ഇന്ത്യയും സ്‌പെയിനും മാധ്യമ-വിനോദ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ സാധ്യതകൾ തേടുന്നു. ഉഭയകക്ഷി ഓഡിയോ-വിഷ്വൽ സഹ-നിർമ്മാണ കരാർ പുതുക്കുന്നതിലും വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എന്റർടൈൻമെന്റ് ഉച്ചകോടിയിലൂടെ (WAVES) സഹകരണം വിപുലീകരിക്കുന്നതിലുമാണ് ചർച്ചകൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 57-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ 'കൺട്രി ഓഫ് ഓണർ' പദവിയോടെ സ്പെയിൻ പങ്കെടുക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
ഇതുമായി ബന്ധപ്പെട്ട്, വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ജോയിന്റ് സെക്രട്ടറി (ബ്രോഡ്കാസ്റ്റിംഗ്) ശ്രീ പൃതുൽ കുമാർ, മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ, ഇന്ത്യ സിനി ഹബ്ബ് (ICH) പ്രതിനിധികൾ എന്നിവർ ഗോവയിൽ സ്‌പെയിൻ സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള സ്പാനിഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിനിമാറ്റോഗ്രാഫി ആൻഡ് ഓഡിയോവിഷ്വൽ ആർട്‌സ് (ICAA) ഡയറക്ടർ ജനറൽ മാർട്ട സെറാനോയുടെ നേതൃത്വത്തിലുള്ള സ്പാനിഷ് പ്രതിനിധി സംഘവുമായി ചർച്ച നടത്തി.
ഇരു രാജ്യങ്ങളിലെയും സർഗ്ഗാത്മക വ്യവസായങ്ങൾ തമ്മിൽ കൂടുതൽ സഹകരണം സാധ്യമാക്കുന്ന വിധത്തിൽ സഹ-നിർമ്മാണ ചട്ടക്കൂട് പുതുക്കുന്നത് ഉൾപ്പെടെ, ചലച്ചിത്ര-ഓഡിയോവിഷ്വൽ നിർമ്മാണ രംഗത്തെ ഉഭയകക്ഷി പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിനുള്ള അവസരങ്ങളിലാണ് ചർച്ചകൾ കേന്ദ്രീകരിച്ചത്.

നിലവിലുള്ള ഇന്ത്യ-സ്‌പെയിൻ ഓഡിയോ-വിഷ്വൽ സഹ-നിർമ്മാണ കരാർ (audiovisual co-production agreement) 2012-ലാണ് ഒപ്പുവെച്ചത്. ചലച്ചിത്ര, ഓഡിയോ-വിഷ്വൽ നിർമ്മാണ രംഗത്തെ ഉഭയകക്ഷി സഹകരണത്തിനുള്ള ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിനാണ് കരാർ പുതുക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ലക്ഷ്യമിടുന്നത്. സ്പാനിഷ് ഭാഗത്തുനിന്ന് മുന്നോട്ടുവെച്ച നിർദ്ദിഷ്ട ചട്ടക്കൂടിൽ ഫിക്ഷൻ, അനിമേഷൻ, ഡോക്യുമെന്ററി പ്രോജക്റ്റുകൾ, ടെലിവിഷൻ പരമ്പരകൾ, സിനിമകൾ എന്നിവയിലുടനീളമുള്ള സഹകരണം വിഭാവനം ചെയ്യുന്നു.
ഐ.എഫ്.എഫ്.ഐ 2026-ൽ സ്‌പെയിൻ 'കൺട്രി ഓഫ് ഓണർ' ആയി പങ്കെടുക്കുന്നത് സമകാലിക സ്പാനിഷ് സിനിമകൾ പ്രദർശിപ്പിക്കുന്നതിനും ഇന്ത്യൻ-സ്പാനിഷ് ചലച്ചിത്ര വ്യവസായങ്ങൾ തമ്മിലുള്ള പ്രൊഫഷണൽ പങ്കാളിത്തം വളർത്തുന്നതിനും അവസരമൊരുക്കുന്നു. 2026 നവംബർ 20 മുതൽ 28 വരെ ഗോവയിലാണ് മേള നടക്കുന്നത്.
2026 നവംബർ 20 മുതൽ 24 വരെ പനാജിയിൽ നടക്കുന്ന വേവ്സ് ഫിലിം ബസാറിന്റെ 20-ാമത് പതിപ്പും ഇരു രാജ്യങ്ങളിലെയും ഓഡിയോ-വിഷ്വൽ വ്യവസായങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിന് മറ്റൊരു വേദിയൊരുക്കുന്നു. സ്പാനിഷ് പരിപാടികളുടെ ഭാഗമായി നവംബർ 22-ന് പ്രത്യേക 'സ്പാനിഷ് ദിനം' സംഘടിപ്പിക്കുന്നുണ്ട്. ഇരു രാജ്യങ്ങളിലെയും ചലച്ചിത്ര പ്രവർത്തകർ തമ്മിലുള്ള ആശയവിനിമയത്തിനുള്ള അവസരങ്ങളും ഇൻഡസ്ട്രി പാനൽ ചർച്ചയും ഇതിൽ ഉൾപ്പെടുന്നു.
ഓഡിയോ-വിഷ്വൽ സഹകരണം ശക്തിപ്പെടുത്തുന്നതിലും സഹ-നിർമ്മാണം, സർഗ്ഗാത്മക പങ്കാളിത്തം, പ്രൊഫഷണൽ വിനിമയം എന്നിവയ്ക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഇന്ത്യയ്ക്കും സ്‌പെയിനിനുമുള്ള പൊതുവായ താല്പര്യത്തെ ഈ ചർച്ചകൾ അടിവരയിടുന്നു.
ഇഫിലോയ്ഡ് (IFFILOID) ഇവിടെ വായിക്കാം: https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1®=48
****