57th International Film Festival of India 2026
20 – 28 Nov 2026

57-ാമത് ഐ എഫ് എഫ് ഐ യിലേക്ക് സാംസ്കാരിക പൈതൃകത്തിന്റെയും സ്വത്വത്തിന്റെയും സാമൂഹിക യാഥാർത്ഥ്യങ്ങളുടെയും കഥകളുമായി വടക്കുകിഴക്കൻ സിനിമ

വടക്കുകിഴക്കൻ ഇന്ത്യയുടെ പൈതൃകവും ഭാഷകളും പറയപ്പെടാത്ത കഥകളും സംരക്ഷിക്കുന്നതിൽ സിനിമ വഹിക്കുന്ന പങ്ക് സംവിധായകരായ എയ്മി ബറുവയും ദുയു ടാബ്യോയും ഉയർത്തിക്കാട്ടുന്നു

പോസ്റ്റഡ് ഓണ്‍: 22 NOV 2026 4:26PMby PIB Thiruvananthpuram റിലീസ് ഐ.ഡി: 2340029Views: 8

സ്വന്തം സാംസ്കാരിക പൈതൃകം സംരക്ഷിക്കാൻ പരിശ്രമിക്കുന്ന അസമിലെ ഒരു പരമ്പരാഗത കൈത്തറി നെയ്ത്ത് സമൂഹം മുതൽ അരുണാചൽ പ്രദേശിലെ മലനിരകളിലെ ദുഃഖിതനായ ഒരച്ഛന്റെ മനോവ്യാപാരങ്ങൾ വരെ - വടക്കുകിഴക്കൻ ഇന്ത്യയിൽ നിന്നുള്ള രണ്ട് ചിത്രങ്ങൾ സ്വത്വത്തിന്റെയും അതിജീവനത്തിന്റെയും മനുഷ്യവികാരങ്ങളുടെയും വ്യത്യസ്തമായ കഥകൾ- 57-ാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്  എത്തിക്കുന്നു

ഇന്ത്യൻ പനോരമ നോൺ-ഫീച്ചർ വിഭാഗത്തിൽ അസമീസ് ഡോക്യുമെന്ററിയായ 'റെഡ് കാർപെറ്റ്' ഇടംനേടിയപ്പോൾ, ഫീച്ചർ ഫിലിം വിഭാഗത്തിന്റെ ഭാഗമാവുകയാണ് 'ഉറും' എന്ന ചിത്രം.

എയ്മി ബറുവ സംവിധാനം ചെയ്ത 'റെഡ് കാർപെറ്റ്' (അസമീസ്), ദുയു ടാബ്യോ സംവിധാനം ചെയ്ത 'ഉറും' എന്നീ ചിത്രങ്ങൾ ഇന്ന് ഗോവയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ശ്രദ്ധേയമായി. സംവിധായകർ തങ്ങളുടെ സിനിമകളെയും ചലച്ചിത്ര നിർമ്മാണ യാത്രകളെയും കുറിച്ചുള്ള ഉൾക്കാഴ്ചകൾ പങ്കുവെച്ചു.

ആധുനികവൽക്കരണത്തിന്റെയും മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലികളുടെയും വെല്ലുവിളികൾ നേരിടുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള കരകൗശല വിദ്യയായ, അസമിലെ കർബി ആംഗ്ലോങ്ങിലുള്ള കർബി സമൂഹത്തിന്റെ പരമ്പരാഗത കൈത്തറി നെയ്ത്ത് പൈതൃകത്തെയാണ് 'റെഡ് കാർപെറ്റ്' അടയാളപ്പെടുത്തുന്നത്. ഡോങ്കാമോകം ഗ്രാമത്തിൽ നിന്നുള്ള ഒരു പരമ്പരാഗത നെയ്ത്തുകാരന്റെ കാൻ ചലച്ചിത്രമേളയിലെ റെഡ് കാർപെറ്റിലേക്കുള്ള യാത്രയെ പിന്തുടരുന്ന ഈ ഡോക്യുമെന്ററി, കൈകൊണ്ട് നെയ്ത തുണിത്തരങ്ങൾ എങ്ങനെയാണ് സാംസ്കാരിക സ്വത്വത്തിന്റെയും അഭിമാനത്തിന്റെയും പ്രത്യാശയുടെയും പ്രതീകമായി മാറിയതെന്ന് വരച്ചുകാട്ടുന്നു.

തന്റെ സിനിമയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കുവെച്ചുകൊണ്ട്, പുരസ്കാര ജേതാവായ ഇന്ത്യൻ അഭിനേത്രിയും നിർമ്മാതാവും ചലച്ചിത്രകാരിയും ഗവേഷകയുമായ സംവിധായിക എയ്മി ബറുവ, അസമിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നുള്ള പരമ്പരാഗത കൈത്തറി വസ്ത്രം കാനിലെ പ്രശസ്തമായ റെഡ് കാർപെറ്റിലേക്ക് എത്തിച്ച യാത്രയെക്കുറിച്ച് സംസാരിച്ചു.

