57th International Film Festival of India 2026
20 – 28 Nov 2026

വെള്ളിത്തിരയ്ക്കുമപ്പുറം: ഇന്ത്യയുടെ ചലച്ചിത്ര പൈതൃകത്തെ അച്ചടിത്താളുകളിലേക്ക് എത്തിച്ച് ഐ എഫ് എഫ് ഐ-2026

വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി പ്രകാശനം ചെയ്ത രണ്ട് പുസ്തകങ്ങൾ ചലച്ചിത്ര ചിന്തകൾ, സർഗ്ഗാത്മക യാത്രകൾ, ചലച്ചിത്രകാരൻ അവതാർ കൗളിന്റെ പൂർത്തിയാക്കപ്പെടാതെപോയ പൈതൃകം എന്നിവയിലേക്ക് വെളിച്ചം വീശുന്നു.

പോസ്റ്റഡ് ഓണ്‍: 21 NOV 2026 6:02PMby PIB Thiruvananthpuram റിലീസ് ഐ.ഡി: 2339724Views: 11

ഗോവ, 2026 നവംബർ 21

സമൂഹത്തെ പ്രതിഫലിപ്പിച്ചും ഓർമ്മകളെ സംരക്ഷിച്ചും സാംസ്കാരിക സ്വത്വങ്ങളെ രൂപപ്പെടുത്തിയും സിനിമ തലമുറകളുടെ ഭാവനയെ സ്വാധീനിക്കുന്നു. തിരശീലയിലെ ചലിക്കുന്ന ദൃശ്യങ്ങൾക്കപ്പുറം, ചലച്ചിത്ര മേഖലയെ രൂപപ്പെടുത്തുന്ന ആശയങ്ങൾ, സർഗ്ഗാത്മക പ്രക്രിയകൾ, യാത്രകൾ എന്നിവ രേഖപ്പെടുത്തുന്നതിൽ പുസ്തകങ്ങൾ വഹിക്കുന്ന പങ്കും സുപ്രധാനമാണ്. ഈ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട്, ഇന്ത്യയുടെ ചലച്ചിത്ര പൈതൃകത്തിന്റെ വിവിധ വശങ്ങളെ അടയാളപ്പെടുത്തുന്ന രണ്ട് പുസ്തകങ്ങൾ, 57-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ  പബ്ലിക്കേഷൻസ് ഡിവിഷൻ പുറത്തിറക്കി.

ചടങ്ങിൽ സംസാരിച്ച വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ ചഞ്ചൽ കുമാർ, സിനിമകൾക്ക് പിന്നിലെ സർഗ്ഗാത്മക യാത്രകൾ രേഖപ്പെടുത്തേണ്ടതിന്റെയും ഇന്ത്യയുടെ സമ്പന്നമായ ചലച്ചിത്ര പൈതൃകം വരുംതലമുറയ്ക്കായി സംരക്ഷിക്കേണ്ടതിന്റെയും പ്രാധാന്യം എടുത്തുപറഞ്ഞു. സിനിമ കേവലം വിനോദത്തിനുള്ള മാധ്യമം മാത്രമല്ല, സമൂഹത്തിന്റെയും വിവിധ തലമുറകളുടെ ചൈതന്യത്തിന്റെയും വികസിച്ചുകൊണ്ടിരിക്കുന്ന ആശയങ്ങളുടെയും പ്രതിഫലനം കൂടിയാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. “സിനിമകൾ നമ്മോട് ഒരു കഥ പറയുന്നു. ഈ കഥകൾ എങ്ങനെയാണ് ജീവൻ പ്രാപിച്ചതെന്ന് മനസ്സിലാക്കാൻ സിനിമയെക്കുറിച്ചുള്ള പുസ്തകങ്ങൾ നമ്മെ സഹായിക്കുന്നു,” അദ്ദേഹം പറഞ്ഞു. ചലച്ചിത്രകാരന്മാരുടെ അനുഭവങ്ങൾ, സിനിമാ സാങ്കേതികവിദ്യകളുടെ പരിണാമം, ഇന്ത്യൻ സിനിമയെ രൂപപ്പെടുത്തിയ ആശയങ്ങൾ എന്നിവയെക്കുറിച്ച് പുസ്തകങ്ങൾ വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകുന്നത് എങ്ങനെയെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

