ഗോവ, 2026 നവംബർ 22
57-ാം ഇന്ത്യ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ (IFFI) ഭാഗമായി ഗോവയിലെ പനാജിയിൽ നടന്ന വാർത്താസമ്മേളനത്തിൽ കന്നഡ ചലച്ചിത്രമായ ‘റൂബി-ക്യൂബി’ന്റെ അണിയറപ്രവർത്തകർ മാധ്യമങ്ങളുമായി സംവദിച്ചു. പ്രശസ്ത ചലച്ചിത്രകാരനും സംവിധായകനുമായ പി ശേഷാദ്രിയും ചിത്രത്തിലെ പ്രധാന നടി വൈനിധി ജഗദീഷും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ചലച്ചിത്രനിർമാണ രീതിയെക്കുറിച്ച് സംസാരിച്ച പി ശേഷാദ്രി, താൻ സജീവമായി കഥകൾ തേടിപ്പോകാറില്ലെന്നും കഥകൾ തന്നിലേക്ക് എത്തുകയാണെന്നും പറഞ്ഞു. ഒരു കഥ തന്നിൽ യഥാർഥ താൽപ്പര്യം ജനിപ്പിക്കുകയും അത് സിനിമയാക്കണമെന്ന് തോന്നുകയും ചെയ്യുമ്പോൾ മാത്രമാണ് ചിത്രം ഒരുക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. തന്റെ പതിമൂന്നാമത്തെ ചിത്രമാണ് ‘റൂബി-ക്യൂബ്’ എന്ന് അദ്ദേഹം പറഞ്ഞു. യഥാർഥ ജീവിതാനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിന്റെ കഥ, ഇന്ത്യൻ കുടുംബവ്യവസ്ഥയുടെ സങ്കീർണതകളും അതിനുള്ളിൽ മനുഷ്യബന്ധങ്ങൾ മാറി മാറി വികസിക്കുന്ന രീതികളും അവതരിപ്പിക്കുന്നു.

കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെ വിവിധ മാനുഷിക പ്രശ്നങ്ങളും വെല്ലുവിളികളുമാണ് ചിത്രം ചർച്ച ചെയ്യുന്നതെന്ന് സംവിധായകൻ വിശദീകരിച്ചു. ജീവിതത്തെ ഒരു റൂബിക്സ് ക്യൂബിനോട് ഉപമിച്ച അദ്ദേഹം, ആ പസിലിൽ വ്യത്യസ്ത നിറങ്ങളും അവയുടെ നിരവധി ക്രമീകരണങ്ങളുമുള്ളതുപോലെ മനുഷ്യജീവിതത്തിനും വിവിധ തലങ്ങളും ഭാവങ്ങളുമുണ്ടെന്ന് പറഞ്ഞു. ഒരു പ്രത്യേക സന്ദേശം നൽകുക എന്നതല്ല തന്റെ സിനിമകളുടെ പ്രധാന ലക്ഷ്യമെന്നും പ്രേക്ഷകരുമായി വൈകാരികമായ ബന്ധം സ്ഥാപിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതൽ പ്രേക്ഷകരിലേക്ക് സിനിമകൾ എത്തിക്കാനും അവയ്ക്ക് ശ്രദ്ധയും അംഗീകാരവും ലഭിക്കാനും സിനിമാപ്രേമികളിൽനിന്ന് വിലപ്പെട്ട പ്രതികരണങ്ങൾ നേടാനും ഐഎഫ്എഫ്ഐ പ്രധാന വേദിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്റെ വൈകാരിക തലങ്ങളെക്കുറിച്ചും കഥയുടെ പ്രമേയത്തെക്കുറിച്ചും പ്രധാന നടി വൈനിധി ജഗദീഷ് സംസാരിച്ചു. സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തുന്ന മകൾ മാതാപിതാക്കൾ തമ്മിലുള്ള ബന്ധത്തിന്റെ സങ്കീർണതകൾ ക്രമേണ തിരിച്ചറിയുന്നതാണ് ചിത്രത്തിന്റെ പ്രമേയം. മാറിക്കൊണ്ടിരിക്കുന്ന ബന്ധങ്ങൾ, പ്രതീക്ഷകൾ, വൈകാരിക വെല്ലുവിളികൾ എന്നിവയ്ക്കിടയിൽ വ്യക്തികൾ വ്യത്യസ്ത ജീവിതങ്ങൾ നയിക്കുന്ന സമകാലിക കുടുംബയാഥാർഥ്യങ്ങളാണ് ചിത്രം പ്രതിഫലിപ്പിക്കുന്നതെന്ന് അവർ പറഞ്ഞു. ദൈനംദിന ജീവിതത്തിലെ സാധാരണ മനുഷ്യാനുഭവങ്ങൾക്ക് പ്രാധാന്യം നൽകുന്ന ലളിതവും സൂക്ഷ്മവുമായ ആഖ്യാനരീതിയാണ് ചിത്രത്തിന്റേതെന്നും നാടകീയമായ രംഗങ്ങൾക്കല്ല ഇതിൽ പ്രാധാന്യമെന്നും അവർ കൂട്ടിച്ചേർത്തു.