പ്രാദേശിക നെയ്ത്തുകാരുടെ കരകൗശല വൈദഗ്ധ്യവും പരമ്പരാഗത വസ്ത്രങ്ങളിൽ ഉൾച്ചേർന്നിരിക്കുന്ന സാംസ്കാരിക സ്വത്വവും അവർ എടുത്തുപറഞ്ഞു. ഈ വസ്ത്രത്തിന് ലഭിച്ച അന്താരാഷ്ട്ര അംഗീകാരം മേഖലയിലെ തദ്ദേശീയ പൈതൃകത്തിന് കൂടുതൽ ശ്രദ്ധ നേടിക്കൊടുത്തുവെന്നും അവർ ചൂണ്ടിക്കാട്ടി.

പരമ്പരാഗത നെയ്ത്ത് രീതികൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞുകൊണ്ട്, സ്വന്തം ഭാഷയിലും സംസ്കാരത്തിലും പാരമ്പര്യങ്ങളിലും അഭിമാനം കൊള്ളാനും ഈ പൈതൃകം വരുംതലമുറയിലേക്ക് കൈമാറാനും അവർ യുവതലമുറയോട് ആഹ്വാനം ചെയ്തു.

ദുയു ടാബ്യോ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായ 'ഉറും', അരുണാചൽ പ്രദേശിലെ വിദൂരമായ ഒരു മലയോര സമൂഹത്തിൽ തന്റെ കൊച്ചുമകളുടെ ദാരുണ വിയോഗം ഉൾക്കൊള്ളാൻ പ്രയാസപ്പെടുന്ന ഒരച്ഛന്റെ കഥയിലൂടെ ദുഃഖവും ഓർമ്മകളും തദ്ദേശീയ വിശ്വാസങ്ങളും പര്യവേക്ഷണം ചെയ്യുന്നു. കുറ്റബോധത്തോടും മനസ്സിനെ വേട്ടയാടുന്ന കാഴ്ചകളോടും മല്ലിടുന്ന ആ പിതാവ് കുഴിച്ചുമൂടപ്പെട്ട സത്യങ്ങൾക്കും മാനസികാഘാതങ്ങൾക്കും തന്റെ ജനതയുടെ ജീവിതത്തെ രൂപപ്പെടുത്തുന്ന അദൃശ്യ ശക്തികൾക്കുമിടയിൽ ആശ്വാസം കണ്ടെത്താനുള്ള അന്വേഷണത്തെയാണ് ഈ ചിത്രം വരച്ചുകാട്ടുന്നത്.

തദ്ദേശീയ സ്വത്വം, ഓർമ്മകൾ, സാമൂഹിക യാഥാർത്ഥ്യങ്ങൾ എന്നിവ പര്യവേക്ഷണം ചെയ്യുന്ന അരുണാചൽ പ്രദേശിൽ നിന്നുള്ള സ്വതന്ത്ര എഴുത്തുകാരനും സംവിധായകനും സാംസ്കാരിക പ്രവർത്തകനുമായ ദുയു ടാബ്യോ, കുട്ടിക്കാലത്ത് അരുണാചൽ പ്രദേശിലെ സിറോയിൽ വെച്ച് താൻ കണ്ട ഒരു സംഭവം അനുസ്മരിച്ചു. മകളുടെ വിയോഗവുമായി പൊരുത്തപ്പെടാൻ പ്രയാസപ്പെട്ടിരുന്ന ഒരച്ഛനായിരുന്നു ആ സംഭവത്തിന് പിന്നിൽ. ആ ഓർമ്മ വർഷങ്ങളോളം അദ്ദേഹത്തോടൊപ്പം കൊണ്ടുനടക്കുകയും ഒടുവിൽ ഈ സിനിമയ്ക്ക് അടിത്തറയാവുകയും ചെയ്തു. ഏതെങ്കിലും പ്രത്യേക ഗുണപാഠം നൽകുന്നതിനേക്കാൾ, ദുഃഖിതനായ ഒരച്ഛന്റെ മാനസികവും വൈകാരികവുമായ അവസ്ഥകൾ  പര്യവേക്ഷണം ചെയ്യാനാണ് സിനിമയിലൂടെ താൻ ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഐ എഫ് എഫ് ഐ യിലേക്ക് തന്റെ സിനിമ തിരഞ്ഞെടുക്കപ്പെട്ടതിനെ അരുണാചൽ പ്രദേശിലെ വളർന്നുവരുന്ന ചലച്ചിത്ര വ്യവസായത്തിന് ലഭിച്ച സുപ്രധാന അംഗീകാരമായി വിശേഷിപ്പിച്ച ടാബ്യോ, ഐ എഫ് എഫ് ഐ ക്ക് നന്ദി രേഖപ്പെടുത്തി. സംസ്ഥാനത്തെ കൂടുതൽ യുവ ചലച്ചിത്രകാരന്മാർക്ക് തങ്ങളുടെ കഥകൾ പറയാൻ ഇത് പ്രചോദനമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഭാഷാപരവും സാംസ്കാരികവുമായ സംരക്ഷണത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട്, തദ്ദേശീയമായ നിഷി ഭാഷയിൽ ഈ സിനിമ നിർമ്മിച്ചത് അതിൻ്റെ തനിമ നിലനിർത്താനും ആ ഭാഷയ്ക്ക് കൂടുതൽ ശ്രദ്ധ നൽകാനുമുള്ള ബോധപൂർവ്വമായ തീരുമാനമായിരുന്നുവെന്ന് ടാബ്യോ പറഞ്ഞു. പുതുതലമുറയ്ക്ക് തങ്ങളുടെ പ്രാദേശിക ഭാഷകളുമായുള്ള ബന്ധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് നിരീക്ഷിച്ച അദ്ദേഹം, നിഷി സമൂഹത്തിന്റെ ഭാഷാ പൈതൃകം സംരക്ഷിക്കാനുള്ള ഒരു ശ്രമമായാണ് ഈ സിനിമയെ വിശേഷിപ്പിച്ചത്.

