പോസ്റ്റഡ് ഓണ്:
15 NOV 2026 1:23PM by PIB Thiruvananthpuram
ജോഹാർ!
ജൻജാതീയ ഗൗരവ് ദിവസ് ആഘോഷത്തിൽ പങ്കുചേരുന്ന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ. ധർത്തി ആബാ ഭഗവാൻ ബിർസ മുണ്ടയുടെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന് അഗാധമായ ആദരവോടെ ഞാൻ പ്രണാമം അർപ്പിക്കുന്നു. ഗോത്രസമൂഹത്തിന്റെ അഭിമാനവുമായും ഭഗവാൻ ബിർസ മുണ്ടയുടെ പ്രചോദനവുമായും ബന്ധപ്പെട്ട ദേശീയ ആഘോഷമാണ് ജൻജാതീയ ഗൗരവ് ദിവസ്. ഇതേ വികാരത്തോടെ ഇന്ന് രാജ്യത്തുടനീളം ജൻജാതീയ ഗൗരവ് ദിവസ് പരിപാടികൾ സംഘടിപ്പിക്കുകയാണ്. ഗോത്രസമൂഹത്തിലെ വീരനായകരെയും വീരാംഗനകളെയും രാജ്യം അഭിമാനത്തോടെ സ്മരിക്കുന്നു. പ്രത്യേകിച്ച് മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിൽ ഇത്രയും വലിയൊരു ജനക്കൂട്ടമാണ് ഒത്തുകൂടിയിരിക്കുന്നത്. എന്റെ കണ്ണെത്തുന്നിടത്തോളം എങ്ങും ജനങ്ങളാണ്. സമ്പന്നമായ ഗോത്രസാംസ്കാരിക പൈതൃകമാണ് ഗഡ്ചിരോളിക്കുള്ളത്. രഘുജി ഭംഗാരെ, ഭാഗോജി നായിക്, വീർ ബാബുറാവു ഷെഡ്മാകെ എന്നിവരുടെ വീരഗാഥകൾ ഈ മണ്ണുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ അവസരത്തിൽ ഗോത്രസമൂഹത്തിലെ എല്ലാ വീരനായകർക്കും ഞാൻ ആദരപൂർവം ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. രാജ്യത്തുടനീളമുള്ള ഈ പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാ ഗവർണർമാരെയും, ബഹുമാനപ്പെട്ട മുഖ്യമന്ത്രിമാരെയും, ഉപമുഖ്യമന്ത്രിമാരെയും, ഓരോ ജനപ്രതിനിധിയെയും ഞാൻ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളേ,
2021 നവംബർ 15ന് ആരംഭിച്ച ജൻജാതീയ ഗൗരവ് ദിവസ് ആചരണം ഇന്ന് ദേശീയ ആഘോഷമായി മാറിയിരിക്കുന്നു. കഴിഞ്ഞ വർഷം ഭഗവാൻ ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് രാജ്യത്തുടനീളം രണ്ട് ലക്ഷത്തിലധികം പരിപാടികൾ സംഘടിപ്പിച്ചു. കോടിക്കണക്കിന് പൗരന്മാർ ഈ പരിപാടികളിൽ പങ്കെടുത്തു. നമ്മുടെ രാജ്യത്ത് പല അനുസ്മരണ ദിനങ്ങളും ആഘോഷങ്ങളും വിദേശ കാഴ്ചപ്പാടുകളിലൂടെ രൂപപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് ഇന്ത്യ സ്വന്തം പൈതൃകത്തെയും ചരിത്രത്തെയും വീരനായകരെയും തനതായ ആത്മാഭിമാനത്തോടെ അഭിമാനപൂർവം സ്മരിക്കുകയാണ്. നമ്മുടെ ദേശീയ ബോധത്തിലുണ്ടായ വലിയൊരു മാറ്റത്തിന്റെ പ്രതീകമാണിത്.