ഒരു കുന്നിൻ പ്രദേശത്തെ ഹ്രസ്വ അവധിക്കാലത്തിന്റെ പശ്ചാത്തലത്തിലാണ് ‘റൂബി-ക്യൂബ്’ ഒരുക്കിയിരിക്കുന്നത്. ഒരു കുടുംബത്തിലെ മൂന്ന് തലമുറകളെ ഒരേ മേൽക്കൂരയ്ക്കു കീഴിൽ ചിത്രം ഒരുമിച്ചെത്തിക്കുന്നു. സൈക്കോളജിസ്റ്റായ രോഹിണി, മുൻ ഭർത്താവ് മൂർത്തിയുമായി വീണ്ടും ഒന്നിക്കുന്നതാണ് കഥയുടെ ഇതിവൃത്തം. സ്വന്തം ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങൾ നേരിടുന്ന മകൾ ചിത്രയാണ് ഇരുവരെയും വീണ്ടും ഒരുമിപ്പിക്കുന്നത്. കുടുംബം ഒരുമിച്ച് സമയം ചെലവഴിക്കുമ്പോൾ പരിഹരിക്കപ്പെടാത്ത വൈകാരിക പ്രശ്നങ്ങളും പഴയ ബന്ധങ്ങളും ഉത്തരവാദിത്വങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളും ക്രമേണ ഉയർന്നുവരുന്നു.
‘റൂബി-ക്യൂബ്’ എന്ന ചിത്രത്തിനു പിന്നിലെ സർഗാത്മകമായ കാഴ്ചപ്പാടും സമകാലിക കുടുംബബന്ധങ്ങളുടെ വിവിധ തലങ്ങളിലേക്കുള്ള അന്വേഷണവും മനസ്സിലാക്കാൻ ഐഎഫ്എഫ്ഐ 2026-ലെ വാർത്താസമ്മേളനം പ്രേക്ഷകർക്കും മാധ്യമപ്രവർത്തകർക്കും അവസരമൊരുക്കി. വിവിധ രാജ്യങ്ങളിലെ വൈവിധ്യമാർന്ന ചലച്ചിത്രശബ്ദങ്ങളെയും കഥപറച്ചിൽ പാരമ്പര്യങ്ങളെയും ആഘോഷിക്കുന്ന ഐഎഫ്എഫ്ഐയുടെ ഭാഗമായുള്ള ചിത്രത്തിന്റെ പ്രദർശനം ഈ ആഘോഷത്തിന് കൂടുതൽ മിഴിവേകുന്നു.
ശ്രീ. അനിമേഷ് വാസെയാണ് വാർത്താസമ്മേളനം നിയന്ത്രിച്ചത്.
വാർത്താസമ്മേളനത്തിന്റെ പൂർണരൂപം ഇവിടെ കാണാം:
വാർത്താസമ്മേളനം പൂർണ്ണമായി ഇവിടെ കാണാം :: https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1®=48
****