനോദ മേഖലയിലെ വിവിധ ഘടനകളുമായും സംവിധാനങ്ങളുമായും ഇടപഴകാൻ ഇവരുടെ സാന്നിധ്യം സന്ദർശകർക്ക് അവസരമൊരുക്കുന്നു.


 

മേളയിലെ പങ്കാളിത്തത്തിന് സൗകര്യമൊരുക്കിയ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തെയും എൻ്റർടൈൻമെൻ്റ് സൊസൈറ്റി ഓഫ് ഗോവയെയും ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനെയും സ്റ്റാൾ നടത്തിപ്പുകാർ പ്രശംസിച്ചു.


 

സർഗാത്മക സ്ഥാപനങ്ങൾ, പ്രാദേശിക രുചികൾ, തദ്ദേശീയ ഉല്പന്നങ്ങൾ, വിനോദ സംവിധാനങ്ങള്‍, ഭിന്നശേഷി സൗഹൃദ സംരംഭങ്ങൾ എന്നിവയുടെ സംഗമത്തിലൂടെ ഇന്ത്യയുടെ സാംസ്കാരികവും സർഗാത്മകവുമായ ഭൂമികയുടെ വിവിധ തലങ്ങൾ കണ്ടെത്താനും സംവദിക്കാനും ഇടപഴകാനും സന്ദര്‍ശകര്‍ക്ക് ഇടമൊരുക്കുകയാണ് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള നഗരി.

https://static.pib.gov.in/WriteReadData/userfiles/image/2026/nov/WhatsAppImage2026-11-26at11.53.42AM_20261126121201_4cdf78.jpeg
 

ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഔദ്യോഗിക വാർത്താപത്രിക IFFILOID ഇവിടെ വായിക്കാം: https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1&reg=48

****


Great films resonate through passionate voices. Share your love for cinema with #IFFI2026 and #StoriesWithoutBorders. Tag us @pibindia on Instagram and @PIB_India on X, and we will help amplify your festival moments!

For accredited journalists, critics, bloggers, and vloggers seeking 1-on-1 interviews with filmmakers and festival juries, write to us at:
iffi.mediadesk@pib.gov.in with the subject line: Take One with PIB.


Official Release ID: 2341889
•
Media Centre: Goa
•
Festival Dates: Nov 20 – 28, 2026