സുഹൃത്തുക്കളേ,
ഖാസി കുന്നുകളിലെ തിരോത് സിങ്ങിന്റെ പോരാട്ടമായാലും ഛോട്ടാ നാഗ്പൂരിലെ കോൾ പ്രസ്ഥാനമായാലും സിദ്ധോയുടെയും കാൻഹുവിന്റെയും നേതൃത്വത്തിൽ നടന്ന സന്താൾ വിപ്ലവമായാലും അനീതിക്കെതിരെ ഗോത്രസമൂഹം എക്കാലവും ശബ്ദമുയർത്തിയിട്ടുണ്ട്. മൻഗഢിന്റെ മണ്ണിൽ ഗോവിന്ദ് ഗുരുവിന്റെ അനുയായികൾ പരമമായ ത്യാഗം ചെയ്തു. റാണി ഗൈഡിൻലിയു, താന്തിയ ഭിൽ തുടങ്ങി നിരവധി വീരനായകരും വീരനായികമാരും തങ്ങളുടെ ധൈര്യത്തിലൂടെ രാജ്യത്തിന് പ്രചോദനമായി. അല്ലൂരി സീതാരാമ രാജു, റാണി ദുർഗാവതി തുടങ്ങിയ മഹത് വ്യക്തിത്വങ്ങളും ഗോത്രപ്രക്ഷോഭങ്ങൾക്ക് ഊർജം പകർന്നു. ഈ ധീരതയുടെ കഥകൾക്കൊപ്പം, ഭഗവാൻ ബിർസ മുണ്ടയുടെ 'ഉൽഗുലാൻ' വിപ്ലവവും ചെറുപ്രായത്തിൽ അദ്ദേഹം നടത്തിയ പോരാട്ടവും ഇന്നും കോടിക്കണക്കിന് ഇന്ത്യക്കാർക്ക് പ്രചോദനമായി തുടരുന്നു.
സുഹൃത്തുക്കളേ,
ഇന്ന് ജൻജാതീയ ഗൗരവ് ദിവസ് ദിനത്തിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ഗോത്രവികസനവുമായി ബന്ധപ്പെട്ട 170ലധികം പദ്ധതികൾ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. 70ലധികം പദ്ധതികൾക്ക് തറക്കല്ലിടുകയും ചെയ്തിട്ടുണ്ട്. മിസോറാമിൽ മഹാനായ സ്വാതന്ത്ര്യസമര സേനാനി റോപുയിലിയാനി ജിയുടെ സ്മരണയ്ക്കായി ഒരുക്കിയ മ്യൂസിയം ഉദ്ഘാടനം ചെയ്തു. അരുണാചൽ പ്രദേശിൽ ട്രൈബൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ കെട്ടിടവും ഉദ്ഘാടനം ചെയ്തു. ഇതിനു പുറമെ ഉദ്ഘാടനം ചെയ്യപ്പെടുകയും തുടക്കം കുറിക്കുകയും ചെയ്യുന്ന പദ്ധതികളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യപരിപാലന സൗകര്യങ്ങൾ, ഗോത്ര ഉൽപ്പന്നങ്ങൾക്കായുള്ള വിപണന കേന്ദ്രങ്ങൾ, ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനുള്ള നിരവധി പദ്ധതികൾ എന്നിവയും ഉൾപ്പെടുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ഏകദേശം 3,000 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയോ അവയ്ക്ക് തറക്കല്ലിടുകയോ ചെയ്തിട്ടുണ്ട്. ഈ പദ്ധതികൾക്ക് നിങ്ങളെ എല്ലാവരെയും രാജ്യത്തെ ജനങ്ങളെയും ഞാൻ ഹൃദയപൂർവം അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളേ,
