ഗിരീഷ് കാസറവള്ളിയെ സംബന്ധിച്ചിടത്തോളം സിനിമ എന്നത് കഥകൾ പറയാനുള്ള ഒരു കല മാത്രമല്ല; സമൂഹം കാണാൻ വിസമ്മതിക്കുന്ന കഥകളെ അഭിമുഖീകരിക്കാനുള്ള ധൈര്യം കൂടിയാണ്. ജാതിയും സാമൂഹിക ശ്രേണികളും മുതൽ മതപരമായ ആധിപത്യവും ദുർബല വിഭാഗങ്ങളുടെ പാർശ്വവൽക്കരണവും വരെ, ‘അന്യവൽക്കരണം’ എന്ന പ്രക്രിയ അഞ്ച് പതിറ്റാണ്ട് നീണ്ട അദ്ദേഹത്തിന്റെ ചലച്ചിത്രയാത്രയിലുടനീളം ആവർത്തിച്ചുവരുന്ന വിഷയമായി നിലനിന്നിട്ടുണ്ട്. ഇന്ത്യയുടെ 57-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയായ ഐഎഫ്എഫ്‌ഐയുടെ ഭാഗമായി ഇന്ന് ഗോവയിലെ കലാ അക്കാദമിയിൽ നടന്ന ‘ഇൻ കോൺവെർസേഷൻ’ സെഷനിൽ ‘സമാന്തര സിനിമയുടെ ധാർമിക പ്രപഞ്ചം: ഗിരീഷ് കാസറവള്ളിയുടെ 50 വർഷങ്ങൾ’ എന്ന വിഷയമാണ് ഈ ദർശനത്തിന് പ്രധാന്യം നൽകിയത്.
_20261121185114_d91acb.jpeg)
1977-ൽ പുറത്തിറങ്ങിയ ആദ്യ ചിത്രമായ ഘടശ്രാദ്ധ മുതൽ തബരാന കഥെ, തായീ സാഹേബ, ദ്വീപ തുടങ്ങിയ പ്രശംസയേറ്റുവാങ്ങിയ ചിത്രങ്ങൾ വരെയുള്ള തന്റെ ശ്രദ്ധേയമായ ചലച്ചിത്രയാത്രയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. പ്രശസ്ത കന്നഡ ചലച്ചിത്രകാരനും 14 തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ വ്യക്തിയുമായ കാസറവള്ളി, വാണിജ്യ സിനിമയും കലാമൂല്യമുള്ള സിനിമയും തമ്മിലുള്ള പരമ്പരാഗത വേർതിരിവിനെ ചോദ്യം ചെയ്തു. ഓരോ ചലച്ചിത്രാവിഷ്കാരത്തിനും അതിന്റേതായ പ്രത്യയശാസ്ത്രപരമായ നിലപാടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
“വെറും വിനോദം എന്നൊന്നില്ല. വിനോദം പോലും ഒരു രാഷ്ട്രീയ രൂപമാണ്” - അദ്ദേഹം പറഞ്ഞു. ചലച്ചിത്രകാരന്മാർ പ്രബലമായ സാമൂഹിക പ്രത്യയശാസ്ത്രങ്ങളെ പിന്തുണയ്ക്കുകയോ അവയെ ചോദ്യംചെയ്യുകയോ ചെയ്യേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ കന്നഡ സിനിമയുടെ വളർച്ചയെക്കുറിച്ച് സംസാരിക്കവെ, പുറത്തുനിന്ന് കടമെടുക്കുന്ന ചട്ടക്കൂടുകൾക്കുപകരം ഇന്ത്യയുടെ സാമൂഹികവും സാംസ്കാരികവുമായ യാഥാർഥ്യങ്ങളിൽ വേരൂന്നിയ തനതായ ചലച്ചിത്രഭാഷ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി.
“ഒരു സിനിമയുടെ ശൈലി പുറത്തുനിന്ന് അടിച്ചേൽപ്പിക്കുന്നതല്ല; അത് സിനിമയുടെ ഉള്ളടക്കത്തിൽനിന്നുതന്നെ രൂപപ്പെടുന്നതാണ്” - അദ്ദേഹം നിരീക്ഷിച്ചു. തന്റെ കഥപറച്ചിൽ രീതിയെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു: “കഥയുടെ ഇതിവൃത്തമല്ല പ്രധാനം, മറിച്ച് കഥയുടെ കാഴ്ചപ്പാടാണ് പ്രധാനം.”
ദുർബല വിഭാഗങ്ങളെ പാർശ്വവൽക്കരിക്കുകയും സമൂഹത്തിൽനിന്ന് മാറ്റിനിർത്തുകയും ചെയ്യുന്ന ‘അന്യവൽക്കരണം’ തന്റെ സിനിമകളുടെ കേന്ദ്രത്തിൽ ആവർത്തിച്ചുവരുന്ന വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
.JPG_20261121172654_2f8983.jpeg)
ലളിതമായ ധാർമിക നിഗമനങ്ങളെ നിരാകരിച്ച കാസറവള്ളി, വിധികൾ അടിച്ചേൽപ്പിക്കുന്നതിനുപകരം ചിന്തകൾ ഉണർത്തുന്നതായിരിക്കണം സിനിമയെന്ന് വിശദീകരിച്ചു. ഓരോ ഉത്തരവും ഒരു ‘പക്ഷേ’യിൽ അവസാനിപ്പിക്കണമെന്ന എഴുത്തുകാരൻ യു.ആർ. അനന്തമൂർത്തിയുടെ ദർശനം പരാമർശിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെ: “ഒരു സിനിമയിലൂടെ ‘ഇതാണ് ശരി, ഇതാണ് തെറ്റ്’ എന്ന് പറയുന്നതുതന്നെ തെറ്റാണ്. ഞാൻ എളുപ്പത്തിൽ വിധിനിർണയങ്ങൾ നടത്തുന്നില്ല. കാരണം, അത് പ്രേക്ഷകരെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു.”