വടക്കുകിഴക്കൻ ഇന്ത്യയിൽ നിന്നുള്ള സിനിമകളുടെ വർദ്ധിച്ചുവരുന്ന സാധ്യതകളെക്കുറിച്ച് പരാമർശിക്കവെ, ലോകത്തിന് മുന്നിൽ തുറന്നുകാണിക്കാൻ ഏറെയുള്ള, ഇനിയും പര്യവേക്ഷണം ചെയ്യപ്പെടാത്ത ഒരു ചലച്ചിത്ര ഭൂമികയായി ഈ മേഖല നിലകൊള്ളുകയാണെന്നു  ടാബ്യോ നിരീക്ഷിച്ചു. ഈ മേഖലയിലുള്ള മുഖ്യധാരാ ചലച്ചിത്രകാരന്മാരുടെയും നിർമ്മാണ കമ്പനികളുടെയും വർദ്ധിച്ചുവരുന്ന താല്പര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. വിനോദത്തിനപ്പുറം സാമൂഹിക അവബോധത്തിനും മാറ്റത്തിനുമുള്ള ശക്തമായ മാധ്യമമായി സിനിമയ്ക്ക് പ്രവർത്തിക്കാൻ കഴിയുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. തദ്ദേശീയ കഥകളും ഭാഷകളും ജീവിതരീതികളും രേഖപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ അദ്ദേഹം, അത്തരം ശ്രമങ്ങൾ യുവതലമുറയ്ക്ക് തങ്ങളുടെ തായ് വേരുകളിലേക്ക് തിരികെയെത്താനും സാംസ്കാരിക സ്വത്വത്തിന്റെ സമ്പന്നത തിരിച്ചറിയാനും സഹായിക്കുമെന്ന് അഭിപ്രായപ്പെട്ടു.

വടക്കുകിഴക്കൻ ഇന്ത്യയുടെ വൈവിധ്യമാർന്ന സാംസ്കാരിക അനുഭവങ്ങൾ, തദ്ദേശീയ പാരമ്പര്യങ്ങൾ, സമകാലിക യാഥാർത്ഥ്യങ്ങൾ എന്നിവ പ്രതിഫലിപ്പിച്ചുകൊണ്ട് ഈ രണ്ട് ചിത്രങ്ങളും മേഖലയിൽ നിന്നുള്ള വ്യത്യസ്തമായ ആഖ്യാനങ്ങളെ ദേശീയ ചലച്ചിത്ര വേദിയിലേക്ക് കൊണ്ടുവരുന്നു. 57-ാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇവ ഉൾപ്പെടുത്തിയത് ഈ വർഷത്തെ മേളയുടെ സവിശേഷതയായ ചലച്ചിത്ര വൈവിധ്യത്തെ കൂടുതൽ സമ്പന്നമാക്കുന്നു.

ശ്രീമതി സ്മിത സൈകിയയായിരുന്നു വാർത്താസമ്മേളനത്തിന്റെ മോഡറേറ്റർ 

വാർത്താസമ്മേളനം പൂർണ്ണമായി ഇവിടെ കാണാം : https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1&reg=48

 

***


Great films resonate through passionate voices. Share your love for cinema with #IFFI2026 and #StoriesWithoutBorders. Tag us @pibindia on Instagram and @PIB_India on X, and we will help amplify your festival moments!

For accredited journalists, critics, bloggers, and vloggers seeking 1-on-1 interviews with filmmakers and festival juries, write to us at:
iffi.mediadesk@pib.gov.in with the subject line: Take One with PIB.


Official Release ID: 2340029
•
Media Centre: Goa
•
Festival Dates: Nov 20 – 28, 2026