രാജ്യത്തിന്റെ രണ്ട് വലിയ നേട്ടങ്ങൾ എല്ലായിടത്തും ചർച്ച ചെയ്യപ്പെടുന്ന ഒരു സമയത്താണ് ഇന്നത്തെ പരിപാടി നടക്കുന്നത്. ആദ്യത്തെ നേട്ടം, ഏകദേശം 50 കോടി ജനങ്ങൾ കടുത്ത ദാരിദ്ര്യത്തിൽ നിന്ന് കരകയറി പുറത്തുവന്നുവെന്നതാണ്. രണ്ടാമത്തെ നേട്ടം, രാജ്യം നക്സലിസത്തിൽ നിന്നും മാവോയിസ്റ്റ് ഭീകരതയിൽ നിന്നും മുക്തമായിരിക്കുന്നു എന്നതാണ്. ഈ രണ്ട് നേട്ടങ്ങളും നമ്മുടെ ഗോത്രസമൂഹത്തിലെ സഹോദരങ്ങളുടെയും സഹോദരിമാരുടെയും ജീവിതവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. കഴിഞ്ഞ 12-13 വർഷത്തിനിടെ ഇന്ത്യയിലെ ഏകദേശം 50 കോടി ജനങ്ങൾ കടുത്ത ദാരിദ്ര്യത്തിൽ നിന്ന് കരകയറിയതായി ഏതാനും ആഴ്ചകൾക്ക് മുമ്പ് ലോകബാങ്കിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇത് വളരെ വലിയൊരു സംഖ്യയാണ്, 50 കോടി ജനങ്ങൾ. സ്വാതന്ത്ര്യത്തിനുശേഷം രാജ്യം കൈവരിച്ച ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായാണ് ഞാൻ ഇതിനെ കാണുന്നത്. ഈ നേട്ടം മുഴുവൻ രാജ്യത്തിന്റേതാണ്. ഇതിന്റെ ക്രെഡിറ്റ് ഏതെങ്കിലും ഒരു സർക്കാരിന് മാത്രം അവകാശപ്പെട്ടതല്ല. സമൂഹത്തിന്റെ കൂട്ടായ ശക്തിയും ഓരോ പൗരന്റെയും പരിശ്രമവും കഠിനാധ്വാനവുമാണ് ഇതിന് പിന്നിലുള്ളത്. സമീപ വർഷങ്ങളിൽ കേന്ദ്രസർക്കാർ കൈക്കൊണ്ട തീരുമാനങ്ങളും ഗോത്രക്ഷേമത്തിനായി ആരംഭിച്ച പദ്ധതികളും ഈ നേട്ടത്തിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഈ നേട്ടത്തിന് രാജ്യത്തെ എല്ലാ പൗരന്മാരെയും, പ്രത്യേകിച്ച് എന്റെ ഗോത്രസമൂഹത്തിലെ സഹോദരങ്ങളെയും സഹോദരിമാരെയും ഞാൻ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളേ,
ഇത്രയും വലിയൊരു വിഭാഗം ജനങ്ങൾ ദാരിദ്ര്യത്തിൽനിന്ന് കരകയറിയത് തന്നെ വലിയൊരു മാറ്റമാണ്. ദൃഢനിശ്ചയത്തിൽനിന്ന് നേട്ടത്തിലേക്കുള്ള ദീർഘമായ യാത്രയുടെ കഥയാണിത്. ഇന്ത്യക്ക് അതിന്റെ ദൃഢനിശ്ചയങ്ങൾ സാക്ഷാത്കരിക്കാൻ കഴിയുമെന്നും ഓരോ ഇന്ത്യക്കാരനും വലിയ ലക്ഷ്യങ്ങൾ കൈവരിക്കാനാകുമെന്നും ഈ നേട്ടം ആത്മവിശ്വാസം പകർന്നു. പതിറ്റാണ്ടുകളായി വികസനത്തിന്റെ നേട്ടങ്ങൾ ലഭിക്കാതെ അവഗണിക്കപ്പെട്ടവർക്ക് മുൻഗണന നൽകുമെന്ന് നാം പ്രതിജ്ഞയെടുത്തിരുന്നു. നമ്മുടെ ദൃഢനിശ്ചയങ്ങൾ യാഥാർഥ്യത്തിലേക്ക് മാറാൻ തുടങ്ങിയതോടെ അനുകൂലമായ മാറ്റങ്ങളുടെ ഒരു പരമ്പര തന്നെ രൂപപ്പെട്ടു. ഏറ്റവും പിന്നാക്കം നിൽക്കുന്ന ഗോത്രമേഖലകൾക്കായി നമ്മുടെ സർക്കാർ പൂർണശക്തിയും വിനിയോഗിച്ചു. ജീവിതത്തിലെ ഏറ്റവും അടിസ്ഥാന സൗകര്യങ്ങൾ പോലും എത്തിച്ചേരാത്ത മേഖലകളായിരുന്നു അവ. പിഎം-ജൻമൻ (PM-JANMAN) പദ്ധതിക്കും ധർത്തി ആബാ ജൻജാതീയ ഗ്രാമ ഉത്കർഷ് അഭിയാനും വേണ്ടി ഒരു ലക്ഷം കോടി രൂപയിലധികം ബജറ്റ് നാം അനുവദിച്ചു. സ്വാതന്ത്ര്യത്തിനുശേഷം ഏറ്റവും ഒടുവിൽ ആനുകൂല്യങ്ങൾ ലഭിച്ച കുടുംബങ്ങൾക്ക് ഇനി ഏറ്റവും വേഗത്തിൽ അവ ലഭ്യമാക്കുക എന്നതായിരുന്നു നമ്മുടെ ലക്ഷ്യം.
സുഹൃത്തുക്കളേ,
അവശത അനുഭവിക്കുന്നവർക്ക് മുൻഗണന, അവശത അനുഭവിക്കുന്നവർക്ക് മുൻഗണന (Priority to the deprived) — ഇതാണ് നമ്മുടെ മുൻഗണന. രാജ്യത്തെ പാവപ്പെട്ട കുടുംബങ്ങൾക്കായി നാല് കോടിയിലധികം അടച്ചുറപ്പുള്ള വീടുകൾ നാം നിർമിച്ചു. സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും വൈദ്യുതി എത്താത്ത 18,000 ഗ്രാമങ്ങളിൽ വൈദ്യുതി എത്തിച്ചു. ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ അഞ്ച് ലക്ഷം രൂപ വരെയുള്ള സൗജന്യ ആരോഗ്യപരിരക്ഷ ലഭ്യമാക്കി. രാജ്യത്തുടനീളം 1.75 ലക്ഷത്തിലധികം ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ സ്ഥാപിച്ചു. ഇതിലൂടെ വിദൂര ഗോത്രമേഖലകളിൽപ്പോലും ആരോഗ്യപരിരക്ഷയുടെ ആനുകൂല്യങ്ങൾ എത്തിക്കാൻ കഴിഞ്ഞു. പാവപ്പെട്ട കുടുംബങ്ങൾക്ക് ശൗചാലയങ്ങൾ ലഭിക്കുകയും ശുചിത്വ സൗകര്യങ്ങൾ മെച്ചപ്പെടുകയും ചെയ്തതോടെ നിരവധി രോഗങ്ങളുടെ അപകടസാധ്യതയും കുറഞ്ഞു.
സുഹൃത്തുക്കളേ,
ദാരിദ്ര്യത്തെ പരാജയപ്പെടുത്താൻ, പാവപ്പെട്ട കുടുംബങ്ങളുടെ വരുമാന സാധ്യതകൾ വർധിപ്പിക്കേണ്ടതും ഒരുപോലെ പ്രധാനമായിരുന്നു. മുദ്രാ യോജനയിലൂടെ ഈടില്ലാത്ത വായ്പകൾ നാം ലഭ്യമാക്കി. ഈ പദ്ധതിക്കു കീഴിൽ ലക്ഷക്കണക്കിന് കോടി രൂപയുടെ സഹായം നൽകി. ഈ പദ്ധതികളുടെയെല്ലാം പ്രയോജനം പാവപ്പെട്ടവരിലേക്കും ദളിതരിലേക്കും പിന്നാക്ക വിഭാഗങ്ങളിലേക്കും നമ്മുടെ ഗോത്രസമൂഹത്തിലെ സഹോദരങ്ങളിലേക്കും സഹോദരിമാരിലേക്കും എത്തി. മുന്നോട്ടുപോകാനുള്ള പുതിയ ആത്മവിശ്വാസം ഇത് അവരിൽ സൃഷ്ടിച്ചു.