ശ്രീ രാജേന്ദ്ര ഭട്ട് ക്രോഡീകരിച്ച'സിനിമ: വിവിധ് ആയാം', ശ്രീ വിനോദ് കൗൾ രചിച്ച 'അവതാർ കൗൾ: ദി (ഇൻ)കംപ്ലീറ്റ് സ്റ്റോറി' എന്നിവയാണ് ചടങ്ങിൽ പ്രകാശനം ചെയ്ത രണ്ട് പുസ്തകങ്ങൾ. ആദ്യത്തേത് സിനിമയെക്കുറിച്ചുള്ള പ്രധാനപ്പെട്ട രചനകളും കാഴ്ചപ്പാടുകളും ഒരുമിച്ച് ചേർത്ത് ഹിന്ദി വായനക്കാർക്ക് ലഭ്യമാക്കുമ്പോൾ, രണ്ടാമത്തേത് ചലച്ചിത്രകാരൻ അവതാർ കൗളിന്റെ ജീവിതത്തെയും, പൂർത്തിയാക്കപ്പെടാതെ പോയ അദ്ദേഹത്തിന്റെ സർഗ്ഗാത്മക പൈതൃകത്തെയും രേഖപ്പെടുത്തുന്നു.

'സിനിമ: വിവിധ് ആയാം' എന്ന പുസ്തകം പരാമർശിച്ചുകൊണ്ട്, പ്രശസ്ത സിനിമകൾ, ചലച്ചിത്ര നിർമ്മാണം, ലോക സിനിമ എന്നിവയെക്കുറിച്ച് ഉൾക്കാഴ്ച നൽകുന്ന ചലച്ചിത്രകാരന്മാരുടെയും പണ്ഡിതന്മാരുടെയും രചനകളുടെ ഈ സമാഹാരത്തെ ശ്രീ ചഞ്ചൽ കുമാർ അഭിനന്ദിച്ചു. ഈ കൃതികൾ ഹിന്ദി വായനക്കാർക്ക് ലഭ്യമാക്കാനുള്ള ശ്രമത്തെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. 'അവതാർ കൗൾ: ദി (ഇൻ)കംപ്ലീറ്റ് സ്റ്റോറി' എന്ന പുസ്തകത്തെക്കുറിച്ച് സംസാരിക്കവെ, ഇന്ത്യൻ നവതരംഗ സിനിമയിലെ നാഴികക്കല്ലായി മാറിയ '27 ഡൗൺ' (1974) എന്ന ഏക ചിത്രത്തിലൂടെ ശ്രദ്ധേയനായ ചലച്ചിത്രകാരൻ അവതാർ കൗളിന്റെ പാരമ്പര്യം അദ്ദേഹം അനുസ്മരിച്ചു.

പബ്ലിക്കേഷൻസ് ഡിവിഷനെയും ശ്രീ രാജേന്ദ്ര ഭട്ടിനെയും ശ്രീ വിനോദ് കൗളിനെയും പുസ്തകങ്ങൾക്കുപിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിച്ച സെക്രട്ടറി, ഇന്ത്യയുടെ ചലച്ചിത്ര പൈതൃകത്തെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കാൻ ഈ പുസ്തകങ്ങൾ വിദ്യാർത്ഥികൾക്കും ചലച്ചിത്രകാരന്മാർക്കും സിനിമാ പ്രേമികൾക്കും പ്രചോദനമാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

സിനിമയുമായി പുബ്ലിക്കേഷൻസ് ഡിവിഷനുള്ള ദീർഘകാല ബന്ധവും ഇന്ത്യയുടെ സാംസ്കാരികവും സർഗ്ഗാത്മകവുമായ പൈതൃകം രേഖപ്പെടുത്തുന്നതിൽ ഡിവിഷൻ വഹിക്കുന്ന പങ്കും പബ്ലിക്കേഷൻസ് ഡിവിഷൻ ഡയറക്ടർ ജനറൽ ശ്രീമതി കാഞ്ചൻ പ്രസാദ് എടുത്തുപറഞ്ഞു. സിനിമ, കാലത്തിലെ നിമിഷങ്ങളെ ഒപ്പിയെടുക്കുമ്പോൾ, ആ നിമിഷങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് പുസ്തകങ്ങൾ ഉറപ്പാക്കുന്നുവെന്ന് നിരീക്ഷിച്ച അവർ, സർഗ്ഗാത്മക യാത്രകൾ രേഖപ്പെടുത്തുന്നതിനും കഥകൾ സംരക്ഷിക്കുന്നതിനും ഇന്ത്യയുടെ സാംസ്കാരിക സ്വത്വം രൂപപ്പെടുത്തിയവരുടെ സംഭാവനകൾ ആഘോഷിക്കുന്നതിനും പബ്ലിക്കേഷൻസ്ഡി വിഷൻ നടത്തുന്ന ശ്രമങ്ങൾ വിശദീകരിച്ചു.

'സിനിമ: വിവിധ് ആയാം' എന്ന പുസ്തകത്തിന് പിന്നിലെ എഡിറ്റോറിയൽ പ്രക്രിയയെക്കുറിച്ച് വിശദീകരിച്ച ശ്രീ രാജേന്ദ്ര ഭട്ട്, സിനിമയെക്കുറിച്ചുള്ള പ്രധാനപ്പെട്ട രചനകൾ ഹിന്ദി വായനക്കാരിലേക്ക് എത്തിക്കുന്നതിനുള്ള ഉദ്യമം പബ്ലിക്കേഷൻസ് ഡിവിഷൻ എങ്ങനെ മുന്നോട്ട് കൊണ്ടുപോയെന്ന് വ്യക്തമാക്കി.

വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അഡീഷണൽ സെക്രട്ടറി ശ്രീ പ്രഭാത്, ജോയിന്റ് സെക്രട്ടറി ഡോ. കെ. കെ. നിരാല എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന സെഷൻ പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഡയറക്ടർ ജനറൽ ശ്രീമതി സ്മിത വട്സ് ശർമ്മയായിരുന്നു നിയന്ത്രിച്ചത്. 

പുസ്തകങ്ങളെക്കുറിച്ച്

അവതാർ കൗൾ: ദി (ഇൻ)കംപ്ലീറ്റ് സ്റ്റോറി

ശ്രീ വിനോദ് കൗൾ ഇംഗ്ലീഷിൽ രചിച്ച ഈ പുസ്തകം, ചലച്ചിത്രകാരനായ അവ്താർ കൗളിന്റെ ജീവിതത്തെയും പൂർത്തിയാക്കപ്പെടാതെപോയ അദ്ദേഹത്തിന്റെ പൈതൃകത്തെയും കുറിച്ചുള്ളതാണ്. കത്തുകൾ, ഫോട്ടോകൾ, ഓർമ്മക്കുറിപ്പുകൾ, സംഭാഷണങ്ങൾ എന്നിവയിലൂടെയാണ് ഇതിൽ അദ്ദേഹത്തിന്റെ ജീവിതം അനാവരണം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ഏക ചിത്രമായ '27 ഡൗൺ' (1974) ഇന്ത്യൻ നവതരംഗ സിനിമയിലെ  നാഴികക്കല്ലായി മാറുകയും ദേശീയ ചലച്ചിത്ര പുരസ്കാരം നേടുകയും ചെയ്തു. 34-ാം വയസ്സിൽ ഒരു സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മുംബൈയിൽ വെച്ച് അദ്ദേഹം ദാരുണമായി മുങ്ങിമരിച്ച അതേ ദിവസമാണ് ഈ പുരസ്കാരം പ്രഖ്യാപിച്ചത്.

സിനിമ: വിവിധ് ആയാം

ശ്രീ രാജേന്ദ്ര ഭട്ട് ഹിന്ദിയിൽ തയ്യാറാക്കിയ ഈ പുസ്തകം, എഫ്.ടി.ഐ.ഐ (FTII)-യുടെ 'ലെൻസൈറ്റ്' (Lensight) എന്ന മാസികയിൽ വന്ന ലേഖനങ്ങളുടെയും സംഭാഷണങ്ങളുടെയും സമാഹാരമാണ്. ചലച്ചിത്ര ചരിത്രം, ഛായാഗ്രഹണം, ലോക സിനിമ, ചലച്ചിത്ര നിർമ്മാണത്തിന് പിന്നിലെ സർഗ്ഗാത്മക പ്രക്രിയകൾ എന്നിവയെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ നൽകുന്ന ഈ പുസ്തകം സിനിമയെക്കുറിച്ചുള്ള വ്യത്യസ്ത വീക്ഷണങ്ങൾ ഹിന്ദി വായനക്കാരിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

ഇഫിലോയ്ഡ് (IFFILOID) ഇവിടെ വായിക്കാം:  https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1&reg=48

 

***

 

 


Great films resonate through passionate voices. Share your love for cinema with #IFFI2026 and #StoriesWithoutBorders. Tag us @pibindia on Instagram and @PIB_India on X, and we will help amplify your festival moments!

For accredited journalists, critics, bloggers, and vloggers seeking 1-on-1 interviews with filmmakers and festival juries, write to us at:
iffi.mediadesk@pib.gov.in with the subject line: Take One with PIB.


Official Release ID: 2339724
•
Media Centre: Goa
•
Festival Dates: Nov 20 – 28, 2026