അദ്ദേഹത്തിന്റെ സിനിമകളിലെ സ്ത്രീകളുടെ ചിത്രീകരണവും അവരുടെ അസാധാരണമായ അതിജീവനശേഷിയും സംഭാഷണത്തിൽ ചർച്ചയായി. ദ്വീപ എന്ന ചിത്രത്തെ പരാമർശിച്ച അദ്ദേഹം, പ്രതിസന്ധികളെ പ്രായോഗികമായി നേരിടുന്ന നായിക നാഗിയുടെ സമീപനത്തെക്കുറിച്ച് വിശദീകരിച്ചു. “വർത്തമാനകാലം സന്തോഷകരമാക്കാൻ ഞാൻ ശ്രമിക്കട്ടെ” എന്ന അവളുടെ വാക്കുകളും അദ്ദേഹം ഓർമിപ്പിച്ചു. മാറുന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ നേരിടാനും സ്ത്രീകൾ പലപ്പോഴും അസാധാരണമായ കഴിവ് പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു.
തന്റെ സർഗാത്മക പ്രവർത്തനരീതിയെക്കുറിച്ച് വിശദീകരിച്ച കാസറവള്ളി, സ്റ്റോറിബോർഡുകളേക്കാൾ വിശദാംശങ്ങൾ കൃത്യമായി ഉൾപ്പെടുത്തിയ തിരക്കഥകൾക്കാണ് മുൻഗണന നൽകുന്നതെന്ന് പറഞ്ഞു. തന്റെ ദൃശ്യസങ്കൽപ്പങ്ങൾ തിരശ്ശീലയിൽ ആവിഷ്കരിക്കാൻ സഹപ്രവർത്തകർക്ക് ഇത് സഹായകമാകുന്നു.
“സിനിമ എന്റെ മനസ്സിലാണ് മുളപൊട്ടുന്നത്, എന്നാൽ അത് യാഥാർഥ്യമാക്കുന്നത് മറ്റുള്ളവരാണ്” - അദ്ദേഹം പറഞ്ഞു. ചലച്ചിത്രനിർമാണത്തിന്റെ കൂട്ടായ സ്വഭാവമാണ് ഇതിലൂടെ അദ്ദേഹം അടിവരയിട്ടത്. കേവലം ചില ആശയങ്ങൾ അവതരിപ്പിക്കുന്നതിലുപരി ഒരു അനുഭവം പകർന്നുനൽകുന്നതാണ് ആത്യന്തികമായി സിനിമയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാംസ്കാരികത്തനിമ കാത്തുസൂക്ഷിക്കണമെന്ന ശക്തമായ ആഹ്വാനത്തോടെയാണ് അദ്ദേഹം സംഭാഷണം അവസാനിപ്പിച്ചത്. ജൂലിയോ ഗാർസിയ എസ്പിനോസയുടെ ‘അപൂർണ സിനിമ’ എന്ന ദർശനം പരാമർശിച്ച്, പുറത്തുനിന്ന് അടിച്ചേൽപ്പിക്കുന്ന മാനദണ്ഡങ്ങൾക്കനുസരിച്ച് സ്വയം അളക്കുന്നതിനുപകരം സ്വന്തം സാംസ്കാരികവും ദൃശ്യപരവുമായ സ്വത്വങ്ങളിൽ വേരൂന്നിനിൽക്കാൻ ഇന്ത്യൻ ചലച്ചിത്രകാരന്മാരോട് അദ്ദേഹം ആഹ്വാനം ചെയ്തു.
“മറ്റൊരാളുടെ മാനദണ്ഡങ്ങൾക്കനുസരിച്ച് ഞാൻ എന്തിന് ‘പൂർണതയുള്ളവനായിരിക്കണം’? ഞാൻ എന്റെ സ്വന്തം ചുറ്റുപാടുകളോടും സാംസ്കാരിക പശ്ചാത്തലത്തോടും വിശ്വസ്തനായിരിക്കണം” - അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു.
അഞ്ച് പതിറ്റാണ്ട് നീണ്ട ഇന്ത്യൻ സിനിമയിലെ സംഭാവനകളിലൂടെ ചലച്ചിത്രരംഗത്തെ പരമ്പരാഗത രീതികളെ ചോദ്യം ചെയ്യുകയും സാമൂഹിക ശ്രേണികളെ വിശകലനം ചെയ്യുകയും മനുഷ്യന്റെ അന്തസ്സിന്റെയും മനഃസാക്ഷിയുടെയും സങ്കീർണതകൾ അന്വേഷിക്കുകയും ചെയ്ത ഒരു ചലച്ചിത്രകാരന്റെ പ്രവർത്തനങ്ങളിലേക്കുള്ള ഉൾക്കാഴ്ച നൽകുന്നതായിരുന്നു ഈ സെഷൻ. ഇന്ത്യയുടെ വൈവിധ്യമാർന്ന സാംസ്കാരിക അനുഭവങ്ങളിൽ വേരൂന്നിയ സ്വന്തം ശബ്ദം കണ്ടെത്താനുള്ള കഴിവിലാണ് ഇന്ത്യൻ സിനിമയുടെ കരുത്ത് കുടികൊള്ളുന്നതെന്ന ഓർമപ്പെടുത്തൽ കൂടിയായി അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ.
പ്രശസ്ത ചലച്ചിത്ര പത്രപ്രവർത്തകനും നിരൂപകനും എഴുത്തുകാരനുമായ നമൻ രാമചന്ദ്രനാണ് സെഷൻ നിയന്ത്രിച്ചത്.
***