സുഹൃത്തുക്കളേ,
വികസനത്തിൽ ദീർഘകാലമായി പിന്നാക്കം നിന്നിരുന്ന മേഖലകൾക്കും നാം പ്രത്യേക ശ്രദ്ധ നൽകി. വികസനം, മെച്ചപ്പെട്ട സൗകര്യങ്ങൾ, പൗരന്മാരുടെ അവകാശങ്ങളുടെ സംരക്ഷണം എന്നിവ ലക്ഷ്യമിട്ട് 100ലധികം ആസ്പിരേഷണൽ ജില്ലകളിലും 500ലധികം ആസ്പിരേഷണൽ ബ്ലോക്കുകളിലും പ്രത്യേക പ്രചാരണം ആരംഭിച്ചു. ഈ മേഖലകളിൽ വലിയൊരു വിഭാഗത്തിലും ഗോത്രജനസംഖ്യ ഗണ്യമായ തോതിലുണ്ട്. ഇപ്പോൾ പിഎം കൃഷി ധൻ ധാന്യ യോജനയ്ക്ക് കീഴിൽ കാർഷിക മേഖലയിൽ പിന്നാക്കം നിൽക്കുന്ന 100 ജില്ലകൾക്കും പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. ഈ മേഖലകളിലെ കർഷകർക്കും പാവപ്പെട്ട കുടുംബങ്ങൾക്കും ഗോത്രസമൂഹങ്ങൾക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയാണ് നമ്മുടെ ലക്ഷ്യം. ഈ കൂട്ടായ പരിശ്രമങ്ങളും ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന മന്ത്രവും രാജ്യത്തെ പാവപ്പെട്ടവർക്ക് പുതിയ ആത്മവിശ്വാസം പകർന്നു. കോടിക്കണക്കിന് പാവപ്പെട്ടവർ ദാരിദ്ര്യത്തെ മറികടക്കുന്നതിൽ വിജയിക്കുകയും ചെയ്തു.
സുഹൃത്തുക്കളേ,
ഞാൻ പരാമർശിച്ച രണ്ടാമത്തെ നേട്ടം നക്സലിസത്തിൽ നിന്നും മാവോയിസത്തിൽ നിന്നുമുള്ള മോചനമാണ്. ഗഡ്ചിരോളിയിലെ ജനങ്ങൾക്കും രാജ്യത്തെ ഗോത്രമേഖലകളിലെ ജനങ്ങൾക്കും നക്സലൈറ്റ് അക്രമം നമ്മുടെ ഗോത്രസമൂഹത്തിനാണ് ഏറ്റവും വലിയ ദോഷം വരുത്തിയതെന്ന് നന്നായി അറിയാം. 2014ൽ രാജ്യത്തെ ഏകദേശം 125 ജില്ലകൾ മാവോയിസത്തിന്റെയും നക്സലിസത്തിന്റെയും പിടിയിലായിരുന്നു. ഓരോ വർഷവും നൂറുകണക്കിന് അക്രമ സംഭവങ്ങൾ അരങ്ങേറി. ഈ സംഭവങ്ങളിൽ ആയിരക്കണക്കിന് നിരപരാധികൾക്ക് ജീവൻ നഷ്ടമായി. അവരിൽ വലിയൊരു വിഭാഗം നമ്മുടെ ഗോത്രസമൂഹത്തിലെ സഹോദരീ സഹോദരന്മാരായിരുന്നു
എന്നാൽ സുഹൃത്തുക്കളേ,
അക്കാലത്ത് മാവോയിസവും നക്സലിസവും ബാധിച്ചിരുന്ന ഈ സഹോദരങ്ങളെ, എന്റെ സ്വന്തം സഹോദരങ്ങളായ അവരെ, അന്നത്തെ സർക്കാരുകൾ അവരുടെ വിധിക്ക് വിട്ടുകൊടുക്കുകയായിരുന്നു. അവരുടെ അവകാശങ്ങൾ കവർന്നെടുക്കപ്പെട്ടു. എല്ലാവരും മൗനം പാലിച്ച് നിശ്ശബ്ദരായി ഇരുന്നു. ഞെട്ടിക്കുന്ന ഒരു കാര്യം കൂടി നിങ്ങൾ അറിയണം. നമ്മുടെ ഗോത്രസമൂഹത്തിലെ ഈ സഹോദരങ്ങളെയും സഹോദരിമാരെയും വോട്ട് ചെയ്യാൻ പോലും അനുവദിച്ചിരുന്നില്ല. അക്കാലത്തെ സർക്കാരുകൾ വെറും കാഴ്ചക്കാരായി തുടരുകയും കണ്ണടച്ച് ഇരിക്കുകയും ചെയ്തു. പാവപ്പെട്ട അമ്മമാരിൽ നിന്ന് മാവോയിസ്റ്റുകളും നക്സലൈറ്റുകളും ചെറിയ കുട്ടികളെ തട്ടിക്കൊണ്ടുപോകുമായിരുന്നു. ആർക്കും ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. നമ്മുടെ വീടുകളിലെ പെൺമക്കളെ നക്സലൈറ്റുകൾ തട്ടിക്കൊണ്ടുപോകുമായിരുന്നു. എല്ലാവർക്കും നിസ്സഹായരായി വേദനയോടെ നോക്കിനിൽക്കാനേ കഴിഞ്ഞിരുന്നുള്ളൂ.
സുഹൃത്തുക്കളേ,
ഇന്ന് മാവോയിസവും നക്സലിസവും പരാജയപ്പെട്ടതോടെ ആ അമ്മമാരും എന്റെ ഗോത്രസമൂഹത്തിലെ അമ്മമാരും സഹോദരിമാരും നമുക്ക് എണ്ണമറ്റ അനുഗ്രഹങ്ങൾ ചൊരിയുകയാണ്. ഇന്ന് സുരക്ഷിതത്വം അനുഭവിക്കുന്ന സഹോദരി നമുക്ക് അനുഗ്രഹം ചൊരിയുന്നു. ഒരിക്കൽ ബാല്യം കവർന്നെടുക്കപ്പെട്ട കുട്ടി ഇന്ന് യുവാവായി നമ്മുടെ കൂടെ ചേരുകയാണ്. വിദ്യാഭ്യാസത്തിനും തൊഴിലിനും അവസരങ്ങൾ ലഭിക്കുകയാണ്. ഛത്തീസ്ഗഢിൽ ഒരിക്കൽ പോകാൻ പോലും ആളുകൾ ഭയപ്പെട്ടിരുന്ന ബസ്തർ പോലുള്ള മേഖലയിൽ, ഏതാനും നാളുകൾക്ക് മുമ്പ് ഞാൻ തന്നെ ആ പ്രദേശത്തിന്റെ ഹൃദയഭാഗത്ത് നമ്മുടെ സുരക്ഷാ സേനാംഗങ്ങൾക്കൊപ്പം ദീപാവലി ആഘോഷിച്ചു. ഈ ദീപാവലിയിൽ ഗഡ്ചിരോളി ഉൾപ്പെടെ ഒരിക്കൽ നക്സൽ ബാധിതമായിരുന്ന എല്ലാ മേഖലകളിലെയും ജനങ്ങൾക്ക് വിളക്കുകളുടെ വെളിച്ചം മാത്രമല്ല, പ്രതീക്ഷയുടെ വെളിച്ചവും ലഭിച്ചു.
സുഹൃത്തുക്കളേ,
ഇന്ന് നമ്മുടെ ഗോത്രസമൂഹം, നമ്മുടെ ജൻജാതീയ സമൂഹം, രാജ്യത്തിന്റെ പുരോഗതിയിൽ ആവേശത്തോടെ സംഭാവന നൽകുകയാണ്. ഇന്ന് രാജ്യത്തിന്റെ നേതൃത്വം പോലും ഗോത്രസമൂഹത്തിൽ നിന്നുള്ള ഒരു മകളുടെ കൈകളിലാണ്. രാഷ്ട്രപതി ദ്രൗപദി മുർമു ജിയെ ഓർത്ത് നാമെല്ലാവരും അഭിമാനിക്കുന്നു.
സുഹൃത്തുക്കളേ,
ഇന്ന് ഭഗവാൻ ബിർസ മുണ്ടയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി നമ്മുടെ മുഴുവൻ ഊർജവും വിനിയോഗിക്കേണ്ട സമയമാണ്. ഈ ആഹ്വാനത്തോടെ, ഭഗവാൻ ബിർസ മുണ്ടയ്ക്ക് പ്രണാമം അർപ്പിച്ചുകൊണ്ട്, ജൻജാതീയ ഗൗരവ് ദിവസ് ദിനത്തിൽ ഒരിക്കൽക്കൂടി നിങ്ങൾക്കെല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. എല്ലാ വർഷവും നവംബർ 15നായി ആകാംക്ഷയോടെ കാത്തിരിക്കണമെന്നും ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഭഗവാൻ ബിർസ മുണ്ടയുടെ ജന്മവാർഷികവും അതിലുപരിയായി ജൻജാതീയ ഗൗരവ് ദിവസും മുഴുവൻ രാജ്യത്തിന്റെയും അഭിമാനവും ആത്മാഭിമാനവുമാണ്. എല്ലാ നവംബർ 15നും മുൻപത്തേക്കാൾ വലിയ കരുത്തോടെയും കൂടുതൽ ആവേശത്തോടെയും കൂടുതൽ വിപുലമായ രീതിയിലും നാം ഈ ദിനം ആഘോഷിക്കുന്നത് തുടരേണ്ടതുണ്ട്. ജൻജാതീയ ഗൗരവ് ദിവസ് ദിനത്തിൽ പുതിയ ദൃഢനിശ്ചയങ്ങൾ കൈക്കൊള്ളുകയും നിശ്ചിത സമയപരിധിക്കുള്ളിൽ അവ സാക്ഷാത്കരിക്കുന്നതിനായി നമ്മുടെ മുഴുവൻ ശക്തിയും സമർപ്പിക്കുകയും വേണം. സ്വാതന്ത്ര്യത്തിനുശേഷം ഇത്രയും പതിറ്റാണ്ടുകൾക്കിടയിൽ കൈവരിക്കാൻ കഴിയാതിരുന്നത് ചുരുങ്ങിയ കാലയളവിനുള്ളിൽ നാം നേടിയെടുക്കണം. ഒരിക്കൽക്കൂടി, സ്ക്രീനിലേക്ക് നോക്കുമ്പോൾ വിവിധ സ്ഥലങ്ങളിൽ ഒത്തുകൂടിയിരിക്കുന്ന ജനങ്ങളെ കാണാൻ കഴിയുന്നു. അവരുടെയെല്ലാം ആവേശവും ഉത്സാഹവും എനിക്ക് കാണാനാകുന്നുണ്ട്. ഈ കാഴ്ച തന്നെയാണ് ജൻജാതീയ ഗൗരവ് ദിവസിന്റെ അഭിമാനവും മഹത്വവും പ്രൗഢിയും. ഇത്രയും വിജയകരമായ ഒരു ഉദ്യമത്തിന് ഗോത്രസമൂഹത്തിലെ നിങ്ങൾ ഓരോരുത്തരും അഭിനന്ദനം അർഹിക്കുന്നു. നിങ്ങളെ എല്ലാവരെയും ഞാൻ ഹൃദയപൂർവം അഭിനന്ദിക്കുന്നു. നിങ്ങൾക്കെല്ലാവർക്കും ഒരുപാട് നന്ദി.
ജോഹാർ!
****